27 April Saturday

ആത്മവിശ്വാസത്തോടെ സ്‌കൂളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021


ഇരുപത്‌ മാസത്തിനുശേഷം സ്കൂളുകൾ ഇന്ന്‌ തുറക്കുകയാണ്‌. പതിവിൽനിന്ന്‌ (ജൂൺ ആദ്യവാരം) വ്യത്യസ്‌തമായി കേരളപ്പിറവി ദിനത്തിലാണ്‌ ഇക്കുറി സ്‌കൂളുകൾ തുറക്കുന്നത്‌. വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരും ഒരുപോലെ ആഹ്ലാദിക്കുന്ന സന്ദർഭമാണിത്‌. മാസങ്ങൾ നീണ്ട ഓൺലൈൻ പഠനത്തിനുശേഷമാണ്‌ അധ്യയനം ക്ലാസ്‌ മുറികളിലേക്ക്‌ മടങ്ങുന്നത്‌. ഒന്നാം ക്ലാസിൽ എത്തുന്നവർ മാത്രമല്ല, രണ്ടാം ക്ലാസിലെത്തുന്ന കുട്ടികളും  ആദ്യമായിട്ടായിരിക്കും സ്‌കൂളിലേക്ക്‌ കടന്നുവരുന്നത്‌. പ്രൈമറി ക്ലാസുകൾക്ക്‌ പുറമെ 10, പ്ലസ്‌ ടു ക്ലാസിലുള്ളവരും ഇന്ന്‌ സ്‌കൂളിലെത്തും.  ഈ മാസം 15ന്‌ രണ്ടാം ഘട്ടത്തിൽ 8, 9 ക്ലാസുകൾ തുറക്കും. കോവിഡ്‌ മഹാമാരിയാണ്‌ കുട്ടികളെ അവർ ഒരിക്കലും ഇഷ്‌ടപ്പെടാത്ത  ഒരവസ്ഥയിൽ ഇത്രയുംകാലം കഴിഞ്ഞുകൂടാൻ നിർബന്ധിച്ചത്‌. ലക്ഷക്കണക്കിന്‌ വിദ്യാർഥികൾക്ക്‌ അതിൽനിന്നുള്ള മോചനമാണ്‌ സാധ്യമാകുന്നത്‌. കോളേജ്‌ ക്ലാസുകൾ നേരത്തേ ആരംഭിച്ചതിന്റെകൂടി അനുഭവം പശ്‌ചാത്തലമാക്കിയാണ്‌ സ്‌കൂൾ അധ്യയനം  തുടങ്ങുന്നത്‌.

കോവിഡ്‌ മഹാമാരിയുടെ രൂക്ഷത കുറഞ്ഞിട്ടുണ്ടെങ്കിലും വൈറസ്‌ നമ്മെ വിട്ടുപോയിട്ടില്ല. അതുകൊണ്ടുതന്നെ, കരുതലും ജാഗ്രതയും വിട്ടുവീഴ്‌ചയില്ലാതെ പിന്തുടരുകതന്നെ വേണം. അധ്യാപകരും ജീവനക്കാരും വാക്‌സിനേഷൻ നടത്തേണ്ടത്‌ നിർബന്ധമാണ്‌. ഒരു ഡോസ്‌ വാക്‌സിൻപോലും എടുക്കാത്ത 2282 അധ്യാപകരെയും 327 അനധ്യാപകരെയും സ്‌കൂളിൽ വരുന്നതിൽനിന്ന്‌ രണ്ടാഴ്‌ചത്തേക്ക്‌ സർക്കാർ വിലക്കിയത്‌ ജാഗ്രതയ്‌ക്ക്‌ നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നു. സ്‌കൂളിലെത്തുന്ന എല്ലാവരുംതന്നെ മാസ്‌ക് ധരിക്കേണ്ടത്‌ അനിവാര്യമാണ്‌. കൂടിച്ചേരലുകൾ ഒഴിവാക്കണം. അതോടൊപ്പം  സ്‌കൂളുകളും പരിസരവും ശുചിയായി സൂക്ഷിക്കുക പരമപ്രധാനമാണ്‌.  വിദ്യാലയത്തിൽ പ്രവേശിക്കുന്നവർക്ക്‌ പനിയുണ്ടോ എന്നറിയാൻ തെർമൽ സ്‌കാനറുകൾ ഇതിനകംതന്നെ എത്തിച്ചു. വിദ്യാഭ്യാസ വകുപ്പ്‌ നിർദേശിച്ചതനുസരിച്ച്‌ സ്‌കൂളുകൾ സജ്ജമാക്കാൻ അധികൃതരും പിടിഎയും മാനേജ്‌മെന്റ്‌ കമ്മിറ്റികളും പ്രത്യേകം ശ്രദ്ധ പുലർത്തണം.തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാണ്‌. അതില്ലാത്ത കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കരുത്‌. അണുനശീകരണം  നടത്തുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കൂട്ടംചേരൽ ഒഴിവാക്കാനായി ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ ബാച്ചുകളായി ക്രമീകരിക്കാനും  വിദ്യാഭ്യാസ വകുപ്പ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌‌. കുട്ടികൾക്ക്‌  ഉച്ചഭക്ഷണം നൽകാനും തീരുമാനിച്ചിട്ടുണ്ട്‌. കുട്ടികൾക്ക്‌ യാത്ര ചെയ്യുന്നതിനായി പ്രത്യേക വാഹനം ഏർപ്പെടുത്താനും സ്‌കൂളുകൾ മുൻകൈയെടുക്കുന്നുണ്ട്‌. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശഭരണ, ഗതാഗത വകുപ്പുകളുടെ ഏകോപിച്ച പ്രവർത്തനം സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഭയാശങ്കകളേതുമില്ലാതെ കുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കാനുള്ള സാഹചര്യമാണ്‌ രക്ഷിതാക്കൾക്ക്‌ മുമ്പിലുള്ളത്‌.

