27 September Wednesday

ഇന്ത്യയെ ഇല്ലാതാക്കുന്ന സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Monday Apr 18, 2022


രാജ്യം ഒരു വർഗീയകലാപത്തിലേക്ക്‌ എടുത്തെറിയപ്പെടുകയാണോയെന്ന സംശയം ഉയർത്തുന്ന സംഭവങ്ങളാണ്‌ വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്‌. ഒരുകേന്ദ്രത്തിൽ ആലോചന നടത്തി നടപ്പാക്കുംവിധമാണ്‌ വർഗീയ സംഘർഷങ്ങൾ ഒന്നിനുപുറകെ ഒന്നായി നടക്കുന്നത്‌. ഏപ്രിൽ പത്തിന്‌ നടന്ന രാമനവമി ആഘോഷമാണ്‌ ഇക്കുറി വർഗീയമായ ചേരിതിരിവ്‌ സൃഷ്ടിക്കാനായി സംഘപരിവാർ തെരഞ്ഞെടുത്തിട്ടുള്ളത്‌. ദുർഗാപൂജയും ഹനുമാൻ ജയന്തിയും മറ്റും തരാതരംപോലെ വർഗീയ സംഘർഷങ്ങൾക്കായി ഉപയോഗിക്കുന്ന രീതി സംഘപരിവാറിന്‌ സ്വന്തമാണ്‌. മധ്യപ്രദേശ്‌, രാജസ്ഥാൻ, ജാർഖണ്ഡ്‌, ഗുജറാത്ത്‌, കർണാടക, ഡൽഹി, പശ്‌ചിമ ബംഗാൾ  എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്‌ പ്രധാനമായും വർഗീയ സംഘർഷങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ വരുന്നത്‌. മധ്യപ്രദേശിലും ഗുജറാത്തിലും നിയമവാഴ്‌ചയെ കാറ്റിൽപ്പറത്തി അക്രമികളെന്ന്‌ ആരോപിക്കപ്പെടുന്നവരുടെ  വസ്‌തുവകകൾ ബുൾഡോസർ ഉപയോഗിച്ച്‌ തകർക്കുന്ന രീതിയും കാണാനായി. വർഗീയ സംഘർഷം ലക്ഷ്യംവച്ച്‌ കേരളത്തിൽപ്പോലും വിഷുദിനത്തിൽ അരുംകൊല നടന്നു.

സർക്കാരിന്റെ പിന്തുണയോടെ മുസ്ലിങ്ങളുടെ വസ്‌തുവകകൾ നശിപ്പിക്കുന്ന രീതിയാണ്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ളത്‌. ജീവനോപാധി തടഞ്ഞും  വിദ്യാഭ്യാസവും ഇഷ്ടമുള്ള ഭക്ഷണവും നിഷേധിച്ചും ഒരു വിഭാഗം ജനതയെ രാജ്യത്തുനിന്ന്‌ ആട്ടിപ്പായിക്കാനുള്ള നീക്കമാണ്‌ ആർഎസ്‌എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇതിനെതിരെ പ്രതിഷേധശബ്‌ദം ഉയരേണ്ടത്‌ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ മാത്രമല്ല, ഈ രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ അനിവാര്യമാണ്‌. ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താതെ ഇന്ത്യൻ റിപ്പബ്ലിക്കിനെ രക്ഷിക്കാൻ കഴിയില്ലെന്ന  സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ആഹ്വാനം എത്രമാത്രം അർഥവത്താണെന്ന്‌ ഈ സംഭവങ്ങൾ തെളിയിക്കുന്നു.

