26 March Sunday

കാപട്യം മറനീക്കിയ സമരവും ഹര്‍ത്താലും

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2016


കാപട്യത്തിന്റെ ആള്‍രൂപങ്ങളായി പ്രതിപക്ഷ രാഷ്ട്രീയനേതൃത്വം മാറുന്നത് എതാനുംദിവസമായി കേരളം കാണുകയാണ്. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തെ മുന്‍നിര്‍ത്തി, തങ്ങളുടെ അതിവികൃതമായ മുഖം മിനുക്കാനാകുമോ എന്ന കോണ്‍ഗ്രസ്  പരീക്ഷണമാണ് പാളിപ്പോയത്. സ്വാശ്രയ മാനേജ്മെന്റുകളുടെ തന്നിഷ്ടപ്രകാരമുള്ള പോക്കിന് കടിഞ്ഞാണിടുന്ന സുപ്രധാന നടപടിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചത്. മെറിറ്റ്  അടിസ്ഥാനമാക്കി ഏകീകൃത കൌണ്‍സലിങ്ങിലൂടെ മുഴുവന്‍ സ്വാശ്രയ സീറ്റിലും പ്രവേശനം നടത്തണമെന്ന നിലപാടിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 14 സ്വാശ്രയ മാനേജ്മെന്റുകള്‍ മാത്രമേ മെറിറ്റ് സീറ്റുകള്‍ വിട്ടുനല്‍കിയിരുന്നുള്ളൂ. അവശേഷിക്കുന്നവര്‍ മുഴുവന്‍ സീറ്റിലും മെറിറ്റ് മാനദണ്ഡമില്ലാതെ വന്‍കോഴയും തോന്നിയ ഫീസും ഈടാക്കിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. ഒപ്പിട്ട കരാര്‍ പാലിക്കാന്‍ തയ്യാറാകാത്ത കോളേജുകള്‍ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒത്താശചെയ്തു.

എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനം ഇരുട്ടടിയായ മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയെങ്കിലും പഴയപടി ലേലംവിളിച്ച് സീറ്റുവില്‍ക്കാന്‍ സാധ്യമാകുമായിരുന്നില്ല. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ കോളേജുകള്‍ 50 ശതമാനം മെറിറ്റ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സന്നദ്ധരായത്  സര്‍ക്കാരിന്റെ കര്‍ശന നിലപാടിന് മുന്നിലാണ്. തലവരി അനുവദിക്കില്ലെന്നും പ്രവേശന നടപടികള്‍ കുറ്റമറ്റതും സുതാര്യവുമായിരിക്കണമെന്നും നിഷ്കര്‍ഷിച്ചു. ഒരുകോടിയിലേറെ തലവരി വാങ്ങി നല്‍കിയിരുന്ന നാനൂറോളം സീറ്റാണ് മാനേജ്മെന്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയത്. 25000 രൂപ ഫീസില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സീറ്റിലും നൂറ്റമ്പതിനടുത്ത് വര്‍ധനയുണ്ടായി. അവശേഷിക്കുന്ന 30 ശതമാനം മെറിറ്റ് സീറ്റില്‍ കരാറിന്റെ ഭാഗമായി നേരിയ ഫീസ് വര്‍ധന ഉണ്ടായി എന്നത് യാഥാര്‍ഥ്യമാണ.് എന്നാല്‍, ഈ വിഭാഗം  സീറ്റുകള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിരവധി കോളേജുകളില്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്ന കോളേജുകള്‍തന്നെ പല പേരുപറഞ്ഞ് വന്‍തുക വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയതുമാണ്.

ഈ യാഥാര്‍ഥ്യം ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വ്യക്തമായി ബോധ്യമുള്ളതാണ്. മുന്‍കാലത്തെപോലെ വളയമില്ലാതെ ചാടാനാകില്ലെന്ന തിരിച്ചറിവാണ് നിലവിലുള്ള വരുമാനം നഷ്ടപ്പെട്ടും കാരാറിന് തയ്യാറാകാന്‍  മാനേജ്മെന്റുകളെ നിര്‍ബന്ധിതമാക്കിയത്. ഇതുമൂലം നേട്ടം കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും നഷ്ടം മാനേജ്മെന്റുകള്‍ക്കുമാണ്. ഇനി  പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് ഫീസ് കുറച്ചെന്ന് കരുതുക. അപ്പോള്‍ മാനേജ്മെന്റുകള്‍ക്ക് കരാറില്‍നിന്ന് പിന്മാറി ഹൈക്കോടതിവിധി പ്രകാരം മുഴുവന്‍ സീറ്റിലും സ്വന്തംനിലയില്‍ പ്രവേശനം നടത്താന്‍ സാധിക്കും. കേരളത്തിലെ പ്രവേശന നടപടിയില്‍ ഇടപെടില്ലെന്ന സുപ്രീംകോടതിവിധി അനുസരിച്ച് മാനേജ്മെന്റുകള്‍ക്ക് ലഭിക്കുമായിരുന്ന സുവര്‍ണാവസരം സര്‍ക്കാരിന്റെ സമയോചിതവും ദൃഢവുമായ തീരുമാനംവഴി ഒഴിവാക്കാനായി.

