25 April Thursday

വെറുപ്പിന്റെ രാഷ്‌ട്രീയത്തിന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


വിയോജിപ്പും വിമർശവും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്‌; ഇന്ത്യൻ ഭരണഘടനയുടെ കരുത്തും. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 152 വർഷം പഴക്കമുള്ള രാജ്യദ്രോഹക്കുറ്റം (124 എ) വകുപ്പ്‌ മരവിപ്പിച്ചതിലൂടെ സുപ്രീംകോടതി ജനാധിപത്യത്തിന്റെ ഈ സൗന്ദര്യവും ഭരണഘടനയുടെ കരുത്തുമാണ്‌ ഉയർത്തിപ്പിടിച്ചത്‌. എതിർനാവുകളെയെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തുന്ന വെറുപ്പിന്റെ രാഷ്‌ട്രീയത്തിനു കനത്ത തിരിച്ചടിയും.

നിയമം റദ്ദാക്കുന്ന കാര്യത്തിൽ കേന്ദ്ര ബിജെപി സർക്കാർ തുടക്കംമുതൽ ഒളിച്ചുകളിക്കുകയായിരുന്നു. പലവട്ടം കോടതിയുടെ രൂക്ഷവിമർശത്തിനും ഇതിടയാക്കി. ഈ വകുപ്പ്‌ റദ്ദാക്കരുതെന്നായിരുന്നു ആദ്യ നിലപാട്‌. എന്നാൽ, കോടതി നയം വ്യക്തമായതോടെ വകുപ്പ്‌ പുനഃപരിശോധിക്കാൻ ഒരുക്കമാണെന്നും അത്‌ പരിശോധിച്ചുകൊണ്ടിരിക്കുകയുമാണെന്നും വിശദീകരിച്ചു. പരിശോധനയുടെ പേരിൽ കേസ്‌ നീട്ടിക്കൊണ്ടുപോകാനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രംകൂടി പൊളിച്ചാണ്‌ കോടതിയുടെ ഇടക്കാല ഉത്തരവ്‌.   വകുപ്പുകളുടെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ, ഹിമ കോഹ്‌ലി, സൂര്യകാന്ത്‌ എന്നിവരുൾപ്പെടുന്ന  മൂന്നംഗ ബെഞ്ചിന്റെ ചരിത്ര ഉത്തരവിൽ പറയുന്നു.

ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉയർന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹക്കുറ്റമെന്ന വകുപ്പ് 1870ൽ ഉൾപ്പെടുത്തിയത്. മെക്കാളെയുടെ ഐപിസിയിലെ 113–-ാം വകുപ്പ് എടുത്തുകളഞ്ഞ്‌ 1880ൽ 124എ വകുപ്പ് കൂട്ടിച്ചേർത്തു. പൊലീസ്‌ ഉദ്യോഗസ്ഥന് നേരിട്ട് കേസ്‌ എടുക്കാവുന്നതും ജാമ്യം കിട്ടാത്തതുമായ കുറ്റകൃത്യങ്ങളാണ്‌ ഇത്‌.  സർക്കാരിനോട് പക, അവഹേളനം, അസംതൃപ്തി എന്നിവയുണ്ടാക്കുന്നവിധത്തിൽ സംസാരിക്കുകയോ, എഴുതുകയോ, ആംഗ്യങ്ങളിൽ കൂടിയോ, ദൃശ്യങ്ങളിൽ കൂടിയോ അതിന് പരിശ്രമിക്കുകയോ ചെയ്യുന്നവരെയും ജീവപര്യന്തംവരെ ശിക്ഷിക്കാവുന്ന തരത്തിൽ 1898ൽ ഭേദഗതിയും വരുത്തി. ഈ വകുപ്പ്‌ അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി വിചാരണ ചെയ്തത് 1891ൽ, ഒരു ബംഗാളി മാസികയായ ബംഗോബാസിയുടെ എഡിറ്ററായിരുന്ന ജോഗേന്ദ്ര ചന്ദ്രബോസിനെയാണ്. പിന്നീട്‌  ബാലഗംഗാധര തിലകനും മഹാത്മാ ഗാന്ധിയും അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളെ ജയിലിലടയ്‌ക്കാനും ഈ വകുപ്പ്‌ ഉപയോഗിച്ചു.  
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം എതിർപ്പിന്റെയും വിമർശങ്ങളുടെയും വാക്കുകളെ നിശ്ശബ്ദമാക്കാനും രാജ്യദ്രോഹക്കുറ്റം ചുമത്തി. 1973ൽ ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് കോടതി വാറന്റില്ലാതെ പൊലീസിന് അറസ്റ്റിന് അധികാരം നൽകുന്ന വകുപ്പായി അതു മാറി. അങ്ങനെ ജനാധിപത്യ ഇന്ത്യയിൽ കൊളോണിയൽ ഭരണകാലത്തേക്കാൾ മാരകമായ ഒന്നായി  ഈ നിയമം.

