23 September Saturday

പാഠം പഠിക്കാതെ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023


കർണാടകത്തിൽ കോൺഗ്രസ്‌ തുറന്ന ‘സ്‌നേഹക്കട’യിൽ കഴിഞ്ഞ അഞ്ചുദിവസം കണ്ടത്‌ അധികാരക്കസേരയ്‌ക്കായുള്ള നേതാക്കളുടെ പൊരിഞ്ഞ തല്ല്‌. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാറും മുഖ്യമന്ത്രിപദത്തിനായി വാശിയോടെ നിലയുറപ്പിച്ചപ്പോൾ വെട്ടിലായത്‌ ഹൈക്കമാൻഡ്‌. ഡൽഹി കേന്ദ്രീകരിച്ച്‌ രാത്രി വൈകിയും നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രിക്കസേര ഊഴമിട്ട്‌ പങ്കിടാൻ ധാരണയായി. ആദ്യ ഊഴം സിദ്ധരാമയ്യയ്‌ക്ക്‌. ഉപമുഖ്യമന്ത്രി പദവിയിൽ ശിവകുമാർ മാത്രം. പിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരുന്നതടക്കം പ്രധാനപ്പെട്ട വകുപ്പുകളും ശിവകുമാറിന്‌ നൽകും. ഇതാണ്‌ നിലവിൽ എത്തിയിട്ടുള്ള ഒത്തുതീർപ്പ്‌.

കർണാടകത്തിലെ കോൺഗ്രസ്‌ ‘സ്‌നേഹക്കട’ വളരെ വേഗത്തിലാണ്‌ വെറുപ്പിന്റെയും വിശ്വാസമില്ലായ്‌മയുടെയും ഇടമായത്‌. ഇത്‌ കർണാടകത്തിലെ മാത്രം കോൺഗ്രസ്‌ കഥയല്ല. രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും ഹിമാചലിലും പഞ്ചാബിലും കേരളത്തിലുമെല്ലാം സ്ഥിതി സമാനം. ഐക്യത്തിലും യോജിപ്പിലും നീങ്ങുന്ന നേതൃത്വം എവിടെയും കോൺഗ്രസിനില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും മുൻഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തുറന്ന പോരിലാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കർണാടകത്തിന്‌ സമാനമായി നേതാക്കൾ ധാരണയിൽ നീങ്ങിയ സംസ്ഥാനമാണ്‌ രാജസ്ഥാൻ. രണ്ടുവർഷം പിന്നിട്ടപ്പോഴേക്കും അടി പൊട്ടി. 18 എംഎൽഎമാരുമായി സച്ചിൻ ഹരിയാനയിലെ റിസോർട്ടിലേക്ക്‌ മാറിയതോടെ സർക്കാരിന്റെ ഭാവി തുലാസിലായി. ഏറെ പണിപ്പെട്ടാണ്‌ സച്ചിനെ തിരികെയെത്തിച്ചത്‌. വീണ്ടും തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കൽ എത്തുമ്പോൾ  സച്ചിൻ–- ഗെലോട്ട്‌ വൈരം തീവ്രമാകുകയാണ്‌.

ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനമായ ഛത്തീസ്‌ഗഢിലും കഥയിൽ മാറ്റമില്ല. ഇവിടെ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗേലും മുതിർന്ന നേതാവും മന്ത്രിയുമായ ടി എസ്‌ സിങ്‌ ദേവുമാണ്‌ ഏറ്റുമുട്ടുന്നത്‌. കർണാടകത്തിലേതുപോലെ മുഖ്യമന്ത്രിസ്ഥാനം ഊഴമിട്ട്‌ എടുക്കാനായിരുന്നു ഛത്തീസ്‌ഗഢിലും ധാരണ. എന്നാൽ, കാലാവധി പകുതിയായപ്പോൾ ഭാഗേൽ നിലപാട്‌ മാറ്റി. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ വഴിമാറാൻ ഒരുക്കമല്ലെന്ന്‌ നിലപാടെടുത്തു. ദേവ്‌ ഹൈക്കമാൻഡിനെ കണ്ട്‌ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന ഛത്തീസ്‌ഗഢിൽ കോൺഗ്രസിന്റെ പ്രധാന തലവേദന ഭാഗേൽ–- ദേവ്‌ പോര്‌ തന്നെ.

