15 April Monday

പാലക്കാട്ടെ അരുംകൊല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022


സ്വാതന്ത്ര്യപ്പുലരിയുടെ ഓർമകൾ നവാഹ്ലാദമായും ആവേശമായും നാടിനെ പുളകമണിയിക്കുന്ന ആഘോഷരാവിൽ പാലക്കാട് മരുതറോഡിലെ അരുംകൊലയുടെ വിവരംകേട്ട് നാട് ഞെട്ടിത്തരിച്ചു, വിറങ്ങലിച്ചു. മനുഷ്യരുടെ ചോരയാൽ തെരുവുകൾ നനയുന്നതുകണ്ട് ആർത്തട്ടഹസിച്ച് പല്ലിളിക്കുന്ന ക്രൂരവർഗീയവാദികളായ ആർഎസ്എസുകാർ ഒരു കമ്യൂണിസ്റ്റുകാരന്റെകൂടി ജീവനെടുത്തു. സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം എസ് ഷാജഹാനെ സംഘപരിവാറിന്റെ വിഷത്തലകൾ, സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഞായർ രാത്രി വെട്ടിയരിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.  ആഘോഷനാളിലെ ആസൂത്രിത അരുംകൊലകൾ ആർഎസ്‌എസിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു.

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കാൻ സംഘപരിവാർ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് ഷാജഹാന്റെയും കൊലപാതകമെന്ന് ഇതിനകം പുറത്തുവന്ന എല്ലാ വിവരവും വ്യക്തമാക്കിക്കഴിഞ്ഞു. ആറു വർഷത്തിനകം സംസ്ഥാനത്ത് ആർഎസ്എസ് കൊലയാളിസംഘം അരിഞ്ഞുവീഴ്ത്തിയത് 17 സിപിഐ എം പ്രവർത്തകരെയാണ്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് മരുതറോഡിലെ ഷാജഹാന്റെ കൊലപാതകം. ആത്മാർഥതയും അർപ്പണബോധവും ഉദ്ദേശ്യശുദ്ധിയും  നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമായി മുന്നേറിയ ഒരു സഖാവിനെയാണ് സിപിഐ എമ്മിന് നഷ്ടമായത്. ചെങ്കൊടി പാറിപ്പറപ്പിക്കുന്ന ധീരസഖാവായി നാട്ടിലാകെ സജീവമായി ഓടിനടക്കുന്നു എന്നതാണ് ഷാജഹാനെ സംഘ പരിവാറിന്റെ ശത്രുവാക്കിയത്. ഷാജഹാന് നേരത്തെതന്നെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. ഷാജഹാന്റെ ജീവനെടുത്ത് ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതാക്കിയത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറഞ്ഞിട്ടുണ്ട്.

കേസ് അന്വേഷിക്കാൻ സർക്കാർ പാലക്കാട്  ഡിവൈഎസ്‌‌പിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിൽ എട്ടു പേരുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. എട്ടു പേർ കസ്റ്റഡിയിലുണ്ട്. ഞായർ രാത്രി മരുതറോഡിലെ കുന്നങ്കാട് ജങ്‌ഷനിൽ, പ്ലസ് ടു വിജയികളെ അനുമോദിക്കുന്നതിന് ഡിവൈഎഫ്ഐ വച്ച ഫ്ലക്സിനു മുകളിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഫ്ലക്സ്‌ പ്രതികൾ സ്ഥാപിച്ചത് വാക്കുതർക്കമുണ്ടാക്കി. വിവരമറിഞ്ഞ്  ഇവിടെയെത്തിയ ഷാജഹാൻ സുഹൃത്ത് സുരേഷിനൊപ്പം നിൽക്കുമ്പോൾ ആർഎസ്എസ് സംഘം വടിവാളുകൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. കൊലയാളികൾക്കൊപ്പം തന്റെ മകനുമുണ്ടെന്ന് സുരേഷ് തന്നെ പറഞ്ഞിട്ടുണ്ട്.  പ്രതികൾ  കഞ്ചാവ്, ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണ്.

