29 March Friday

സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മാറ്റത്തിന്റെ സൂചനകള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

കേരളത്തിലെ എന്‍ജിനിയറിങ് വിദ്യാഭ്യാസമേഖല ഇന്ന് അതിവിപുലമാണ്.— ലക്ഷത്തിലേറെ വിദ്യാര്‍ഥികളുണ്ട്.85,000 വിദ്യാര്‍ഥികള്‍ സാങ്കേതിക സര്‍വകലാശാലയുടെകീഴിലും 30,000 കുട്ടികള്‍ സര്‍വകലാശാല വരുംമുമ്പ് ചേര്‍ന്നതിനാല്‍ മറ്റ് സര്‍വകലാശാലകളിലും പഠിക്കുന്നു. 2000ല്‍ ആകെ ഉണ്ടായിരുന്ന 19 എന്‍ജിനിയറിങ് കോളേജുകളുടെ സ്ഥാനത്ത് ഇന്ന് 152 കോളേജുകള്‍. ഇതില്‍ 110 എണ്ണവും— സ്വകാര്യ സ്വാശ്രയ കോളേജുകള്‍.— ഇത്രയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍, അവ നിലവിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം.  

ഒട്ടും ആശാസ്യമല്ലാത്ത നടപടികളുടെപേരിലാണ് ഈ മേഖലയിലെ സ്വാശ്രയസ്ഥാപനങ്ങള്‍ വാര്‍ത്തയിലേക്കെത്തുന്നത്. കച്ചവടം  ലക്ഷ്യവും വിദ്യാഭ്യാസം മാര്‍ഗവും ആകുമ്പോള്‍ ഉണ്ടാകാവുന്നതെല്ലാം അവിടെ ഉണ്ടാകുന്നു. ഈ തൊഴുത്ത് വൃത്തിയാക്കാന്‍ ചുമതലപ്പെട്ട സര്‍വകലാശാലയാകട്ടെ ഇതിലേറെ അന്തംവിട്ട നിലയിലും. എന്തായാലും ഈ നില അധികം തുടരില്ല എന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങി. പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ് ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ സംഭവിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ തികച്ചും കുത്തഴിഞ്ഞ രംഗങ്ങളില്‍ ഒന്നുതന്നെയായിരുന്നു ഈ മേഖല. പ്രശ്നങ്ങളുടെ കടലായിരുന്നു മുമ്പില്‍. മാനേജ്മെന്റുകളുടെ മാഫിയാപിരിവുമുതല്‍ നാലാംകിട ഗുണ്ടായിസംവരെ. സര്‍വകലാശാലയിലെ മേല്‍ത്തട്ട് മുതലുള്ള പ്രശ്നങ്ങള്‍ വേറെ. ഈ മേഖലയില്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. “സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യാവകാശങ്ങളും സംഘടനാസ്വാതന്ത്യ്രവും പരിരക്ഷിക്കാന്‍ നടപടി സ്വീകരിക്കും’—എന്നത്— എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. കോളേജുകളുടെ നിലവാരം ഉയര്‍ത്താന്‍ യോഗ്യതയുള്ള അധ്യാപകരും അടിസ്ഥാനസൌകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്നും എല്‍ഡിഎഫ് പറഞ്ഞിരുന്നു.

ഈ രണ്ടുദിശകളിലുമുള്ള പ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നീങ്ങിത്തുടങ്ങി എന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ജനാധിപത്യമില്ലാത്ത ക്യാമ്പസുകള്‍ എന്ന പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. ഇതിനായി ജസ്റ്റിസ് കെ കെ ദിനേശന്‍ അധ്യക്ഷനും ആര്‍ വി ജി മേനോന്‍, ഡോ. കെ കെ എന്‍ കുറുപ്പ് എന്നിവര്‍ അംഗങ്ങളുമായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞയാഴ്ച  അവര്‍ റിപ്പോര്‍ട്ട് നല്‍കി. സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളേജുകളില്‍ നിലനില്‍ക്കുന്ന ജനാധിപത്യരാഹിത്യം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥി യൂണിയനുകള്‍ രൂപീകരിക്കാന്‍ അവസരം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ കോളേജുകളിലും യൂണിയന്‍ വേണം. ഇതിനായി നിയമനിര്‍മാണം വേണമെന്ന് കമ്മിറ്റി പറയുന്നു. ആ നിയമനിര്‍മാണനീക്കം വൈകാതെ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. എന്നാല്‍, നിയമനിര്‍മാണം കാത്തുനില്‍ക്കുകയല്ല സര്‍ക്കാര്‍.— കോളേജുകളില്‍ കായിക കലാമേളയ്ക്കായി രണ്ടുകോടി രൂപ ഇപ്പോള്‍ത്തന്നെ വകയിരുത്തിയതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചുകഴിഞ്ഞു.

