28 March Thursday

ഈ വിജയങ്ങൾ നൽകുന്ന സൂചന

വെബ് ഡെസ്‌ക്‌Updated: Wednesday Nov 21, 2018


സംസ്ഥാനത്തെ കോളേജുകളിലെയും പോളിടെക്‌നിക്കുകളിലെയും വിദ്യാർഥി യൂണിയനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐ ചരിത്രവിജയം നേടിയിട്ട്‌ നാളുകൾ അധികമായില്ല. ഇപ്പോഴിതാ സംസ്ഥാനത്തെ ഐടിഐകളിലും എസ്‌എഫ്‌ഐ വൻവിജയം കരസ്ഥമാക്കിയിരിക്കുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക്‌ ഈ വിജയങ്ങളൊന്നും വലിയ വാർത്തയല്ലായിരിക്കാം. എന്നാൽ, മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മലയാളിക്ക്‌ ഇത്തരം വിജയങ്ങൾ നൽകുന്ന ഊർജം ചെറുതല്ല. ഇന്ന്‌ നാടൊട്ടുക്ക്‌ ഭക്തിയുടെ പേരിൽ സംഘപരിവാറുകാർ കലാപം അഴിച്ചുവിടാൻ ശ്രമിക്കുമ്പോൾ ഈ വിജയങ്ങൾക്ക്‌ ഏറെ പ്രസക്തിയുണ്ട്‌.  കേരളത്തിന്റെ ചിന്തിക്കുന്ന യുവത്വം സംഘപരിവാറിന്റെ ധ്രുവീകരണശ്രമങ്ങളിൽ വീണുപോകില്ലെന്ന്‌ മാത്രമല്ല, മതനിരപേക്ഷതയുടെ ശക്തമായ അടിത്തറയുള്ള കേരളീയസമൂഹത്തെ  മധ്യകാലയുഗത്തിന്റെ ഇരുട്ടിലേക്കു വലിച്ചുകൊണ്ടുപോകാൻ  യുവത ആരെയും അനുവദിക്കില്ല എന്ന പ്രഖ്യാപനംകൂടിയാണ്‌ ഇത്തരം  വിജയങ്ങൾ.

86 ഐടിഐയാണ്‌ കേരളത്തിൽ ആകെയുള്ളത്‌. അതിൽ 83 എണ്ണത്തിൽ ഉജ്ജ്വല വിജയമാണ്‌ എസ്‌എഫ്‌ഐ എന്ന പുരോഗമന വിദ്യാർഥിസംഘടന നേടിയത്‌. കഴിഞ്ഞ മാസങ്ങളിൽ നടന്ന കോളേജ്‌ യൂണിയൻ, സർവകലാശാലാ യൂണിയൻ, പോളിടെക്‌നിക്ക്‌ തെരഞ്ഞെടുപ്പുകളിലും സമാനമായ വിജയമാണ്‌ എസ്‌എഫ്‌ഐ നേടിയത്‌. കേരള ,കലിക്കറ്റ്‌, മഹാത്മാ ഗാന്ധി, കണ്ണൂർ തുടങ്ങിയ സർവകലാശാലകളിലെ ഭൂരിപക്ഷംകോളേജുകളിലും എസ്എഫ്‌ഐ യൂണിയനുകളാണ്‌. സംസ്ഥാനത്തെ 53 പോളി ടെക്‌നിക്കിൽ 51ലും എസ്‌എഫ്‌ഐ വിജയം നേടി.  ഈ മഹാവിജയങ്ങളുടെ തുടർച്ചയായാണ്‌ ഐടിഐകളിൽ എസ്‌എഫ്‌ഐ അജയ്യത തെളിയിച്ചത്‌.

സംസ്ഥാനത്തെ ക്യാമ്പസുകളിൽ എന്നേ മേൽവിലാസം നഷ്ടപ്പെട്ട കെഎസ്‌യുവിനെയും വിദ്യാർഥികളെ മതത്തിന്റെ പേരിൽ ധ്രുവീകരിക്കാൻ ശ്രമിക്കുന്ന എബിവിപിയുടെയും സംയുക്തശ്രമങ്ങളെ അതിജീവിച്ചാണ്‌ ക്യാമ്പസുകൾ നേരിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കുന്നത്‌.

