26 April Friday

വയോജനക്ഷേമം ഉറപ്പുവരുത്തണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 25, 2017

രാജ്യത്ത് വയോജനങ്ങള്‍ പൊതുവെ അവഗണിക്കപ്പെടുന്നെന്നും അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യപരിപാലനത്തിന്  മിക്ക രാജ്യങ്ങളും ജിഡിപിയുടെ അഞ്ചുശതമാനമോ  അതിലധികമോ ചെലവിടുമ്പോള്‍ ഇന്ത്യയില്‍ അത് 1.2 ശതമാനംമാത്രമാണ്.  വര്‍ഷംപ്രതി കുറഞ്ഞുവരികയുംചെയ്യുന്നു. ചികിത്സ കിട്ടാതെയും അവഗണനയുടെയും ഫലമായി വയോജനങ്ങള്‍ കഷ്ടപ്പെടുന്നതും മരിക്കുന്നതും സര്‍വസാധാരണമാണ്. ദുര്‍ബലരെന്നനിലയില്‍ കുട്ടികളും വൃദ്ധരുമാണ് ഏറ്റവും അനുകമ്പയും ശ്രദ്ധയും അര്‍ഹിക്കുന്നത് എന്ന പൊതുതത്വം രാജ്യത്ത്  നിഷേധിക്കപ്പെടുന്നു. പ്രായമാകുന്നതോടെ കൂടുതല്‍ അവഗണനയ്ക്കും ആക്ഷേപത്തിനും പരിഹാസത്തിനും ഇരയാകുന്നത് സ്ത്രീകളാണ്. വിധവകളുടെ കാര്യമാണെങ്കില്‍ പറയേണ്ടതുമില്ല. ഉത്തര്‍പ്രദേശിലെ മഥുരയില്‍  അഭയംപ്രാപിക്കുന്ന വിധവകളുടെ സ്ഥിതി ഇന്ത്യയിലെ വയോജനങ്ങളുടെ പരിതോവസ്ഥയുടെ പ്രതീകാത്മകചിത്രമാണ്. ഇത്തരം അവസ്ഥയില്‍നിന്ന് വയോജനങ്ങളെ രക്ഷിക്കുകയും അവര്‍ക്കുമുന്നില്‍ സ്വച്ഛശാന്തമായ ജീവിതസാധ്യതകള്‍ തുറന്നുകൊടുക്കുകയുംചെയ്യുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. വയോജനങ്ങളെയും മാതാപിതാക്കളെയും സംരക്ഷിക്കുന്നതിനുള്ള നിയമം 2007ല്‍ പാര്‍ലമെന്റ് പാസാക്കി. ആ നിയമം കേരളത്തില്‍ 2008 ആഗസ്തുമുതല്‍ നടപ്പാക്കി. അതിന്റെ  ഫലങ്ങളും  വയോജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളും പൊതുസമൂഹത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിക്കേണ്ട വിഷയമാണ്.

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന കഴിഞ്ഞദിവസം കോഴിക്കോട്ട് സംസ്ഥാനസമ്മേളനം ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളും എടുത്ത തീരുമാനങ്ങളും വയോജനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നു എന്നതിലേക്കുള്ള ചൂണ്ടുപലകയാകുന്നുണ്ട്. 2006ല്‍ രൂപീകരിക്കപ്പെട്ട്, പടിപടിയായി വളര്‍ന്ന് ഇന്ന് സംസ്ഥാനത്താകെ  പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ യൂണിറ്റുകളുള്ള ഈ സംഘടന വയോജനങ്ങളുടെ ക്ഷേമകാര്യങ്ങളില്‍  സജീവമായി ഇടപെടുകയാണ്. വയോജനങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഇടപെട്ടതിന്റെ ഫലമാണ്, ഈ രംഗത്തും കേരളം  മുന്നേറിയതെന്ന് സംഘടന നിസ്സംശയം പറയുന്നു. വയോജന പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ചതും കുടിശ്ശിക മുഴുവന്‍ ഓണത്തിനുമുമ്പായി വീടുകളില്‍ എത്തിച്ചതും വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമായാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്്.

വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായുള്ള നൂതന പദ്ധതികള്‍, പ്രമേഹം, പ്രഷര്‍, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സൌജന്യമായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍മുതല്‍ മെഡിക്കല്‍കോളേജ് ആശുപത്രികളില്‍നിന്നുവരെ ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടി, ഗവ. വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് ആയുര്‍വേദചികിത്സാവകുപ്പിന്റെ സഹായത്തോടെ വയോ അമൃതം പദ്ധതി- ഇങ്ങനെ ഒട്ടേറെ കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.  എല്ലാ ജില്ലയിലും ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഒരു പ്രധാന ആശുപത്രിയില്‍ വയോജന സൌഹൃദ വാര്‍ഡുകളും  താലൂക്ക് ആശുപത്രികളില്‍ വയോജന സൌഹൃദ ശൌചാലയങ്ങളും പണിയുകയാണ്.   മാനസികാരോഗ്യപദ്ധതിയില്‍ രോഗനിര്‍ണയം, മരുന്നുവിതരണം, കൌണ്‍സലിങ്, പകല്‍വീട് എന്നീ സേവനങ്ങളുണ്ട്. കൃത്രിമ ശ്രവണസഹായികളും കൃത്രിമദന്തങ്ങളും ലഭ്യമാക്കുന്നതിനൊപ്പം  ബിപിഎല്‍ വിഭാഗത്തിലുള്ള വയോജനങ്ങള്‍ക്ക് കൃത്രിമപ്പല്ലുകള്‍ വയ്ക്കുന്നതിന് മന്ദഹാസം എന്ന പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. എല്ലാ ജില്ലാ ആശുപത്രികളിലും സ്റ്റോക്ക് റീഹാബിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചു.  വയോമിത്രം പരിപാടിയുടെ വ്യാപനം, വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി അഞ്ചുകോടി  ചെലവിട്ട്  സായംപ്രഭ, കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി അഞ്ചുജില്ലയില്‍ ജറിയാട്രിക് കെയര്‍ വാര്‍ഡുകളും  ജറിയാട്രിക് ഒപി, ഫിസിയോതെറാപ്പി യൂണിറ്റുകളുമടക്കം ബഹുമുഖമായ കാര്യങ്ങളാണ് ജീവിതത്തിന്റെ സായന്തനത്തിലെത്തിയ മുതിര്‍ന്നവര്‍ക്കുവേണ്ടി നടപ്പാക്കുന്നത്.  ഇതിലാകെ സര്‍ക്കാരിനെ അഭിനന്ദിക്കുന്ന  വയോജനസംഘടനയുടെ സമ്മേളനം തീര്‍ത്തും ക്രിയാത്മകമായ ചില നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. 

വയോജനസംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന ട്രിബ്യൂണലുകളും ഹെല്‍പ്പ് സെഡ്കുകളും കൂടുതല്‍ ഫലപ്രദമാക്കുക, പകല്‍വീടുകള്‍ ഉല്ലാസകരവും അന്തസ്സേറിയതുമായ കേന്ദ്രങ്ങളാക്കിമാറ്റുക, വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ഇന്നുള്ള ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നതിനും കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഏകോപിതമായ പ്രവര്‍ത്തനങ്ങളാവിഷ്കരിക്കുക തുടങ്ങിയവയാണത്്. തീര്‍ച്ചയായും ഈ വിഷയങ്ങളില്‍ മുതിര്‍ന്ന പൌരന്മാരുടെ,  വയോജനങ്ങളുടെ കൂടെനില്‍ക്കാനും അവരുടെ കൈപിടിച്ചുനടക്കാനും സമൂഹമാകെ തയ്യാറാകേണ്ടതുണ്ട് 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top