20 April Saturday

വികസന വിരോധികൾക്കെതിരെ കേരളം ഒന്നിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021



കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം ഗതിശക്തി എന്ന പേരിൽ 100 ലക്ഷം കോടി രൂപയുടെ ദേശീയ അടിസ്ഥാന സൗകര്യ മാസ്‌റ്റർ പ്ലാൻ പ്രഖ്യാപിച്ചത്‌. ദേശീയപാതകൾ, റെയിൽ, വ്യോമയാനം, ഊർജം എന്നീ മേഖലകളിലെല്ലാമുള്ള അടിസ്ഥാനവികസന ആസൂത്രണത്തെക്കുറിച്ചാണ്‌ പദ്ധതി പറയുന്നത്‌. ഗതിശക്തിക്ക്‌ തുടക്കമിട്ടുകൊണ്ട്‌ ഒക്ടോബർ 13ന്‌ നടത്തിയ പ്രസംഗത്തിൽ പുതിയ ഇന്ത്യയുടെ കുതിപ്പിന് ഊർജം പകരുന്നതായിരിക്കും ഗതിശക്തിയെന്നും മോദി പറഞ്ഞു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതി സംബന്ധിച്ച പ്രഖ്യാപനം വീൺവാക്ക്‌ മാത്രമാണെന്നും അത്‌ നടപ്പാക്കാനുള്ള ആത്മാർഥത സർക്കാരിനില്ലെന്നും കെ–-റെയിൽ പദ്ധതിയോട്‌ അവർക്കുള്ള സമീപനം വ്യക്തമാക്കുന്നു. ഗതിശക്തിക്ക്‌ തുടക്കമിട്ട്‌  10 ദിവസത്തിനകംതന്നെ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളെ തുരങ്കം വയ്‌ക്കുന്ന രീതിയിലാണ്‌ കേന്ദ്ര സർക്കാരിന്റെ സമീപനം.

കേരളത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ്‌ സർക്കാരിന്റെ  സ്വപ്‌നപദ്ധതിയായ അർധ അതിവേഗ റെയിൽപ്പാതയ്‌ക്ക്‌(സിൽവർലൈൻ) അന്തിമാനുമതി നൽകുന്നത്‌ വൈകിപ്പിക്കുന്ന നടപടിയാണ്‌ കേന്ദ്ര റെയിൽ മന്ത്രാലയത്തിൽനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. അന്താരാഷ്ട്ര ഏജൻസികളിൽനിന്ന്‌ കടമെടുക്കുന്നതിന്‌ ഗ്യാരന്റി നൽകാനാകില്ലെന്നാണ്‌ റെയിൽ മന്ത്രി അശ്വനി വൈഷ്‌ണവ്‌ അറിയിച്ചിട്ടുള്ളത്‌. പദ്ധതി ലാഭകരമാകുമോ എന്ന ആശങ്കയും മന്ത്രാലയം പങ്കുവച്ചു. കേന്ദ്രം പിന്മാറിയ സ്ഥിതിക്ക്‌ വായ്‌പാ ഗ്യാരന്റി ആര്‌ ഏറ്റെടുക്കുമെന്ന്‌ വ്യക്തത വരുത്തണമെന്നാണ്‌ റെയിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്‌. സിൽവർലൈൻ പദ്ധതിക്കുള്ള അന്തിമാനുമതി ഉടൻ നൽകണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽമന്ത്രിയെ കണ്ട വേളയിലാണ്‌ പദ്ധതിയോട്‌ ചില വിയോജിപ്പുകളുണ്ടെന്ന വ്യക്തമായ സന്ദേശം കേന്ദ്രം നൽകിയിട്ടുള്ളത്‌. വികസനത്തെക്കുറിച്ചും തടസ്സങ്ങളില്ലാത്ത ബിസിനസിനെക്കുറിച്ചും മറ്റും വാതോരാതെ സംസാരിക്കുന്ന മോദി സർക്കാർതന്നെയാണ്‌ കേരളത്തിന്റെ സ്വപ്‌നപദ്ധതിയെ ദുർബലപ്പെടുത്തുന്ന നയവുമായി രംഗത്ത്‌ വന്നിട്ടുള്ളത്‌.

കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നാല്‌ മണിക്കൂറിൽ യാത്ര ചെയ്യാനാകുന്ന പദ്ധതിയാണിത്‌.  63,941 കോടി രൂപ  മുതൽമുടക്ക്‌ പ്രതീക്ഷിക്കുന്നു. 2150 കോടി രൂപയാണ്‌ കേന്ദ്രവിഹിതം. 975 കോടിരൂപയുടെ 185 ഹെക്‌ടർ ഭൂമിയും റെയിൽവേയുടേതായിരിക്കും. സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ 13,362 കോടി രൂപ ഹഡ്‌കോയും കിഫ്‌ബിയും കേരള സർക്കാരും വഹിക്കും. ബാക്കി വരുന്ന 33,700 കോടി രൂപയാണ്‌ ഏഷ്യൻ വികസന ബാങ്ക്‌ ഉൾപ്പെടെ അഞ്ച്‌ അന്താരാഷ്ട്ര ഏജൻസിയിൽനിന്ന്‌ വായ്‌പയായി എടുക്കുന്നത്. ഈ വായ്‌പയുടെ 49 ശതമാനം ഗ്യാരന്റി സംസ്ഥാനവും 51 ശതമാനം ഗ്യാരന്റി കേന്ദ്രവും വഹിക്കാനും ധാരണയായിരുന്നു. സംസ്ഥാനത്തെ ഗ്യാരന്റി ലഭിച്ചതിനുശേഷം കേന്ദ്രമാണ്‌ അന്താരാഷ്ട്ര ഏജൻസികൾക്ക്‌ ഗ്യാരന്റി നൽകാറുള്ളത്‌. അതിനുപോലും തയ്യാറല്ലെന്നാണ്‌ കേന്ദ്രം ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്‌. പദ്ധതിക്ക്‌ പ്രാഥമിക അംഗീകാരം നൽകുകയും കേന്ദ്ര റെയിൽമന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംയുക്ത സംരംഭമെന്ന നിലയിൽ കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ എന്ന കമ്പനിക്ക്‌ രൂപം നൽകുകയും ചെയ്‌തശേഷം തൊടുന്യായങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതി വൈകിപ്പിക്കുന്നത്‌ പ്രതിഷേധാർഹമാണ്‌. വിദേശവായ്‌പയ്‌ക്ക്‌ കേന്ദ്രം ഗ്യാരന്റി നിൽക്കാൻ തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ ഗ്യരന്റി നിൽക്കുക മാത്രമേ കരണീയമായിട്ടുള്ളൂ. അതിനും തയ്യാറാകുമെന്ന സൂചന മുഖ്യമന്ത്രി നൽകിയിട്ടുമുണ്ട്‌.

കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിയും എയർകേരളയും നഷ്ടമായതുപോലെ കെ–-റെയിൽ പദ്ധതിയും നഷ്ടമാകാൻ അനുവദിച്ചുകൂടാ. വരുംതലമുറയ്‌ക്കായുള്ള വൻ നിക്ഷേപമാണിത്‌. പദ്ധതി യാഥാർഥ്യമായാൽ ടൂറിസം, ബിസിനസ്‌, വിദ്യാഭ്യാസം എന്നീ  മേഖലകളിൽ ഉണ്ടാകുന്ന കുതിപ്പുകൂടി കണക്കിലെടുക്കണം. കേരളത്തിന്റെ മുന്നേറ്റത്തെ തടയാനുള്ള രാഷ്ട്രീയനീക്കമാണ്‌ പദ്ധതി വൈകിപ്പിക്കലിന്റെ പിന്നിലുള്ളതെന്ന സംശയവും ഉയരുന്നുണ്ട്‌. കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ പ്രസ്‌താവനകൾ ഈ സംശയം ഉണർത്തുന്നതാണ്‌. ഇതേ സമീപനമാണ്‌ യുഡിഎഫും പങ്കുവയ്‌ക്കുന്നത്‌.  അങ്ങനെയെങ്കിൽ ഈ വികസന വിരോധ മുന്നണിക്കെതിരെ കേരളം ഒന്നായി കൈകോർക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top