എബിവിപിയെപ്പോലെ തന്നെ വിദ്യാർഥികളിൽ വർഗീയതയുടെ വിത്തു വിതയ്‌ക്കാൻ ശ്രമിക്കുന്ന എംഎസ്‌എഫിനെയും എസ്‌ഡിപിഐയുടെ വിദ്യാർഥിവിഭാഗമായ ക്യാമ്പസ‌് ഫ്രണ്ടിനെയും തൂത്തെറിഞ്ഞുകൊണ്ടാണ്‌ വിദ്യാർഥികൾ എസ്‌എഫ്‌ഐയുടെ രക്തനക്ഷത്രാങ്കിത ശുഭ്രപതാക ഹൃദയത്തോട്‌ ചേർക്കുന്നത്‌.  സമരോത്സുക മായ മതനിരപേക്ഷത സമരസപ്പെടാത്ത വിദ്യാർഥിത്വം എന്ന പുരോഗമനോന്മുഖ മുദ്രാവാക്യത്തെ വിദ്യാർഥികൾ ഏറ്റെടുക്കുകയായിരുന്നു.

കേരളത്തിലെ വിദ്യാർഥിസമൂഹത്തിന്‌ എസ്‌എഫ്‌ഐയിൽ അചഞ്ചലമായ വിശ്വാസമർപ്പിക്കുന്ന ഈ കാലം  ഏറെ പ്രാധാന്യമർഹിക്കുന്നതാണ്‌. പൊതുസമൂഹത്തിൽ രൂപംകൊള്ളുന്ന അവിഹിത സഖ്യത്തിന്റെ അലകൾ ക്യാമ്പസുകളിൽ ശക്തമാണ്‌. ആർഎസ്‌എസിന്റെ  നിർദേശപ്രകാരം ശബരിമല വിഷയത്തിൽ നടക്കുന്ന കലാപശ്രമങ്ങൾക്ക്‌ മുസ്ലിംലീഗ്‌ ഉൾപ്പെടുന്ന യുഡിഎഫ്‌ പൂർണപിന്തുണ നൽകുകയാണ്‌. ഈ മഴവിൽസഖ്യത്തിന്റെ തുടർച്ച തന്നെയാണ്‌ കേരളത്തിലെ ക്യാമ്പസുകളിലും നിലനിൽക്കുന്നത്‌. എസ്‌എഫ്‌ഐയെ തകർക്കാൻ ഏതറ്റംവരെ പോകാനും എന്തക്രമം കാണിക്കാനും മടിക്കാത്ത അവിശുദ്ധ മുന്നണിയുടെ കുതന്ത്രങ്ങളാണ്‌ വിദ്യാർഥികൾ തകർത്തെറിഞ്ഞത്‌. 

കേരളത്തിന്റെ ചരിത്രപാഠങ്ങൾക്കുമേൽ മറവിയുടെ മണ്ണിട്ടുമൂടിയും നവോത്ഥാനമൂല്യങ്ങളെ ദുർബലപ്പെടുത്തിയും ഇവിടെ വർഗീയതയുടെ രഥം പായിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളും അതിന്‌ ശരണംവിളിക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയപാപ്പരത്തവും തെരുവുകളിൽ വെളിപ്പെടുന്ന നാളുകളിൽത്തന്നെയാണ്‌ ക്യാമ്പസുകളിൽ  എസ്‌എഫ്‌ഐ ഉജ്ജ്വലമായ വിജയം നേടുന്നത്‌. 

ക്യാമ്പസുകളിൽ മാത്രമല്ല, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെയും അതിനുശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെയും ഫലങ്ങൾ കേരളജനത പുരോഗമനപക്ഷത്തുതന്നെ അടിയുറച്ചുനിൽക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ്‌. നവോത്ഥാന നായകർ നടത്തിയ പോരാട്ടത്തിന്റെ പൈതൃകത്തിൽ അഭിമാനിക്കുന്ന ജനങ്ങൾ വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയവിളവെടുപ്പ്‌ നടത്താനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക്‌ തിരിച്ചടി നൽകുമെന്നാണ്‌ ക്യാമ്പസുകൾക്കകത്തും പുറത്തും നടക്കുന്ന തെരഞ്ഞെടുപ്പുകൾ തെളിയിക്കുന്നത്‌. കേരളത്തിലെ ചിന്തിക്കുന്ന യുവജനതയ്‌ക്കും വിദ്യാർഥികൾക്കും മുന്നിൽ ഇത്തരം രാഷ്ട്രീയ പൊറാട്ടുനാടകങ്ങൾ വിലപ്പോവില്ലെന്നാണ്‌ കാലത്തിന്റെ ചുവരെഴുത്ത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top