26 April Friday

സന്തോഷപ്പെരുന്നാൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022


കേരളത്തിന്‌ പെരുന്നാൾ സമ്മാനംപോലെ ദേശീയ ഫുട്‌ബോൾ കിരീടം. സന്തോഷ് ട്രോഫിയുടെ എഴുപത്തഞ്ചാം പതിപ്പിലാണ്‌ അതുല്യനേട്ടം. ഓരോ നിമിഷവും ആവേശംനിറഞ്ഞ ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചാണ് കിരീടം. നിശ്ചിത സമയമായ 90 മിനിറ്റിൽ ഇരു ടീമിനും ഗോളടിക്കാനായില്ല. അധിക സമയത്ത് ഓരോ ഗോളടിച്ച് സമനില. ഒടുവിൽ ഷൂട്ടൗട്ടിലാണ് വിജയം.

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഏഴാം കിരീടമാണിത്‌. നാട്ടിൽ കപ്പ് നേടിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. 1941ൽ ആരംഭിച്ച ദേശീയ ചാമ്പ്യൻഷിപ്‌ ജയിക്കാൻ 1973 വരെ കാത്തിരിക്കേണ്ടിവന്നു. ക്യാപ്റ്റൻ മണിയുടെ നേതൃത്വത്തിൽ എറണാകുളത്താണ് കന്നി കിരീടം. പിന്നീട് കാത്തിരുന്നത് 19 വർഷം. 1992ൽ കോയമ്പത്തൂരിലും 1993ൽ എറണാകുളത്തും ജേതാക്കളായി. തുടർന്ന് 2001ൽ മുംബൈയിലും 2004ൽ ന്യൂഡൽഹിയിലും ആധിപത്യം നേടി. 2018ൽ ബംഗാളിനെ അവരുടെ മടയിൽ കയറി കീഴടക്കിയാണ് വിജയം. കൊൽക്കത്തയിൽ ഷൂട്ടൗട്ടിലാണ് ബംഗാളിനെ മറികടന്നത്. ഇക്കുറി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും ഷൂട്ടൗട്ട് കേരളത്തെ തുണച്ചു.

ബിനോ ജോർജ് പരിശീലകനും ജിജോ ജോസഫ് ക്യാപ്റ്റനുമായ സംഘം ചിട്ടയായ പരിശീലനത്തിനുശേഷം ഒരുങ്ങിയാണ് എത്തിയത്. അതിന്റെ ഗുണം കണ്ടു. ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നിലും തോറ്റില്ല. സെമിയിൽ കർണാടകത്തെ തരിപ്പണമാക്കി. ഫൈനൽ ഒരിക്കലും ഏകപക്ഷീയമായിരുന്നില്ല. പൊരുതിക്കളിച്ച ബംഗാളിനെ കഠിനാധ്വാനത്തിലൂടെയാണ് മറികടന്നത്. കോച്ചിന്റെ തന്ത്രങ്ങൾ പൂർണസമർപ്പണത്തോടെ കളത്തിൽ പിന്തുടരാനായതാണ് നേട്ടത്തിന് അടിസ്ഥാനം. കളിക്കാരുടെ ഒത്തൊരുമയും അർപ്പണബോധവും തുണയായി. നാട്ടുകാരുടെ മുന്നിൽ കളി ജയിക്കാനുള്ള വീറും വാശിയും ഫലംചെയ്‌തു. ഗോളൊരുക്കിയ മധ്യനിരയായിരുന്നു കേരളത്തിന്റെ ശക്തി. ജിജോ ജോസഫും അർജുൻ ജയരാജും നിജോ ഗിൽബർട്ടും ആ മേഖലയിൽ എടുത്തുപറയേണ്ടവരാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ കുതിപ്പിനു പിന്നാലെയാണ് ഈ ചരിത്രവിജയം. കേരള ഫുട്ബോളിന്റെ ഉണർവിന് ഇത് ഊർജം പകരും. ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ഇക്കുറിയും കിരീടത്തിന്‌ അരികിലാണ്‌.

