03 June Saturday

സൌദിക്ക് പുതിയ കിരീടാവകാശി വരുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 23, 2017


സൌദിഅറേബ്യയുടെ കിരീടാവകാശിയായി ഇപ്പോഴത്തെ രാജാവ് സല്‍മാന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചത് ഗള്‍ഫിലെ രാഷ്ട്രീയബലതന്ത്രത്തില്‍ വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. രണ്ടുവര്‍ഷം മുമ്പാണ് സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ മുഖ്രീനെ മാറ്റി മരുമകനായ മുഹമ്മദ് ബിന്‍ നായിഫിനെ കിരീടാവകാശിയാക്കി പ്രഖ്യാപിച്ചത്. ഇപ്പോള്‍ നായിഫിനെ മാറ്റി സ്വന്തം മകനെത്തന്നെ കിരീടാവകാശി ആക്കിയിരിക്കുകയാണ്. ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് നായിഫിനെ മാറ്റിയിട്ടുണ്ട്. മുപ്പത്തൊന്നുകാരനാണ് പുതിയ കിരീടാവകാശി എന്നതുകൊണ്ടുതന്നെ ദീര്‍ഘകാലം സൌദിയുടെ ഭരണനിയന്ത്രണം മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈകളിലായിരിക്കും. 34 അംഗ പിന്തുടര്‍ച്ചാവകാശ സമിതിയില്‍ 31 പേരുടെ പിന്തുണയോടെയാണ് പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.

'പോരാളിയായ രാജകുമാരന്‍' എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലവില്‍ പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന സമിതി അധ്യക്ഷനും എണ്ണമേഖലയുടെ ചുമതലയുള്ള വ്യക്തിയുമാണ്. ഈ സ്ഥാനങ്ങളെല്ലാം തുടര്‍ന്നും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൌദി സന്ദര്‍ശനം നടത്തി ഒരു മാസത്തിനകമാണ് സൌദിയിലെ അധികാരഘടനയില്‍ മാറ്റം വന്നിട്ടുള്ളത്. അമേരിക്കയുമായുള്ള മോശമായ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരുന്നു. ട്രംപിന്റെ മരുമകന്‍ ജാറദ് കുഷ്നറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ കുഷ്നറിനും ഭാര്യ ഇവാങ്ക ട്രംപിനും സ്വവസതിയില്‍ വിരുന്നൊരുക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തയ്യാറായിരുന്നു. നേരത്തെയുള്ള കിരീടാവകാശി നായിഫാകട്ടെ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഒബാമയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളാണ്. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന സന്ദേശമാണ് സൌദിയിലെ പിന്തുടര്‍ച്ചാമാറ്റം സൂചിപ്പിക്കുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ ആക്രമണോത്സുകമായ വിദേശനയമാണ് സ്വീകരിക്കുകയെന്ന് പൊതുവെ വിലയിരുത്തുന്നു. ഗള്‍ഫിലെ ഷിയ ത്രയത്തിനെതിരെ (ഇറാക്ക്, ഇറാന്‍, സിറിയ) ശക്തമായ നിലപാട് സ്വീകരിക്കണമെന്ന പക്ഷക്കാരനാണ് പുതിയ കിരീടാവകാശി. യെമനില്‍ ഹൂത്തികള്‍ക്കെതിരെ സൌദി ബോംബാക്രമണം ആരംഭിച്ചതിന്റെ പിന്നിലും ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി ഒറ്റപ്പെടുത്തുന്നതിനു പിന്നിലും റിയാദ് കേന്ദ്രമാക്കി രൂപീകരിച്ച 34 അംഗ ഇസ്ളാമിക് സൈനിക സഖ്യത്തിന്റെ രൂപീകരണത്തിനു പിന്നിലും പ്രവര്‍ത്തിച്ചത് മുഹമ്മദ് ബിന്‍ സല്‍മാനാണ്. ഖത്തറിനും യെമനുമെതിരെ കടുത്ത നടപടി തുടരുമെന്ന വ്യക്തമായ സൂചനയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്ഥാനക്കയറ്റം നല്‍കുന്നത്. അമേരിക്കന്‍ പ്രോജക്ടായ സൌദി-ഇസ്രയേല്‍ സഖ്യത്തിനുള്ള സാധ്യതയും തെളിഞ്ഞുവരികയാണ് ഇപ്പോള്‍. അമേരിക്കയിലെ ഇസ്രയേല്‍ ലോബിയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലുള്ളത്. ഇറാനെയും സിറിയയെയും മറ്റും ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ട്രംപിന്റെ സന്ദര്‍ശനവേളയില്‍ അമേരിക്കയുമായി സൌദിഅറേബ്യ 10,000 കോടി ഡോളറിന്റെ ആയുധക്കരാര്‍ ഒപ്പിട്ടിരുന്നു. മേഖലയിലെ ഏറ്റവും വലിയ ആയുധശക്തിയാകാനുള്ള നീക്കമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്നത്.   

'തിടുക്കമുള്ള' ഭരണാധികാരിയെന്ന പേരും മുഹമ്മദ് ബിന്‍ സല്‍മാനുണ്ട്.  സാമ്പത്തിക- സാമൂഹ്യരംഗത്ത് തിരക്കിട്ട പരിഷ്കാരമാണ് അദ്ദേഹം വിഭാവനംചെയ്യുന്നത്. സല്‍മാന്‍ രാജാവ് അധികാരമേറ്റ ഉടന്‍തന്നെ 'സൌദി വിഷന്‍ 2030'എന്ന പേരിലുള്ള ഒരു രേഖ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുറത്തിറക്കി. എണ്ണയെ പൂര്‍ണമായും ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയില്‍നിന്നു പുറത്തുകടക്കാന്‍ സൌദിയെ സജ്ജമാക്കുക എന്നതായിരുന്നു ഈ രേഖയുടെ ലക്ഷ്യം. മറ്റിതര വരുമാനസ്രോതസ്സുകള്‍ കണ്ടെത്താനാണ് ഈ രേഖ ആവശ്യപ്പെടുന്നത്. എണ്ണവിലത്തകര്‍ച്ച സൌദി സമ്പദ്വ്യവസ്ഥയെ ഉലച്ച ഘട്ടത്തില്‍കൂടിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൌദി അരാംകോയുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ രണ്ടു ലക്ഷം കോടി ഡോളര്‍ സ്വരൂപിക്കാനും ഈ രേഖ ലക്ഷ്യമിടുന്നു. റഷ്യന്‍ എണ്ണക്കമ്പനി ഹോസ്നെഫ്റ്റും മഹഹും ഓഹരിവാങ്ങാന്‍ താല്‍പ്പര്യം കാട്ടിയിട്ടുമുണ്ട്.  അതോടൊപ്പം യാഥാസ്ഥിതിക സാമൂഹ്യരീതികളില്‍നിന്ന് അല്‍പ്പം മാറിനടക്കാനും ഈ രേഖ ആഹ്വാനം ചെയ്യുന്നു. പരമ്പരാഗത രീതികളില്‍നിന്നു വ്യതിചലിക്കാനുള്ള ഈ ആഹ്വാനം സൌദി രാജവംശത്തില്‍ ഉള്‍പ്പെടെ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഏതായാലും സൌദിയിലെ അധികാരഘടനയിലുണ്ടായ മാറ്റം മേഖലയുടെ രാഷ്ട്രീയത്തെ ശക്തമായി സ്വാധീനിക്കുമെന്ന് ഉറപ്പിച്ചു പറയാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top