20 April Saturday

കേരളത്തിന്റെ നേട്ടം കണ്ടില്ലെന്ന്‌ നടിക്കുന്നവർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2019


കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങൾ ഒരിക്കൽക്കൂടി അംഗീകാരം നേടുന്നു. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സ്‌ 2019-ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങൾ, പഠനനിലവാരം തുടങ്ങി 30 നിർണായക  മാനകങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ തവണയും പട്ടികയിൽ കേരളം ഒന്നാമതെത്തിയിരുന്നു. അന്ന് സ്‌കോർ 77.64 ആയിരുന്നു. ഇത്തവണ 82.17 സ്‌കോർ നേടിയാണ് കേരളം ഒന്നാംസ്ഥാനം നേടിയത്. 

ഈ നേട്ടം തനിയെ ഉണ്ടായതല്ല. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ ഇടപെടലുകൾക്കുള്ള അംഗീകാരമാണ്  ഇത്. നിശ്ചയദാർഢ്യവും ലക്ഷ്യബോധവുമുള്ള ഒരു സർക്കാർ ഇവിടെയുള്ളതുകൊണ്ടാണ് കേരളം ഈ നേട്ടത്തിന്റെ നെറുകയിലെത്തിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം കുട്ടികളാണ് മൂന്നുവർഷത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിൽ അധികമായി എത്തിയത്. എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന പദവിയും കേരളം സ്വന്തമാക്കാൻ പോവുകയാണ്.

45,000 ക്ലാസ് റൂം ഹൈടെക് ആയി കഴിഞ്ഞു. പ്രൈമറി സ്‌കൂളുകളിലെ ഹൈടെക് ലാബ് നിർമാണം പുരോഗമിക്കുന്നു. സ്‌കൂളുകൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കിഫ്ബി വഴി 2037.91 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്തുമാത്രം നടപ്പാക്കിവരുന്നത്. പാഠപുസ്‌തകവിതരണംപോലുള്ള കാര്യങ്ങളിലും മുന്നിലെത്തി. അധ്യയനവർഷം തുടങ്ങുംമുമ്പ് മുഴുവൻ സ്‌കൂളിലും പുസ്‌തകമെത്തിക്കാൻ സർക്കാരിനായി. സ്‌കൂളുകൾ അടച്ചുപൂട്ടുകയല്ല, അവ ഏറ്റെടുത്ത് സംരക്ഷിക്കുക എന്ന നയമാണ് സർക്കാർ നടപ്പാക്കുന്നത്.

സൂചികയിലെ ഈ മുന്നേറ്റം മൂന്നുവർഷമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നേട്ടംതന്നെയാണ് എന്ന് വ്യക്തമാകുന്നത് പഠനത്തിന് ആധാരമാക്കിയ മുൻവർഷം നോക്കുമ്പോഴാണ്. 2015–-16 അടിസ്ഥാന വർഷമായി പരിഗണിച്ചുകൊണ്ടാണ് പഠനം

സൂചികയിലെ ഈ മുന്നേറ്റം മൂന്നുവർഷമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നേട്ടംതന്നെയാണ് എന്ന് വ്യക്തമാകുന്നത് പഠനത്തിന് ആധാരമാക്കിയ മുൻവർഷം നോക്കുമ്പോഴാണ്. 2015–-16 അടിസ്ഥാന വർഷമായി പരിഗണിച്ചുകൊണ്ടാണ് പഠനം. അതായത്  2015–-16 നെ അപേക്ഷിച്ച് എത്ര പുരോഗതി ഉണ്ടായി എന്ന്‌ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയത്. സാധാരണ സ്വകാര്യ സ്ഥാപനങ്ങളും സർക്കാരിതര സംഘടനകളും നടത്തുന്ന കണക്കെടുപ്പുകളെക്കാൾ പ്രസക്തമായതാണ് നിതി ആയോഗിന്റെ വിലയിരുത്തൽ. ആസൂത്രണ കമീഷനെ ഇല്ലാതാക്കി ബിജെപി സർക്കാർ കൊണ്ടുവന്ന ഈ സംവിധാനം തന്നെയാണ് ഇന്ന് ഇക്കാര്യങ്ങളിൽ ആധികാരികതയുള്ള സ്ഥാപനം. മാനവവിഭവശേഷി മന്ത്രാലയം, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് നിതി ആയോഗ് പഠനം നടത്തിയത്.