പ്രീമിയർ ടയേഴ്സും എസ്ബിടിയും കേരള പൊലീസുമൊക്കെ ഇളക്കിമറിച്ച സുവർണ കാലമാണ് ഫുട്ബോൾ ആരാധകരുടെ മനസ്സിലുള്ളത്. വർഷം മുപ്പതോളം അഖിലേന്ത്യാ ടൂർണമെന്റുകൾ നടന്ന കാലമുണ്ടായിരുന്നു. ഐ എം വിജയനും ജോപോൾ അഞ്ചേരിക്കും സി വി പാപ്പച്ചനും യു ഷറഫലിക്കുമൊക്കെ പിൻഗാമികളെ തേടാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോൾ പറയാൻ ചില പേരുകളുണ്ട്‌. സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക, അർജുൻ ജയരാജ്‌, ജിജോ ജോസഫ്‌...  നിരാശപ്പെടാതെ പുതിയ തലമുറയിൽ പ്രതീക്ഷയർപ്പിക്കാമെന്ന്‌ ഈ സന്തോഷ് ട്രോഫി പറഞ്ഞുവയ്‌ക്കുന്നു.

ഇക്കുറി സംഘാടനത്തിന് സവിശേഷതയുണ്ട്. സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചാമ്പ്യൻഷിപ്‌. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും സർക്കാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. മത്സരങ്ങൾ നടത്താൻ ഇരുകൂട്ടരും ഹ്രസ്വകാല കരാറിൽ ഒപ്പിട്ടു. എക്കാലത്തേക്കുമുള്ള സഹകരണത്തിനുള്ള വാതിൽ തുറന്നുകിടപ്പാണ്. ഇതിനായുള്ള ദീർഘകാല കരാർ അന്തിമഘട്ടത്തിലാണ്. എന്നാൽ, അഖിലേന്ത്യാ ഫെഡറേഷൻ സർക്കാരുമായി നേരിട്ട് ഇടപെടുന്നതിൽ കേരള ഫുട്ബോൾ അസോസിയേഷനുള്ള (കെഎഫ്‌എ) അതൃപ്തി വാർത്തയായിരുന്നു. സർക്കാരിന്റെ മുൻകൈയിൽ സ്പോർട്സ് കൗൺസിലും കായികവകുപ്പിനു കീഴിലെ സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്നാണ് സംഘാടനത്തിന്‌ ചുക്കാൻപിടിച്ചത്. അഖിലേന്ത്യാ ഫെഡറേഷന്റെ പൂർണ പിന്തുണയും ഉണ്ടായിരുന്നു. റോളില്ലാതായിപ്പോയോ എന്ന ആശങ്ക കെഎഫ്‌എ പങ്കുവച്ചിരുന്നു. എന്നാൽ, ടൂർണമെന്റ്‌ ജനങ്ങൾ ഏറ്റെടുത്തതോടെ ആർക്കും ഒഴിഞ്ഞുനിൽക്കാനാകാത്ത അവസ്ഥ വന്നു. കേരളത്തിന്റെ എല്ലാ കളിയും നിറഞ്ഞ സ്റ്റേഡിയത്തിലായിരുന്നു. ഫൈനൽ കാണാൻ 26,857 പേർ എത്തിയെന്നാണ് കണക്ക്. ഇവിടെ നല്ല കളിക്കാരുണ്ട്. കളി കാണാനും ആളുണ്ട്. സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ സംഘടനകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് സഹകരിപ്പിക്കുന്ന രീതി കേരള ഫുട്ബോളിന് ഗുണകരമാകും. ഇക്കാര്യത്തിൽ കേരള ഫുട്ബോൾ അസോസിയേഷനും ആത്മപരിശോധന നടത്താനുള്ള അവസരമാണ്.

  നാലു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നു. അതുപോലെ മികച്ച പരിശീലകരെ വാർത്തെടുക്കാനുള്ള ആസൂത്രണവും നടക്കുന്നു. ലോക ഫുട്ബോൾ സംഘടനയായ ഫിഫതന്നെ നേരിട്ട് സഹായിക്കാനും സഹകരിക്കാനും തയ്യാറാണ്. ഇനി വേണ്ടത് ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ്‌. പരസ്‌പരം പഴിചാരി സമയം കളയാനാണ്‌ ശ്രമിക്കുന്നതെങ്കിൽ പയ്യനാട്‌ സ്‌റ്റേഡിയത്തിൽ ഇരച്ചുകയറിയ കാണികളോട്‌ ഉത്തരം പറയേണ്ടിവരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top