29 March Friday

സംഘപരിവാറിന്റെ രാഷ്ട്രീയനാടകം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018


കേരളത്തിലെ ഏറ്റവും പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണ് ശബരിമല. അവിടത്തെ ഏറ്റവും പ്രധാന തീർഥാടനകാലമാണ് മണ്ഡലകാലം. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് ഈ സമയത്ത് ശബരിമലയിലേക്ക് വരുന്നത്. കേരളത്തിൽനിന്നു മാത്രമല്ല അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും തെലങ്കാനയിൽനിന്നും കർണാടകത്തിൽനിന്നും മറ്റുമായാണ് ഇവർ എത്തുന്നത്. ഈ  തീർഥാടകർക്കുള്ള മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കൂടി ഒരുക്കാറുള്ളത്.  സംസ്ഥാനം ഈ വർഷം നേരിട്ട പ്രളയദുരന്തത്തിന് ശേഷവും ശബരിമലയിലെ ഭക്തർക്ക് ആവശ്യമായ പ്രാഥമികസൗകര്യങ്ങൾ ഒരുക്കുന്നതിൽ ഒരു വിട്ടുവീഴ‌്ചയ‌്ക്കും  സർക്കാർ തയ്യാറായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിലാണ് തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. പോരായ‌്മകളുടെ പഴുതടയ‌്ക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അവകാശപ്പെടാനാകില്ലെങ്കിലും സൗകര്യങ്ങളേ ഇല്ല എന്ന തരത്തിലുള്ള വിമർശനം രാഷ്ട്രീയലക്ഷ്യത്തോടെയാണ് എന്ന് വ്യക്തം.  

അയ്യപ്പ ഭക്തർ ഇക്കുറി നേരിടുന്ന എറ്റവും വലിയ പ്രശ്നം വിശ്വാസത്തിന്റെപേരിൽ സന്നിധാനത്തെയും പമ്പ, നിലയ‌്ക്കൽ തുടങ്ങിയ പ്രദേശങ്ങളെയും കലാപഭൂമിയാക്കാൻ ഒരുങ്ങിപുറപ്പെട്ടെത്തിയ ആർഎസ്എസ്–-ബിജെപി പ്രവർത്തകരാണ്. യുവതികൾക്ക് പ്രവേശം തടയുക എന്ന ലക്ഷ്യത്തോടെ എത്തിയ ഇവർ ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ തടയുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. വിശ്വാസത്തിന്റെപേരിൽ സമരം നടത്തുന്നവർക്ക് എങ്ങനെയാണ് വിശ്വാസികളെ തടയാൻ തോന്നുന്നത്? വൃശ്ചികം ഒന്നിന് നടതുറക്കുന്ന ദിവസംതന്നെയാണ് സംഘപരിവാർ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചത്. ഇതിന്റെ ലക്ഷ്യം  ശബരിമലയിലേക്ക് അയ്യപ്പഭക്തർ എത്തരുത് എന്നല്ലേ? ഇത് ഒരു പ്രാവശ്യമല്ല സംഭവിക്കുന്നത്. തുലാമാസപൂജകൾക്കായി ശബരിമല നടതുറന്നപ്പോഴും ഇതേ ശക്തികൾ ഹർത്താൽ നടത്തി.  എന്തിനധികം പറയുന്നു നവമി പൂജാദിനത്തിൽ പോലും ഇവർ ഹർത്താൽ നടത്തി. ശബരിമല സീസൺ കാലത്ത് രാഷ്ട്രീയ പാർടികൾ ബന്ദ് നടത്തിയാൽ പോലും ശബരിമല തീർഥാടകരെ അതിൽ നിന്ന‌് ഒഴിവാക്കാറുണ്ട്. എന്നാൽ, മേൽപറഞ്ഞ മൂന്ന് ഹർത്താൽ വേളയിലും ശബരിമല തീർഥാടകരെ ഹർത്താലിൽനിന്ന‌് ഒഴിവാക്കിയില്ല.

