20 April Saturday

സാഹോദര്യം തകർക്കുന്ന സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 24, 2022


ലോക സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയർത്തുന്ന ക്രിസ്‌മസ്‌ ആഘോഷങ്ങൾ  ഈ വർഷവും രക്തത്തിൽ കുതിർക്കാനാണ്‌ സംഘപരിവാർ ശക്തികളുടെ തീരുമാനമെന്ന്‌ തെളിയുകയാണ്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്‌മസ്‌ നക്ഷത്രവും കാരളും പുൽക്കൂടും പാപ്പയും ആശംസാ സന്ദേശങ്ങളും കേക്ക്‌ വിതരണവുമെല്ലാം തീവ്രഹിന്ദുത്വ സംഘടനകൾ ഇന്ത്യാവിരുദ്ധമായി ചിത്രീകരിക്കുകയാണ്‌. വംശഹത്യാ നാളുകളിൽ കാവിപ്പടയുടെ വേട്ടകൾക്ക്‌  കുപ്രസിദ്ധമായ ഗുജറാത്തിലെ വഡോദരയിൽ കാരൾ സംഘത്തെ ആക്രമിച്ചത്‌,  ഹിന്ദുഭൂരിപക്ഷ മേഖലകളിൽ ക്രിസ്മസ്‌ ആഘോഷം ഒരു കാരണവശാലും അനുവദിക്കില്ലെന്ന്‌ ആക്രോശിച്ചായിരുന്നു.  മകർപുര പ്രദേശത്തെ വീട്ടിലെ കാരൾ അലങ്കോലമാക്കിയ അതിക്രമത്തിൽ സ്‌ത്രീയടക്കം നാലുപേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ക്രിസ്‌ത്യൻ സുഹൃത്തുക്കൾക്കൊപ്പം പാപ്പയുടെ വേഷമിട്ട്‌ നടന്ന  ഹിന്ദു ചെറുപ്പക്കാരന്റെ വസ്‌ത്രങ്ങൾ  വലിച്ചുകീറി. കർണാടകത്തിന്റെ ചില ഭാഗങ്ങളിൽ ഹിന്ദു ജാഗരണ വേദിക പ്രവർത്തകർ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ്‌  ഉറഞ്ഞുതുള്ളിയത്‌. മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ  കുട്ടികളെ മതപരിവർത്തനം നടത്താനുള്ള നീക്കമാണ് ക്രിസ്‌മസ് പരിപാടികളെന്ന ആക്ഷേപവും വേദിക ഭാരവാഹികൾ ഉയർത്തി. ബംഗളൂരുവിൽനിന്ന് 65 കിലോമീറ്റർ ദൂരെയുള്ള, 160 വർഷത്തിലധികം പഴക്കമുള്ള സെന്റ്‌ ജോസഫ് പള്ളി ലക്ഷ്യമാക്കിയും ആക്രമണം നടന്നിരുന്നു.

