25 April Thursday

തീക്കളി നിർത്തുക

വെബ് ഡെസ്‌ക്‌Updated: Saturday Oct 20, 2018


ഗുരുവായൂർക്ഷേത്രം വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്ന‌് ആവശ്യപ്പെട്ട‌് മൂന്നു പതിറ്റാണ്ടുമുമ്പ‌്  അശോക് സിംഗാളിന്റെ നേതൃത്വത്തിൽ ഒരു സമരം നടന്നിരുന്നു. ക്ഷേത്രഭരണത്തിന് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നതിൽ കലിപൂണ്ടായിരുന്നു ആസൂത്രിതമായ ആ സമരം. സമാന്തര ഭണ്ഡാരം  സ്ഥാപിച്ചും വിശ്വാസത്തിന്റെ പേരിൽ വികാരമിളക്കിവിട്ടും ഏകാദശികാലത്ത‌്  നടത്തിയ  ആ സമരം  പക്ഷേ ദയനീയമായാണ് പരാജയപ്പെട്ടത്. കേരളത്തിലെ വിശ്വാസി സമൂഹം വർഗീയമായ കളികൾക്ക് നിന്നുകൊടുക്കാൻ  തയ്യാറല്ല എന്ന പ്രഖ്യാപനമാണ് അന്നുണ്ടായത്. സാഹചര്യം വേറെയെങ്കിലും സമാനമായ ആസൂത്രിത  നീക്കമാണ് സംഘപരിവാർ ശബരിമലയെ മറയാക്കി നടത്തുന്നത്. സുപ്രീംകോടതിയാണ് ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകൾക്ക‌് പ്രവേശനം ആകാമെന്ന് വിധിച്ചത്. ആ കേസിൽ കക്ഷിചേരാനോ അഭിപ്രായം പറയാനോ ഒരു ബിജെപി നേതാവും സുപ്രീംകോടതിയിൽ പോയിട്ടില്ല. കേന്ദ്ര സർക്കാരിനെ നയിക്കുന്നത് ആർഎസ്എസ് പ്രചാരകൻകൂടിയായ നരേന്ദ്ര മോഡിയാണ്.  ആ മോഡിയും കേന്ദ്രവും എന്തുകൊണ്ട്, ഇന്ന് സംഘപരിവാർ കേരളത്തിൽ ഉന്നയിക്കുന്ന ആവശ്യം നിറവേറ്റാൻ ചെറുവിരലനക്കിയില്ല എന്ന ചോദ്യത്തിന് ഉത്തരം പറയാൻ സമരം നയിക്കുന്ന ശ്രീധരൻപിള്ളയ്ക്കും   കലാപം സൃഷ്ടിക്കാൻ ഒരുമ്പെട്ടിറങ്ങിയ ആർഎസ്എസിനും ബാധ്യതയുണ്ട്.

