27 April Saturday

പ്രതികരണശേഷി നഷ്ടപ്പെട്ട കോൺഗ്രസും ലീഗും

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018


നേരിയ ഒരഗ്നികണംപോലും  കലാപാഗ്നിയാക്കി  മാറ്റാനുള്ള  കൊതിയോടെ  നിലകൊള്ളുന്ന  വിപത്തിനെ  അകറ്റിനിർത്താൻ 'വർഗീയത തുലയട്ടെ’ എന്ന ആഹ്വാനം മുഴക്കി സ്വജീവൻ നൽകിയ യുവാവാണ് മഹാരാജാസ് കോളേജിലെ അഭിമന്യു. ഒരു ജനതയെയാകെ കണ്ണീരണിയിച്ച അതിക്രൂരവും ആസൂത്രിതവുമായ കൊലപാതകമാണ് അഭിമന്യുവിന്റേത്. എസ്എഫ്ഐയെയും സിപിഐ എമ്മിനെയും കഠിനമായി എതിർക്കുന്നവർപോലും ആ  ക്രൂരകൃത്യത്തിൽ രോഷംകൊണ്ടും അതിനുപിന്നിലെ ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തും രംഗത്തുവന്നു. രൂക്ഷവും വൈകാരികവുമായ പ്രതികരണങ്ങളുണ്ടായി. അതിനുവിരുദ്ധമായി ചില കേന്ദ്രങ്ങൾ പാലിച്ച മൗനം പൊതുവെ ശ്രദ്ധിക്കപ്പെട്ടു. മൗനംപാലിച്ച് മാറിനിന്ന ഒരു വിഭാഗം യുഡിഎഫാണ്. നിരായുധനായ, നിർധനനായ, ഊർജസ്വലനായ, ക്യാമ്പസിന്റെയും നാടിന്റെയും പ്രിയങ്കരനായ ഇരുപതുകാരനെ ഒറ്റക്കുത്തിന് കൊന്നുകളഞ്ഞത് കോൺഗ്രസ്‐ മുസ്ലിംലീഗ് നേതാക്കളുടെ മനസ്സിൽ പ്രതിഷേധത്തിന്റെ സൂചനപോലും ജനിപ്പിച്ചില്ല.  

സമുന്നത കോൺഗ്രസ‌് നേതാവ് കുറ്റപ്പെടുത്തിയത് കൊലയാളികളെയല്ല കൊല്ലപ്പെട്ട അഭിമന്യുവിന്റെ  സംഘടനയെയാണ്.  പ്രതികരണപ്പതിവുകാരായ യുവ കോൺഗ്രസ‌് നേതാക്കളും അഭിമന്യുവിന്റെ പിളർന്ന നെഞ്ചും മഹാരാജാസിലെ മണ്ണിൽ വീണുപടർന്ന ചോരയും കണ്ടില്ല. എതിർക്കപ്പെടേണ്ടതും തകർക്കപ്പെടേണ്ടതുമായ ഒരു അത്യാപത്തിന്റെ മുന്നറിയിപ്പാണ്‌ അഭിമന്യുവധമെന്ന്‌ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിനും തോന്നിയില്ല. ഇതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. കൊടിയ കൊലപാതകത്തെ തുറന്നെതിർക്കാൻ   ത്രാണിയില്ലാത്തതാണ് ആ രാഷ്ട്രീയം. അഭിമന്യുവിനെ കൊന്നത് പോപ്പുലർ ഫ്രണ്ട് എന്ന തീവ്ര വർഗീയ സംഘടനയുടെ നേതൃത്വത്തിലും ആസൂത്രണത്തിലുമാണ്. ആ സംഘടനയിൽപ്പെട്ടവരാണ്  അറസ്റ്റിലായത്.  എന്താണ് പോപ്പുലർ ഫ്രണ്ട്, ഏതു രീതിയിലാണ്  പ്രവർത്തിക്കുന്നത്, എത്രമാത്രം അപകടമാണ്  സൃഷ്ടിക്കുന്നത് എന്നൊക്കെയുള്ള സംശയങ്ങളും ആശങ്കകളും ഇവിടെ ജീവിക്കുന്ന ഏതൊരു പൗരനും ഉണ്ടാകേണ്ട സന്ദർഭമാണിത്. കോൺഗ്രസിന്റെയോ മുസ്ലിംലീഗിന്റെയോ നേതൃത്വത്തിൽനിന്ന് അത്തരമൊരു ആശങ്കയോ സംശയമോ ഉയർന്നുകേട്ടില്ല. അവർ രംഗത്തിറങ്ങിയത്, പോപ്പുലർ ഫ്രണ്ടിനെ വളർത്തിയത് സിപിഐ എമ്മാണെന്ന ആക്ഷേപവുമായാണ്.

