18 April Thursday

അധ്യയനവർഷത്തിന്റെ പുതിയ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021


കോവിഡ്‌ കെടുതികൾ ഒഴിഞ്ഞുപോകാത്തതിനാൽ പതിവിൽനിന്ന്‌ വ്യത്യസ്‌തമായി സംസ്ഥാനത്ത്‌ ഇക്കുറി അധ്യയനവർഷത്തിന്‌  പുതുവർഷ ദിനത്തിലാണ്‌ ആരംഭമായത്‌.  വിപുലമായ തയ്യാറെടുപ്പുകളോടും പഴുതില്ലാത്ത ജാഗ്രതയോടും എല്ലാവിഭാഗം ജനങ്ങളുടെയും സഹായ സഹകരണത്തോടും സ്‌കൂളുകളിൽ എസ്‌എസ്‌എൽസി, പ്ലസ്‌ടു ക്ലാസുകളാണ്‌ വ്യാഴാഴ്‌ച തുടങ്ങിയത്‌.  തീർത്തും അപരിചിതമായ ചുറ്റുവട്ടത്തിലാണ്‌ സാധാരണ പഠനം ആരംഭിച്ചത്‌. മാസങ്ങളായി പരസ്‌പരം കാണാതിരുന്ന  സഹപാഠികൾ കോവിഡ്‌ പ്രോട്ടോകോൾ  പാലിച്ചുനിന്നത്‌ പ്രത്യേക കാഴ്‌ചയായി. പരസ്‌പരം ഇടപഴകാതെ അവർ സാമൂഹ്യഅകലം പാലിച്ചു. സാനിറ്റൈസറും സോപ്പും സ്‌കാനറും മാസ്‌കും സ്‌കൂൾ കോമ്പൗണ്ടിലും ക്ലാസിലും ലൈബ്രറിയിലും ലബോറട്ടറിയിലും വാഹനങ്ങളിലും നിർബന്ധമാക്കിയിരുന്നു. ആ അർഥത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അധ്യാപക‐രക്ഷാകർതൃ സമിതിയുടെയും ഭാരവാഹികൾ എല്ലായിടത്തും നടത്തിയ കാര്യമായ മുന്നൊരുക്കങ്ങൾ മാതൃകാപരമാണ്‌.

ആദ്യത്തെ ആഴ്ച രാവിലെ മൂന്ന്‌ മണിക്കൂർ, ഉച്ചയ്ക്കുശേഷം  മൂന്ന്‌ മണിക്കൂർ വീതമാണ് ക്ലാസുകൾ ഒരുക്കിയത്‌. ആവശ്യമായ ഇടങ്ങളിൽ  ഷിഫ്റ്റ് ഏർപ്പെടുത്താനും അനുവാദമുണ്ട്‌. എത്താൻ ബുദ്ധിമുട്ടുള്ള  കുട്ടികൾക്ക് നവമാധ്യമങ്ങൾവഴി ക്ലാസുകൾ നൽകാനും പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക്‌ ആവശ്യമെങ്കിൽ വീട്ടിൽ ചെന്ന് സഹായിക്കാൻ റിസോഴ്സ് അധ്യാപകരുടെ സേവനം ഉറപ്പാക്കാനും നിർദേശം വന്നുകഴിഞ്ഞു.  മാനസികപിന്തുണ വേണ്ടവർക്ക്‌ കൗൺസലിങ്. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിചരണം‐ തുടങ്ങിയ  അധികഭാരങ്ങൾ  മുഖംകറുപ്പിക്കാതെ ഏറ്റെടുക്കാൻ തയ്യാറായ അധ്യാപകരുടെ പ്രതിബദ്ധതയും വലുതുതന്നെ.  വിട്ടുവീഴ്‌ചയില്ലാത്ത നിബന്ധനകൾ പിന്തുടരാൻ അധികൃതർ നൽകിയ കർശന നിർദേശങ്ങൾ വിദ്യാർഥികളും അധ്യാപകരും സർവാത്മനാ സ്വീകരിച്ചതും  ആശാവഹമാണ്‌.


 

എല്ലാ സ്കൂളിലും ഹെഡ്‌മാസ്‌റ്ററുടെ നേതൃത്വത്തിൽ കോവിഡ് സെൽ രൂപീകരിക്കണമെന്നതായിരുന്നു അതിൽ പ്രധാനം. വിദ്യാർഥികൾ തമ്മിൽ രണ്ട്‌ മീറ്റർ അകലം. ഒന്നിച്ചിരുന്നുള്ള  ആഹാരം ഒഴിവാക്കൽ. ഭക്ഷണവും  കുടിവെള്ളവും ക്ലാസിൽ ഉപയോഗിക്കുന്ന മറ്റുവസ്തുക്കളും പങ്കുവയ്ക്കാതിരിക്കൽ. സ്കൂൾ വാഹനങ്ങളിൽ സുരക്ഷിത അകലവും അവയിൽ  കയറുംമുമ്പ്‌ തെർമൽ പരിശോധനയുമടക്കം എങ്ങും പാലിക്കപ്പെട്ടു.  സ്‌കൂളുകളിൽ  ഒരേസമയം 50 ശതമാനം കുട്ടികളെ പ്രവേശിപ്പിക്കാനേ  അനുവാദമുള്ളൂ. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരാൾ എന്ന നിലയിലാണ്‌ ക്രമീകരണം. ക്ലാസുകൾ ആരംഭിച്ചതിൽ ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നാണ്‌ ആദ്യദിനം തെളിയിച്ചത്‌. എസ്‌എസ്‌എൽസി പരീക്ഷ നടത്താൻ തീരുമാനമുണ്ടായപ്പോഴും ചില കോണുകളിൽനിന്ന്‌ അനാവശ്യ നെറ്റിചുളിക്കലുണ്ടായിരുന്നല്ലോ. എന്നാൽ, ഒരു കുട്ടിക്കുപോലും പ്രശ്‌നമില്ലാതെ പരീക്ഷ പൂർത്തിയാക്കാനായെന്നത്‌ വിദ്യാഭ്യാസ വകുപ്പിന്റെ തൊപ്പിയിലെ മറ്റൊരു തൂവലായി.