സിപിഐ എം പ്രവർത്തകരെ അരിഞ്ഞുതള്ളുകയും നാട്ടിലാകെ വ്യാജ പ്രചാരണം നടത്തുകയും  ആർഎസ്എസിന്റെ പതിവുശൈലിയാണ്. സംസ്ഥാനത്തെ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും അത് ഏറ്റുപിടിക്കുകയും ചെയ്യുന്നു. മരുതറോഡ് കൊലപാതകത്തിലും അതുണ്ടായി. ഇത് കുറ്റവാളികളെ സംരക്ഷിക്കലാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം ബിജെപിയെയും ആർഎസ്എസിനെയും ന്യായീകരിച്ചു. കമ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടാൽ അവരുടെ അമ്മമാരുടെ, ഭാര്യമാരുടെ, പിഞ്ചു കുഞ്ഞുങ്ങളുടെ നെഞ്ചുപൊട്ടിയൊഴുകുന്ന പ്രാണസങ്കടങ്ങൾ കേരളത്തിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും കാണാറില്ല. ഹിന്ദുത്വ വർഗീയ ശക്തികളോട് വിധേയത്വം പുലർത്തുന്ന നയമാണ് ചില മാധ്യമങ്ങളും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷവും സ്വീകരിക്കുന്നത്.  ജനശക്തിയെ അഴിച്ചുവിട്ട് ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാനുള്ള നിലപാട് സ്വീകരിക്കുന്നതിനു പകരം കമ്യൂണിസ്റ്റുകാരെ എങ്ങനെയും എതിർക്കുകയെന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുന്നു. കോൺഗ്രസ്‌, - ലീഗ് ക്രിമിനലുകൾ തന്നെ എത്രയോ സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയിരിക്കുന്നു.

ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ മുഖ്യതടസ്സം സിപിഐ എം ആണെന്ന് അവർ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനു മുന്നിൽ ഒരുനാളും മുട്ടുമടക്കാത്ത ഒരു ദേശമായി ഇന്ത്യയുടെ തെക്കേ അറ്റത്തെ ഈ മലയാളച്ചോപ്പ് നിലനിൽക്കുന്നത് സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കരുത്തിലാണെന്നും അവർ മനസ്സിലാക്കുന്നു. 

ആശയങ്ങൾകൊണ്ടും വാക്കുകൾകൊണ്ടും നേർക്കുനേരെ പൊരുതി ഇടതുപക്ഷത്തെ നേരിടാനാകില്ലെന്നും സംഘപരിവാർ ശക്തികൾക്ക് നന്നായി അറിയാം. അപ്പോൾപ്പിന്നെ, കലാപമുണ്ടാക്കി കേരളത്തിലെ സമാധാനജീവിതം തകർക്കണം. അതാണ് കൊലപാതകങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ,  ഒരുതരത്തിലുള്ള പ്രകോപനത്തിനും വഴങ്ങാതെ, ജനങ്ങളുടെ പിന്തുണയോടെ, ജനാധിപത്യപരമായ പ്രതിഷേധങ്ങളോടെ വർഗീയ ക്രിമിനലുകളെ ഒറ്റപ്പെടുത്താൻ നമുക്ക് കഴിയണം. കാലത്തിന്റെ കനൽപ്പൂക്കളായി ഷാജഹാൻ എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമുണ്ടാകും. മരണത്തോടെ എല്ലാവരും നിശ്ശബ്ദരാകുമ്പോൾ രക്തസാക്ഷിയുടെ വാക്കുകൾ മരണത്തിനുശേഷവും ഉണർന്നിരിക്കുമെന്നുമാത്രം വർഗീയ വേതാളങ്ങളെ ഓർമിപ്പിക്കട്ടെ. പോരാളിയുടെ ചിതയിലെ വെളിച്ചം അണയില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top