29 September Friday

സംഘപരിവാറിന്റെ കപടമുഖം

വെബ് ഡെസ്‌ക്‌Updated: Saturday Dec 1, 2018

ശബരിമല കേരളം കീഴടക്കാനുള്ള ചവിട്ടുപടിയാണെന്ന് വ്യാമോഹിച്ച്‌ കൈവിട്ട കളിക്കൊരുങ്ങിയ സംഘപരിവാർ കപടമുഖം തിരിച്ചറിയപ്പെട്ടതിന്റെ ജാള്യത്തിലാണ്. വിശ്വാസത്തിന്റെ പേരിലാണ് ശബരിമലയിൽ കലാപത്തിന് തീകൊളുത്താൻ ഒരുങ്ങിയതെങ്കിൽ, മറ്റൊരു തരത്തിൽ ആളിക്കത്തിക്കാൻ അവർ ഏറ്റെടുത്ത വിഷയമായിരുന്നു കീഴാറ്റൂരിലേത്. കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയവും ദേശീയപാത അതോറിറ്റിയും  കീഴാറ്റൂരിലൂടെയുള്ള ബൈപാസ് അലൈൻമെന്റ‌് തീരുമാനിച്ച് വിജ്ഞാപനമിറക്കിയതോടെ, ബിജെപി ഇക്കാര്യത്തിൽ എടുത്ത നിലപാടുകൾ എത്ര വലിയ കാപട്യമാണ് എന്നതുമാത്രമല്ല, ഒരുതരത്തിലും വിശ്വസിക്കാൻ കൊള്ളാത്ത പാർടിയാണത് എന്നുകൂടിയാണ് സംശയരഹിതമായി തിരിച്ചറിയപ്പെട്ടത്. വയൽക്കിളി സമരക്കാരെയും  പൊതുസമൂഹത്തെയും ഒരുപോലെ അവർ വഞ്ചിച്ചു.

കീഴാറ്റൂരിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ‌് വരുന്നത്. പന്ത്രണ്ടര ഏക്കറോളം വയൽ ആണ് ബൈപാസ് വരുമ്പോൾ നഷ്ടപ്പെടുക, ബാക്കി വയൽപ്രദേശം സംരക്ഷിക്കും എന്ന ഉറപ്പ് മുമ്പേ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട് . വയലിലേക്കുള്ള ജലസേചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുമെന്നും  ഉറപ്പുനൽകി . ഇതൊക്കെ വിശദീകരിക്കപ്പെട്ടപ്പോൾ പ്രാദേശികമായി ജനങ്ങൾ പദ്ധതിക്കനുകൂലമായി മുന്നോട്ടുവന്നതാണ്. ഭൂമി വിട്ടുകൊടുക്കേണ്ടിവരുന്ന 56 കുടുംബങ്ങളിൽ 52 കുടുംബങ്ങളുടെയും സമ്മതപത്രം കൈമാറി . എന്നിട്ടും കീഴാറ്റൂരിനെ കേരളത്തിലെ നന്ദിഗ്രാം  ആക്കും എന്ന പ്രഖ്യാപനത്തോടെ, നന്ദിഗ്രാമിൽനിന്ന് മണ്ണ് കൊണ്ടുവന്ന‌് കീഴാറ്റൂരിൽ വിതറി ഇറങ്ങിപ്പുറപ്പെട്ടത‌് ബിജെപിയാണ്.

