20 April Saturday

അറിവിന്റെ തിരുമുറ്റം വീണ്ടെടുക്കാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 29, 2022


കോവിഡിന്റെ കടന്നാക്രമണം ഏറെ താളംതെറ്റിച്ചത്‌ കുഞ്ഞുമനസ്സുകളെയാണ്‌. സ്‌കൂൾ അങ്കണങ്ങളിൽ പറവകളെപ്പോലെ പാറിനടന്ന്‌ കൂട്ടായ്‌മയുടെയും സൗഹൃദത്തിന്റെയും മധുരം നുകർന്ന കുട്ടികൾ രണ്ടുവർഷത്തോളം കൂട്ടിലടച്ചതുപോലെയായി. പാഠങ്ങളും പരീക്ഷയും മുടങ്ങാതെ, സർക്കാരും അധ്യാപകരും ജാഗ്രത കാട്ടിയെങ്കിലും വിദ്യാലയം പകർന്നുനൽകുന്ന ഉണർവും ഓജസ്സും അവർക്ക്‌ നഷ്‌ടപ്പെട്ടു. സ്ഥിതിഗതികൾ മെച്ചപ്പെട്ട ആദ്യ അവസരത്തിൽത്തന്നെ ക്ലാസുകൾ ആരംഭിച്ചെങ്കിലും പരിമിതികളും നിയന്ത്രണങ്ങളും ഏറെയായിരുന്നു. പാഠഭാഗങ്ങൾ പൂർത്തിയാക്കി യഥാസമയം പരീക്ഷ നടത്തിയാലേ അടുത്ത അധ്യയനവർഷത്തിലെങ്കിലും പഴയനില തിരിച്ചുപിടിക്കാനാകൂ എന്ന നിലപാടാണ്‌ സർക്കാരും വിദ്യാഭ്യാസമന്ത്രിയും സ്വീകരിച്ചത്‌. അധ്യാപക സമൂഹവും രക്ഷിതാക്കളും ഇതിന്‌ കലവറയില്ലാത്ത പിന്തുണ നൽകി.

ഇതര സംസ്ഥാനങ്ങൾ പഠനവും പരീക്ഷയും പൂർണമായി ഒഴിവാക്കിയ കോവിഡ്‌കാലത്ത്‌ കേരളം വേറിട്ട പാത സ്വീകരിച്ചു. പ്രീപ്രൈമറിമുതൽ കലാശാലാതലംവരെ അധ്യയനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൃത്യമായി നടത്തി. ഈ രംഗത്ത്‌ രാജ്യത്ത്‌ ഏറ്റവും മുന്നിലെന്ന ബഹുമതിയും കേരളം കരസ്ഥമാക്കി. എസ്‌എസ്‌എൽസി,  പ്ലസ്‌ ടു  പരീക്ഷകൾ നേരിട്ട്‌ നടത്താനുള്ള സർക്കാർ നിശ്ചയദാർഢ്യം കടുത്ത ആക്രമണം നേരിട്ടാണ്‌ വിജയത്തിലെത്തിയത്‌. രാഷ്‌ട്രീയമായി മാത്രമല്ല , കോടതിയിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. എന്നാൽ, പഴുതടച്ച സുരക്ഷാ സംവിധാനങ്ങളിലൂടെ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി പരീക്ഷകൾ പൂർത്തിയാക്കാൻ സാധിച്ചു. വൈകാതെ ഫലപ്രഖ്യാപനവും തുടർപഠനവും ഉറപ്പാക്കി. മറ്റു സംസ്ഥാനങ്ങൾ ഇരുട്ടിൽ തപ്പുമ്പോഴാണ്‌ കേരളം ഈ വെല്ലുവിളി ഏറ്റെടുത്തത്‌. കുട്ടികളെ ചേർത്തുപിടിച്ച എൽഡിഎഫ്‌ സർക്കാർ മറ്റൊരു ബദൽ രാജ്യത്തിന്‌ മുന്നിൽവച്ചു. ക്ലാസ്‌മുറിയും കൂട്ടുചേരലുകളും ഇല്ലാതായെങ്കിലും കുട്ടികളുടെ അക്കാദമിക്‌ നിലവാരം താഴാതെ നിലനിർത്താനുള്ള പരിശ്രമങ്ങൾ ഫലം കണ്ടു.