ഛത്തീസ്‌ഗഢിൽ ആർഎസ്‌എസ്‌ പതിനഞ്ചിലേറെ ഗ്രാമങ്ങളിൽ ആയുധം ചുഴറ്റുകയാണ്‌. സ്ഥിതിഗതികൾ അതിരൂക്ഷമായ അവിടങ്ങളിൽനിന്ന്‌  ക്രിസ്‌ത്യാനികൾ കൂട്ടത്തോടെ പലായനംചെയ്യുന്നു. ആ ജനവിഭാഗങ്ങൾ എല്ലാ രംഗങ്ങളിലും കടുത്ത വിവേചനം നേരിടുകയുമാണ്‌. അവരെ തുരത്തുകയാണ്‌ ലക്ഷ്യമെന്ന്‌ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും പ്രഖ്യാപിച്ചു കഴിഞ്ഞു. ആദിവാസി മേഖലയായ ബസ്‌തറിലെ നാരായൺപുരിൽ  ആട്ടിയോടിക്കപ്പെട്ട നൂറിനടുത്ത്‌ കുടുംബങ്ങൾ സ്റ്റേഡിയത്തിലും പള്ളികളിലും അഭയംതേടി. ഭട്പാൽ, മോഡേംഗ, ഗോഹ്ദ, ബൊർവാണ്ട് നഗരങ്ങളിലും തുടർച്ചയായ ആക്രമണങ്ങളുണ്ടായി. ആരാധനാലയങ്ങൾ തകർത്ത്‌ ബൈബിൾ നശിപ്പിച്ച സംഘങ്ങൾ വയോധികരെയും സ്‌ത്രീകളെയും കൊച്ചുകുട്ടികളെയുംപോലും  വെറുതെവിട്ടില്ല. ചേരാങ് ഗ്രാമത്തിൽ ക്രൂരമർദനത്തിനിരയായ അമ്പതോളം പേർ വീടുകളും സ്വത്തുക്കളും ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. സംസ്ഥാന കോൺഗ്രസ്‌ സർക്കാരും പൊലീസും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്‌  നാരായൺപുർ കലക്ടറേറ്റിൽ നിസ്സഹായരായ ആയിരങ്ങൾ കുത്തിയിരുന്നു. ഗുരുതരമായി  പരിക്കേറ്റവരുടെ ഫോട്ടോ ഉൾപ്പെടുത്തി പരാതി നൽകിയിട്ടും കേസ്‌ രജിസ്റ്റർ ചെയ്യുന്നതിനു പകരം ഇരകളെ  നിർബന്ധിച്ച്‌  മാറ്റിപ്പാർപ്പിക്കുകയായിരുന്നു അധികൃതർ. 

ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത്‌ ആവർത്തിക്കുന്ന ആക്രമണങ്ങളിൽ കേന്ദ്രത്തിന് സുപ്രീംകോടതി  നോട്ടീസ്‌ അയച്ചത്‌ അടുത്തിടെയാണ്‌. ചില സാമൂഹ്യസംഘടനകളുടെ  പൊതുതാൽപ്പര്യ ഹർജിയിലായിരുന്നു  ഇടപെടൽ. ആക്രമണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ടുചെയ്ത ഉത്തർപ്രദേശ്‌, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കർണാടകം, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങൾ രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും പരമോന്നത നീതിപീഠം നിർദേശിക്കുകയുണ്ടായി. ഓരോ പരാതിയിലും എന്ത്‌ നടപടിയെടുത്തെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയിൽ   ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങൾ ഏറുന്നതായി പല പഠനങ്ങളും അടിവരയിടുന്നതായി കാണാം. ആ വിഭാഗങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ മുൻനിർത്തി  ‘ഓപ്പൺ ഡോർസ്' അന്താരാഷ്ട്ര സംഘടനയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ലോക മാധ്യമങ്ങൾ പുതിയ റിപ്പോർട്ട് പുറത്തുവിട്ടിട്ടുമുണ്ട്‌. ‘ഓപ്പൺ ഡോർസ്‌’ നടത്തിയ പഠനത്തിൽ ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങൾ  ഇന്ത്യയിൽ ഭയാനകമാണ്‌. മഹാരാഷ്ട്രയടക്കം അഞ്ചു സംസ്ഥാനത്ത്‌ മതംമാറ്റം വിലക്കി പ്രത്യേക നിയമം പാസാക്കിയതും പഠനങ്ങൾ പരാമർശിച്ചു. പിന്നാക്ക വിഭാഗങ്ങൾ എക്കാലവും  സവർണ ഹൈന്ദവരുടെ അടിമകളായി തുടരണമെന്ന താൽപ്പര്യമാണ് ഇത്തരം നിയമങ്ങൾക്കു പിന്നിലെന്ന്‌ നിരീക്ഷിക്കുകയും ചെയ്‌തു. മതംമാറ്റ നിരോധനമുള്ള സംസ്ഥാനങ്ങളിൽ ഹിന്ദുമതത്തിൽ ചേരുന്നതിന് വിലക്കില്ലെന്നത്‌ ഏറെ ശ്രദ്ധേയമാണെന്നും പറയേണ്ടതുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top