08 December Friday

കൗമാരോത്സവത്തിന്റെ സർഗകാന്തി

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

കോഴിക്കോട് ദിവസങ്ങൾക്കുമുന്നേ കലയുടെ ആരവത്തിലായിരുന്നു. ആ ആരവം പിന്നെ അരങ്ങുതകർത്ത അഞ്ച്‌ രാപ്പകലുകൾ കടന്നുപോയതറിഞ്ഞില്ല. ജനുവരി മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിച്ചതോടെ കേരളത്തിന്റെ കൗമാരകലാ സ്വപ്നങ്ങൾ അവിടെ നിറഞ്ഞാടുകയായിരുന്നു. രാഗതാളങ്ങൾ ചുവടുവച്ചു. കവിതകൾ ഗംഗയായൊഴുകി, വൈവിധ്യമാർന്ന സംഗീതധാരകൾ അമൃതായി പടർന്നു, അരങ്ങുകളിൽ വിപ്ലവാവേശത്തിന്റെ, ഒരുമയുടെ, മാനവമൈത്രിയുടെ, സാഹോദര്യത്തിന്റെ മാറ്റൊലികൾ മുഴങ്ങി.  നാദതാളവർണങ്ങൾ സമന്വയിച്ചു. എവിടെയും നാടിന്റെ കലാവൈവിധ്യങ്ങൾ ഒന്നിച്ചിഴ ചേർന്ന അതിമനോഹര കാഴ്ചകൾ, സ്വരങ്ങൾ. എങ്ങും നിലയ്ക്കാത്ത കൈയടികൾ.

ഒപ്പനയും കോൽക്കളിയും മാർഗംകളിയും തിരുവാതിരകളിയും മാപ്പിളപ്പാട്ടും സംഘനൃത്തവുമെല്ലാം കാണാനും കേൾക്കാനും മുത്തശ്ശിമാരടക്കം കോഴിക്കോട് ഒന്നാകെ ഒഴുകിയെത്തി. കലോത്സവത്തെ കോഴിക്കോടിന്റെ ഹൃദയം ഏറ്റെടുത്തു. ഒടുവിൽ, കോഴിക്കോട് തന്നെ കലാകിരീടമണിഞ്ഞ്, ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം കൊടിയിറങ്ങിയപ്പോൾ സംസ്ഥാന സർക്കാരിന്റെ, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വലിയൊരു ദൗത്യം പരാതികളേതുമില്ലാതെ സഫലമായി. 945 പോയിന്റോടെ സ്വർണക്കപ്പിൽ ചുംബിച്ച കോഴിക്കോടിനു പിന്നാലെ കണ്ണൂരും പാലക്കാടും രണ്ടാംസ്ഥാനം പങ്കിട്ടു.

കോവിഡിന്റെ മഹാസങ്കടങ്ങൾ നിറഞ്ഞ രണ്ടു വർഷത്തെ ഇടവേളയ്‌ക്കുശേഷം വന്നണഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവം എല്ലാ തലത്തിലും അർഥപൂർണമായി എന്നുപറയുന്നത് കേവലം അവകാശവാദമല്ല. പങ്കെടുത്ത കുട്ടികളുടെ, അവർക്കൊപ്പമെത്തിയ രക്ഷിതാക്കളുടെ, അധ്യാപകരുടെ, വിധികർത്താക്കളുടെ, എല്ലാത്തിനുമുപരി കലോത്സവ സദസ്സുകളിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയത്തിന്റെ അഭിപ്രായമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും നേരിട്ട് നേതൃത്വം നൽകിയ കലോത്സവം സംഘാടനമികവിൽ സമാനതകളില്ലാത്ത മാതൃകയായി. ലോകത്തുതന്നെ കുട്ടികളുടെ ഇത്രയും വലിയൊരു കലോത്സവം മറ്റൊന്നുണ്ടോയെന്ന് സംശയമാണ്. അങ്ങനെയൊന്ന് സംഘടിപ്പിക്കുമ്പോൾ യഥാർഥ കലയുടെ കുറ്റമറ്റ വിജയത്തിന്, ഏറ്റവും സൂഷ്മതലങ്ങളിൽപ്പോലും സംഘാടനത്തിന്റെ മികവും കെട്ടുറപ്പും അനിവാര്യമാണ്. ആ മികവ് വിളിച്ചറിയിച്ച കലോത്സവമായിരുന്നു കോഴിക്കോട്ട് നടന്നത്. ഒരിടത്തും പരാതികളുടെ മേളം കൊട്ടിക്കയറിയില്ല. താളപ്പിഴകളുണ്ടായില്ല. അലങ്കോലങ്ങളുടെ ശബ്ദ കോലാഹലങ്ങൾ തലപൊക്കിയില്ല. ഭക്ഷണത്തിന്റെ പേരിൽ കുത്തിത്തിരിപ്പുകൾക്ക് ശ്രമമുണ്ടായെങ്കിലും അതൊന്നും ഏശിയില്ല. കലോത്സവത്തിന് കോഴിക്കോട്ടെ ജനങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണ പ്രത്യേകം പറയേണ്ടതുണ്ട്.

