27 April Saturday

നാട്ടിലെത്താൻ മലയാളികൾ വലയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 21, 2022



ഉത്സവകാലത്തും വിശേഷദിവസങ്ങളിലും കുടുംബത്തോടും ബന്ധുമിത്രാദികളോടും ഒത്തുചേരുകയെന്നത്‌ ആഹ്ലാദകരമായ അനുഭവമാണ്‌. ഉപജീവനാർഥവും _ഉന്നതവിദ്യാഭ്യാസം നേടാനും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിനു മലയാളികളിൽ നല്ല പങ്ക്‌ ഇത്തരം ആഘോഷങ്ങൾക്കായി നാട്ടിലേക്കു വരും. നാട്‌ വിട്ടുനിൽക്കേണ്ടിവരുന്നവർക്ക്‌ അതിന്റെ നഷ്ടം നികത്താനുള്ള അവസരംകൂടിയാണ്‌ ഇത്തരം സന്ദർഭങ്ങൾ. ഇക്കൊല്ലവും കുറച്ചുദിവസം നാട്ടിൽ കഴിയാമെന്നും ഉറ്റവരുമായി സുഖദുഃഖങ്ങൾ പങ്കിടാമെന്നും പ്രതീക്ഷിച്ചിരുന്ന പതിനായിരങ്ങളുടെ സ്വപ്‌നങ്ങൾ തകർക്കുകയാണ്‌ ട്രെയിൻ–- വിമാന യാത്രാ പ്രതിസന്ധി. കോവിഡ്‌ മഹാമാരിയുടെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിച്ച ജനവിഭാഗത്തിനുമേലാണ്‌ ഈ ദുരിതം ഇടിത്തീ കണക്കെ പതിച്ചിരിക്കുന്നത്‌.

ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്ന്‌ കേരളത്തിൽ എത്തിച്ചേരുക ദുഷ്‌കരമായി മാറിയിരിക്കുന്നു. ട്രെയിൻ ടിക്കറ്റുകൾ ആഴ്‌ചകളായി കിട്ടാനില്ല. _മാസങ്ങൾക്കുമുമ്പേ എടുത്താലും അമിതനിരക്ക്‌ നൽകേണ്ടിവരുന്നു. വിമാന ടിക്കറ്റ്‌ മാതൃകയിൽ റെയിൽവേ ഏർപ്പെടുത്തിയ ഫ്ലക്‌സി സംവിധാനമാണ്‌ ഇതിനു കാരണം. തിരക്ക്‌ കൂടുന്നതിന്‌ അനുസരിച്ച്‌ ടിക്കറ്റ്‌ നിരക്കും കൂടും. ഇത്‌ കണക്കാക്കുന്നതിൽ തീരെ സുതാര്യതയില്ല. രാജധാനി പോലുള്ള ട്രെയിനുകളിൽ തേർഡ്‌ എസിയിൽ യാത്ര ചെയ്യാൻ സെക്കൻഡ്‌ എസി നിരക്ക്‌ നൽകണം. ടിക്കറ്റ്‌ എടുത്ത്‌ ട്രെയിൻ കയറിയാൽ അടുത്തവട്ടം ദുരിതങ്ങളാണ്‌. ടോയ്‌ലെറ്റുകളിൽ വെള്ളം കിട്ടാത്ത അവസ്ഥ; _വൈകിയോടുന്ന ട്രെയിനുകൾ. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സാധിക്കാതെ രണ്ടും മൂന്നും ദിവസം യാത്ര ചെയ്യേണ്ട ഗതികേടിലാണ്‌ സ്‌ത്രീകളും കുട്ടികളും വയോധികരുമടക്കം. ഉത്സവകാലങ്ങളിലെങ്കിലും _കേരളത്തിലേക്ക്‌ കൂടുതൽ ട്രെയിനുകൾ ഓടിക്കണമെന്ന ആവശ്യത്തോട്‌ മുഖംതിരിഞ്ഞുനിൽക്കുകയാണ്‌ റെയിൽവേ.