അക്കാദമിക് മേഖലയിലെ പ്രശ്നങ്ങള്‍— സങ്കീര്‍ണമാണ്. പരാതികളുടെ കൂമ്പാരമാണ് ഉയര്‍ന്നത്. തെരഞ്ഞെടുക്കപ്പെട്ട അക്കാദമിക്, ഭരണസമിതികളുടെ അസാന്നിധ്യത്തില്‍ ചിലരുടെ വ്യക്ത്യധിഷ്ഠിത തീരുമാനങ്ങള്‍മാത്രം സര്‍വകലാശാലയില്‍ നടപ്പാക്കുകയായിരുന്നു.

പരീക്ഷാജോലികളാകെ ഒരു സ്വകാര്യസ്ഥാപനത്തെ ഏല്‍പ്പിച്ച് ആദ്യം വിവാദത്തിലായ സര്‍വകലാശാല പിന്നീട് സ്വകാര്യസ്ഥാപനത്തിന്റെ വെബ്സൈറ്റിലൂടെ ചോദ്യപേപ്പര്‍ കൈമാറാന്‍ ശ്രമിച്ച് പിന്നെയും വെട്ടിലായി. മൂല്യനിര്‍ണയവും അവതാളത്തിലാക്കി. പുനര്‍മൂല്യനിര്‍ണയത്തില്‍ ആദ്യ മാര്‍ക്കുമായി ഒരു ബന്ധവുമില്ലാത്ത മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ നിരവധി.— ബിരുദാനന്തര ബിരുദ കോഴ്സായ എംടെക് പരീക്ഷാനടത്തിപ്പിലും പുറത്തുവന്നത് വീഴ്ചകളാണ്. എല്ലാം സ്വകാര്യ കമ്പനികള്‍ക്ക് പുറംകരാര്‍ നല്‍കി നടപ്പാക്കുന്ന രീതി സര്‍വകലാശാല തുടരുകയാണ്.

ഈ അവ്യവസ്ഥകളില്‍ ആദ്യം കുടുങ്ങുന്നത് വിദ്യാര്‍ഥികളാണ്. അവര്‍ സ്വാഭാവികമായും തെരുവിലിറങ്ങി.  കുറെ കുട്ടികള്‍ക്ക്, കോഴ്സിനുചേരുമ്പോള്‍ അവര്‍ക്ക് ബാധകമാക്കിയിട്ടില്ലാതിരുന്ന ഇയര്‍ ഔട്ട് സമ്പ്രദായം വന്നതാണ് വിദ്യാര്‍ഥികളെ ഏറെ പ്രകോപിപ്പിച്ചത്. അവര്‍ ഒന്നടങ്കമാണ് സമരത്തില്‍ അണിനിരന്നത്. സമരം ശക്തിപ്പെട്ടപ്പോള്‍ ഒരു സര്‍വകലാശാലാസംവിധാനമാകെ ഒളിവില്‍പോയ അവസ്ഥയായി. വിദ്യാര്‍ഥികള്‍ ചര്‍ച്ചയ്ക്കായി വൈസ് ചാന്‍സലറെ തെരഞ്ഞുനടക്കുന്ന സ്ഥിതി. എന്നാല്‍, എല്ലാം സര്‍വകലാശാലയുടെ ഉത്തരവാദിത്തമാക്കി സര്‍ക്കാര്‍ മാറിനിന്നില്ല. വിദ്യാഭ്യാസമന്ത്രിതന്നെ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തി.  ഉന്നയിച്ച മുഖ്യപ്രശ്നങ്ങള്‍ പരിഹരിച്ച് സമരം ഒത്തുതീര്‍പ്പാക്കി. മൂന്ന് ഘട്ടങ്ങളിലായുണ്ടായിരുന്ന ഇയര്‍ ഔട്ട് രണ്ട് ഘട്ടമായി ചുരുക്കിയതായിരുന്നു മുഖ്യനടപടി.

അക്കാദമിക് രംഗത്ത് ഇനിയും ഒട്ടേറെ തിരുത്തല്‍ വേണ്ടിവരും.സര്‍വകലാശാലാസംവിധാനത്തെ ഇത്തരത്തില്‍ നിലനിര്‍ത്തി അത് നടപ്പില്ല. സര്‍വകലാശാലയുടെ അക്കാദമിക് സ്വാതന്ത്യ്രം തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. പക്ഷേ ജനാധിപത്യത്തിന്റെ കണികപോലുമില്ലാതെ മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അതേപടി കൊണ്ടുപോകാനാകില്ലല്ലോ. ഇക്കാര്യത്തില്‍ നിയമനിര്‍മാണം— അടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മടിക്കില്ലെന്നുകരുതാം. ക്യാമ്പസ് ജനാധിപത്യം നിലനിര്‍ത്തിക്കൊണ്ട് ഉന്നതവിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരില്‍ നിന്ന് കേരളം അത്തരം നടപടികള്‍ പ്രതീക്ഷിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top