26 April Friday

എസ് ഡി പി ഐയുടെ നാടകവും ഭീഷണിയും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018


അഭിമന്യു വധക്കേസ് അന്വേഷണം വഴിതെറ്റിക്കാനും  മറ്റുതരത്തിൽ ചിത്രീകരിക്കാനും ആസൂത്രിത ശ്രമമാണ് തുടക്കംമുതൽ എസ് ഡിപിഐ നടത്തുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തുകഴിഞ്ഞു; ആ ക്രൂരകൃത്യത്തെ ന്യായീകരിക്കാനുള്ള  ശ്രമത്തിലാണ് എസ്ഡിപിഐയും അതിന്റെ പിതൃസംഘടനയായ പോപ്പുലർ ഫ്രണ്ടും. അഭിമന്യുവിനെ മഹാരാജാസ് കോളേജിൽ കൊലപ്പെടുത്തിയത് ആസൂത്രിതമായാണ്. കൊല്ലാൻ നേരിട്ടുപോയവർക്കുപുറമെ കൊല്ലിച്ചവരുമുണ്ട‌്. പോപ്പുലർ ഫ്രണ്ടുപോലെ രഹസ്യാത്മകപ്രവർത്തനം നടത്തുന്ന; നിഗൂഢമായ പശ്ചാത്തലമുള്ള ഒരു സംഘടനയ്ക്ക് കുറ്റവാളികളെ ഒളിപ്പിക്കാനും തെളിവുകൾ നശിപ്പിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമുള്ള ചതുരുപായങ്ങളും പ്രയോഗിക്കാൻ മടിയില്ല. അറസ്റ്റ‌് ചെയ്യപ്പെട്ടവരുടെ വീട്ടുകാരെ അണിനിരത്തി നിയമയുദ്ധത്തിനിറങ്ങുന്നത് അതിന്റെ ഭാഗമായാണ്. അത് അവരുടെ കാര്യം. നിയമത്തിന്റെ ഒരു സാധ്യതയും ഏതൊരു ഇന്ത്യൻ പൗരനും അനുഭവവേദ്യമാകേണ്ടതാണ്. എന്നാൽ, അതും കടന്നു, അന്വേഷണത്തെ പരസ്യമായി വെല്ലുവിളിക്കാനും പൊലീസ് നടപടികളെ ചാപ്പകുത്തി തെറ്റായി വ്യാഖ്യാനിക്കാനും എസ്ഡിപിഐയുടെ സംസ്ഥാനനേതൃത്വംതന്നെ തയ്യാറാകുന്നതാണ‌് കഴിഞ്ഞദിവസം കണ്ടത്.

കൊലപാതകം നടന്നാൽ കുറ്റവാളികളെ പിടികൂടുന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. അതിന് പരിശോധനകളുണ്ടാകും. അവസാനത്തെ കുറ്റവാളിയെയും പിടികൂടുന്നതുവരെ പൊലീസ് ജാഗരൂകരായി ഇടപെടും. എസ്ഡിപിഐക്കായി രാജ്യത്ത‌് പ്രത്യേക നിയമം ഇല്ല. കേസന്വേഷണത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം എസ്ഡിപിഐ സംസ്ഥാന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതും  ചോദ്യം ചെയ്തതും. അതിനെ 'പരിധിവിട്ട നീക്കം’ എന്നാണ‌് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വിശേഷിപ്പിച്ചുകണ്ടത്. നിയമത്തിനും കുറ്റാന്വേഷണത്തിനും പരിധി നിശ്ചയിക്കുന്നത് ഈ തീവ്രവാദിസംഘമാണോ? ദേശീയ പ്രസിഡന്റിന്റെ വാചകങ്ങളിൽ ആ പാർടിയുടെ ഉള്ളിലിരിപ്പ് വ്യക്തമാകുന്നുണ്ട്. 'ഫാസിസത്തിന‌് സംതൃപ്തി നേടിക്കൊടുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയവളർച്ചയ‌്ക്കത് വിഘാതമാണുണ്ടാക്കുക’ എന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. അതായത്, സംഘപരിവാറിനെതിരാണ് തങ്ങൾ എന്നതുകൊണ്ട് അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കുന്നവരെയും ഗൂഢാലോചനക്കാരെയും തൊടാൻ പാടില്ല. തൊട്ടാൽ കേരളത്തിന്റെ രാഷ്ട്രീയവളർച്ച  തടഞ്ഞുകളയും എന്ന്. ഇത്തരം വാചകങ്ങൾമാത്രമല്ല ഈ സംഘത്തിന്റെ ഇടപെടൽ. ഏറ്റവുമൊടുവിൽ കോഴിക്കോട് ജില്ലയിലെ  പേരാമ്പ്രയിൽ  എസ്എഫ്‌ഐ കാരയാട് ലോക്കൽ സെക്രട്ടറി എസ് വിഷ്‌ണു‌വിനെ മുഖംമൂടിയണിഞ്ഞ‌് ബൈക്കിലെത്തി വെട്ടിയത്, കൊലക്കത്തി താഴെവയ‌്ക്കാൻ അവർ തയ്യാറല്ല എന്നതിന്റെ സൂചനയാണ്.

