18 April Thursday

കിട്ടാക്കടത്തിനും പരിരക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2016


അധ്വാനിച്ചുണ്ടാക്കുന്ന ചില്ലറപ്പണംപോലും ഉപയോഗിക്കാനാകാതെ കോടിക്കണക്കിനാളുകള്‍ നട്ടംതിരിയുന്നതിനിടെ വായ്പവെട്ടിപ്പുകാരായ സമ്പന്നവ്യവസായികളുടെ 7016 കോടി രൂപ എഴുതിത്തള്ളിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഡിഎന്‍എ പത്രമാണ് വിവരം പുറത്തുകൊണ്ടുവന്നത്്. കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന് പ്രഖ്യാപിച്ച് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന കറന്‍സി നിരോധനത്തിലെ 'ആത്മാര്‍ഥത' ഇനി ആരെ വിശ്വസിപ്പിക്കാനാകും. കള്ളപ്പണം തടയുകയായിരുന്നു ലക്ഷ്യമെങ്കില്‍ നിയമലംഘകരായ ഈ വന്‍കിട വ്യവസായ രാജാക്കന്മാരുടെ അനധികൃത സ്വത്തിലായിരുന്നു ആദ്യം കൈവയ്ക്കേണ്ടിയിരുന്നത്. അവരുടെ വ്യാപാരസാമ്രാജ്യങ്ങള്‍ക്ക് ഒരു പോറലും ഏല്‍പ്പിക്കുന്നില്ലെന്ന് മാത്രമല്ല, ബാങ്കുകളെ വെട്ടിച്ച ശതകോടികള്‍ കിട്ടാക്കടമായി തള്ളിയിരിക്കുന്നു. മറുവശത്ത് കൈയിലുള്ള ഏതാനും പഴയനോട്ടുകള്‍ മാറ്റിയെടുക്കാനോ അക്കൌണ്ടിലുള്ള പണം പിന്‍വലിക്കാനോ ബാങ്കില്‍ ചെല്ലുന്ന സാധാരണക്കാരനെ കുറ്റവാളിയായാണ് ഈ സര്‍ക്കാര്‍ കാണുന്നത്. ദിനംപ്രതി പുതിയ വ്യവസ്ഥകളും പരിശോധനകളുംവച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഇരട്ടിപ്പിക്കുകയാണ്. കള്ളപ്പണക്കാര്‍ ആളെവച്ച് പണം മാറ്റുന്നത് തടയാനെന്ന പേരില്‍ അസഹനീയമായ നിബന്ധനകളും നിയന്ത്രണങ്ങളുമാണ് അടിച്ചേല്‍പ്പിക്കുന്നത്. ഒരുവശത്ത് ബാങ്കിലെത്തുന്ന എല്ലാവരുടെയും വിരലില്‍ മഷി പുരട്ടിക്കൊണ്ടിരിക്കുന്നു. അതിനിടയില്‍ വിജയ് മല്യയെപ്പോലുള്ള പ്രഖ്യാപിത കുറ്റവാളികളെ മോഡി ഭരണം മറയില്ലാതെ സഹായിക്കുന്നു. 