കൊറോണക്കാലത്ത്‌ ദൈനംദിന ക്ലാസ്‌മുറി പഠനം സാധ്യമായിരുന്നില്ലെങ്കിലും ബദൽവഴി തേടുന്നതിലും പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും വിദ്യാഭ്യാസ വകുപ്പ്‌ ബദ്ധശ്രദ്ധമായിരുന്നു. സ്‌കൂൾ കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും ഹൈടെക്‌ ആക്കുന്നതിന്‌ തുടക്കമിട്ട  പ്രവർത്തനങ്ങൾ തുടർന്നു. ഓൺലൈൻ പഠനം രാജ്യത്തെതന്നെ ഏറ്റവും മികച്ചതാണെന്ന്‌ സാർവത്രികമായ അഭിനന്ദനവും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും  നേടി. ഇത്തരം  അധ്യയനം സുഗമമാക്കുന്നതിന്‌ ദരിദ്ര വിദ്യാർഥികൾക്ക്‌ സാമൂഹ്യ കൂട്ടായ്‌മകളും  പുരോഗമന യുവജന സംഘടനകളും  ടെലിവിഷനും മൊബൈൽ ഫോണും എത്തിച്ചതും പ്രശംസനീയം. സാങ്കേതികത്തകരാറുകളുള്ള സ്ഥലങ്ങളിൽ  സർക്കാർ അഭ്യർഥനയെത്തുടർന്ന്‌ ബിഎസ്‌എൻഎൽ ടവറുകൾ സ്ഥാപിച്ചത്‌  ഊഹിക്കാനാകാത്ത വേഗത്തിലായിരുന്നു. പാഠപുസ്‌തകങ്ങൾ എത്തിക്കുന്നതിലും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന്‌ മാതൃകകളില്ലാത്ത മുൻകൈയുണ്ടായി. എല്ലാ വിഭാഗങ്ങളിലുംപെട്ട 27 ലക്ഷം വിദ്യാർഥികൾക്ക്‌ എട്ടിനമുള്ള ഭക്ഷ്യക്കിറ്റുകൾ രണ്ടുവട്ടം  വിതരണം ചെയ്‌തതും മറക്കാനാകില്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ  സമാനതകളില്ലാത്ത നൂതനപദ്ധതികളും ഏറ്റെടുത്ത  നവീകരണങ്ങളും വിദ്യാഭ്യാസ സംവിധാനത്തിന്റെ അലകും പിടിയും മാറ്റി. മറ്റൊരു  സംസ്ഥാനത്തും കാണാനാകാത്ത കുതിപ്പുകൾ ഇവിടത്തെ പൊതു വിദ്യാഭ്യാസമേഖലയെ കൂടുതൽ ആകർഷകമാക്കി. താഴ്‌ന്ന വരുമാനക്കാർക്കും മക്കൾക്ക്‌  അല്ലലില്ലാതെ വിദ്യാഭ്യാസം നൽകാനാകുന്നു. കച്ചവടസ്ഥാപനങ്ങൾപോലെ അനാദായകരമെന്ന്‌ പ്രചരിപ്പിച്ച്‌ സർക്കാർ സ്‌കൂളുകൾക്ക്‌ താഴിട്ട, അവയെ മുതലാളിമാർക്ക്‌ അടിയറവച്ച  യുഡിഎഫ്‌ ഭരണകാലം ദുഃസ്വപ്‌നമായി കേരളീയരുടെ ഓർമയിലുണ്ട്‌. പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എസ്‌എസ്‌എൽസിവരെയുള്ള ക്ലാസുകളിൽ ഈ അധ്യയനവർഷം പുതുതായി ഒന്നേമുക്കാൽ ലക്ഷം കുട്ടികൾ പ്രവേശനം നേടിയത്‌ അഭിമാനാർഹവും ആവേശകരവുമാണ്‌. 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കി നാലു വർഷത്തിനുള്ളിൽ ആറേമുക്കാൽ  ലക്ഷത്തിലധികം  കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ എൻറോൾ ചെയ്‌തത്. ഈവർഷം ഒന്നാം ക്ലാസിൽമാത്രം 8170 കുട്ടികൾ  കൂടുതലായെത്തി. മികച്ച അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുകയും പഠന നിലവാരം ഉയർത്തുകയും ചെയ്തതിന്റെ ഫലമാണ് ഈ  പുത്തനുണർവ്‌. അതിന്റെ തുടർച്ചകളാകണം ഇനി കേരളത്തിന്റെ ലക്ഷ്യം. കൊറോണക്കാലം നൽകിയ പാഠങ്ങൾ അത്തരത്തിൽ വഴികാട്ടിയുമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top