18 April Thursday

കാർഷികോൽപ്പാദനത്തിൽ സ്വയംപര്യാപ്‌തമാകണം

വെബ് ഡെസ്‌ക്‌Updated: Friday Apr 24, 2020



ഉപഭോക്തൃ സംസ്ഥാനമെന്ന്‌ അറിയപ്പെടുന്ന നാടാണ്‌ കേരളം. ഉപ്പുതൊട്ട്‌ കർപ്പൂരംവരെ എല്ലാം വിപണിയിൽനിന്ന്‌ വാങ്ങുന്നവർ. അരിയും പച്ചക്കറിയുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കുവേണ്ടി അയൽസംസ്ഥാന ലോറികളെ കാത്തുനിൽക്കുന്നവർ. കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കാലാവസ്ഥാമാറ്റംപോലും നമ്മുടെ തീൻമേശയിൽ പ്രതിഫലിക്കും. മുളകിന്റെയോ കറിവേപ്പിലയുടെയോ ഒരു തൈ വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കാൻ  മടിക്കുന്ന മലയാളികളോട്‌ മുഖ്യമന്ത്രി പിണറായി വിജയൻ അതീവപ്രാധാന്യമുള്ള ഒരാഹ്വാനം കഴിഞ്ഞദിവസം നടത്തുകയുണ്ടായി. എല്ലാവരും വീട്ടുമുറ്റത്ത്‌ കഴിയാവുന്ന കൃഷി ചെയ്യുക എന്നായിരുന്നു അഭ്യർഥന.

മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളീയസമൂഹത്തിന്‌ ഗൗരവമുള്ള ചില തിരിച്ചറിവുകൾ നൽകുന്നുണ്ട്‌. ഇതുവരെയുള്ളപോലെ ആകണമെന്നില്ല ഭാവിയിൽ ലോകം. രോഗത്തിന്റെയും ദുരന്തത്തിന്റെയും പീഡാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ഭക്ഷ്യവസ്‌തുക്കൾ എവിടെനിന്നും കിട്ടണമെന്നില്ല. നമുക്കാവശ്യമുള്ളത്‌ നമ്മൾ കൃഷിചെയ്യുകയാണ്‌ പട്ടിണി കിടക്കാതിരിക്കാനുള്ള ഏകമാർഗം. ഭക്ഷ്യവസ്‌തുക്കൾ ഉൽപ്പാദിപ്പിക്കാതെ ഒരു സമൂഹത്തിനും നിലനിൽക്കാൻ കഴിയില്ലെന്ന അടിസ്ഥാനസത്യമാണ്‌ മുഖ്യമന്ത്രി  മലയാളികളെ ഓർമിപ്പിക്കുന്നത്‌.

കോവിഡ്‌ മഹാമാരി ഏൽപ്പിച്ച ആഘാതങ്ങൾ മലയാളികളെ വലിയ പാഠങ്ങളാണ്‌ പഠിപ്പിക്കുന്നത്‌. പൊതുചികിത്സാ സംവിധാനങ്ങൾ കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന യാഥാർഥ്യം, അയൽസംസ്ഥാനം അതിർത്തി അടച്ചാൽ പണമുണ്ടായാലും ചികിത്സ കിട്ടില്ലെന്ന പാഠം, തമിഴ്‌നാട്ടിലോ കർണാടകത്തിലോ രോഗം പടർന്നുപിടിച്ചാൽ പച്ചക്കറിയും മറ്റു ഭക്ഷ്യവസ്‌തുക്കളും കിട്ടാതെ പട്ടിണി കിടക്കേണ്ടിവരുമെന്ന തിരിച്ചറിവ്‌, പല മേഖലയിലും കേരളം സ്വാശ്രയമല്ലെന്ന കാര്യം, ജീവിതശൈലിയും ശീലങ്ങളും മാറ്റി കൃഷിപോലുള്ള അടിസ്ഥാനകാര്യങ്ങളിലേക്ക്‌ തിരിച്ചുപോകണമെന്ന സത്യം... അനുഭവങ്ങളിൽനിന്ന്‌ പാഠംപഠിച്ച്‌ സ്വാശ്രയത്വമുള്ള സമൂഹമായി മാറാൻ കഴിയണമെന്നതാണ്‌ ഈ കോവിഡ്‌ കാലം മലയാളിക്കു നൽകുന്ന വലിയ മുന്നറിയിപ്പ്‌.


