25 September Monday

എൻഡിഎ തകർച്ചയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jan 26, 2018


കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം (എൻഡിഎ) തകർച്ചയിലേക്ക് നീങ്ങുകയാണ്.  ബിജെപി കഴിഞ്ഞാൽ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ശിവസേന അടുത്തവർഷം നടക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പ് ഉൾപ്പെടെ, ഭാവിതെരഞ്ഞെടുപ്പുകളിൽ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ശിരോമണി അകാലിദളും ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് തനിച്ച് മത്സരിക്കാനുള്ള നീക്കത്തിലാണ്. ഏക എംപി മാത്രമുള്ള മഹാരാഷ്ട്രയിലെ ഷേത്കാരി സംഘടൻ നേരത്തേതന്നെ എൻഡിഎ വിട്ടു. ആന്ധ്രപ്രദേശിലെ തെലുങ്കുദേശം പാർടിയും എൻഡിഎയിൽ തുടരുന്ന കാര്യം പുനരാലോചനയ്ക്ക് വിധേയമാക്കുകയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും എൻഡിഎ കൂടുതൽ ദുർബലമാകുമെന്നാണ് രാഷ്ട്രീയവൃത്തം നൽകുന്ന സൂചന. 

ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മദിനമായ ജനുവരി 23ന് മുംബൈയിൽ ചേർന്ന പാർടി ദേശീയ നിർവാഹസമിതി യോഗത്തിലാണ് തനിച്ച് മത്സരിക്കുന്നത് സംബന്ധിച്ച പ്രമേയം ശിവസേന ഏകകണ്ഠമായി അംഗീകരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യമായി മത്സരിച്ചപ്പോൾ മൊത്തമുള്ള 48ൽ 42സീറ്റും എൻഡിഎക്കാണ് ലഭിച്ചിരുന്നത്. ശിവസേനയ്ക്ക് 18 സീറ്റ് ലഭിച്ചു.  എന്നാൽ, തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപിയും ശിവസേനയും സ്വന്തമായാണ് മാറ്റുരച്ചത്. നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 122 സീറ്റ് ലഭിച്ചപ്പോൾ ശിവസേനയ്ക്ക് 63 സീറ്റ് മാത്രമാണ് ലഭിച്ചത്. മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ശിവസേനയ്ക്ക് നേടാനായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല.  29 വർഷം മുമ്പ് ബാൽ താക്കറെയും ബിജെപി നേതാവ് പ്രമോദ് മഹാജനും ചേർന്ന് മഹാരാഷ്ട്രയിൽ ബിജെപി‐ശിവസേന സഖ്യത്തിന് രൂപം നൽകിയപ്പോൾ ശിവസേനയ്ക്കായിരുന്നു സഖ്യത്തിൽ മുൻതൂക്കം. 1995 ൽ ആദ്യമായി ഈ സഖ്യം മഹാരാഷ്ട്രയിൽ ഭരണം നേടിയപ്പോൾ ശിവസേനയിലെ മനോഹർ ജോഷിയായിരുന്നു മുഖ്യമന്ത്രിയായത്. എന്നാൽ, ബിജെപിയുടെ നേതാവായി മോഡി ഉയർന്നതോടെയാണ് ഏറ്റവും പഴയ സഖ്യകക്ഷിയെ അവഗണിക്കാൻ ആരംഭിച്ചത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും മന്ത്രിസഭയിൽ അംഗമാണെങ്കിലും അപ്രധാനവകുപ്പുകൾ മാത്രമാണ് ശിവസേനയ്ക്ക്് ലഭിച്ചത്. സഖ്യത്തിൽ ഇനിയും തുടരുന്നപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ബിജെപിക്ക് നൽകേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ഇത്രയും കാലം സഖ്യത്തിലെ ഒന്നാംകക്ഷിക്ക് ആ സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് തനിച്ച് മത്സരിക്കാൻ ശിവസേന തീരുമാനിച്ചത്. ഗുജറാത്തിൽ ബിജെപി ജയിച്ചെങ്കിലും സീറ്റ് കുറഞ്ഞത് ശിവസേനയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷത്തിന്റെ റോളിൽ പ്രവർത്തിച്ചാൽ ഗവൺമെന്റ് വിരുദ്ധ വോട്ട് നേടാനാകുമെന്നും ശിവസേന പ്രതീക്ഷിക്കുന്നു. ശിവസേനയുടെ മുഖപത്രമായ 'സാമ്ന' മോഡി സർക്കാരിനെ നിശിതമായി വിമർശിച്ചാണ് എല്ലാ ദിവസവും പുറത്തിറങ്ങുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ ദുർബലമായ പ്രകടനവും തങ്ങൾക്ക് നേട്ടമാകുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ. ഭാവിയിൽ ദേവേന്ദ്ര ഫദ്നാവിസ് സർക്കാരിനെ താഴെയിറക്കാനും ശിവസേന മടിക്കില്ല.