അനിശ്ചിതത്വങ്ങൾക്ക്‌ നടുവിലും അതിരില്ലാത്ത ആത്മവിശ്വാസം കുട്ടികൾക്ക്‌ പകരാൻ എൽഡിഎഫ്‌ സർക്കാരിന്‌ സാധിച്ചതിന്റെ പ്രതിഫലനമാണ്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ വാക്കുകൾ. സ്‌കൂൾ ഫൈനൽ പരീക്ഷകൾ മാർച്ച്‌ അവസാനം തുടങ്ങി ഏപ്രിലിൽത്തന്നെ പൂർത്തിയാക്കാനുള്ള എല്ലാ ഒരുക്കവുമായി. പരീക്ഷ പൂർത്തിയായാലുടൻ അടുത്ത അധ്യയനവർഷത്തേക്കുള്ള തയ്യാറെടുപ്പുകളാണ്‌. കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിപ്പോയ ഒട്ടനവധി പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കാണ്‌ സർക്കാർ നേരത്തേതന്നെ പദ്ധതി തയ്യാറാക്കിയത്‌. പാഠപുസ്‌തക വിതരണം ഉടൻ നടത്തും. അക്കാദമിക്‌ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ സ്‌കൂൾതല ശിൽപ്പശാല, ഉപകരണങ്ങളുടെ കേടുപാട്‌ തീർക്കാൻ ഡിജിറ്റൽ ക്ലിനിക്‌, പിടിഎ പുനഃസംഘടിപ്പിച്ച്‌ കാര്യക്ഷമമാക്കാൻ മാർഗരേഖ, ഒന്നുമുതൽ ഏഴുവരെയുള്ള അധ്യാപക പരിശീലനം എന്നിവ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടത്തും. ഉയർന്ന ക്ലാസുകളിലെ അധ്യാപകർക്ക്‌ മൂല്യനിർണയം പൂർത്തിയായശേഷമായിരിക്കും പരിശീലനം. പുതിയ അധ്യയനവർഷത്തിൽ ഭിന്നശേഷി കുട്ടികൾക്ക്‌ പ്രത്യേക പരിഗണന നൽകുന്നത് പ്രശംസനീയമാണ്‌. ആറാം വയസ്സിൽ സ്‌കൂൾ പ്രവേശനമെന്ന കേന്ദ്രനിർദേശം നടപ്പാക്കില്ലെന്ന തീരുമാനവും ഉചിതമായി. കോവിഡാനന്തരമുള്ള പുതിയ സാഹചര്യത്തിൽ സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി ആരോഗ്യ, -ഗതാഗത, -തദ്ദേശഭരണ വകുപ്പുകളുമായി ചേർന്നായിരിക്കും വിദ്യാഭ്യാസവകുപ്പ്‌ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുക.

ഇതൊക്കെ കഴിയുമ്പോഴേക്ക്‌ വേനലവധി ആഘോഷിച്ച്‌ കൂട്ടുകാർ തയ്യാറായി നിൽക്കണം. ഇക്കുറി പ്രവേശനോത്സവം ജൂൺ ഒന്നിനുതന്നെ. സംസ്ഥാന, ജില്ല, സ്‌കൂൾതലങ്ങളിൽ പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. കോവിഡ്‌കാലത്ത്‌ നമ്മുടെ കുട്ടികൾക്ക്‌ നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ, അവരിലെ പ്രകാശത്തെ കൂടുതൽ ജ്വലിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ്‌ സർക്കാർ. ഉന്നത വിദ്യാഭ്യാസത്തെ സാമൂഹ്യനിക്ഷേപമായി ഉയർത്തി വിജ്ഞാനസമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാനുള്ള വിശാല കാഴ്‌ചപ്പാടാണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്‌. അതിനനുസൃതമായി സ്‌കൂൾ വിദ്യാഭ്യസത്തെ ശക്തിപ്പെടുത്തുക എന്ന അനിവാര്യമായ ചുമതലകൂടിയാണ്‌ സർക്കാർ നിർവഹിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top