28 May Tuesday

സഭയില്‍ തോറ്റതിന് സെക്രട്ടറിയറ്റിനോടോ?

വെബ് ഡെസ്‌ക്‌Updated: Thursday Aug 27, 2020


പതനത്തിന്റെ പടുകുഴിയിൽ വീണാൽ പിന്നെയും താഴേക്ക് കുഴിച്ചുപോകാൻ കഴിയുമോ എന്ന ശ്രമത്തിലാണ് കേരളത്തിലെ പ്രതിപക്ഷം. സെക്രട്ടറിയറ്റിലെ ഒരു മുറിക്കുള്ളിൽ ഷോർട്ട് സർക്യൂട്ടുമൂലമെന്നു സംശയിക്കുന്ന തീപിടിത്തത്തെപ്പറ്റി എൻഐഎ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെടുന്നത്. ചാനലുകളെ ഒപ്പം കൂട്ടി എല്ലാ കോവിഡ് മാനദണ്ഡവും ലംഘിച്ച് അക്രമസമരത്തിനും യുഡിഎഫും ബിജെപിയും തയ്യാറായി.

പ്രതിപക്ഷത്തിന്റെ വേവലാതി വ്യക്തമാണ്. ഒന്നരമാസമായി നുണ കൂട്ടിയിട്ട് കത്തിച്ച് അവരുണ്ടാക്കിയ പുകമറകളാണ് തിങ്കളാഴ്ച നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പറന്നുപോയത്. ‘സർക്കാരിനെ പ്രതിക്കൂട്ടിലാക്കു'ന്ന പ്രതിപക്ഷത്തെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങിയിരുന്ന മാധ്യമങ്ങൾക്ക് പ്രതികളുടെ പ്രതിച്ഛായയോടെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷത്തെയാണ് കാണാൻ കിട്ടിയത്. പാളിയ തന്ത്രത്തിന്റെ പേരിൽ യുഡിഎഫിലും കോൺഗ്രസിലും തമ്മിലടിക്കും തുടക്കമായി. ഈ ഗതികേടിൽ നാണംകെട്ടു നിൽക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ട് സെക്രട്ടറിയറ്റിൽ തീപിടിത്തം എന്ന വാർത്ത വരുന്നത്. പതിവുപോലെ ആദ്യം ബിജെപിയും പിന്നാലെ യുഡിഎഫും എത്തി. സെക്രട്ടറിയറ്റിനുള്ളിൽ പൊലീസിനെ ആക്രമിക്കാനും ശ്രമം നടന്നു.

പ്രോട്ടോകോൾ വിഭാഗത്തിലെ നിർണായക ഫയലുകൾ കത്തിപ്പോയെന്നാണ് ആരോപണം. പ്രതിപക്ഷനേതാവിന് ഒറ്റനോട്ടത്തിൽ അക്കാര്യം വ്യക്തമായത്രേ. ബിജെപി നേതാക്കളും മോശമായില്ല. തീകത്തിച്ചതാണെന്ന് ബിജെപി പ്രസിഡന്റിന്റെ ‘ദിവ്യദൃഷ്ടി'യിലും തെളിഞ്ഞു. മാധ്യമങ്ങളും മാറിനിന്നില്ല. ‘തീപിടിത്തമല്ല'തെളിവ് നശിപ്പിക്കാനുള്ള ‘തീപിടിത്ത നാടകം' എന്നാണ്‌ അവതാരകരിൽ ചിലർ ഉറപ്പിച്ചത്.


 

പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന അധ്യക്ഷനും ഇതൊക്കെ പറയാം. പക്ഷേ, കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യമന്ത്രി നേരിട്ട്‌ കത്തിച്ചതാണെന്ന മട്ടിൽ പ്രതികരിച്ചത് എല്ലാ ഭരണമര്യാദയുടെയും ലംഘനമാണ്. എബിവിപിയുടെ പഴയ കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലവാരത്തിൽനിന്ന് ഒരു പടിപോലും മാനസികമായി ഉയരാൻ ഈ കേന്ദ്ര സഹമന്ത്രിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തം. സ്വർണക്കടത്ത് കേസിൽ തുടക്കംമുതൽ സംശയനിഴലിലാണ് മുരളീധരൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ ആവർത്തിച്ച് മറിച്ച് വ്യക്തമാക്കിയിട്ടും നയതന്ത്ര ബാഗേജിലല്ല സ്വർണം കടത്തിയതെന്ന് വാദിച്ച കേന്ദ്രമന്ത്രിയാണ് അദ്ദേഹം.  സ്വർണക്കടത്തിൽനിന്ന്, പെരുന്നാളിന് യുഎഇ കോൺസുലേറ്റ് സഹായക്കിറ്റ് നൽകിയ വിഷയത്തിലേക്ക് ശ്രദ്ധ തെന്നിക്കാനുള്ള ശ്രമംകൂടിയാണ് മുരളീധരൻ നടത്തുന്നതെന്ന് സംശയിക്കണം. പ്രോട്ടോകോൾ രേഖകളാണ് കത്തിപ്പോയതെന്ന് മന്ത്രി ആവർത്തിക്കുന്നതിൽനിന്ന് ഇത് ഊഹിക്കാം. ഒപ്പം സ്വന്തം ചാനൽത്തലവനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നതിന്റെ വേവലാതിയും മന്ത്രിക്കുണ്ടാകാം.

