29 September Friday

വിമർശിക്കുന്നവരെ ഭയപ്പെടുന്നവർ

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021മലയാളിക്ക്‌ കവി സച്ചിദാനന്ദൻ ആരാണ്‌ എന്ന്‌ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കവിതകളിലൂടെയും എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശരാശരി മലയാളി സ്വന്തം ഹൃദയത്തോട്‌ അടുപ്പിച്ചു നിർത്തിയ സാഹിത്യകാരനാണദ്ദേഹം. ഈ ഇഷ്‌ടത്തിന്‌ പ്രധാനകാരണം മലയാളി അഭിമാനമായി കരുതുന്ന മതനിരപേക്ഷതയുടെ കൊടി ഉയരത്തിൽ പറത്താൻ എന്നും മുന്നിൽനിന്ന കവിയാണ്‌ സച്ചിദാനന്ദൻ എന്നതാണ്‌.  മതനിരപേക്ഷതയുടെ വളക്കൂറുള്ള മണ്ണായി ഈ കേരളത്തെ നിലനിർത്തുന്നതിൽ ചെറുതല്ലാത്ത പങ്ക്‌ വഹിക്കുന്ന സാംസ്‌കാരിക പ്രവർത്തകരിൽ ഒരാളാണ്‌ സച്ചിദാനന്ദൻ. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്‌ക്കുംവേണ്ടി സർഗാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സച്ചിദാനന്ദൻ അതിർത്തികളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും ഉന്നതമായ നീതിബോധത്തിന്റെയും പ്രതീകം കൂടിയാണ്‌. മതനിരപേക്ഷത,ഫെയ്‌സ്‌ബുക്

അങ്ങനെയുള്ള സച്ചിദാനന്ദനെ നിശ്ശബ്‌ദമാക്കാനാണ്‌ സാമൂഹ്യമാധ്യമ ആഗോള ഭീമൻ ഫെയ്‌സ്‌ബുക് രംഗത്തുവന്നിരിക്കുന്നത്‌. കേന്ദ്രഭരണാധികാരികളെയും അതിന്‌ നേതൃത്വം നൽകുന്ന ബിജെപിയെയും വിമർശിച്ച പോസ്‌റ്റുകളും മറ്റും ഷെയർ ചെയ്‌തതിനാണ്‌ മെയ്‌ ഏഴിന്‌ രാത്രിമുതൽ 24 മണിക്കൂർ നേരത്തേക്ക്‌ സച്ചിദാനന്ദനെ ഫെയ്‌സ്‌ബുക് വിലക്കിയത്‌. അടുത്ത 30 ദിവസം ഫെയ്‌സ്‌ബുക്കിൽ ലൈവായിവരുന്നതിനും വിലക്കുണ്ട്‌. വാട്‌സാപ്പിൽ അയച്ചുകിട്ടിയ ‘അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള നർമം കലർന്ന ഒരു വീഡിയോയും മോഡിയെക്കുറിച്ച് ‘കണ്ടവരുണ്ടോ' എന്ന ഒരു നർമരസത്തിലുള്ള പരസ്യവും -പോസ്റ്റു ചെയ്തപ്പോഴാണ്‌ ഫെയ്‌സ്‌ബുക്കിന്റെ വിലക്കുണ്ടായതെന്നാണ്‌ സച്ചിദാനന്ദന്റെ വിശദീകരണം. ഇതാദ്യമായല്ല താക്കീത്‌ ലഭിക്കുന്നതെന്നും സച്ചിദാനന്ദൻ വെളിപ്പെടുത്തുകയുണ്ടായി.

കേന്ദ്രഭരണാധികാരികളുടെ കടുത്ത സമ്മർദത്തിന്റെ ഫലമായിരിക്കാം ഫെയ്‌സ്‌ബുക് ഈ കടുംകൈ ചെയ്‌തിട്ടുണ്ടാകുക. എല്ലാ വിമർശവും തങ്ങൾക്കെതിരാണെന്ന ഭയം വേട്ടയാടുന്നവരാണ്‌ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത്‌. കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ട സാഹചര്യത്തിൽ പ്രത്യേകിച്ചും. മോഡി സർക്കാരിന്റെ വീഴ്‌ചകളാണ്‌ കോവിഡ്‌ സ്ഥിതി അതീവ ഗുരുതരമാക്കിയതെന്ന്‌ ലോകപ്രശസ്‌ത മെഡിക്കൽ ജേർണൽ ലാൻസെറ്റ്‌ അഭിപ്രായപ്പെട്ടിരുന്നു. ഇത്‌ ഷെയർ ചെയ്യാൻപോലും ഫെയ്‌സ്‌ബുക് അനുവദിക്കാത്തത്‌ ഇന്ത്യൻ ഭരണഘടന പൗരന്‌ ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്‌. വിവരങ്ങൾ ലഭിക്കാനുള്ള പൗരന്റെ അവകാശംകൂടി ഇവിടെ ഹനിക്കപ്പെടുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഫെയ്‌സ്‌ബുക്കിന്റെ ഈ നടപടിക്കെതിരെ ശക്‌തമായ പ്രതിഷേധം ഉയരുകതന്നെ വേണം. ഇതിനകംതന്നെ പല സംഘടനയും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ടെന്നത്‌ സ്വാഗതാർഹമാണ്‌.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരുടെ ഹിന്ദുരാഷ്ട്രവാദത്തെയും വർഗീയതയെയും വിമർശിച്ചവരെ ശാരീരികമായി ഇല്ലാതാക്കുകയെന്ന ഫാസിസ്‌റ്റ്‌ രീതിയാണ്‌ ഇവിടെ അവലംബിച്ചു കാണുന്നത്‌. ധാബോൽക്കറെയും ഗോവിന്ദ്‌ പൻസാരയെയും കലബുർഗിയെയും ഗൗരി ലങ്കേഷിനെയും ഇതേ വർഗീയഫാസിസ്‌റ്റ്‌ സംഘമാണ്‌ ഇല്ലാതാക്കിയത്‌. കേരളത്തിലും എം ടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്‌ണൻ, പ്രഭാവർമ്മ, പ്രിയനന്ദനൻ, കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കാട്ടാക്കട, കമൽ, ഡോ. എം എം ബഷീർ തുടങ്ങി നിരവധി സാഹിത്യകാരന്മാർക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഇതേ ശക്തികൾ രംഗത്തുവരികയുണ്ടായി. ചിന്തിക്കുന്ന തലച്ചോറുകളെ വർഗീയഫാസിസ്റ്റ്‌ കക്ഷികൾക്ക്‌ എന്നും ഭയമാണ്‌. ആ ചരിത്രം ഇവിടെയും ആവർത്തിക്കപ്പെടുകയാണ്‌. രണ്ട്‌ വർഷംമുമ്പ്‌ ദേശാഭിമാനി ഓണപ്പതിപ്പിൽ സച്ചിദാനന്ദൻ എഴുതിയതുപോലെ ‘കലാകാരന്മാർ അധികാരത്തോട്‌ സത്യം പറയാൻ ഭയപ്പെടുന്ന ദുർദിനം കാണാൻ ഞാനുണ്ടായിരിക്കില്ല’ എന്നുതന്നെയാണ്‌ കേരളത്തിലെ പുരോഗമന ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിനും ഉറക്കെ പറയാനുള്ളത്‌. സച്ചിദാനന്ദൻ ഭയമേതുമില്ലാതെ ഇനിയും എഴുതട്ടെ. അത്‌ തടയാൻ ഒരു ശക്തിയെയും അനുവദിക്കരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top