ഒടുവിൽ മോദി സർക്കാരിന്റെ കാലത്ത് രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്നതും 124 എ പ്രകാരം കേസ്‌ എടുക്കുന്നതും ദൈനംദിന സംഭവങ്ങളായി മാറി.  നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്  2014നും 19നും ഇടയ്ക്ക് ഇപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസിന്റെ എണ്ണം 165 ശതമാനമാണ്‌ വർധിച്ചത്‌. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിനാണ് ബിഹാർ പൊലീസ് ശ്യാംബെനഗൽ, മണിരത്നം, രാമചന്ദ്രഗുഹ, അപർണ സെൻ തുടങ്ങി അടൂർ ഗോപാലകൃഷ്ണൻവരെയുള്ള 49 പ്രമുഖ വ്യക്തിത്വങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ചത്.  ഇന്ന്‌ എണ്ണൂറിലേറെ കേസിലായി 13,000ത്തോളം പേർ  ഈ കുറ്റം ആരോപിക്കപ്പെട്ട്‌ രാജ്യത്തെ വിവിധ ജയിലിൽ ഉണ്ടെന്നാണ്‌ കണക്ക്‌. 

ഈ നിയമം ഇതാദ്യമായല്ല കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നത്‌. 1951ൽ പഞ്ചാബ് ഹൈക്കോടതി ഈ വകുപ്പ് ഭരണഘടനയുടെ 19–-ാം അനുച്ഛേദത്തിന് എതിരാണെന്നു കണ്ടെത്തുകയും അത് റദ്ദാക്കുകയുംചെയ്തു. 1959ൽ അലഹബാദ് ഹൈക്കോടതിയും ഈ നിയമം ഭരണഘടനയ്ക്ക് എതിരാണെന്നു വിധിച്ചു. എങ്കിലും 1961ൽ കേദാർനാഥ് സിങ്ങും ബിഹാർ സർക്കാരും തമ്മിലുള്ള കേസിൽ വിധിപറഞ്ഞ സുപ്രീംകോടതി ഈ വകുപ്പ് നിലനിർത്തി. ഈ വിധിയുടെ വള്ളിയിൽപിടിച്ചായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രതിരോധമത്രയും.

നിയമത്തിന്റെ ജന്മദേശമായ ബ്രിട്ടനിൽ അത്‌ റദ്ദാക്കപ്പെട്ടിട്ട്  ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. ഇന്നും നാം അതേക്കുറിച്ച്‌ ചർച്ച ചെയ്യുന്നതേയുള്ളൂ എന്നതാണ്‌ അതിലേറെ പരിതാപകരം.  ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊളോണിയൽ നുകംപേറുന്ന പല വകുപ്പും നടപടിക്രമങ്ങളും പുനഃപരിശോധിക്കാനുള്ള തുടക്കമാകട്ടെ ഈ വിധി. ഒപ്പം യുഎപിഎ അടക്കമുള്ള ജനദ്രോഹനിയമങ്ങൾ പിൻവലിക്കാനുള്ള വീണ്ടുവിചാരത്തിന്‌  ഇടയാകട്ടെയെന്നും പ്രതീക്ഷിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top