കരകയറാനാകാത്ത അതിരൂക്ഷമായ കടക്കെണിയെത്തുടർന്ന് 2020‐21 കാലയളവിൽ രാജ്യത്ത് പതിനൊന്നായിരത്തിനടുത്ത് കർഷകർ ജീവനൊടുക്കിയതായാണ് പുതിയ റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റലിന്റേതാണ് പഠനം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദി സർക്കാരിന്റെ അവകാശവാദങ്ങൾക്കിടയിലാണ് ഈ പ്രതിസന്ധി. പകുതിയിലേറെ ആത്മഹത്യ മഹാരാഷ്ട്രയിലാണ് (5207). വരുമാനത്തകർച്ച, ഹുണ്ടികക്കാരുടെ കൊള്ളപ്പലിശ, രോഗബാധ, കാലാവസ്ഥാ വ്യതിയാനം, ജലദൗർലഭ്യം, രാസവള വിലവർധന തുടങ്ങിയവയാണ് കാരണം. എന്നിട്ടും കരകയറ്റാൻ കേന്ദ്രം ഒരു മാർഗവും അവലംബിക്കുന്നില്ലെന്നു മാത്രമല്ല, ഭാരങ്ങൾ തുടർച്ചയായി അടിച്ചേൽപ്പിക്കുകയുമാണ്. കേരളത്തിൽ റബർ കർഷകരുടെ വയറ്റത്തടിച്ച് ലാഭം ടയർ ലോബികൾ സമർഥമായി കവരുകയും ചെയ്യുന്നു. നവഉദാരവൽക്കരണ കാലയളവിൽ വില കൂടുകയുണ്ടായി. കോൺഗ്രസ് സർക്കാർ ആസിയാൻ കരാറിൽ തലവച്ചുകൊടുത്തതോടെ റബർ വില കുത്തനെ ഇടിഞ്ഞു. അതിലൂടെ കർഷക വരുമാനത്തിലെ ചോർച്ച 9000 കോടിയാണ്. സംസ്ഥാന സമ്പദ്‌വ്യവസ്ഥയിൽ വൻ പരിക്കും വരുത്തി. |
ഈയൊരു പശ്‌ചാത്തലത്തിലാണ് കേന്ദ്രവിഹിതം നൽകാത്തതിനാൽ കേരളത്തിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ പരിശോധിക്കേണ്ടത്. ചെലവിന്റെ അറുപതു ശതമാനവും അരിയും കേന്ദ്രം അനുവദിക്കേണ്ടതാണ്. 2021‐22 മുതൽ ആ സഹായം ബോധപൂർവം വൈകിപ്പിച്ച് ബാധ്യതയിൽനിന്ന് ഒളിച്ചോടുകയാണെന്നു കാണാം. അതോടെ പദ്ധതിച്ചെലവ്, പാചകത്തൊഴിലാളികളുടെ ഓണറേറിയം തുടങ്ങിയവ കൃത്യമായി നൽകാനാകുന്നില്ല. ഉച്ചഭക്ഷണത്തിന് കേന്ദ്ര ബജറ്റിൽ പതിനായിരം കോടി നീക്കിവച്ചെങ്കിലും ആദ്യഗഡു ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനുമാത്രം. സ്വന്തം പാർടി അധികാരത്തിലുള്ള സംസ്ഥാന സർക്കാരുകളോട് ഒരുവിധ ചോദ്യങ്ങളുമില്ലെന്ന് അവിടങ്ങളിലേക്ക് കോരിച്ചൊരിയുന്ന പണത്തിന്റെ കണക്കുതന്നെ ഉദാഹരണം. കേരളത്തിന് കേന്ദ്രം അനുവദിക്കേണ്ടത് 284.31 കോടിയാണ്. സംസ്ഥാന വിഹിതം 163.15 കോടി ഉൾപ്പെടെ 447.46 കോടി. അതിൽ ആദ്യ ഗഡു 170.59 കോടി. അത് കിട്ടിയാൽ ആനുപാതിക സംസ്ഥാനവിഹിതമായ 97.89 കോടി ഉൾപ്പെടെ അനുവദിക്കാനാകും.
കേന്ദ്ര അവഗണന തുറന്നുകാട്ടുന്നതിനു പകരം കഴിഞ്ഞ കൊല്ലത്തെ രേഖകൾ യഥാസമയം സമർപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പണം അനുവദിക്കാത്തതെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടുപിടിത്തം. ആദ്യ ഗഡുവിനുള്ള സമഗ്ര നിർദേശം ജൂലൈ നാലിന് സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടും സാമ്പത്തിക ഞെരുക്കത്തിനിടയിലും ബഹുമുഖങ്ങളായ ജനകീയ പദ്ധതികൾ നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിനെ പഴിചാരുകയും രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെ വിഹിതങ്ങൾക്ക് ഉടക്കുവയ്‌ക്കുന്ന മോദിയെയും പരിവാരങ്ങളെയും ന്യായീകരിക്കുകയുമാണ് അവ. അതിനു സമാനമായ നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നത് പൊറുക്കാവുന്നതല്ല. ഫെഡറലിസത്തിന്റെ ആശയങ്ങൾക്കുനേരെ കോൺഗ്രസിനും അത്ര പ്രതിപത്തിയില്ലെന്നാണ് കാര്യങ്ങൾ വെളിവാക്കുന്നത്.
ആദ്യ ഗഡു കേന്ദ്രവിഹിതമായി 170.59 കോടിയും സംസ്ഥാനവിഹിതം 97.89 കോടിയുമുൾപ്പെടെ 268.48 കോടിയാണ് നവംബർവരെയുള്ള ചെലവുകൾക്ക് നൽകേണ്ടിയിരുന്നത്. മുൻകൊല്ലത്തെ ചെലവുകൾ ഉൾപ്പെടെ സമഗ്ര നിർദേശം ജൂലൈ നാലിന് അയച്ചതാണ്. പക്ഷേ, ബാലിശമായ തർക്കങ്ങൾ ഉയർത്തി വിഹിതം തടഞ്ഞുവയ്‌ക്കുകയായിരുന്നു. ചെലവിട്ട സംഖ്യയുടെ കണക്കിന്റെ വിശദാംശങ്ങൾ അവയുടെ ക്രമത്തിൽ തുടർച്ചയായി ബോധ്യപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ ഭാഗമല്ല സംസ്ഥാന സർക്കാരുകൾ എന്ന ഭാവത്തിലാണ് മോദിയുടെയും കൂട്ടാളികളുടെയും സമീപനങ്ങൾ. ഓരോ സംസ്ഥാനത്തെയും സവിശേഷമായ അടിയന്തരാവശ്യങ്ങൾ പരിഗണിച്ച് കൈത്താങ്ങു നൽകി അർഹമായ വിഹിതം നൽകുക എല്ലാ കേന്ദ്ര സർക്കാരുകളും അനുവർത്തിക്കാറുണ്ട്. ബിജെപി ഇതര സംസ്ഥാന സർക്കാരുകളോട് മോദി കടുത്ത വിവേചനം തുടരുകയാണ്. കർഷകദ്രോഹം, റബർ കൃഷിക്കാരുടെ ദൈന്യത, സ്‌കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ മണ്ണുവാരിയിടൽ എന്നിങ്ങനെ ക്രൂരതയുടെ അതിരുകളും കടന്നുപോയിരിക്കുന്നു. അതിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..