വർഗീയചേരിതിരിവ് സൃഷ്ടിച്ച‌് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ആർഎസ്എസ് എന്നും ശ്രമിച്ചിട്ടുള്ളത്. ഇവിടെ, വിശ്വാസികളെയും അവിശ്വാസികളെയും രണ്ടു തട്ടിലാക്കാനാണ് ശ്രമം. ശബരിമല ആർഎസ്എസിന്റെ സ്വത്തല്ല. അത് ഇന്നാട്ടിലെ വിശ്വാസികളുടെയാകെ തീർഥാടനകേന്ദ്രമാണ്, അതിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും സർക്കാർ സംവിധാനങ്ങൾക്കും ഉണ്ട്. ഏതു വിധേനെയും പ്രകോപനം സൃഷ്ടിച്ച‌്, പൊലീസ‌് നടപടി ഇരന്നുവാങ്ങി കലാപാഗ്നി കൊളുത്താനുള്ള നീക്കമാണ‌് ഇപ്പോഴുണ്ടാകുന്നത്. അതിന‌് നേതൃത്വം നൽകുന്നത്, കേന്ദ്ര ഭരണകക്ഷിയായ ബിജെപിതന്നെയാണ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമല ദർശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കർശനസുരക്ഷ ഒരുക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത്.  മുൻകരുതലും ജാഗ്രതയും ക്രമസമാധാന പരിപാലനത്തിനുള്ള  സുരക്ഷാക്രമീകരണങ്ങളും ശബരിമലയിൽ  ഒരുക്കണമെന്നും ക്രമസമാധാനം സംരക്ഷിക്കുന്നതിനെതിരായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരവേല നടത്തുന്നത് കർശനമായി നിരീക്ഷിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. എന്നാൽ, ബിജെപി പരസ്യമായി കലാപത്തിന് ശ്രമിക്കുന്നു; നിയമം ലംഘിക്കുന്നു; പ്രകോപനം സൃഷ്ടിക്കുന്നു.
അയ്യപ്പവേഷം ധരിച്ച്, ഇരുമുടിക്കെട്ടുമായി  നിരോധനാജ്ഞ ലംഘിക്കാൻ  ചെല്ലണമെന്ന് ആഹ്വാനം മുഴക്കിയതിനാണ് ആർഎസ്എസ് പ്രവർത്തകനായ കൊല്ലം തോട്ടത്തറ സ്വദേശി വി ആർ  രജീഷ് അറസ്റ്റിലായത്. ശബരിമലയിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങൾക്കു പിന്നിൽ കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽനിന്നുള്ള ആർഎസ്എസ്  ക്രിമിനലുകളുമുണ്ട‌്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ക്രിമിനലുകളെ എത്തിച്ച‌് അക്രമം നടത്തുകയാണ്. നിയമ സമാധാനപാലനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ്. സന്നിധാനത്ത് കയറാൻ എത്തിയ ഒരു വനിത ബിജെപി നേതാവുമായി ഗൂഢാലോചന നടത്തി എന്ന ആരോപണം വന്നിട്ടുണ്ട്. അതിനർഥം, ഒരു ഭാഗത്ത് സ്ത്രീപ്രവേശത്തിനെതിരെ അക്രമസമരം നടത്തുകയും അതിനിടയിൽ സ്ത്രീയെ അങ്ങോട്ടെത്തിച്ച‌് സംഘർഷമുണ്ടാക്കുകയും എന്ന ഇരട്ടക്കളിയാണ് ബിജെപി കളിക്കുന്നത് എന്നാണ്. ആ പാർടിയുടെ സമീപനത്തിലും ഈ ഇരട്ടക്കളിയുണ്ട്. ദൗർഭാഗ്യവശാൽ കോൺഗ്രസും ബിജെപിയുടെ പിന്നാലെ പോവുകയാണ്. സംസ്ഥാനത്തിന്റെ സമാധാനവും സ്വസ്ഥതയും നശിപ്പിക്കാനുള്ള സംഘപരിവാർ നീക്കത്തിന്റെ നടത്തിപ്പുകാരായ ചില കോൺഗ്രസ‌് നേതാക്കളെങ്കിലും അധഃപതിച്ചിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ അട്ടിമറിക്കുക എന്ന കുത്സിത ലക്ഷ്യത്തിനാണ‌് കോൺഗ്രസിന്റെയും ബിജെപിയുടെയും ഐക്യം. അതിനായി, എന്ത് ഹീനകൃത്യത്തിനും തയ്യാറാണവർ.  പ്രളയദുരന്തത്തിൽനിന്ന് നിവർന്നെഴുന്നേൽക്കുംമുമ്പാണ്, മനുഷ്യനിർമിത ദുരന്തത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടാൻ സംഘപരിവാർ ശ്രമിക്കുന്നത്.

വിശ്വാസികളുടെയും ഹിന്ദുമതത്തിന്റെയും കുത്തകാവകാശം ആർഎസ്എസിന‌് ആരും നൽകിയിട്ടില്ല, ആ വർഗീയ സംഘടനയോട് കടുത്ത അകലം പാലിക്കുന്നവരും അതിനെ കഠിനമായി വെറുക്കുന്നവരുമാണ് വിശ്വാസികളിൽ മഹാഭൂരിപക്ഷവും. ഒരു ചെറു ന്യൂനപക്ഷമായ ക്രിമിനലുകളാണ് അക്രമ രംഗത്തുള്ളത്. അവരെ കർക്കശമായി നേരിടുകതന്നെവേണം. ശബരിമലയ്ക്കും കേരളത്തിനും ഒരു പോറലുമേൽക്കാതെ സംരക്ഷിക്കാനുള്ള ബാധ്യത കേരളീയസമൂഹം സർവാത്മനാ ഏറ്റെടുക്കേണ്ട സന്ദർഭമാണ് വന്നിരിക്കുന്നത്. ശബരിമല അയ്യപ്പഭക്തരുടെ തീർഥാടനകേന്ദ്രമാണ്, ആർഎസ്എസിന്റെ കളിക്കളമല്ല. കലാപം ലക്ഷ്യമിട്ട‌് മലകയറാൻ ഒരൊറ്റ ആർഎസ്എസുകാരനെയും വിടരുത്. അതുറപ്പാക്കാൻ എത്ര ശക്തമായ നടപടിയെടുത്താലും പൊതു സമൂഹത്തിന്റെ പിന്തുണ സർക്കാരിനുണ്ടാകും. വിശ്വാസംവച്ചുള്ള തീക്കളി സ്വമേധയാ സംഘപരിവാർ നിർത്തിയില്ലെങ്കിൽ, ആ തീയിൽ വെള്ളമൊഴിക്കാൻ കേരളത്തിലെ സാധാരണ ജനങ്ങൾ തയ്യാറാകേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top