കേരളം ഇന്ന് നേടുന്ന നേട്ടങ്ങൾക്കൊന്നും ഇന്നലെകളുടെ പിന്തുണയില്ലെന്നൊന്നും ആരും കരുതുന്നില്ല. കേരളം വിദ്യാഭ്യാസരംഗത്ത് മുന്നിലെത്തിയത് മൂന്നുവർഷം കൊണ്ടല്ലതാനും. ഭരണനേട്ടങ്ങളും സമരനേട്ടങ്ങളും ചേർന്നാണ് വിദ്യാഭ്യാസരംഗത്തടക്കം കേരളത്തെ  ഒന്നാമതെത്തിച്ചത്. പക്ഷേ, ഈ നേട്ടങ്ങൾ ആകെ തകർത്ത്  വിദ്യാഭ്യാസത്തെ അഴിമതിക്കും കച്ചവടത്തിനും പ്രയോജനകരമായ മറ്റൊരു മേഖല എന്നുമാത്രം കണ്ട ഒരു സർക്കാരാണ് അഞ്ചുവർഷം കേരളം ഭരിച്ചത്. അവർ തകർത്തിട്ടിടത്തുനിന്ന്‌ തിരികെപ്പിടിച്ചതാണ് കേരളത്തിന്റെ ഈ നേട്ടം. ഇതുവരെ നേടിയതെല്ലാം  സംരക്ഷിച്ചുനിർത്താനും ഇനിയും മുന്നോട്ടുകുതിക്കാനും കഴിയുംവിധം  മുന്നിൽനിന്ന് നയിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ആ പരിശ്രമത്തിന്റെ വിജയം കൂടിയാണ് നിതി ആയോഗിന്റെ കണക്കെടുപ്പിലെ ഈ ഒന്നാംസ്ഥാനം. പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിന്റെ അവസാനസ്ഥാനവും കാണണം. അവിടെനിന്ന് പഠിക്കാനാണല്ലോ സംഘപരിവാർ കേരളത്തെ ഇടയ്‌ക്കിടെ ഉപദേശിക്കുന്നത്.

കേരളം ഇത്തരത്തിലൊരു  നേട്ടം കൊയ്‌തതിനോട് മലയാളപത്രങ്ങൾ പ്രതികരിച്ച രീതിയെപ്പറ്റിക്കൂടി പറയാതെ വയ്യ. ഇന്ത്യയിൽ പ്രാദേശിക പത്രങ്ങളുടെ പ്രചാരത്തിൽ ഒന്നാമതും രണ്ടാമതും എന്നൊക്കെ മേനിനടിക്കുന്ന മലയാള മാധ്യമങ്ങൾക്ക് കേരളത്തിന്റെ ഈ മികവ് വാർത്തയല്ല. മലയാള മനോരമ ഏതോ ഉൾപേജിൽ ആരും കാണാൻ ഇടയില്ലാത്ത എവിടെയോ വാർത്ത കുഴിച്ചുമൂടി. മാതൃഭൂമി  വാർത്തതന്നെ തമസ്‌കരിച്ചു. സ്വന്തം പ്രചാരത്തിൽ നേരിയനേട്ടം ഉണ്ടാകുമ്പോൾ ഒന്നാം പേജ് മുഴുവനെടുത്ത് പരസ്യംചെയ്യുന്ന ഈ പത്രങ്ങൾക്ക് കേരളത്തിന്റെ നേട്ടം എന്തേ ഇത്ര അസഹ്യമാകാൻ ?

ദേശീയ ദിനപത്രമായ ‘ദ ഹിന്ദു' രാജ്യം മുഴുവൻ ഇറങ്ങുന്ന എഡിഷനുകളിൽ ആ വാർത്ത ഒന്നാം പേജിൽ കൊടുത്തപ്പോഴാണ് ഇവിടെ ഈ മൂടിവയ്‌ക്കൽ എന്നും കാണണം. കേരളം മുന്നിലെന്ന് വാർത്ത കൊടുത്താൽ അത് സംസ്ഥാന സർക്കാരിനുള്ള സർട്ടിഫിക്കറ്റ് ആയി മാറിയാലോ എന്ന് അവർ ഭയക്കുന്നു എന്നുവേണം കരുതാൻ. പിണറായി വിജയൻ മുഖ്യമന്ത്രിയും സി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസമന്ത്രിയും ആയുള്ള ഈ സർക്കാർ മോശമല്ലല്ലോ എന്ന് വായനക്കാർക്ക് തോന്നിപ്പോയാലോ എന്ന സങ്കുചിതമായ വികാരം അവരെ ഭരിക്കുന്നുണ്ടാകും. ഉപതെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കേരളത്തെ അപമാനിച്ചായാലും വേണ്ടില്ല ഭരണത്തെപ്പറ്റി നല്ലത് പറയില്ലെന്ന ദുർവാശിയിലാണ് ഈ പത്രങ്ങൾ.
പക്ഷേ, അവർ കണ്ണടച്ചാൽ ഇരുട്ടാകുന്ന നാടല്ല ഇന്ന് കേരളം എന്ന് അവർ മറന്നുപോകുന്നു. പത്രങ്ങൾമാത്രം വാർത്തയുടെ വാഹകരായിരുന്ന കാലം കഴിഞ്ഞു. ജനങ്ങൾ എല്ലാം അറിയുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളും മറ്റും തുറന്നിടുന്ന അനേകം ജനാലകൾ ഇന്നുണ്ട്. അതുകൊണ്ട് സങ്കുചിതത്വം വെടിഞ്ഞ്‌ നന്നായാൽ നിങ്ങൾക്കുകൊള്ളാം എന്നുമാത്രം പറയട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top