തീപിടിത്തത്തെപ്പറ്റി മറ്റ് ചില സംശയങ്ങൾ ന്യായമായും ഉയരാം. തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം ഒരു മിന്നൽ സമരത്തിന്‌ വഴിയോരുങ്ങിയതെങ്ങനെ എന്നതിൽ വ്യക്തതയില്ല. ചെറിയ രാഷ്ട്രീയനേട്ടത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ സമരം ആയിരുന്നതിനാൽ ഇതും അന്വേഷിക്കേണ്ടിവരും. ചില ചാനലുകൾ സ്ഥലത്തെത്തിയ അതിവേഗനീക്കവും സംശയാസ്പദമാണ്. അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക്‌ അതൊക്കെ പുറത്തുവരട്ടെ.


 

സെക്രട്ടറിയറ്റിൽ തീപിടിത്തം ആദ്യമല്ല. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആറു തവണയാണ്‌ തീപിടിത്തമുണ്ടായത്‌. എങ്കിലും കേന്ദ്ര സെക്രട്ടറിയറ്റിൽ ഉണ്ടാകാറുള്ളയത്ര തീകത്തൽ ഇവിടെ പതിവില്ല. ഡൽഹിയിലെ വിവിധ മന്ത്രാലയങ്ങളിൽ സമീപവർഷങ്ങളിൽ 20 തവണയാണ് തീപിടിത്തം ഉണ്ടായതെന്ന് മാധ്യമ റിപ്പോർട്ടുണ്ട്.

സെക്രട്ടറിയറ്റിൽ പൊതുഭരണവകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഏതാനും ഫയലുകൾ കത്തിപ്പോയി. സർക്കാർ ഗസ്റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്യുന്നത് സംബന്ധിച്ച ഫയലുകളാണ് ഇവയിൽ പലതുമെന്ന്‌ അധികൃതർ വ്യക്തമാക്കുന്നു. ഏത് ഫയൽപോയാലും അതിനൊക്കെ പകരം ഇ ഫയലുകൾ സെക്രട്ടറിയറ്റിൽ ലഭ്യമാണ്. ഏത്‌ കടലാസ് സെക്രട്ടറിയറ്റിൽ വന്നാലും അത് സ്കാൻചെയ്ത് നമ്പരിട്ട് ബന്ധപ്പെട്ട സെക്‌ഷനിൽ ഇ ഫോർമാറ്റിലാണ് എത്തുക.

സെക്രട്ടറിയറ്റിലും എട്ട്‌ കലക്ടറേറ്റിലും പൂർണമായും ഇ ഫയലിങ്‌ നടപ്പാക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി നിയമസഭയിൽ മുമ്പ് പറഞ്ഞിരുന്നു. മറ്റിടങ്ങളിൽ നടപടി പുരോഗമിക്കുന്നു. അതുകൊണ്ടുതന്നെ രേഖകൾ കത്തിച്ച് ആർക്കും ആരെയും രക്ഷിക്കാനാകില്ല. ആ കാലമൊക്കെ പോയി. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജൻസികൾ സംസ്ഥാന പ്രോട്ടോകോൾ ഓഫീസിൽനിന്ന് ഇതുവരെ ആവശ്യപ്പെട്ട രേഖകൾ സർക്കാർ നൽകിക്കഴിഞ്ഞു. ഇനി ചോദിച്ചാലും കൊടുക്കാനും കഴിയും. അപ്രധാന ഫയലുകളാണ് കത്തിയതെന്ന്‌ പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ തകർന്നടിഞ്ഞ യുഡിഎഫ് അതിൽനിന്ന് കരകയറാം എന്ന പ്രതീക്ഷയിലാണ് തീപിടിത്തത്തിന്റെ പേരിൽ, മലയാളിയുടെ സാമാന്യബുദ്ധിയെപ്പോലും ചോദ്യംചെയ്യുന്ന മട്ടിൽ, ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വ്യക്തം.ബിജെപിക്ക്‌ സ്വർണക്കടത്ത് അന്വേഷണത്തിൽനിന്ന് ശ്രദ്ധതിരിക്കുകയും വേണം. ഇരുകൂട്ടരും തീപിടിത്തത്തിനു പിന്നാലെ ഒന്നിച്ചിറങ്ങി നടത്തിയ അക്രമസമരത്തിനു പിന്നിൽ ഈ ദുഷ്ടലാക്കാണുള്ളത്. പക്ഷേ, സ്വർണക്കടത്ത് ആരോപണം തിരിച്ചടിച്ചതുപോലെയും ലൈഫ് പദ്ധതി തകർക്കാനുള്ള നീക്കം പൊളിഞ്ഞതുപോലെയും ഇതും അപഹാസ്യനാടകമായി അവസാനിക്കുമെന്ന് ഉറപ്പാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top