05 December Tuesday

തടയണം സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ട

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023


ജനാധിപത്യ സംസ്‌കാരത്തെ അതിവേഗം അവസാനിപ്പിച്ച്‌ ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള  സംഘപരിവാർ സംഘടനകളുടെ ശ്രമം സമാധാന ജീവിതത്തിനുമേൽ വീണ്ടും കരിനിഴൽ വീഴ്‌ത്തുകയാണ്‌. കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ലഭിച്ച അധികാരത്തിന്റെ മറവിൽ എങ്ങനെയും തീവ്ര ഹിന്ദുത്വ ആശയങ്ങൾ രാജ്യത്താകെ നടപ്പാക്കാനുള്ള വെമ്പലിലാണ്‌ ആർഎസ്‌എസ്‌ നേതൃത്വം. ന്യൂനപക്ഷങ്ങൾക്കെതിരെ മറയില്ലാത്ത കടന്നാക്രമണങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറുകയാണ്‌. പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയിൽ വെറുപ്പിന്റെ രാഷ്‌ട്രീയം പടർത്തി വീണ്ടും അധികാരത്തിൽ എത്താമെന്ന ചിന്തയിലാണ്‌ ബിജെപി.

ന്യൂനപക്ഷങ്ങൾക്ക്‌ രാജ്യത്ത്‌ ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം നഷ്ടമായി. ഗുജറാത്ത്‌, ഉത്തർപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌, കർണാടകം, ഉത്തരാഖണ്ഡ്‌, ജാർഖണ്ഡ്‌ തുങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്‌ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക്‌ സ്വതന്ത്രമായി ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. ഇതിനെത്തുടർന്നാണ്‌ കഴിഞ്ഞ ദിവസം ഡൽഹിയിൽ 79 ക്രിസ്‌ത്യൻ സംഘടന ചേർന്ന്‌ വലിയ പ്രതിഷേധം ഉയർത്തിയത്‌. ഞങ്ങളും ഇന്ത്യക്കാരാണ്‌, ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം വേണമെന്നാണ്‌ ഇവർ ആവശ്യപ്പെടുന്നത്‌. ഏറ്റവും ഒടുവിൽ ഛത്തീസ്‌ഗഢിലെ നാരായൺപുരിൽ ക്രിസ്‌ത്യൻ പള്ളി തകർത്ത്‌ അക്രമികൾ അഴിഞ്ഞാടി. പൊലീസിന്റെ ഒത്താശയോടെ അക്രമങ്ങൾ അരങ്ങേറുന്നതിനാൽ പരാതികൊടുത്തതുകൊണ്ട്‌ പ്രയോജനം ഉണ്ടാകുന്നില്ലെന്ന്‌ സമരത്തിന്‌ നേതൃത്വം നൽകിയ ഡൽഹി ആർച്ച്‌ബിഷപ്‌ അനിൽ കൂട്ടോ, ഫരീദാബാദ്‌ ആർച്ച്‌ബിഷപ്‌ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര തുടങ്ങിയവർ  പറഞ്ഞു.

ബിജെപി ആദ്യമായി അധികാരത്തിൽ വന്ന  1998 മുതലാണ്‌ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഘടിത ആക്രമണത്തിനു തുടക്കം. ക്രിസ്‌ത്യാനികൾക്കെതിരെ 2021ൽ രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്‌ത അക്രമങ്ങളുടെ എണ്ണം 525 ആയിരുന്നെങ്കിൽ 2022ൽ ഇത്‌ അറുന്നൂറിന്‌ മുകളിലായി. ക്രിസ്‌ത്യൻ ഭൂരിപക്ഷ പ്രദേശങ്ങൾ തെരഞ്ഞുപിടിച്ച്‌ വലിയ ആക്രമണങ്ങൾ അഴിച്ചുവിട്ട്‌ ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്‌ സംഘപരിവാർ രീതി. 1998ൽ ഗുജറാത്തിലുണ്ടാക്കിയ കലാപത്തിൽ ആയിരക്കണക്കിനാളുകൾ അക്രമത്തിനിരയായി. നിരവധി പള്ളികൾ അഗ്നിക്കിരയാക്കി. നൂറുകണക്കിനാളുകളാണ്‌ തെക്കുകിഴക്കൻ ഗുജറാത്തിൽനിന്ന്‌ പലായനംചെയ്‌തത്‌. 2007ലും 2008ലും ഒഡിഷയിലെ കന്ദമാലിൽ ഉണ്ടാക്കിയ ആക്രമണങ്ങളുടെ ഭീതി ഇന്നും വിട്ടുമാറിയിട്ടില്ല. ക്രിസ്‌മസ് രാത്രിയിൽ പള്ളികളും വീടുകളും കത്തിച്ച്‌ നിരവധിയാളുകളെ കൊലപ്പെടുത്തി, സ്‌ത്രീകളെയും കന്യാസ്‌ത്രീകളെയും മാനഭംഗപ്പെടുത്തി സംഘപരിവാർ ഭീകരത പത്തിവിടർത്തി ആടി. ഈ വർഷങ്ങളിൽത്തന്നെ കർണാടകത്തിൽ ക്രിസ്‌ത്യാനികൾക്കുനേരെ നടന്ന ആക്രമണങ്ങളും മറക്കാനാകില്ല.