നേതാക്കളുടെ ഗ്രൂപ്പുപോരിനാൽ കോൺഗ്രസിന്‌ അധികാരം നഷ്ടമായ സംസ്ഥാനമാണ്‌ പഞ്ചാബ്‌. അമരീന്ദർ സിങ്ങും നവ്‌ജ്യോത്‌ സിങ്‌ സിദ്ദുവുമായിരുന്നു എതിരാളികൾ. ഒത്തുതീർപ്പെന്ന നിലയിൽ അമരീന്ദറിനു പകരം ചരൺജിത് സിങ്‌ ചന്നിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും തെരഞ്ഞെടുപ്പിൽ പാളി. കഴിഞ്ഞവർഷം അധികാരത്തിലെത്തിയ ഹിമാചലിൽ സുഖ്‌വീന്ദർ സിങ്‌ സുഖുവിനെ മുഖ്യമന്ത്രിയാക്കിയതിൽ മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭ സിങ്‌ പ്രതിഷേധത്തിലാണ്‌. മധ്യപ്രദേശിൽ 2018ൽ അധികാരത്തിൽ എത്തിയെങ്കിലും മുഖ്യമന്ത്രി കമൽനാഥുമായുള്ള ഗ്രൂപ്പുപോരിനെ തുടർന്ന്‌ ജ്യോതിരാദിത്യ സിന്ധ്യ 22 എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നതോടെ സർക്കാർ വീണു. കോൺഗ്രസിന്‌ സ്വാധീനമുള്ള മറ്റു സംസ്ഥാനങ്ങളിലും അധികാരസ്ഥാനങ്ങൾക്കായുള്ള നേതാക്കളുടെ നെട്ടോട്ടം തന്നെയാണ്‌ കാണാനാകുക.

മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വിലപേശലിനെ ഉൾപ്പാർടി ജനാധിപത്യത്തിന്റെ മഹനീയ മാതൃകയെന്നാണ്‌ കോൺഗ്രസ്‌ നേതൃത്വം വിശേഷിപ്പിച്ചത്‌. യഥാർഥത്തിൽ ബിജെപിയുടെ ദുർഭരണം അവസാനിപ്പിച്ച്‌ തെക്കേ ഇന്ത്യയെ കാവിമുക്തമാക്കിയ കർണാടകത്തിലെ വോട്ടർമാരെ നിരാശയുടെ നിലയില്ലാക്കയത്തിലേക്ക്‌ ഇടിച്ചുതാഴ്‌ത്തുകയാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. തൽക്കാലത്തേക്ക്‌ ധാരണയായെങ്കിലും പോര്‌ തുടരുമെന്ന്‌ തീർച്ച. ഉപമുഖ്യമന്ത്രിസ്ഥാനം മോഹിച്ചിരുന്ന എം ബി പാട്ടീൽ, ജി പരമേശ്വര തുടങ്ങിയവരും അടങ്ങിയിരിക്കില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേതാക്കളുടെ ഗ്രൂപ്പുപോര്‌ കർണാടകത്തിൽ പ്രതിഫലിക്കും. സംഘപരിവാറിന്റെ വർഗീയതയെ ദൃഢതയോടെ ചെറുക്കാൻ കോൺഗ്രസിന്‌ സാധിക്കാത്തതിന്‌ നിലപാടുകളിലെ ദൗർബല്യത്തിനൊപ്പം നേതാക്കളുടെ അമിതാധികാരമോഹവും കാരണമാണ്‌. കർണാടകത്തിലെ ദുരനുഭവം ഇത്‌ ആവർത്തിച്ച്‌ തെളിയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top