നീണ്ടകാലം വീട്ടിലിരുന്ന്‌, തുടർച്ചയായ  ഡിജിറ്റൽ പഠനത്തിനുശേഷം സ്‌കൂളുകളിലെത്തുന്ന കുട്ടികളെ ആത്മവിശ്വാസത്തോടെ പഠനാന്തരീക്ഷത്തിലേക്ക്‌ നയിക്കാൻ അധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണം. വിദ്യാഭ്യാസ വകുപ്പ്‌ ഇറക്കിയ മാർഗരേഖ ഇക്കാര്യം എടുത്തുപറയുന്നുണ്ട്‌. എല്ലാ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌. ആദ്യ രണ്ടാഴ്‌ച ഹാജർ രേഖപ്പെടുത്തേണ്ടതില്ലെന്നും ഗൗരവത്തോടെയുള്ള പഠനം തുടങ്ങേണ്ടതില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. പാഠപുസ്‌തകം അടിസ്ഥാനമാക്കിയുള്ള നേരിട്ടുള്ള പഠനത്തിലേക്ക്‌ അതിനുശേഷമേ പോകാവൂ എന്നാണ്‌ മാർഗരേഖ നിർദേശിക്കുന്നത്‌. കുട്ടികളിൽ ഒരു തരത്തിലും മാനസിക പിരിമുറുക്കം ഉണ്ടാകുന്ന  സാഹചര്യം വിദ്യാലയങ്ങളിൽ സൃഷ്‌ടിക്കപ്പെടരുതെന്ന്‌ സർക്കാരിന്‌ നിർബന്ധമുണ്ട്‌. പഠനത്തിന്‌ സജ്ജമാകാനുള്ള മാനസിക സാമൂഹ്യ പിന്തുണയാണ്‌ കുട്ടികൾക്ക്‌ ആദ്യം നൽകേണ്ടത്‌.  സന്തോഷകരമായ അന്തരീക്ഷത്തിലേക്കായിരിക്കണം കുട്ടികളെ സ്വാഗതം ചെയ്യേണ്ടത്‌. വെർച്വൽ ലോകത്തുനിന്ന്‌ യഥാർഥ ക്ലാസ്‌ മുറികളിലേക്ക്‌ വരുന്ന കുട്ടികളെ പുതിയ പരിസരത്തിൽ ഉറപ്പിച്ചുനിർത്തുന്ന സമീപനമാണ്‌ സ്വീകരിക്കേണ്ടത്‌. അതിനായി കൂട്ടായ പരിശ്രമം വേണം. കേരളീയ സമൂഹത്തിന്റെ ശുഭാപ്‌തി വിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ഇച്ഛാശക്തിയും ഇക്കാര്യത്തിലും ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top