ഈ മനോഭാവം പെട്ടെന്ന് പൊട്ടിമുളച്ചതല്ല. പോപ്പുലർ ഫ്രണ്ടും അതിന്റെ  ആദ്യരൂപമായ എൻഡിഎഫും എക്കാലത്തും ആശ്രയിച്ചത‌്  യുഡിഎഫിനെയാണ്. അത്തരം കൊടുക്കൽ വാങ്ങലുകളിലൂടെ യുഡിഎഫ് ഉണ്ടാക്കിയ രാഷ്ട്രീയനേട്ടങ്ങൾ എണ്ണമറ്റതാണ്.  എൻഡിഎഫിന്റെ  ഉത്ഭവം നാദാപുരത്തായിരുന്നു. നാദാപുരത്തുതന്നെയാണ്  ഈന്തുള്ളതിൽ ബിനു എന്ന ചെറുപ്പക്കാരനെ പരസ്യമായി തെരുവിലിട്ട് വെട്ടിക്കൊല്ലാൻ എൻഡിഎഫിന് മുസ്ലിംലീഗ് പ്രേരണ നൽകിയത്. മുസ്ലിം യുവതിയെ ബലാത്സംഗംചെയ്തു എന്ന കള്ളക്കഥ മെനഞ്ഞ‌് സാമുദായികവികാരമിളക്കിവിട്ട‌് വോട്ട് നേടാനുള്ള ലീഗിന്റെ നീചതന്ത്രത്തിന്റെ  ഉൽപ്പന്നമാണ് ബിനുവധം. യുവതിയും കുടുംബവും പരസ്യമായി പിന്നീട് വിളിച്ചുപറഞ്ഞു, ബലാത്സംഗം കെട്ടിച്ചമച്ച കഥയായിരുന്നുവെന്ന്. പക്ഷേ, അതിനുമുമ്പുതന്നെ എൻഡിഎഫിന്റെ കൈയിൽ ലീഗ് കത്തി വച്ചുകൊടുത്തിരുന്നു. 

തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെയാണ് എൻഡിഎഫിനെ ലീഗ് ചിറകിനടിയിലൊതുക്കി സംരക്ഷിച്ചത്. ഒന്നാം  മാറാട് കലാപം കഴിഞ്ഞപ്പോൾ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചാണ് വീണ്ടുമൊരു കൂട്ടക്കൊലയ്ക്ക് യുഡിഎഫ് സർക്കാർ സാഹചര്യം സൃഷ്ടിച്ചത്. കലാപസാധ്യത അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല, തടയാൻ ശ്രമിച്ചില്ല എന്നതാണ് മായിന്‍ഹാജി നേരിട്ട  കുറ്റാരോപണം. മുസ്ലിംലീഗിന്റെയും എൻഡിഎഫിന്റെയും കൂട്ടായ്മ, മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച കമീഷൻ റിപ്പോർട്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞ വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. 

