29 March Friday

ഷേഖ‌് ഹസീന വീണ്ടും പ്രധാനമന്ത്രിയാകുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019


അയൽരാജ്യമായ ബംഗ്ലാദേശിൽ അവാമി ലീഗ് നേതാവ് ഷേഖ‌് ഹസീന തുടർച്ചയായി നാലാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റു. ഡിസംബർ 30ന് നടന്ന തെരഞ്ഞെടുപ്പിൽ 299 സീറ്റിൽ 288ഉം നേടിയാണ് ഹസീന വീണ്ടും പ്രധാനമന്ത്രിയായത്. ബംഗ്ലാദേശ് നാഷണൽ പാർടിയുടെ (ബിഎൻപി) നേതൃത്വത്തിലുള്ള ദേശീയ ഐക്യമുന്നണിക്ക് ഒമ്പത് സീറ്റുമാത്രമാണ് നേടാനായത്. 66 ശതമാനം വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 75.17 ശതമാനം വോട്ട് ഹസീനയുടെ സഖ്യം നേടി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നാരോപിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതിനുള്ള സാധ്യത തെരഞ്ഞെടുപ്പ് കമീഷൻ തള്ളിക്കളഞ്ഞു. ബംഗ്ലാദേശിന്റെ വിമോചകൻ ഷേഖ‌് മുജീബ് റഹ്മാൻ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി നേടിയ രാഷ്ട്രീയനേതാവായി ബംഗബന്ധുവിന്റെ മകൾകൂടിയായ ഷേഖ‌് ഹസീന മാറി. സാമ്പത്തിക ഭദ്രതയ‌്ക്കും മതനിരപേക്ഷ രാഷ്ട്രീയത്തിനും ലഭിച്ച അംഗീകാരമായാണ് ഹസീനയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയം പൊതുവെ വിലയിരുത്തപ്പെടുന്നത്.

ബംഗ്ലാദേശ് 1971ൽ രൂപംകൊണ്ടതിനുശേഷം നടക്കുന്ന പതിനൊന്നാമത്തെ പൊതുതെരഞ്ഞെടുപ്പിന് പല പ്രത്യേകതകളും ഉണ്ടായിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കെടുത്ത തെരഞ്ഞെടുപ്പായിരുന്നു ഡിസംബർ 30ന് നടന്നത്. രണ്ട് ബീഗം തമ്മിലുള്ള (ഷേഖ‌് ഹസീനയും ഖാലിദ സിയയും )- പതിവ് യുദ്ധത്തിനു പകരം രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരമായിരുന്നു ഇക്കുറി നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ബീഗം ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണൽ പാർടി ബഹിഷ‌്കരിച്ചിരുന്നു. എന്നാൽ, ഇക്കുറി ദേശീയ ഐക്യമുന്നണി അഥവാ ജാതീയ ഐക്യ ഫ്രണ്ട് എന്ന വിശാല സഖ്യം രൂപീകരിച്ചാണ് ബിഎൻപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്നതിനാൽ ഖാലിദ മത്സരരംഗത്തും പ്രചാരണരംഗത്തും ഉണ്ടായിരുന്നില്ല. ഖാലിദയുടെ മകനും അഴിമതിക്കേസിലും കൊലപാതക കേസിലും ശിക്ഷിക്കപ്പെട്ടതിനാൽ ലണ്ടനിലാണ് കഴിയുന്നത്. മുൻ അവാമി ലീഗ് നേതാവും പ്രസിദ്ധ നിയമവിദഗ‌്ധനും മതനിരപേക്ഷവാദിയുമായ കമാൽ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ജാതീയ ഐക്യമുന്നണി പ്രധാനമായും പ്രവർത്തിച്ചിരുന്നത്. എന്നാൽ, വർഗീയകക്ഷിയായ ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധം വേർപെടുത്താൻ ബിഎൻപി തയ്യാറായതുമില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതിനാൽ ബിഎൻപി ചിഹ്നത്തിലാണ് ഇക്കുറി ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥികൾ മത്സരിച്ചത്.   