കേസന്വേഷണം തടസ്സപ്പെടുത്താൻ നടത്തിയ ഒരു നീക്കത്തിന് ചൊവ്വാഴ്ച ഹൈക്കോടതി തടയിട്ടിട്ടുണ്ട്. ആർഎസ്എസിന്റേതിനുസമാനമായ രീതിയിൽ  കൊലപാതകത്തെ ന്യായീകരിച്ച‌് കള്ളക്കഥകൾ തുടക്കംമുതൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുമ്പോൾ, തങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്ന് വിലപിച്ച‌് കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ദുർബലശ്രമമാണ് എസ്ഡിപിഐ സംസ്ഥാന നേതാക്കൾ വാർത്താസമ്മേളനം വിളിച്ചുനടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തപ്പോൾ സംസ്ഥാനത്ത‌് ഹർത്താൽ നടത്തുമെന്ന ഭീഷണിയാണുണ്ടായത്. ക്യാമ്പസിനും നാടിനും പ്രിയങ്കരനായ യുവാവിനെ കൊന്നുതള്ളിയവർ പിടിയിലാകുമെന്നുവരുമ്പോഴുള്ള വെപ്രാളമാണ് ഹർത്താൽപ്രഖ്യാപനത്തിൽ കണ്ടത്. നിയമസംവിധാനത്തെ വെല്ലുവിളിച്ച‌് അന്വേഷണം തടസ്സപ്പെടുത്താൻ തെരുവിലിറങ്ങുമെന്ന അഹന്തപിടിച്ച പ്രഖ്യാപനവും അവരിൽനിന്നുണ്ടായി.

തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതാണ് എസ്ഡിപിഐയുടെ ഈ സമീപനം. നിങ്ങൾ ബഹളം വച്ചതുകൊണ്ടോ അക്രമഹർത്താൽ ഭീഷണി മുഴക്കിയതുകൊണ്ടോ പേടിച്ചുപിന്മാറുന്നവരല്ല കേരളം ഭരിക്കുന്നത്. നിങ്ങളുടെ ക്രൗര്യത്തിനും നിങ്ങൾ ഉയർത്തുന്ന വർഗീയതീവ്ര വാദത്തിനുമെതിരായ വികാരം എല്ലാ മതങ്ങളിലുമുണ്ട്. പ്രമുഖരായ ഇസ്ലാം പണ്ഡിതരുൾപ്പെടെ അത് പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ ചോരവീണതിൽ പ്രതിഷേധിച്ചും രോഷംകൊണ്ടും കണ്ണീരണിഞ്ഞും പരസ്യമായി പ്രതികരിച്ചവരെ നിങ്ങൾ ശ്രദ്ധിക്കണം.

ആ വികാരത്തിന് മതവും ജാതിയുമില്ല; മനുഷ്യത്വമേയുള്ളൂ. അഭിമന്യുവിന് മതത്തിന്റെ കുപ്പായമിടീക്കാൻ പണവും വർഗീയതയുടെ വിഷവിത്തുമായി വട്ടവടയിലെത്തിയ 'ഹിന്ദു സേവ’ക്കാർക്ക്  രക്തസാക്ഷിയുടെ പിതാവിന്റെ രൂക്ഷപ്രതികരണത്തിനുമുന്നിൽ പിന്മടങ്ങേണ്ടിവന്നു. വർഗീയതയുടെ മാരകായുധങ്ങളുമായി ആർഎസ്എസ് വന്നാലും പോപ്പുലർ ഫ്രണ്ട് വന്നാലും ഒരേതരത്തിലാണ്‌ കേരളീയർ  പ്രതികരിക്കുക. കേരളത്തിന്റെ സാമൂഹികജീവിതത്തിൽനിന്ന് സംഘപരിവാർ മാറ്റിനിർത്തപ്പെടുന്നത്  മലയാളിയുടെ മതനിരപേക്ഷബോധംകൊണ്ടാണ്. വർഗീയതയോടുള്ള എതിർപ്പുകൊണ്ടാണ്. അതേ അറപ്പും എതിർപ്പും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന വർഗീയതയോടും മലയാളിക്കുണ്ട്. അത് മനസ്സിലാക്കി, കൊലയാളികളെ ഒളിയിടങ്ങളിൽനിന്ന് പുറത്തേക്കുവിടാനും കൊലപാതകത്തിനെതിരായ നിയമനടപടികളെ മതത്തിന്റെ പേരിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് അവസാനിപ്പിക്കാനും തയ്യാറാവുക എന്നതാണ് നിങ്ങൾക്ക് തെരഞ്ഞെടുക്കാനുള്ള വിവേകത്തിന്റെ വഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top