ഒമ്പതിനായിരം കോടി രൂപയുടെ ബാങ്ക്വായ്പ വെട്ടിപ്പില്‍ കുറ്റാരോപിതനായിരിക്കെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ മദ്യരാജാവും രാജ്യസഭാംഗവുമായ വിജയ് മല്യ ഇംഗ്ളണ്ടിലേക്ക് രക്ഷപ്പെട്ടത്. അതില്‍ 1201 കോടി പരാതിക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ എഴുതിത്തള്ളി. മല്യയടക്കം 100 വന്‍വ്യവസായികളുടെ കടമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്ബിഐ വിട്ടുകൊടുത്തത്. പതിനേഴ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കുരുക്കുകള്‍ മുറുകിക്കൊണ്ടിരിക്കെയാണ് മല്യക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയത്. മല്യ ഒളിച്ചോടുന്നത് തടയണമെന്ന ബാങ്കുകളുടെ ആവശ്യത്തില്‍ സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും മോഡി സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചു. ഒടുവില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ നടത്തിയ കുംബസാരം ഇന്ത്യയെന്ന  മഹാരാജ്യത്തിന്റെ തലകുനിപ്പിക്കുന്നതായിരുന്നു. മല്യ കടന്നുകളഞ്ഞതായി നമ്മുടെ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയെ ഉദ്ധരിച്ചാണ് റോഹ്തഗി കോടതിയെ ഉണര്‍ത്തിച്ചത്. അദ്ദേഹം ഇത്രയുംകൂടി കൂട്ടിച്ചേര്‍ത്തു.- 'അയാളെ അങ്ങയുടെ മുന്നില്‍ ഹാജരാക്കും. കാര്യങ്ങള്‍ പുറത്തുവരണം. ഞങ്ങള്‍ക്ക് പണം തിരിച്ചുപിടിക്കണം. കാരണം അത് പൊതുപണമാണ്'. മല്യയെ കൊണ്ടുവരാനായില്ലെന്നതോ പോകട്ടെ പൊതുപണമെന്നു പരമോന്നത നീതിപീഠത്തിന് മുമ്പാകെ ആണയിട്ട വായ്പാ കുടിശ്ശികയാണ് പിന്നീട് പുറത്തറിയിക്കാതെ ഒതുക്കുന്നത്.

മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ 63 വന്‍കിട കമ്പനികളുടെ വായ്പയും പലിശയും പൂര്‍ണമായും 31 കമ്പനികളുടേത് ഭാഗികമായുമാണ് എഴുതിത്തള്ളുന്നത്. ആറ് കമ്പനികളുടെ വായ്പാ കുടിശ്ശിക നിഷ്ക്രിയ ആസ്തികളുടെ ഗണത്തില്‍പെടുത്തിയാണ് ഒഴിവാക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്തുള്ള എസ്ബിഐ മാത്രം സമീപകാലത്ത്  48,000 കോടിരൂപയാണ് എഴുതിത്തള്ളിയത്. എസ്ബിഐ തള്ളിയ കിട്ടാക്കടങ്ങളില്‍ 40,084 കോടിയും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലാണ്. മറ്റ് ബാങ്കുകളുടെ കിട്ടാക്കടം ഇതിന്റെ പലമടങ്ങ് വരും. 29 സര്‍ക്കാര്‍ ബാങ്കുകളും ചേര്‍ന്ന് 2013-15 കാലഘട്ടത്തില്‍ മാത്രം 1.14 ലക്ഷംകോടിയാണ് എഴുതിത്തള്ളിയതെന്ന് അറിയുമ്പോഴാണ് കോര്‍പറേറ്റുകളുമായുള്ള ഒത്തുകളിയുടെ ആഴം മനസ്സിലാകുക.  ഇതു സംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരുഘട്ടത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കാന്‍ തയ്യാറായി. വന്‍കിട വ്യവസായികളും ബാങ്കുകളും ചേര്‍ന്ന് നടത്തുന്ന വന്‍തട്ടിപ്പ് തുറന്നുകാട്ടിയ സുപ്രീംകോടതി,ബോധപൂര്‍വം കടം തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരുടെ പട്ടിക നല്‍കാന്‍ റിസര്‍വ് ബാങ്കിന് ഉത്തരവ് നല്‍കി. തുടര്‍ന്ന് പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളെക്കുറിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളുന്ന കിട്ടാക്കടക്കാരുടെ പേരുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നതായിരുന്നു നിര്‍ദേശങ്ങളില്‍ പ്രധാനം. ഒരു പേരുപോലും പുറത്തുവന്നില്ലെന്നു മാത്രമല്ല വെട്ടിപ്പ് പൂര്‍വാധികം ഭംഗിയായി തുടരുകയും ചെയ്തു. ഹിരാനന്ദിനി ഗ്രൂപ്പ് ഉള്‍പ്പെടെ 2014ല്‍ കിട്ടാക്കടക്കാരായി പ്രഖ്യാപിച്ചവര്‍ക്കുതന്നെ തൊട്ടടുത്ത വര്‍ഷങ്ങളില്‍ എസ്ബിഐ വീണ്ടും വായ്പ നല്‍കിയ വിവരങ്ങള്‍ പുറത്തുവന്നു. ഇത്തരത്തില്‍ കാലങ്ങളായി വന്‍കിട കോര്‍പറേറ്റുകളും കേന്ദ്രഭരണവും തുടര്‍ന്നുകൊണ്ടിരുന്ന ഒത്തുകളിയും പൊതുപണം കൊള്ളയടിക്കലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കൂടുതല്‍ ശക്തിപ്പെട്ടു.