61–--ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനാണ് കോഴിക്കോട് വേദിയായത്. പങ്കെടുത്തത് 239 ഇനത്തിലായി പതിനാലായിരത്തിലേറെ മത്സരാർഥികൾ. ഇവരുടെ രക്ഷിതാക്കളായി ഇതിന്‌ ഇരട്ടിയോളംപേർ. പിന്നെ അധ്യാപകർ. ഏതാണ്ട് മുപ്പതിനായിരത്തോളംപേരാണ് മത്സരവേദികളുമായി നേരിട്ടു ബന്ധപ്പെട്ടവരായി എത്തിയത്. ഇവർക്കു പുറമെ കാണികളായി എത്തിയ വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ, വിവിധ തലങ്ങളിലെ സംഘാടകരായ മൂവായിരത്തോളംപേർ, ആയിരത്തിലേറെ മാധ്യമപ്രവർത്തകർ. ഇങ്ങനെയൊരു മഹാമേളയാണ് പരാതികളില്ലാതെ സംഘടിപ്പിച്ചത്. പ്രതീക്ഷകളോടെ കലോത്സവത്തിനെത്തിയ എല്ലാവരോടും നീതിപുലർത്താൻ സംഘാടകസമിതിക്ക് കഴിഞ്ഞു. കൃത്യമായ സമയക്രമം, പാകപ്പിഴകളില്ലാത്ത വിധിനിർണയം, വിദഗ്ധരായ വിധികർത്താക്കൾ, കുറ്റമറ്റ ഭക്ഷണം എന്നിവയെല്ലാം എടുത്തുപറയേണ്ട കാര്യങ്ങളാണ്. മന്ത്രിമാർക്കു പുറമെ എംഎൽഎമാരടക്കം വിവിധതലങ്ങളിലെ ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ,  ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ കലാസാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവരെല്ലാം അടങ്ങുന്ന ജനകീയ സംഘാടകസമിതിയും ഉപസമിതികളും എണ്ണയിട്ട യന്ത്രംപോലെ സദാസമയവും പ്രവർത്തിച്ചതാണ് രജിസ്ട്രേഷൻ മുതൽ ഒരിടത്തും പ്രശ്നങ്ങളില്ലാതെ കലോത്സവത്തെ വിജയകരമാക്കിയതെന്ന് ചുരുക്കം. സാധാരണ കാണാറുള്ളതുപോലെ അപ്പീൽ പ്രളയം ഉണ്ടായില്ലെന്നതും കോഴിക്കോട് കലോത്സവത്തിന്റെ സവിശേഷതയായി.

കലോത്സവത്തിന്റെ ഓരോ വേദിയിലും പുതിയ പ്രതീക്ഷകൾ, പ്രതിഭകൾ, സർഗകാന്തികൾ പൂത്തുലഞ്ഞു. കൗമാരകലാ ലോകത്ത് വിടർന്നത് നാളെയുടെ പുതിയ പൂക്കൾ. ഇതോടൊപ്പം നാം കാണേണ്ട മറ്റൊരു വസ്തുത, വേണ്ടത്ര പരിശീലനം കിട്ടാതെയും മറ്റു പല കാരണത്താലും കലോത്സവവേദികളിൽ എത്താൻ കഴിയാതെപോയ അനേകം പ്രതിഭകൾ പുറത്തുണ്ട് എന്നതാണ്. അവരെയെല്ലാം ചേർത്തുപിടിക്കാൻ കേരളത്തിന്റെ സാംസ്കാരിക മേഖലയ്‌ക്ക് കഴിയണം. നൃത്ത ഇനങ്ങളിലെ ആർഭാടങ്ങളും അതിന് വേണ്ടിവരുന്ന വലിയ ചെലവും ഒഴിവാക്കാൻ ഇനിയും കർശന നിർദേശങ്ങൾ വേണ്ടിവരുമെന്ന് ഈ കലോത്സവവും നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഭാരിച്ച ചെലവ്‌ കാരണം പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ പലപ്പോഴും ഇതിൽനിന്ന് മാറിനിൽക്കേണ്ട സാഹചര്യമുണ്ട്. അതിന് അടിയന്തരപരിഹാരം വേണം.
 ഏറ്റവുമൊടുവിൽ ഇതുകൂടി പറയട്ടെ. സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്വർഗമാകുന്ന കാലത്തിലേക്ക് മനുഷ്യരെയാകെ കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ് കല. ബഹുസ്വര സംസ്കാരത്തിന്റെ അനന്തമായ സർഗസാധ്യതകൾക്കാണ് കല വഴിതുറക്കുന്നത്.  ഇവിടെ തോൽവിയും വിജയവും രണ്ടായി കാണേണ്ടതില്ല. പങ്കാളിത്തമാണ് പ്രധാനം. കലോത്സവത്തിൽ പങ്കെടുത്ത ഓരോ കുട്ടിക്കും സംഘാടകസമിതിക്കും സർക്കാരിനും ഞങ്ങളുടെ അഭിനന്ദനങ്ങൾ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top