എച്ച് എം എർഷാദിന്റെ കാലംമുതൽ ഇടക്കാല സർക്കാരിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ‌് നടത്തുന്ന രീതിയും ഇക്കുറി ഉപേക്ഷിക്കപ്പെട്ടു. കാലാവധി കഴിയുന്ന ഹസീന സർക്കാരിന്റെ  നേതൃത്വത്തിൽതന്നെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതാണ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന പ്രതിപക്ഷ വിമർശം രൂക്ഷമാകാൻ ഇടവരുത്തിയത്. കൃത്രിമം ആരോപിച്ച് നാൽപ്പതോളം പ്രതിപക്ഷ സ്ഥാനാർഥികൾ മത്സരത്തിൽനിന്ന് പിൻവാങ്ങുകപോലുമുണ്ടായി. എന്നാൽ, അന്താരാഷ്ട്ര ഏജൻസികൾ തെരഞ്ഞെടുപ്പ് പൊതുവെ നീതിയുക്തവും സ്വതന്ത്രവുമാണെന്നാണ് അഭിപ്രായപ്പെട്ടത്. എങ്കിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയാണ്.

ഹസീനയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്കരിച്ചതിൽനിന്ന‌് പ്രതിപക്ഷം ഏറ്റുമുട്ടലിന്റെ പാതയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തം.  ഇത് സ്വാഭാവികമായും ഹസീനയുടെ ഭരണത്തെ ദോഷകരമായി ബാധിക്കും. ബംഗ്ലാദേശ് വിമോചനത്തെ എതിർത്ത ജമാ അത്തെ ഇസ്ലാമിയെ നേരിടുന്നതിന് ഹിഫജോതേ തുടങ്ങിയ മുസ്ലിം മതമൗലികവാദ പ്രസ്ഥാനവുമായി അടുത്തതും അതിന്റെ ഭാഗമായി മതനിരപേക്ഷ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ ആരംഭിച്ചതുമാണ് കമ്യൂണിസ്റ്റ് പാർടി ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഹസീനയുമായി അകന്നതും പ്രത്യേകം തെരഞ്ഞെടുപ്പിൽ മത്സരിച്ചതും. കമാൽ ഹുസൈനും കാദർ സിദ്ദിഖിയും അബ്ദുർ റബ്ബുംപോലുള്ള മുൻ അവാമി നേതാക്കൾ പ്രതിപക്ഷ സഖ്യത്തിലേക്ക് നീങ്ങിയതും ഇതിന്റെ ഫലമായിരുന്നു. അവാമി ലീഗിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഭരണം സുഗമമാകാൻ പ്രതിപക്ഷ സഹകരണം ആവശ്യമാണ്. 

ഇന്ത്യയെ സംബന്ധിച്ച‌് ആശ്വാസകരമാണ് ഹസീനയുടെ വിജയം. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ‌്' പോളിസിയുടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. അയൽരാജ്യങ്ങളിൽ ഇന്ത്യക്ക് ഏറ്റവും അടുത്ത ബന്ധവും ബംഗ്ലാദേശുമായിത്തന്നെ.  ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ബംഗ്ലാദേശുതന്നെ. അഖൗര–-അഗർത്തല റെയിൽവേ ലൈനും മറ്റും ഉഭയകക്ഷിബന്ധത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. എന്നാൽ, റോഹിൻഗ്യൻ മുസ്ലിം അഭയാർഥി പ്രവാഹവും അതിനെത്തുടർന്ന് അസമിൽ നാഷണൽ രജിസ്ട്രാർ ഓഫ് സിറ്റിസൺ (എൻആർസി) പട്ടികയുടെ നിർമാണവും ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. എൻആർസിയിൽനിന്ന‌് 40 ലക്ഷം പേരാണ് ഒഴിവായിട്ടുള്ളത്. ഇവരിൽ ഭൂരിപക്ഷവും ബംഗ്ലാദേശികളാണെന്നാണ് വാദം. എന്നാൽ, ബംഗ്ലാദേശ് ഇത‌് അംഗീകരിക്കാനോ അവരെ സ്വീകരിക്കാനോ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. ചൈനയുടെ ‘ഒരു പാത ഒരു മേഖല’ പദ്ധതിയുമായി ബംഗ്ലാദേശ് സഹകരിക്കുന്നതും ഇന്ത്യ–-ബംഗ്ലാദേശ് ബന്ധത്തെ എങ്ങനെയാണ് ബാധിക്കുക എന്ന് പറയാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top