ക്രിസ്‌ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിലെന്നപോലെ മുസ്ലിം സമുദായത്തിനുനേരെയും കിരാതമായ ആക്രമണങ്ങളാണ്‌ അരങ്ങേറുന്നത്‌. കഴിഞ്ഞ ദിവസം പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ട്‌ മുസ്ലിം യുവാക്കളെ ചുട്ടുകൊന്നത്‌ രാജ്യത്തെയാകെ വീണ്ടും ഞെട്ടിപ്പിച്ച സംഭവമാണ്‌. ഭിവാനി ജില്ലയിലാണ്‌ പൊലീസിന്റെ സഹായത്തോടെ ഈ ക്രൂരത അരങ്ങേറിയത്‌. രാജസ്ഥാനിലെ മേവാത്ത്‌ മേഖലയിലെ ഘട്‌ചിക ഗ്രാമവാസികളായ ജുനൈദ്‌, നസീർ എന്നിവരാണ്‌ ജീവനോടെ ചുട്ടുകരിക്കപ്പെട്ടത്‌. സഹോദരപുത്രിയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട യാത്രയ്‌ക്കിടയിലാണ്‌ സംഘപരിവാറുകാർ പശുക്കടത്ത്‌ ആരോപിച്ച്‌ യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ചത്‌. പൊലീസ്‌ സ്‌റ്റേഷനിൽ എത്തിച്ചുവെങ്കിലും കസ്റ്റഡിയിലെടുക്കൻ തയ്യാറാകാതിരുന്നതിനാൽ വാഹനത്തിലിട്ട്‌ തീ കൊളുത്തിയെന്ന കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ സംഘപരിവാർ ഭീകരതയുടെ മുഖം ഒരിക്കൽക്കൂടി അനാവരണം ചെയ്യുന്നതാണ്‌. യുപിയിൽ പുതുക്കിപ്പണിയുന്ന മുസ്ലിംപള്ളി കഴിഞ്ഞ ദിവസം സംഘപരിവാറുകാർ തകർത്തു.

നൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ പണിയാനോ നിലവിലുള്ളവ നിലനിർത്താനോ അനുവദിക്കില്ലെന്ന ധാർഷ്‌ട്യമാണ്‌ അടക്കിഭരിക്കുന്നത്‌. എന്ത്‌ അക്രമം നടത്തിയാലും എതിർക്കാൻ പൊലീസോ ഭരണാധികാരികളോ ഇല്ലെന്ന അവസ്ഥ അക്രമികൾക്ക്‌ ഊർജം പകരുകയാണ്‌. ഇതിനെ തുറന്നുകാണിക്കേണ്ട മാധ്യമങ്ങൾ എല്ലാം മൂടിവയ്‌ക്കാൻ അതീവ ജാഗ്രത കാണിക്കുന്നുവെന്നതും നിസ്സാരമല്ല. മലയാള മാധ്യമങ്ങൾപോലും അക്രമത്തിനു പിന്നിൽ സംഘപരിവാറാണെന്ന്‌ പറയാൻ മടിക്കുന്നവരാണ്‌. എന്തിനേറെ പറയുന്നു ക്രൈസ്‌തവ പത്രമെന്ന്‌ അവകാശപ്പെടുന്ന പത്രംപോലും അക്രമികൾ ആരെന്ന്‌ പറയാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്‌. നൂനപക്ഷങ്ങളുടെ നിലനിൽപ്പ്‌ കടുത്ത വെല്ലുവിളി നേരിടുമ്പോഴും ഇവിടത്തെ മാധ്യങ്ങൾ ഇടതുപക്ഷ വിരുദ്ധതയിൽ അഭിരമിച്ച്‌ സംഘപരിവാറിനൊപ്പം ചേരാനുള്ള മത്സരത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top