മതമൗലികവാദത്തെ വളർത്തുന്ന സമീപനമാണ് അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത്. ലീഗിന്റെ നിലപാടും വ്യത്യസ്തമല്ല.    കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളായ 12 എൻഡിഎഫുകാരെ വിട്ടയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് പി കെ കുഞ്ഞാലിക്കുട്ടിയുടെ ശുപാർശപ്രകാരമാണ് എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത്. പൊതുവേദി ഉണ്ടാക്കുക, സംവരണ സമുദായ മുന്നണിയിൽ ഒന്നിച്ചുനിൽക്കുക, വികസനവിരുദ്ധ സമരങ്ങളിൽ കൈകോർക്കുക എന്നതും കടന്ന‌് കൃത്യമായ തെരഞ്ഞെടുപ്പുധാരണ യുഡിഎഫ് എൻഡിഎഫുമായി (ഇപ്പോൾ പോപ്പുലർ ഫ്രണ്ടുമായി) ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും എസ്ഡിപിഐയുമായി സഖ്യം ചേരാൻ ലീഗിന് ഒരു മടിയും ഉണ്ടായിട്ടില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ കുഞ്ഞാലിക്കുട്ടിക്ക് പരിപൂർണ പിന്തുണ നൽകിയ പാർടിയും എസ്ഡിപിഐയാണ്. ഇങ്ങനെ കോൺഗ്രസ്, മുസ്ലിംലീഗ് പാർടികൾ പോപ്പുലർ ഫ്രണ്ടുമായി വച്ചുപുലർത്തുന്ന കൃത്യവും ദൃഢവുമായ  ബന്ധമാണ് ക്യാമ്പസ് കൊലപാതകത്തിൽ പ്രതികരിക്കാനുള്ള ശേഷിപോലുമില്ലാത്ത മുന്നണിയായി യുഡിഎഫിനെ തളർത്തുന്നത്.

മതത്തെയും പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവർഗീയ നിലപാടുകളെയും കൂട്ടിക്കെട്ടരുതെന്ന‌് ശക്തമായി ആവശ്യപ്പെടുന്നത് മുസ്ലിം സമൂഹത്തിൽനിന്നുതന്നെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരാണ്. ആർഎസ്എസിനെ ഏതുവിധം ഒറ്റപ്പെടുത്തുന്നുവോ, അതേശക്തിയിൽ ഈ തീവ്രവാദപ്രവർത്തനത്തെയും അകറ്റിനിർത്തേണ്ടതുണ്ട് എന്ന പൊതുവായ തിരിച്ചറിവിൽനിന്നാണ് കേരളത്തിന്റെ    പ്രതികരണം ഉണ്ടാകുന്നത്. അത്തരം പ്രതികരണത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതോ പോകട്ടെ, കൊല്ലപ്പെട്ട യുവാവിന്റെ പ്രസ്ഥാനത്തിനുനേരെ ആക്രമണം നടത്തിക്കൂടി പരിഹാസ്യമാകുന്ന യുഡിഎഫിനെ, ഏത് അധമപ്രവൃത്തി ചെയ്തും നാല് വോട്ട് കറന്നെടുക്കണമെന്ന ദുഷ്ടവിചാരമാണ് നയിക്കുന്നത്. അതിന്റെ പൊട്ടിയൊലിക്കലാണ് എ കെ ആന്റണിമുതൽ കെ മുരളീധരൻവരെയുള്ള   കോൺഗ്രസ് നേതാക്കളുടെയും കെ പി എ മജീദിനെപ്പോലുള്ള ലീഗ് നേതാക്കളുടെയും സമനില വിട്ടുള്ള ആക്ഷേപങ്ങൾ. അതിന് കേരളജനത കൃത്യമായ സ്ഥാനം നൽകിയിട്ടുണ്ട്. ആ സ്ഥാനം അവഗണനയുടെ ചവറ്റുകുട്ടയുടെ അടിഭാഗംതന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top