ഈ ഘട്ടത്തിൽ, വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ സമൂഹത്തിൽ ധ്രുവീകരണവും സ്‌പർധയും സൃഷ്ടിക്കുന്നതിൽ കടുത്ത ആശങ്കയും രോഷവും പ്രകടിപ്പിച്ച്, സമാധാനത്തിന്റെ കൊടി ഉയർത്തിപ്പിടിച്ച്‌ 13 രാഷ്ട്രീയപാർടികൾ രംഗത്തുവന്നത്‌ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾക്ക്‌ ആശ്വാസവും പ്രതീക്ഷയും നൽകുന്ന നീക്കമാണ്‌. ഇത്തരം യോജിച്ച നീക്കത്തിലൂടെ മാത്രമേ സംഘപരിവാറിനെ ചെറുക്കാൻ കഴിയൂ. കഴിഞ്ഞ 10 ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ചും നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വർഗീയ സംഘർഷങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ രാഷ്ട്രീയ പാർടികൾ ചോദ്യം ചെയ്‌തുവെന്നതും പ്രധാനമാണ്‌. മറ്റെല്ലാ വിഷയങ്ങളെക്കുറിച്ചും ട്വിറ്ററിലൂടെയും മറ്റും ഉടനടി പ്രതികരിക്കുന്ന പ്രധാനമന്ത്രി വർഗീയസംഘർഷത്തിന്റെ തീ ഉയർന്നിട്ടും അത്‌ കെടുത്താനാവശ്യമായ ഒരു ആഹ്വാനവും നൽകുകയുണ്ടായില്ല. പ്രധാനമന്ത്രിയുടെ ഈ മൗനമാണ്‌ വർഗീയശക്തികൾക്ക്‌ ആക്രമണങ്ങൾ വ്യാപിപ്പിക്കാനുള്ള കരുത്ത്‌ നൽകുന്നത്‌.

സംയുക്ത പ്രസ്‌താവനയിൽ പറയുന്നതുപോലെ രാജ്യത്തെ ശിഥിലമാക്കുന്ന സംഘപരിവാറിന്റെ വിഷലിപ്‌തമായ പ്രത്യയശാസ്‌ത്രത്തെ തുറന്നുകാണിക്കാനും രാജ്യത്തെ പ്രതിപക്ഷ പാർടികൾ തയ്യാറാകണം. സംഘപരിവാറിനെ രാഷ്ട്രീയമായി എതിർക്കുമ്പോൾത്തന്നെ അവരുടെ പ്രത്യയശാസ്‌ത്രത്തെയും എതിർക്കാൻ കരുത്തുകാട്ടണം. കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ പാർടികൾ നടത്തുന്ന ഇടപെടലുകൾ മാതൃകയാക്കി മറ്റ്‌ പ്രതിപക്ഷ പാർടികളും പ്രാദേശികതലത്തിൽ സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിനെതിരെ പ്രചാരണം നടത്തണം. ഇപ്പോൾ 13 രാഷ്ട്രീയ പാർടി മാത്രമാണ്‌ ഇത്തരമൊരു പ്രസ്‌താവനയുടെ ഭാഗമായിട്ടുള്ളത്‌.  മൂന്ന്‌ മുഖ്യമന്ത്രിമാരും ഈ പ്രസ്‌താവനയിൽ ഒപ്പുവച്ചിട്ടുണ്ട്‌. സിപിഐ എം ഉൾപ്പെടെയുള്ള അഞ്ച്‌ ഇടതുപക്ഷ കക്ഷികളും പ്രസ്‌താവനയുടെ ഭാഗമാണ്‌.  സമാജ്‌വാദി പാർടി പോലുള്ള രാഷ്ട്രീയ കക്ഷികളെയും ഇത്തരമൊരു സംയുക്ത നീക്കത്തിന്റെ ഭാഗമാക്കണം. ബിജെപിയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളുമായി തുറന്ന സംവാദം നടത്താനും അവരുടെകൂടി പിന്തുണയോടെ മോദി സർക്കാരിന്റെ വർഗീയനയങ്ങളെ ചെറുക്കാനുള്ള പൊതുവേദി ഉയർത്തിക്കൊണ്ടുവരാനും പ്രതിപക്ഷത്തിന്‌ കഴിയണം. എന്നാൽ മാത്രമേ ബിജെപിയെ എതിരിടാനും തോൽപ്പിക്കാനും കഴിയൂ.

ബിജെപി സർക്കാരിന്റെ വർഗീയനീക്കങ്ങളെ ചെറുക്കുമ്പോൾത്തന്നെ അവരുടെ നവ ഉദാരവൽക്കരണ നയങ്ങളെയും ചെറുക്കണം. മുതലാളിത്തത്തിന്റെ ലാഭാർത്തിയെ ഊതിക്കത്തിക്കുന്ന ഈനയം നടപ്പാക്കുന്നതിൽ മറ്റ്‌ ബൂർഷ്വാ രാഷ്ട്രീയകക്ഷികളോട്‌ മത്സരിക്കുകയാണ്‌ ബിജെപി. വർഗീയതയ്‌ക്കെതിരെ എന്നപോലെ നവ ഉദാരവൽക്കരണ നയത്തിനെതിരെയും പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുവരണം. എങ്കിലേ മോദി സർക്കാരിനെ അടുത്ത തെരഞ്ഞെടുപ്പിൽ താഴെ ഇറക്കാനാകൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top