29 March Friday

സദാചാരക്കാരുടെ പിന്നിലാര്

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2017


എറണാകുളം മറൈന്‍ഡ്രൈവില്‍ യുവതീയുവാക്കളെ ഒരുകൂട്ടം ക്രിമിനലുകള്‍ ചൂരല്‍കൊണ്ട് അടിച്ചോടിച്ച സംഭവം കേവലമായ സദാചാര ഗുണ്ടായിസം മാത്രമല്ല, പരിഷ്കൃതസമൂഹത്തിനുനേരെയുള്ള ആസൂത്രിത ആക്രമണംകൂടിയാണ്. ശിവസേനയുടെ കാവിക്കൊടിയുമേന്തി ചില മാധ്യമങ്ങളുടെ അകമ്പടിയോടെയും ചില പൊലീസുകാരുടെ സഹായത്തോടെയുമാണ് അഴിഞ്ഞാട്ടം നടന്നത്. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ സദാചാരം തകര്‍ന്നുപോകുമെന്ന് പ്രഖ്യാപിച്ച് ചൂരലുമായി ഇറങ്ങിയ സംഘത്തിലെ പലരും സ്ത്രീപീഡനമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളും കൊച്ചി നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളുമാണ്. ഊമയും ബധിരയുമായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ഒരാള്‍. മറ്റൊരാള്‍ അഭിഭാഷകയെ വഞ്ചിച്ച കേസിലെ പ്രതി. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍, പ്രത്യേകിച്ചൊരു സംഭവത്തിന്റെയും പ്രകോപനമില്ലാതെ ആ ക്രിമിനല്‍സംഘം ബാനറുമായി മറൈന്‍ഡ്രൈവിലേക്ക് മാര്‍ച്ച് ചെയ്യുന്നു. അവരെ അകമ്പടി സേവിച്ച് ഏതാനും മാധ്യമങ്ങളുടെ ക്യാമറകളും. മറൈന്‍ഡ്രൈവ് സ്വകാര്യ ഇടമല്ല. കൊച്ചിയുടെ സൌന്ദര്യം ആസ്വദിക്കാനും വിശ്രമസമയം ചെലവിടാനും ആയിരങ്ങള്‍ എത്തുന്ന ഇടമാണ്. അവിടെ സ്വതന്ത്രരായി ഇരിക്കാനും സംസാരിക്കാനും പാകത്തില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. അങ്ങനെയൊരു സ്ഥലത്താണ്, ചൂരല്‍വടികളുമായി എത്തിയ സംഘം യുവതീയുവാക്കള്‍ക്കുനേരെ പാഞ്ഞടുത്തത്.

അവിടെ ഇരുന്നും നിന്നും സംസാരിക്കുകയായിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ അലര്‍ച്ചയോടെ പാഞ്ഞടുത്ത ക്രിമിനലുകള്‍ അസഭ്യം പറഞ്ഞും മര്‍ദിച്ചും അവരെ ഓടിക്കുകയായിരുന്നു. ക്യാമറകള്‍ക്കുമുന്നില്‍ പറഞ്ഞുറപ്പിച്ചതുപോലെയുള്ള നാടകമാണ് ഉണ്ടായത്. ആ രംഗങ്ങള്‍ സൂക്ഷ്മതയോടെ പകര്‍ത്തിയെടുത്ത് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ 'ജോലി' നിര്‍വഹിച്ചു. ദൃശ്യങ്ങളില്‍ പതിഞ്ഞ പരിഹാസ്യമായ ഒരു രംഗം, നിയമസമാധാനം പാലിക്കാന്‍ നിയുക്തനായ പൊലീസ് ഉദ്യോഗസ്ഥന്‍ അക്രമികള്‍ക്ക് അകമ്പടി സേവിക്കുന്നതാണ്. കാവിപ്പടയുടെ സേവകനായാണ് ആ ഉദ്യോഗസ്ഥന്‍ പെരുമാറിയത്. സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം അരങ്ങേറുന്നുവെന്നും അതിന് പൊലീസ് കുടപിടിക്കുന്നുവെന്നും സ്ഥാപിക്കാനുള്ള ഈ നാടകത്തിന്റെ രണ്ടാംരംഗം അരങ്ങേറിയത് പിറ്റേന്ന് നിയമസഭയിലാണ്. നിരായുധരായി നില്‍ക്കുന്ന പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമായി മറൈന്‍ഡ്രൈവ് ഗുണ്ടായിസം മാറി.

