29 March Friday

വനമാകെ വെളുപ്പിക്കുന്ന ഈർച്ചവാളോ നിയമം

വെബ് ഡെസ്‌ക്‌Updated: Saturday Jul 17, 2021


ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ജീവ വായുവായ അഭിപ്രായസ്വാതന്ത്ര്യത്തെ തൂക്കിലേറ്റിക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോഡി സർക്കാരിന്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ മർമപ്രധാന ഓർമപ്പെടുത്തൽ. രാജ്യ
ദ്രോഹനിയമം കൊളോണിയൽ അവശിഷ്ടം മാത്രമാണെന്ന സുപ്രധാന പരാമർശം നടത്തിയ സുപ്രീംകോടതി, ദേശീയ സ്വാതന്ത്ര്യംനേടി മുക്കാൽ നൂറ്റാണ്ട്‌ കഴിഞ്ഞും അതിന്റെ പ്രസക്തി എന്തെന്ന്‌ പരിശോധിക്കണമെന്നും വ്യക്തമാക്കി. ആ ദിശയിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടുമെന്നും അറിയിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തെ കൊളോണിയൽ നിയമം എന്നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ വിശേഷിപ്പിച്ചതും. നിയമത്തിന്റെ ദുരുപയോഗസാധ്യത കോടതി ചൂണ്ടിക്കാട്ടിയത്‌ ‘ഒരു മരംമുറിക്കാൻ കൊടുത്ത ഈർച്ചവാൾകൊണ്ട്‌ വനത്തിലെ മുഴുവൻ മരങ്ങളും മുറിച്ചുവെളുപ്പിക്കുന്നതുപോലെ’എന്ന പ്രയോഗത്തിലൂടെയാണ്‌. രാജ്യദ്രോഹനിയമത്തിന്റെ അതിരുകൾ ഇല്ലാത്തതും വിപുലവുമായ അധികാരങ്ങൾ ചിലപ്പോഴെല്ലാം ദുരുപയോഗിക്കുകയാണ്‌. വിവരസാങ്കേതികവിദ്യാ നിയമത്തിൽനിന്ന്‌ 2015ൽ സുപ്രീംകോടതി റദ്ദുചെയ്‌ത വകുപ്പായ 66എയുടെ മറവിൽ നിയമസംവിധാനങ്ങൾ ഇപ്പോഴും കേസെടുക്കുന്നതും ചീഫ്‌ ജസ്റ്റിസ്‌ അടിവരയിട്ടു. മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തിന്‌ രാജ്യദ്രോഹനിയമം കനത്ത ഭീഷണിയാണെന്നു ചൂണ്ടി വിരമിച്ച മേജർ ജനറൽ എസ് ജി വൊംബാത്കെരെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ശിക്ഷാനിയമത്തിലെ 124 എ വകുപ്പ്‌ അടിമുടി ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. ഒരു പുരുഷായുസ്സിന്റെ വലിയ ഭാഗം മാതൃരാജ്യത്തിനായി പോരാടിയ സമർപ്പിത മനസ്‌കന്റെ ഹർജി ആയതിനാൽ മറ്റെന്തെങ്കിലും ലക്ഷ്യം ഒളിഞ്ഞിരിക്കുന്നതായി പറയാൻ സാധിക്കില്ലെന്നും കോടതി കണ്ടെത്തി. സമാന സ്വഭാവമുള്ള ഒട്ടേറെ പൊതുതാൽപ്പര്യ ഹർജി ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം ഒരുമിച്ചുകേൾക്കുമെന്നും കോടതി വ്യക്തമാക്കി.

സർക്കാരിനും അവയെ നയിക്കുന്ന പാർടിക്കും അസ്വീകാര്യമായ കാര്യങ്ങൾ ഉന്നയിക്കുന്നവർക്കും വിമർശ സ്വരം ഉയർത്തുന്നവർക്കുംമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഭീഷണമായ അവസ്ഥയാണ്‌. ഗൗരവതരങ്ങളായ കുറ്റങ്ങൾ ചുമത്തിയ അസംഖ്യം കേസിന്റെ ചരിത്രം നോക്കിയാൽ അക്കാര്യം ബോധ്യപ്പെടും. ചീട്ടുകളിക്കാരെയും ചൂതാട്ടക്കാരെയും ചാനൽ ചർച്ചകളിൽ ഭാഗഭാക്കായവരെയും പ്രാസംഗികരെയും പത്രപ്രവർത്തകരെയും മറ്റും ഇങ്ങനെ പ്രതിചേർത്തിട്ടുമുണ്ട്‌. എന്നാൽ, രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ടവരിൽ ശിക്ഷിക്കപ്പെടുന്നത്‌ നാമമാത്രമാണ്‌. ബാലഗംഗാധര തിലകിന്റെയും ഗാന്ധിജിയുടെയും നാവരിയാൻ ഇതേ നിയമമാണ്‌ എടുത്തുചുഴറ്റിയത്‌. കാലഹരണപ്പെട്ട പല നിയമവും ജനാധിപത്യ ഇന്ത്യയിൽ റദ്ദാക്കിയിട്ടുണ്ട്‌. നിയമം പൂർണമായും റദ്ദാക്കരുതെന്നും അതിന്റെ പ്രയോഗത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. ആ അഭിപ്രായമടക്കം പരിശോധിക്കുമെന്ന്‌ മറുപടി നൽകിയ ചീഫ്‌ ജസ്റ്റിസ്‌ ഹർജിയിൽ കേന്ദ്ര സർക്കാരിന്‌ നോട്ടീസ്‌ അയക്കുകയുമുണ്ടായി.