ഈ വിഷയത്തെ അങ്ങേയറ്റം തെറ്റിദ്ധാരണ പരത്തുന്നവിധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തെറ്റായ കാര്യങ്ങളാണെങ്കിലും ജനാധിപത്യപരമായാണ് ഉന്നയിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ സഭയില്‍സര്‍ക്കാരിന് സാധിക്കുമായിരുന്നു. സഭയില്‍ ചര്‍ച്ചക്ക് ഒരു ഘട്ടത്തിലും പ്രതിപക്ഷം തയ്യാറായില്ല. സ്വാശ്രയപ്രശ്നം അല്ല, സ്വന്തം പ്രശ്നങ്ങളായിരുന്നു കോണ്‍ഗ്രസിന്റെ  പ്രതിസന്ധി. തെരഞ്ഞെടുപ്പില്‍ ജനം കടുത്ത നിലയില്‍ ശിക്ഷിച്ച യുഡിഎഫിനെ കൂടുതല്‍ പതനങ്ങളിലേക്ക് നയിക്കുന്നതായിരുന്നു പിന്നീടുള്ള നാളുകള്‍. ഭരണത്തില്‍ യുഡിഎഫിനെ വേട്ടയാടിയ കുരുക്കുകള്‍ മുറുകിക്കൊണ്ടിരുന്നു. ബാര്‍കോഴയില്‍ തന്നെ കുരുക്കിയത് ഇപ്പോഴത്തെ പ്രതിപക്ഷനേതാവാണെന്ന് പറയാതെ പറഞ്ഞ് കെ എം മാണി മുന്നണിവിട്ടുപോയി. കൂടതല്‍ കോഴ വാങ്ങിയ കെ ബാബുവിനെ തല്‍ക്കാലം ഉമ്മന്‍ചാണ്ടി രക്ഷിച്ചെടുത്തെങ്കിലും തെളിവുകള്‍ പിന്തുടരുകയാണ്. ബാബുവിന്റെ ബിനാമികള്‍ മാത്രമല്ല ഭാര്യയും മക്കളുംപോലും അന്വേഷണ വലയത്തിലാണ്. കോഴിനികുതി വെട്ടിപ്പ് ഉള്‍പ്പെടെ മാണിക്കെതിരെ മുറുകുന്ന കേസും ഉറക്കംകെടുത്തുന്നത് യുഡിഎഫിനെതന്നെ. കെ ബാബുവിന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉയര്‍ന്ന ഭിന്നതയ്ക്കും പരിഹാരമായിട്ടില്ല. ബാബുവിന്റെ പിന്തുണയ്ക്കെത്തില്ലെന്ന് വാശിപിടിച്ച കെപിസിസി പ്രസിഡന്റിനെ വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍ തള്ളിപ്പറഞ്ഞതും ഒടുവില്‍ സുധീരനെക്കൊണ്ട് മാറ്റിപ്പറയിച്ചതും അസ്വസ്ഥതകള്‍ വളര്‍ത്തി. ഇതിനിടയില്‍ ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതും പുനഃസംഘടനയും സജീവമായി. തോല്‍വിയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് തീരുമാനമാകാത്തതിനാല്‍ കെപിസിസി എക്സിക്യൂട്ടീവ് പോലും ചേരാന്‍ സാധിക്കുന്നില്ല. ഈ തമ്മിലടി അവസാനിപ്പിച്ചില്ലെങ്കില്‍ മാണിയുടെ വഴി തങ്ങളും തേടുമെന്ന് മുസ്ളിംലീഗും സോണിയക്ക് കത്തുനല്‍കി.

കുഴഞ്ഞുപോയ യുഡിഎഫ് രാഷ്ട്രീയത്തെ ജീവന്‍വയ്പിക്കാമെന്ന പ്രതീക്ഷയിലാണ് നിയമസഭാസമ്മേളനത്തിനുമുമ്പ് യുത്ത് കോണ്‍ഗ്രസ് നേതാക്കളെ  നിരാഹാരം കിടത്തിയത്. സഭ തുടങ്ങിയതുമുതല്‍ അകത്തും പുറത്തും പ്രകോപനത്തിന്റെ വഴി മാത്രമാണ് പ്രതിപക്ഷം സ്വീകരിച്ചത്. സ്കൂള്‍ വാഹനങ്ങള്‍ തടയാന്‍പോലും ഇവര്‍ക്ക് മടിയുണ്ടായില്ല. തല്ലുകിട്ടിയെന്ന് വരുത്താന്‍ മഷിക്കുപ്പികളുമായെത്തിയവര്‍ പൊലീസിനെ കടന്നാക്രമിക്കുന്നത്  ദൃശ്യമാധ്യങ്ങളിലൂടെ കണ്ട ജനം മൂക്കത്ത് വിരല്‍വച്ചു. സമരപ്പന്തല്‍ പൊലീസ് ആക്രമിച്ചെന്ന് പറയാനായി സുധീരന്‍കൂടി ഉള്‍പ്പെട്ട നാടകവും അരങ്ങേറി. ഒടുവില്‍ ഹര്‍ത്താല്‍ പ്രഖ്യാപനംകൂടിയായതോടെ തിരക്കഥ പൂര്‍ത്തിയായി. അടിച്ചേല്‍പ്പിച്ച ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആംബുലന്‍സ് പോലും തടഞ്ഞു. പരക്കെ അക്രമവും അരങ്ങേറി. സുപ്രീംകോടതിയുടെ തീര്‍പ്പും മുഖ്യമന്ത്രിയുടെ വിശദീകരണവും വന്നതോടെ വസ്തുത ജനങ്ങള്‍ക്കാകെ മനസ്സിലായി. നികൃഷ്ടമായ രാഷ്ട്രീയ ദുഷ്ടലാക്കുമായി സഭയിലും പുറത്തും സമരം തുടരുകയാണ് യുഡിഎഫ്. കൂടുതല്‍ പരിഹാസ്യമായ അന്ത്യമാണ് പ്രതിപക്ഷസമരത്തെ കാത്തിരിക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top