അനിവാര്യമായ റോഡ് വികസനം തടസ്സപ്പെടുത്തിയാലും എൽഡിഎഫ് സർക്കാരിനെ വെറുതെ വിടില്ല എന്നതായിരുന്നു ബിജെപി നിലപാട്. ദേശീയപാതയുടെ അലൈൻമെന്റ് നിശ്ചയിച്ചതിൽ പങ്കില്ലെന്നും  ജനങ്ങളുടെ പ്രയാസങ്ങളും പ്രായോഗികതയും കണക്കിലെടുത്ത് അലൈൻമെന്റിൽ മാറ്റംവരുത്തുന്നതിന് എതിർപ്പില്ലെന്നും അന്നുതന്നെ സംസ്ഥാന സർക്കാർ  വ്യക്തമാക്കിയതാണ്. അതൊന്നും  മുഖവിലയ‌്ക്കെടുക്കാതെ സിപിഐ എമ്മിനെയും കേരള സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു ബിജെപി നേതൃത്വം. ആർഎസ്എസും എസ്ഡിപിഐയുംമുതൽ മാവോയിസ്റ്റുകൾ വരെയുള്ള സങ്കുചിതശക്തികളെയും കൂടെനിർത്തിയാണ് കീഴാറ്റൂരിൽ വയൽക്കിളികൾ സമരം വിപുലപ്പെടുത്തിയത്.
സിപിഐ എം സ്വാധീനമേഖലയായ കീഴാറ്റൂരിലേക്ക് നുഴഞ്ഞുകയറാനുള്ള കുറുക്കുവഴിയായാണ് ബിജെപി  ഈ സമരത്തെ കണ്ടത്. കീഴാറ്റൂർ പ്രദേശത്തുകൂടെ ബൈപാസ് വരില്ലെന്ന് കുമ്മനം രാജശേഖരനും  പി കെ കൃഷ്ണദാസും അടക്കമുള്ള നേതാക്കൾ സമരക്കാരെ വിശ്വസിപ്പിച്ചു. പി കെ കൃഷ്ണദാസ് കർഷകരക്ഷയ‌്ക്കന്ന പേരിൽ കീഴാറ്റൂരിൽനിന്ന് കണ്ണൂരിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ദേശീയപാത വികസനവും ബൈപാസുകളും യാഥാർഥ്യമാകണമെന്നതിനൊപ്പം അത് ജനങ്ങളുടെ പ്രയാസങ്ങൾ പരമാവധി കുറച്ചുകൊണ്ടാകണം എന്ന നിലപാടാണ്  സിപിഐ എമ്മും  എൽഡിഎഫ‌് സർക്കാരും   സ്വീകരിച്ചത്. സുതാര്യമായ ആ നിലപാടിനെ തെറ്റായി ചിത്രീകരിച്ച് സർക്കാർ പരിസ്ഥിതി നശിപ്പിക്കുന്നു എന്ന തെറ്റായ പ്രചാരണമാണ് നടന്നത്. അതിന‌് മാർക‌്സിസ്റ്റ‌് വിരോധം തലയ‌്ക്കുപിടിച്ച ചില മാധ്യമങ്ങളും കൂട്ടുനിന്നു . ആ സൗകര്യം ഉപയോഗിച്ച്  പരിസ്ഥിതിസ്‌നേഹി വേഷംകെട്ടി സർക്കാർ വിരുദ്ധ സമരത്തിന് രംഗമൊരുക്കുകയാണ് ബിജെപി ചെയ‌്തത‌് . കീഴാറ്റൂരിനെയും കണ്ണൂരിനെയും സംസ്ഥാന സർക്കാരിനെതിരായ സമരഭൂമിയാക്കി മാറ്റാനാണ്  ശ്രമിച്ചത്.

ഇന്നിപ്പോൾ ദേശീയപാത കീഴാറ്റൂർ ബൈപാസിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് 3ജി വിജ്ഞാപനം പുറത്തുവന്നിരിക്കുന്നു. നേരത്തെ ഉള്ളതിൽനിന്ന് ഒരു മാറ്റവും ഇല്ല. സംസ്ഥാന സർക്കാരിന്റെ നിലപാടിനെ കേന്ദ്രവും ശരിവച്ചിരിക്കുന്നു. കീഴാറ്റൂരിന്റെ പേരിൽ സിപിഐ എമ്മിനെതിരെ നടത്തിയ പ്രചാരവേലകളും  വിരുദ്ധശക്തികളാകെ ഒത്തുചേർന്ന‌് ആരംഭിച്ച സമരനാടകവും പൊളിഞ്ഞിരിക്കുന്നു.  എന്തിനായിരുന്നു സമരവും ബഹളവും മാർച്ചും എന്ന് ബിജെപിയോട് ചോദിച്ചിട്ടു കാര്യമല്ല. അവർ ലജ്ജയില്ലാതെ സ്വന്തം നിലപാടുമാറ്റങ്ങളെ പോലും ന്യായീകരിക്കും.

ഒരു രാഷ്ട്രീയ പാർടിയുടെ ജീർണിച്ച കാപട്യത്തിന്റെ മുഖം പുറത്തുവന്നത് മാത്രമല്ല ഇവിടത്തെ വിഷയം. തെറ്റായ വിവരങ്ങൾ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുമ്പോൾ അതിന്റെ യാഥാർഥ്യം മനസ്സിലാക്കാൻ മുതിരാതെ വൈകാരികമായി ഇറങ്ങിപ്പുറപ്പെടുന്നവർക്കുള്ള മുന്നറിയിപ്പും ആണത‌്. പരിസ്ഥിതിസ്‌നേഹികളായ കുറെയേറെ പേർ ആ പ്രചാരണത്തിൽ അകപ്പെട്ടിട്ടുണ്ട്. അത്തരക്കാർക്കു തിരുത്താനും ബിജെപിയെ തിരിച്ചറിഞ്ഞ‌് ഒറ്റപ്പെടുത്താനുമുള്ള അവസരമാണ് കീഴാറ്റൂർ വിഷയത്തിലെ കേന്ദ്രവിജ്ഞാപനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top