24 April Wednesday

തീ കൊളുത്തരുത്‌ രാജ്യത്തിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 14, 2022


മനുഷ്യരുമായി ബന്ധപ്പെട്ട എന്തിനെയും ഏതിനെയും തങ്ങൾക്കനുകൂലമാക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ ഫാസിസ്‌റ്റ്‌ മുഖഭാവമുള്ള പ്രസ്ഥാനങ്ങൾ ചരിത്രത്തിലുടനീളം പ്രയത്‌നിച്ചിട്ടുണ്ട്‌. അത്‌ സംസ്‌കാരത്തിനുമേൽ വലിയ ക്ഷതങ്ങളാണുണ്ടാക്കിയത്‌. നിഷ്‌കളങ്കമായ വിശ്വാസങ്ങളിലും  സമൂഹ ശരീരത്തിലെ ആചാരങ്ങളിലും അവ ലക്ഷ്യങ്ങൾ സമർഥമായി ഒളിച്ചുകടത്തും. രാമനവമി ഘോഷയാത്രയ്‌ക്കിടെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ  സംഘപരിവാർ കുത്തിപ്പൊക്കിയ വർഗീയ സംഘർഷങ്ങൾ കടുത്ത ആശങ്കയുണ്ടാക്കുന്നത്‌ ഈ പശ്‌ചാത്തലത്തിലാണ്‌. മതാഘോഷങ്ങളെ വർഗീയ പ്രചാരണത്തിനായി  ദുരുപയോഗിച്ചുവന്ന  കാവിപ്പട  മാരകങ്ങളായ വൻ ആയുധ സന്നാഹങ്ങളുമായി തെരുവിൽ അഴിഞ്ഞാടുന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകളിൽ  പ്രകോപന മുദ്രാവാക്യം മുഴക്കി കലാപ സമാനമായ അവസ്ഥ ഇളക്കിവിടുന്നുമുണ്ട്‌. എല്ലാ സംസ്ഥാനത്തെയും  അതിക്രമങ്ങളുടെ ആസൂത്രണവും അതിന്റെ ഘടനയും നടപ്പാക്കിയ രീതിയും സമാനമാണെന്നത്‌ രാജ്യവ്യാപക ഗൂഢാലോചനയുടെ തെളിവു നൽകുന്നു. ഭാഷ, വേഷം, വസ്‌ത്രം, ഭക്ഷണം, രൂപം തുടങ്ങിയവയെല്ലാം ശത്രുതയുടെ കളിസ്ഥലമാക്കാനും സംഘപരിവാർ ശക്തികൾക്കായി.

മുസ്ലിം ജനവാസ മേഖലകളിൽ അവശ്യംവേണ്ട  പ്രാഥമിക സുരക്ഷപോലും ഉറപ്പാക്കാതെ ത്രിശൂലയാത്രകൾക്ക്‌  വേദിയൊരുക്കിയ സംസ്ഥാന ബിജെപി ഭരണങ്ങളുടെ നടപടി കലാപ സമാനമായ സ്ഥിതിയിൽ എണ്ണയൊഴിക്കുകയായിരുന്നു. മധ്യപ്രദേശിലും ബിഹാറിലും പള്ളികളിൽ കയറിക്കൂടിയ ബജ്‌റംഗദളുകാർ അവിടെനിന്ന്‌ കല്ലെറിഞ്ഞ്‌ മുസ്ലിങ്ങളെ ജനമധ്യത്തിൽ സംശയാസ്‌പദമാക്കി. അതിന്‌ പകരമായി പൊലീസും ഇതര ഭരണസ്ഥാപനങ്ങളും ഉടൻ അവരെ ലക്ഷ്യമാക്കി പ്രതികാര നടപടി തുടങ്ങി. മധ്യപ്രദേശിൽ ന്യൂനപക്ഷങ്ങളുടെ വീടും കെട്ടിടങ്ങളും ഇടിച്ചുനിരപ്പാക്കി. ഏഴ്‌ സംസ്ഥാനത്ത്‌ വ്യാപക അക്രമങ്ങൾക്ക്‌ തീപിടിപ്പിച്ചിട്ടും  മോദി അനുവർത്തിക്കുന്ന  മൗനം കുറ്റകരമാണ്‌. മാത്രവുമല്ല, ന്യൂനപക്ഷ വേട്ടയ്‌ക്ക്‌ ഭരണകൂടത്തിന്റെ മൗനാനുവാദമുണ്ടെന്ന വസ്‌തുത നടുക്കം ഇരട്ടിയാക്കുന്നു. 

ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദുത്വ ഭീകരർ അസഹിഷ്‌ണുതയുടെ കാഞ്ചിവലിച്ചു. ഡൽഹി ജെഎൻയുവിലും  കർണാടകത്തിലെ കലബുർഗി സർവകലാശാലയിലും മറ്റും ഏറെ അക്രമാസക്തമായി. ജെഎൻയു ഹോസ്റ്റലിൽ മാംസാഹാരം തടഞ്ഞ എബിവിപിക്കാർ സമീപ നാളുകളിൽ അവിടെ അനാവശ്യ പ്രശ്‌നങ്ങളുയർത്തി കലാപം ഇളക്കിവിടുകയാണ്‌. മോദിയുടെ രണ്ടാം വരവോടെ രാജ്യത്താകെ ആസൂത്രിതവും വ്യാപകവുമായി വിദ്വേഷവും വർഗീയാക്രമണങ്ങളും കുത്തിയിളക്കി മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഭാവി കരിനിഴലിലാക്കി. അപകടകരമായ അത്തരം നീക്കങ്ങൾ ചെറുക്കാൻ മതനിരപേക്ഷ പാർടികളും  സംഘടനകളും രാജ്യസ്‌നേഹികളായ വ്യക്തികളും കൈകോർത്ത്‌ നീങ്ങേണ്ടത്‌  ജനകോടികളുടെ  നിലനിൽപ്പിന്‌ അനിവാര്യമാണ്‌.  പെരുകുന്ന ദാരിദ്ര്യം, താങ്ങാനാകാത്ത വിലക്കയറ്റം(പ്രത്യേകിച്ച്‌ ആകാശം മുട്ടുന്ന ഇന്ധനവില), ലക്ഷക്കണക്കിന്‌ യുവജനങ്ങളിൽ അരക്ഷിതാവസ്ഥ തീർക്കുന്ന തൊഴിലില്ലായ്മ തുടങ്ങിയവയിൽനിന്നെല്ലാം ശ്രദ്ധതിരിക്കാൻ താൽക്കാലിക വർഗീയ അജൻഡകൾ പ്രയോഗിക്കുകയാണ്‌ മോദി‐ അമിത്‌ ഷാ സംയുക്തം. അതിലൂടെ നാനാത്വത്തിൽ ഏകത്വവും ബഹുസ്വരതയുമെല്ലാം  അനാഥമാക്കുന്നു.

ഐക്യവും സമാധാനവും സമഭാവനയും സ്നേഹവും നീതിബോധവും ധാർമികതയും നിലനിൽക്കുന്ന  ഇന്ത്യക്കായി പോരാടിക്കൊണ്ടേ അപകടമുനമ്പ്‌ മുറിച്ചുകടക്കാനാകൂ; ചില അയൽക്കാരെ  ഏറെക്കുറെ തച്ചുടച്ച ആഭ്യന്തര വംശീയകലാപ സാധ്യതയിൽനിന്ന്‌ മാതൃഭൂമിയെ രക്ഷിക്കാനാകൂ. സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം നൽകിയതുപോലെ, എല്ലാ വിഭാഗം ജനങ്ങളും സമാധാനം പാലിക്കാനും വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ  ചെറുത്തുതോൽപ്പിക്കാനും മുന്നോട്ടുവരണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top