മോഡി ഭരണവും കോര്‍പറേറ്റുകളും തമ്മിലുള്ള ബന്ധം മറയില്ലാത്തതാണ്. വിദേശയാത്രകളിലടക്കം 'അദാനി'മാരെ കൂടെകൂട്ടുകയും അവരുടെ രാജ്യാന്തര വ്യാപാരശൃംഖല വിപുലപ്പെടുത്താന്‍ അവസരം ഒരുക്കുകയും ചെയ്യാന്‍ മോഡിക്ക് മടിയേതുമില്ല. മല്യ രാജ്യംവിട്ടുവെന്ന് ഉറപ്പാക്കിയതിനുശേഷമാണ് കേന്ദ്രഭരണം അനങ്ങിയതെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. സാമ്പത്തിക കുറ്റവാളികള്‍ക്ക് എല്ലാവിധ സഹായവും സംരക്ഷണവും നല്‍കുന്നതില്‍ മുന്‍ യുപിഎ സര്‍ക്കാരും  ഇപ്പോള്‍ മോഡിഭരണവും ഒപ്പത്തിനൊപ്പമാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മാനസപുത്രനായ മല്യ പണംകൊടുത്ത് വോട്ടുകള്‍ വാങ്ങിയാണ് 2010ല്‍ രാജ്യസഭയിലെത്തിയത്.

ഇതുപോലെ അനേകം കോടീശ്വരന്മാര്‍ ഇരുപാര്‍ടികളുടെയും 'ജനപ്രതിനിധി'കളായി ഇപ്പോഴുമുണ്ട്. കറന്‍സി നിരോധനമെന്ന കണ്‍കെട്ട് വിദ്യയിലൂടെ മോഡി പരിപാലിക്കുന്നത് ആരുടെ താല്‍പ്പര്യമാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്ന ഒടുവിലത്തെ സംഭവ വികാസമാണ് കിട്ടാക്കടം ത്യജിക്കല്‍. ബാങ്കുകളുടെ ബാലന്‍സ്ഷീറ്റ് പ്രക്രിയയിലെ സ്വാഭാവിക നടപടിയായി കടം എഴുതിത്തള്ളലിനെ ന്യായീകരിക്കുന്നവര്‍ കര്‍ഷകരുടെ കാര്യത്തിലും ഇതേ മാനദണ്ഡം സ്വീകരിക്കുമോ. രാജ്യത്താകെ വിളനശിച്ച് കടക്കെണിയിലായും തൊഴില്‍ നഷ്ടപ്പെട്ടും ആത്മഹത്യ ചെയ്യുന്നവരുടെ കടം കോടികളുടേതല്ല, പലരുടേതും ഏതാനും ആയിരങ്ങള്‍ മാത്രമാണ്. ആ ചെറുസംഖ്യ എഴുതിത്തള്ളാനോ സാവകാശം നല്‍കാനോ ഈ രാജ്യത്ത് നിയമമൊന്നുമില്ല. സാധാരണക്കാരന്റെ മടിശ്ശീലയില്‍ കള്ളപ്പണം പരതുന്ന മോഡി ഭരണത്തില്‍നിന്ന് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വയ്യ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top