24 April Wednesday

എസ്ബിഐയുടെ ചുമലിൽ അദാനിയും

വെബ് ഡെസ്‌ക്‌Updated: Saturday Dec 11, 2021



ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാർഷികമേഖലയുടെ വികസനത്തിനെന്ന വ്യാജേന അദാനി ക്യാപിറ്റലുമായി ബിസിനസ് കരാർ ഉണ്ടാക്കിയിരിക്കുകയാണ്. 46 കോടി ഇടപാടുകാരും 22,000 ശാഖയുമുള്ള സ്റ്റേറ്റ് ബാങ്കിന്റെ  കാർഷികമേഖല വൈപുല്യത്തിന് കേവലം 63 ശാഖയുള്ള അദാനി ക്യാപിറ്റലിന്റെ  സഹായം തേടുന്നത് അസംബന്ധമെന്ന് വിധിയെഴുതി അവഗണിക്കാവുന്നതല്ല. ഏറെ ഗൃഹപാഠം ചെയ്‌ത്‌ രൂപകല്പന ചെയ്‌തിട്ടുള്ള ഗൂഢാലോചനയുടെ ഉൽപ്പന്നമാണ് ഈ നീക്കം. ഇതിലൂടെ കോർപറേറ്റ് അദാനിക്ക് സ്റ്റേറ്റ് ബാങ്കിന്റെ വിശാലമായ ഇടനാഴിയിലേക്ക് പ്രവേശനം സാധ്യമാകുന്നു. സ്റ്റേറ്റ് ബാങ്ക് എന്ന വിലാസവും സൽപ്പേരും പ്രയോജനപ്പെടുത്തി അദാനിക്ക് വൈവിധ്യമാർന്ന വികസനത്തുറകളെ ഖനനം ചെയ്‌തെടുക്കാം.  മൂന്ന് കാർഷിക നിയമം റദ്ദാക്കിയതിൽ കോർപറേറ്റുകൾക്കുണ്ടായ രോഷം ശമിപ്പിക്കാം.

പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്ന ബാങ്ക് സ്വകാര്യവൽക്കരണ ബില്ലിന്റെ പ്രത്യാഘാതം ഇത്തരുണത്തിൽ ഏറെ ഗുരുതരമാകുകയാണ്. 1970ലെയും 1980ലെയും ബാങ്ക് ദേശസാൽക്കരണ നിയമത്തിന്റെ ഭേദഗതി പൊതുമേഖലാ ബാങ്കിങ്ങിന്റെ മരണമണിയാണ്. ഇതോടെ ഏതു പൊതുമേഖലാ ബാങ്കിനെയും ഏതു സമയത്തും സ്വകാര്യവൽക്കരിക്കാനുള്ള അധികാരവും കീഴ്‌വഴക്കവുമാണ് കേന്ദ്രസർക്കാരിന് ലഭ്യമാകുന്നത്. സ്വകാര്യബാങ്കുകളിൽ 74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാമെന്ന നിയമം നടപ്പാക്കിക്കഴിഞ്ഞു. തൃശൂർ ആസ്ഥാനമായുള്ള സിഎസ്‌ബി ബാങ്കിൽ വിദേശമൂലധന ആധിപത്യം വന്നതോടെ അനുഭവപ്പെടുന്ന ജനവിരുദ്ധതയും തൊഴിലാളിവിരുദ്ധതയും ഒരു സൂചകമാണ്. 

ബാങ്ക് സ്വകാര്യവൽക്കരണത്തിന് മുന്നോടിയായി നടപ്പാക്കിയ പരിഷ്‌കരണമായിരുന്നു ബാങ്ക് ലയനങ്ങൾ. എസ്ബിഐയിലൂടെയാണ് ആ നയവും തീവ്രതയോടെ നടപ്പാക്കിയത്. സംസ്ഥാനങ്ങളുടെ പ്രാദേശിക വികസനത്തിനായി രൂപീകൃതമായ എസ്ബിടി അടക്കമുള്ള അസോസിയറ്റ് ബാങ്കുകളെ ബലമായി പിടിച്ചടക്കിയ മെഗാലയനം സാധ്യമാക്കിയത് 2017 ഏപ്രിൽ ഒന്നുമുതലാണ്. ലയനത്തെതുടർന്ന് സർവീസ് ചർജുകൾ കുത്തനെ ഉയർത്തുന്ന സമ്പ്രദായത്തിന് തുടക്കമിട്ടു. സ്ഥിരംനിയമനം നിർത്തലാക്കി കരാർ വ്യവസ്ഥാ സംവിധാനം നടപ്പാക്കിയ ആദ്യ ബാങ്കും സ്റ്റേറ്റ് ബാങ്കാണ്. സ്റ്റേറ്റ് ബാങ്ക് ലയനം കീഴ്‌വഴക്കമാക്കിയാണ് 2018ലും 2020ലും ബാങ്ക് ലയനങ്ങളുണ്ടായത്.   ഇതോടെ 28 പൊതുമേഖലാ ബാങ്കിന്റെ എണ്ണം 12 ആയി കുറഞ്ഞു.

ഇന്ത്യൻ ബാങ്കിങ്‌ വ്യവസ്ഥയെ സമ്പൂർണമായും ചങ്ങാത്തമുതലാളിത്തത്തിന്‌ വിധേയമാക്കാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നത്. കോർപറേറ്റുകൾക്ക് ബാങ്കിങ്‌ സ്ഥാപനങ്ങളെ കൈയടക്കാമെന്ന ഉപദേശമാണ് റിസർവ്‌ബാങ്ക് നിയോഗിച്ച പഠന സമിതി നൽകിയത്. നഷ്ടത്തിലോടുന്ന മുകേഷ് അംബാനിയുടെ ജിയോ പേമെന്റ്‌ ബാങ്കിൽ എസ്ബിഐ 30 ശതമാനം ഓഹരി എടുത്തു.  ദീർഘനാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ സ്ഥാനത്തിരുന്ന അരുന്ധതി ഭട്ടാചാര്യ വിരമിച്ചശേഷം റിലയൻസ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമായത് യാദൃച്ഛികമല്ല.  ആഗോളവൽക്കരണനയങ്ങളെത്തുടർന്ന് സംജാതമായിട്ടുള്ള കോർപറേറ്റ് -– ഭരണാധികാര കൂട്ടുകെട്ടിന്റെ ജീർണമുഖമാണ് മോദി ഭരണത്തിൽ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബാങ്കിങ്‌  സംവിധാനത്തിലെ റോൾമോഡലെന്നറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് അദാനിയെയും അംബാനിയെയും നിഗൂഢമായി ബന്ധിപ്പിക്കുന്നത് സ്വകാര്യവൽക്കരണത്തിന്റെ റീട്ടെയിൽ രൂപമായിട്ടാണ്. മറുവശത്ത് പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് ജനാധിപത്യത്തെ കളങ്കപ്പെടുത്തി ബാങ്ക് സ്വകാര്യവൽക്കരണത്തിന്റെ ഹോൾസെയിൽ പ്രയോഗവും നടപ്പാക്കുന്നു. ബാങ്കുകൾ നാടിന്റെ നട്ടെല്ലാണ്. തൊഴിലാളികളും ബഹുജനങ്ങളും തമ്മിൽ വിശാലമായ ഐക്യമുണ്ടാക്കി പൊതുമേഖലയെയും സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള കരുത്തുറ്റ പ്രതിരോധം അത്യന്താപേക്ഷിതമായ കാലമാണ് ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top