വിമാനയാത്രയെക്കുറിച്ച്‌ മിക്കവർക്കും ചിന്തിക്കാനേ കഴിയില്ല. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്ന്‌ സാധാരണകാലത്തെ നിരക്കിന്റെ നാലിരട്ടിവരെയാണ്‌ ഇപ്പോൾ ഈടാക്കുന്നത്‌. ഒരുവശത്തേക്ക്‌ യാത്ര ചെയ്യാൻ ഒരാൾക്ക്‌ _25,000 വരെയാണ്‌ _ടിക്കറ്റ്‌ നിരക്ക്‌. എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തോടെ രാജ്യത്ത്‌ പൊതുമേഖലാ  വ്യോമയാന  കമ്പനി ഇല്ലാതായി. സ്വകാര്യ  കമ്പനികൾ ഒത്തുകളിച്ച്‌ നിരക്കുകൾ കുത്തനെ കൂട്ടുകയാണ്‌. കേന്ദ്രസർക്കാർ ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്നു. വിമാന ടിക്കറ്റ്‌ നിരക്കുകൾ ആകാശംമുട്ടെ എത്തിയതിനെക്കുറിച്ച്‌ എംപിമാർ പാർലമെന്റിൽ പരാതിപ്പെട്ടപ്പോൾ കമ്പനികളെ ന്യായീകരിക്കുകയാണ്‌ സിവിൽ വ്യോമയാന  മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചെയ്‌തത്‌. കോവിഡ്‌ കാലത്ത്‌ വിമാന കമ്പനികൾക്ക്‌ വരുമാനം കുറഞ്ഞെന്ന്‌ മന്ത്രി പരിതപിച്ചു. വിമാന ഇന്ധനവില ഉയർന്നുനിൽക്കുകയാണെന്നും ഉത്സവകാലത്ത്‌ നിരക്ക്‌ വർധിക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും മന്ത്രി വാദിച്ചു. കോവിഡിൽ _  കമ്പനികൾക്ക്‌ വരുമാനം കുറഞ്ഞതിലാണ്‌ മന്ത്രിക്ക്‌ ദുഃഖം. അക്കാലത്ത്‌ വരുമാനം പൂർണമായോ ഭാഗികമായോ ഇല്ലാതായവരാണ്‌ ജനസംഖ്യയിൽ ഗണ്യമായ പങ്ക്‌. കോടിക്കണക്കിനു പേർക്ക്‌ തൊഴിൽ നഷ്ടമായെന്ന്‌ കോർപറേറ്റ്‌ ആഭിമുഖ്യമുള്ള ഏജൻസികളും സമ്മതിക്കുന്നു. ഇതൊക്കെ മറികടക്കാൻ ശ്രമിക്കുന്ന ജനങ്ങളെ വൻകിട കമ്പനികൾ ചൂഷണം ചെയ്യുന്നതിന്‌ ന്യായീകരണം ചമയ്‌ക്കുകയാണ്‌ മന്ത്രി.

ക്രിസ്‌‌മസും _പുതുവർഷവും യാദൃച്ഛികമായി വന്നതല്ല. രാജ്യത്തെ വൻനഗരങ്ങളിൽനിന്ന്‌ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സാധാരണകാലത്തും തിരക്കാണ്‌. ഉത്സവകാലത്ത്‌ ഇത്‌ നിയന്ത്രണാതീതമാകുമെന്ന്‌ എല്ലാവർക്കുമറിയാം. കഴിഞ്ഞ വർഷങ്ങളിൽ മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ദീർഘയാത്രകൾ ഒഴിവാക്കിയവരും ഇത്തവണ നാട്ടിലെത്താൻ ആഗ്രഹിക്കുന്നു. ഇതെല്ലാം മനസ്സിലാക്കി ആവശ്യത്തിന്‌ യാത്രാസൗകര്യങ്ങൾ ഒരുക്കേണ്ടത്‌ കേന്ദ്ര സർക്കാരിന്റെ കർത്തവ്യമാണ്‌. അതിനു തയ്യാറാകാതെ വിലകുറഞ്ഞ രാഷ്‌ട്രീയക്കളികൾക്കാണ്‌ കേന്ദ്രം വ്യഗ്രത കാട്ടുന്നത്‌. കേരളത്തിൽനിന്നുള്ള വിദ്യാർഥികളടക്കം അവധിക്കാലത്ത്‌ നാട്ടിൽ എത്താൻ കഴിയില്ലെന്ന ആശങ്കയിലാണ്‌. ഈ ദുരവസ്ഥയ്‌ക്ക്‌ അടിയന്തര പരിഹാരം കാണാൻ കേന്ദ്രസർക്കാരും റെയിൽവേയും വ്യോമയാനമന്ത്രാലയവും ഉണർന്നുപ്രവർത്തിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top