ദില്ലി ജവാഹർലാൽ നെഹറു സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭകർ, പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയ മനുഷ്യാവകാശ പോരാളികൾ, അതിന്‌ ഐക്യദാർഢ്യവുമായി അണിനിരന്ന ബുദ്ധിജീവികൾ, ഭീമ കൊറേഗാവ്‌ കള്ളക്കേസിൽ പീഡിപ്പിക്കപ്പെടുന്ന ആക്ടിവിസ്റ്റുകൾ, ഉത്തരേന്ത്യയിൽ സാംക്രമിക രോഗംപോലെ പടർന്ന ആൾക്കൂട്ട വധങ്ങൾ തടയണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയ 49 സാംസ്‌കാരിക പ്രവർത്തകർ, കഴിഞ്ഞ റിപ്പബ്ലിക്‌ ദിനത്തിൽ പാർലമെന്റിലേക്ക്‌ ട്രാക്ടർ റാലി നടത്തിയ കർഷകർ, തീവ്രവാദബന്ധം ആരോപിച്ച്‌ ഭരണകൂടം മനുഷ്യത്വരഹിതമായി പെരുമാറിയ സ്‌റ്റാൻ സ്വാമി, ഏറ്റവുമൊടുവിൽ ലക്ഷദ്വീപിലെ മോഡിവൽക്കരണത്തിനെതിരെ ശബ്ദിച്ച ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന‐ എന്നിങ്ങനെ കിരാത നിയമത്തിന്റെ മൂർച്ചയറിഞ്ഞവർ നിരവധിയാണ്‌. ആരെയും എപ്പോഴും കുടുക്കി അനിശ്ചിതമായി കാരാഗൃഹത്തിൽ തള്ളാവുന്ന കെണിയായി അറിയപ്പെടുന്ന രാജ്യദ്രോഹമെന്ന കൊളോണിയൽ അടിച്ചമർത്തലിന്റെ ആവശ്യമുണ്ടോയെന്ന്‌ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട്‌ ആരാഞ്ഞതിനു പിന്നാലെ ഹരിയാനയിലെ സിർസയിൽ നൂറിലധികം കർഷകർക്കുമേൽ സംസ്ഥാന സർക്കാർ 124 എ വകുപ്പ്‌ കെട്ടിയേൽപ്പിച്ചത്‌ നിസ്സാരമല്ല. ബിജെപി നേതാവും ഡെപ്യൂട്ടി സ്‌പീക്കറുമായ രൺബീർ ഗാങ്‌വ സഞ്ചരിച്ച വാഹനം കഴിഞ്ഞ 11ന്‌ തടഞ്ഞതിനാണ്‌ രാജ്യദ്രോഹത്തിനും വധശ്രമത്തിനും കേസെടുത്തത്‌. ഹരിയാനയിൽ ഭരണമുന്നണി നേതാക്കളുടെ പൊതുപരിപാടികൾ ബഹിഷ്‌കരിക്കാൻ കിസാൻ സംഘടനകൾ തീരുമാനിച്ചിരുന്നു.അതോടെയാണ്‌ രാജ്യദ്രോഹക്കേസുകൾ കാട്ടി പേടിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ തുടക്കം.

സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ നിഗമനങ്ങൾ പൊതുസമൂഹം അടിയന്തരമായി ഏറ്റെടുക്കേണ്ട ചോദ്യങ്ങളാണ്‌. പൗരാവകാശങ്ങളെയും ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും തുടർച്ചയായി ദുർബലപ്പെടുത്തി വന്ന കാടൻ നിയമത്തിനെതിരെ എല്ലാ പാർടിയും സാമൂഹ്യസംഘടനകളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നോട്ടുവരണം. രാജ്യത്തിന്റെ മനസ്സ്‌ കൊളോണിയൽ എച്ചിലായ ഈ നിയമത്തിന്‌ എതിരാണെന്ന് ലോകാഭിപ്രായത്തെയും സുപ്രീംകോടതിയെയും ഭരണനേതൃത്വത്തെയും ആവർത്തിച്ച്‌ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. വനമാകെ വെളുപ്പിക്കുന്ന ഈർച്ച വാളോ നിയമം എന്ന സംശയം അതിന്റെ ആദ്യപടിയാണ്‌. ജനവിരുദ്ധമായ ഒന്നായി അത്‌ ഇനിയും കോമ്പല്ലുകൾ പുറത്തുകാട്ടാൻ ഇടവരരുതെന്ന്‌ ഒറ്റക്കെട്ടായി പ്രഖ്യാപിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top