 

പണമുണ്ടെങ്കിൽ എല്ലാം വിപണിയിൽനിന്ന്‌ വാങ്ങാമെന്ന ധാരണയാണ്‌ മലയാളികളെ നയിച്ചിരുന്നത്‌. റോഡുകളും പാലങ്ങളും മഹാനഗരങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ആഡംബരവാഹനങ്ങളുമാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന്‌ പലരും കരുതി. വിപണിക്കു പിറകെ പായുന്ന തിരക്കിൽ മിക്കവരും മണ്ണിനെ മറന്നു. മണ്ണിനെ ഊഹക്കച്ചവടത്തിന്റെയും മറിച്ചുവിൽക്കലിന്റെയും ഉപാധിയാക്കി. നെൽവയലുകളും തണ്ണീർത്തടങ്ങളും ഷോപ്പിങ്‌ കോംപ്ലക്സുകൾക്ക്‌ വഴിമാറി. ഒടുവിൽ ദുരന്തമുഖത്ത്‌ ഭക്ഷണവുമായി അയൽസംസ്ഥാന ചരക്കുവാഹനങ്ങൾ വരാതിരിക്കുമോയെന്ന ആശങ്കയിലാണ്‌ നമ്മൾ എത്തിനിൽക്കുന്നത്‌. മണ്ണിനെ കൈവിടാത്ത കർഷകർ ഇപ്പോഴുമുണ്ട്‌. അവരിലേക്കും കേരളത്തിന്റെ കാർഷിക സംസ്‌കൃതിയിലേക്കുമാണ്‌ നമുക്ക്‌ തിരിച്ചുപോകേണ്ടത്‌.

പിണറായി സർക്കാർ അധികാരമേറ്റശേഷം കാർഷികോൽപ്പാദനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞു. കാർഷികരംഗത്ത്‌ കേരളത്തെ സ്വയംപര്യാപ്‌തമാക്കാനുള്ള സമഗ്രമായ പദ്ധതികളുമായാണ്‌ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും കൃഷിയിലേക്ക്‌ വരാൻ ജനങ്ങളോട്‌ അഭ്യർഥിക്കുന്നത്‌. പഞ്ചായത്തുകളെയും സഹകരണസ്ഥാപനങ്ങളെയും കുടുംബശ്രീയെയുമെല്ലാം കൂട്ടിയിണക്കി വിപുലമായ കാർഷിക മുന്നേറ്റത്തിനാണ്‌ സർക്കാർ രൂപംകൊടുക്കുന്നത്‌. പഞ്ചായത്തുകളെ തരിശുരഹിതമാക്കിയും വീട്ടുമുറ്റങ്ങളിൽ ഹരിതാഭ നിറച്ചും പുതിയ കേരള മാതൃക സൃഷ്ടിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. കോവിഡ്‌ ചികിത്സയിലും സേവനങ്ങളിലും മികവിന്റെയും കാര്യക്ഷമതയുടെയും പുതിയ ഉയരങ്ങളിലേക്ക്‌ കേരളത്തെ എത്തിക്കാൻ സംസ്ഥാന സർക്കാരിന്‌ കഴിഞ്ഞു. ഇതേ കാര്യക്ഷമതയും ഫലപ്രാപ്‌തിയും എല്ലാ രംഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്‌. കുറച്ചുസ്ഥലത്ത്‌ കൂടുതൽ ഉൽപ്പാദനം കൈവരിച്ച്‌ ഫലപ്രാപ്‌തിയുടെ പുതിയ മാതൃക സൃഷ്ടിക്കാനാണ്‌ സർക്കാരിന്റെ ശ്രമം. കാർഷികമേഖലയുടെ വളർച്ചയ്‌ക്കായി അടിയന്തര കർമപദ്ധതിക്ക്‌ ഒരാഴ്‌ചയ്‌ക്കകം സർക്കാർ രൂപംനൽകും. നെൽക്കൃഷി, പച്ചക്കറിക്കൃഷി, മൃഗസംരക്ഷണം, മുട്ട ഉൽപ്പാദനം, മൽസ്യക്കൃഷി, ഇറച്ചിക്കോഴി വളർത്തൽ എന്നിങ്ങനെ ഭക്ഷ്യോൽപ്പാദനത്തിന്റ വിവിധ രംഗങ്ങളെ മികവുറ്റതാക്കാനുതകുന്ന സമഗ്രമായ പദ്ധതിയാണ്‌ സർക്കാർ വിഭാവനം ചെയ്യുന്നത്‌.

കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വാർത്താസമ്മേളനത്തിൽ കാർഷികമേഖലയെ സമഗ്രമായും സൂക്ഷ്‌മമായും സ്‌പർശിച്ചാണ്‌ രണ്ടുദിവസം മുഖ്യമന്ത്രി സംസാരിച്ചത്‌. കേരളത്തിന്റെ കാർഷികപ്രവർത്തനങ്ങളെ മികവിലേക്ക്‌ ഉയർത്താനുള്ള രൂപരേഖ അദ്ദേഹം മുന്നോട്ടുവച്ചു. കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ സർക്കാരിന്‌ അടിയുറച്ച പിന്തുണ നൽകുന്ന കേരളം കാർഷിക സ്വയംപര്യാപ്‌തതയ്‌ക്കായുള്ള ആഹ്വാനവും ഏറ്റെടുക്കേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top