അക്രമം നടത്തിയവരെ പിടികൂടുകയും ഉത്തരവാദിത്തം മറന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും സദാചാര ഗുണ്ടായിസം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം സഭയില്‍ നല്‍കി. ഇനിയെന്താണ് സര്‍ക്കാര്‍ ചെയ്യേണ്ടത് എന്ന ചോദ്യത്തിന് പ്രതിപക്ഷത്തിന് ഉത്തരമില്ലായിരുന്നു. ഇവിടെ ഉയരുന്ന പ്രധാന സംശയം മറൈന്‍ഡ്രൈവിലേത് ആസൂത്രിതമായ നാടകമായിരുന്നുവോ, ശിവസേനക്കാര്‍ ആരുടെയെങ്കിലും ആജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചതാണോ എന്നതാണ്. അത്തരമൊരു സംശയത്തിലേക്ക് നയിക്കുന്നത് ഈ സംഭവത്തിലും തുടര്‍ന്നുമുള്ള പ്രതിപക്ഷത്തിന്റെ അസ്വാഭാവികമായ പ്രകടനങ്ങള്‍തന്നെയാണ്. മറൈന്‍ഡ്രൈവിലെന്നല്ല രാജ്യത്തെവിടെയും, സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാലോ സംസാരിച്ചാലോ സ്പര്‍ശിച്ചാലോ അശ്ളീലമാണെന്ന് കരുതുന്നത് ഒരുതരം മനോരോഗമാണ്. അച്ഛനും മകളും മകനും അമ്മയും സഹോദരനും സഹോദരിയും ഭാര്യയും ഭര്‍ത്താവും സഹപാഠികളും സഹപ്രവര്‍ത്തകരും പരിചയക്കാരും എല്ലാമടങ്ങുന്നതാണ് സമൂഹം. അവര്‍ക്കെല്ലാമുള്ളതാണ് സഞ്ചാരസ്വാതന്ത്യ്രം. അത് തല്ലിക്കെടുത്താന്‍ നോക്കുന്നവരെ ഒന്നിച്ചുനേരിടുകയാണ് വേണ്ടത്്. അത്തരമൊരു വികാരമാണ് പൊലീസിന്റെ വീഴ്ച സമ്മതിച്ച് നടപടിയെടുത്തശേഷമെങ്കിലും പ്രതിപക്ഷം പ്രകടിപ്പിച്ചിരുന്നതെങ്കില്‍, ഉദ്ദേശ്യശുദ്ധി അംഗീകരിക്കപ്പെടുമായിരുന്നു. ദൌര്‍ഭാഗ്യവശാല്‍, ശിവസേനയുടെ അതേചൂരല്‍കൊണ്ട് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെതിരെ തിരിയുന്നതാണ് കണ്ടത്.

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് മാധ്യമങ്ങളും പൊലീസിലെ ചിലരും രഹസ്യസഹായം നല്‍കിയെന്നത് വസ്തുതയാണ്. മൂന്നരയ്ക്ക് മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരിക്കുന്നവരെ തല്ലിയോടിക്കാന്‍ എത്തുന്നു എന്ന് ചില ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ശിവസേനക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള ഒരു കുറ്റംചെയ്യാന്‍ പോകുന്നുവെന്ന് ഒരു സംഘടന മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിക്കുന്നത് അമ്പരപ്പിക്കുന്ന അനുഭവമാണ്. ശിവസേനയുടെ മറവില്‍ അനധികൃത പണമിടപാടുകളും ഭൂമി ഇടപാടുകളും ഗുണ്ടായിസവും സംഘടിപ്പിക്കുന്ന സംഘം കൊച്ചി നഗരത്തിലുണ്ട്. ഈ സംഘത്തിന്റെ കൂട്ടാളികളായ ചിലര്‍ കൊച്ചിയിലെ പൊലീസിലുമുണ്ട്. ഈ സംഘമാണ് നാടകത്തിന്റെ ഓരോ രംഗവും കൃത്യമായി അഭിനയിച്ചത്. പത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും 'മറൈന്‍ഡ്രൈവിലെ അനാശാസ്യം' എന്ന തലക്കെട്ടില്‍ വാര്‍ത്തയും ചിത്രങ്ങളും എത്തിച്ചത് രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രൊഫഷണല്‍ ഏജന്‍സിയാണ്. ഈ വസ്തുതകളാകെ പരിശോധിക്കുമ്പോള്‍ കൃത്യമായ ആസൂത്രണം തെളിഞ്ഞുകാണുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സൂചിപ്പിച്ച നാടകംതന്നെയാണത്. അതിന്റെ അണിയറക്കാരെ പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ആരാണ് ആ സംഭവംകൊണ്ട് പ്രയോജനമുണ്ടാക്കാന്‍ വെപ്രാളപ്പെട്ട് ശ്രമിച്ചതെന്ന് അന്വേഷിച്ചാല്‍, പ്രതിപക്ഷനേതാവിലേക്കുതന്നെയാണ് എത്തിച്ചേരാനാവുക. വസ്തുതകള്‍ ജനങ്ങള്‍ക്കുമുന്നില്‍ എത്തേണ്ടതുണ്ട്. സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ ആസൂത്രകരെ പുറത്തുകൊണ്ടുവരണം. അതുവരെ സംശയത്തിന്റെ നിഴലില്‍തന്നെയാണ് പ്രതിപക്ഷം. ശിവസേനക്കാരനെയും ആര്‍എസ്എസുകാരനെയും വാടകയ്ക്കെടുത്ത് സിപിഐ എം നേതാവിനെ വെടിവച്ചുകൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ്. അവര്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന് അത്തരം നിരവധി അനുഭവമുണ്ടെന്നിരിക്കെ, മറൈന്‍ഡ്രൈവില്‍ അഴിഞ്ഞാടിയത് ഏതാനും ശിവസേന ഗുണ്ടകള്‍മാത്രമല്ല, രാഷ്ട്രീയമേലാളന്മാര്‍കൂടിയാണെന്ന് വിശ്വസിക്കേണ്ടിവരും. അവരുടെ മുഖംമൂടിയാണ് വലിച്ചുപറിക്കേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top