വിശ്വാസത്തിന്റെ പേരിലോ ആചാരങ്ങൾ സംരക്ഷിക്കുകയോ അല്ല സംഘപരിവാറിന്റെ ലക്ഷ്യം. മറിച്ച് കേരളത്തിൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിയാത്ത രാഷ്ട്രീയവിളവെടുപ്പ് നടത്താനുള്ള ഉപകരണമായി ശബരിമല വിഷയത്തെ ഉപയോഗിക്കുകയാണ് ആർഎസ്എസും ബിജെപിയും എന്നർഥം

ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. വിശ്വാസത്തിന്റെ പേരിലോ ആചാരങ്ങൾ സംരക്ഷിക്കുകയോ അല്ല സംഘപരിവാറിന്റെ ലക്ഷ്യം. മറിച്ച് കേരളത്തിൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിയാത്ത രാഷ്ട്രീയവിളവെടുപ്പ് നടത്താനുള്ള ഉപകരണമായി ശബരിമല വിഷയത്തെ ഉപയോഗിക്കുകയാണ് ആർഎസ്എസും ബിജെപിയും എന്നർഥം.  അത് തുറന്നുപറയാനും ബിജെപി അധ്യക്ഷൻ തയ്യാറായി. കോഴിക്കോട്ട‌് വാർത്താ ലേഖകരോട് സംസാരിക്കവെ ശ്രീധരൻപിള്ള പറഞ്ഞത് ശബരിമലയിലെ സംഘപരിവാർ സമരം സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരല്ല, മറിച്ച് കമ്യൂണിസറ്റ്കാർക്കെതിരയുള്ള സമരമാണിതെന്നാണ്.നേരത്തേ യുവമോർച്ചയുടെ യോഗത്തിൽ സംസാരിക്കുമ്പോഴും ശബരിമല സമരം രാഷ്ട്രീയ സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് ശ്രീധരൻപിള്ള പറഞ്ഞിരുന്നു.   ഭക്തരെ പിന്തുണയ‌്ക്കുന്ന സമരമല്ല, മറിച്ച‌്  കേരളത്തിലെ കമ്യൂണിസ്റ്റ‌് പാർടിയിലെയും അവരുടെ നേതൃത്വത്തിലുള്ള ഭരണത്തെയും തകർക്കലാണ് സമരത്തിന്റെ ലക്ഷ്യമെന്ന് ഒരു വളച്ചുകെട്ടുമില്ലാതെ ബിജെപി അധ്യക്ഷൻ പറഞ്ഞിരിക്കുന്നു. മാത്രമല്ല, കുഴപ്പങ്ങൾ ഉണ്ടാക്കാൻ പ്രത്യേക കഴിവുള്ളവരെ ഓാരോദിവസവും വിവിധ നിയോജകമണ്ഡലങ്ങളിൽ നിന്നായി എത്തിക്കാനും ബിജെപി സർക്കുലർ ഇറക്കിയ കാര്യവും പുറത്തായി. 

അതായത് ആചാരസംരക്ഷണം, വിശ്വാസ സംരക്ഷണം തുടങ്ങിയ മുദ്രാവാക്യങ്ങൾ വെറും പുകമറയാണെന്ന് സാരം. അതിനാലാണ് ആചാരം ലംഘിച്ച് സന്നിധാനത്ത് എത്താനും ഇരുമുടിക്കെട്ട് നിലത്തേക്ക് വലിച്ചെറിയാനും പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറി അയ്യപ്പഭക്തരെ തടയാനും സംഘപരിവാർ നേതാക്കൾ തയ്യാറായത്. നിലയ്ക്കലിൽ അറസ്റ്റിന് വഴങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ തങ്ങളെ വെടിവയ‌്ക്കാതെ വാഹനത്തിൽ കയറ്റാൻ കഴിയില്ലെന്ന് സുരേന്ദ്രൻ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ശബരിമലയിൽ വെടിവയ‌്പും കുഴപ്പവും ഉണ്ടാക്കാൻ സംഘപരിവാർ നടത്തിയ ഗുഢാലോചനയാണ് സുരേന്ദ്രന്റെ വാക്കുകളിലുടെ പുറത്തുവന്നത്. ഇത്തരം ഗൂഢശ്രമങ്ങൾ സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട് ഉള്ളതിനാലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. അത് ചില അസൗകര്യങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതുമായി അയ്യപ്പഭക്തർ സഹകരിക്കുന്നുണ്ട്. ശബരിമലയെ തകർക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്ന‌് ഉണ്ടാകുന്നത്. അത് തടയുകതന്നെ വേണം. അതിനായി ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top