അടുത്ത വർഷം ആദ്യം ഹരിയാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ ശിരോമണി അകാലിദൾ തീരുമാനിച്ചു. ഇന്ത്യൻ നാഷണൽ ലോക്ദളുമായുള്ള സഖ്യം ഉപേക്ഷിച്ച അകാലിദൾ സംസ്ഥാനത്ത് ബിജെപിക്കെതിരെയുംമത്സരിക്കാൻ തീരുമാനിച്ചു.  അകാലിദളിന്റെ ഈ നീക്കം പഞ്ചാബിലെ അകാലിദൾ‐ബിജെപി സഖ്യത്തെയും ദോഷകരമായി ബാധിക്കും. 90 അംഗ നിയമസഭയിൽ സിഖ് വോട്ടർമാർക്ക് സ്വാധീനമുള്ള 55 സീറ്റിൽ മത്സരിക്കാനാണ് അകാലിദളിന്റെ തീരുമാനം. ആദ്യമായാണ് അകാലിദൾ സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളിലും തനിച്ച് മത്സരിക്കാൻ ഒരുങ്ങുന്നത്. ഹരിയാനയിലെ പഞ്ചാബികൾക്ക് രാഷ്ട്രീയനേതൃത്വം നൽകുന്നതിനാണ് തനിച്ച് മത്സരിക്കുന്നതെന്നാണ് അകാലിദൾ നേതാവ് പ്രകാശ്സിങ് ബാദലിന്റെ വിശദീകരണം.

ബിജെപിയുടെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ തെലുങ്കുദേശം പാർടിയും എൻഡിഎയിൽ തുടരണമോ എന്ന കാര്യത്തിൽ സംശയാലുക്കളാണ്. പാർടിയുടെ ജനപിന്തുണ  ബിജെപി വിഴുങ്ങുകയാണെന്ന ഭയം ചന്ദ്രബാബു നായിഡുവിനെ അലട്ടുകയാണിന്ന്. ഇതിനാലാണ് മുത്തലാഖ് ബിൽ പ്രശ്നത്തിൽ പ്രതിപക്ഷത്തോടൊപ്പംനിന്ന് ബിജെപിയെ എതിർക്കാൻ തെലുങ്കുദേശം പാർടി തയ്യാറായത്.  ബിജെപിയെ അത്ഭുതപ്പെടുത്തിയ നീക്കമാണിത്. ഇതിനുശേഷം ബിജെപിയും ടിഡിപിയും തമ്മിലുള്ള അകൽച്ച വർധിച്ചു.  പ്രതിപക്ഷനേതാക്കളുമായുള്ള നായിഡുവിന്റെ അടുപ്പം ബിജെപിയെ അലോസരപ്പെടുത്തുകയുംചെയ്യുന്നു. 1998ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട എൻഡിഎ ഇന്ന് തകർച്ചയിലേക്ക് നീങ്ങുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top