29 March Friday

വഴിവിട്ട പ്രതിഷേധം സംഘപരിവാറിന് സഹായകമാകും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018


നരേന്ദ്ര മോഡിഭരണത്തിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അത്യാചാരങ്ങൾക്ക് കൈയുംകണക്കുമില്ല. ഏതെങ്കിലും വ്യക്തികളുടെ കുറ്റവാസനയിൽനിന്ന് ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മാനംകെടുത്തുന്നത്; മറിച്ച് കേന്ദ്രഭരണം കൈയാളുന്ന പാർടിയും അവരെ നയിക്കുന്ന ആശയങ്ങളുമാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്. അനഭിമതരെ കൊന്നും ബലാത്സംഗംചെയ്തും ഭയപ്പെടുത്തിയും തങ്ങളുടെ അധീശത്വം  ഉറപ്പിക്കാനാണ് ശ്രമം. സംഘപരിവാറിന്റെ കണ്ണിൽ ശത്രുക്കളായി മാറുന്നതാകട്ടെ ന്യൂനപക്ഷങ്ങൾ, ദളിതർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി ഭരണഘടനാപരമായിത്തന്നെ പ്രത്യേക സുരക്ഷയും പരിപാലനവും അർഹിക്കുന്ന ജനവിഭാഗങ്ങളും. ഇവരെ കടന്നാക്രമിക്കുന്ന സംഭവങ്ങൾ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിന് നേതൃത്വം കൊടുക്കുന്നവർക്ക് ഭരണതലത്തിൽനിന്നുതന്നെ സംരക്ഷണം ലഭിക്കുന്നുവെന്ന ഗുരുതര സ്ഥിതിവിശേഷവും നിലനിൽക്കുന്നു.

ഭയാനകമായ ഈ അന്തരീക്ഷത്തിൽ ശക്തമായ പ്രതിഷേധവും ചെറുത്തുനിൽപ്പും സ്വാഭാവികമാണ്. ജമ്മുവിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ച് കൊലചെയ്ത സംഭവത്തെതുടർന്ന് രാജ്യത്താകമാനം ഉയർന്നുവന്ന പ്രതിഷേധം അഭൂതപൂർവമായിരുന്നു. നാടോടി ബക്കർവാൾ മുസ്ലിം കുടുംബങ്ങൾ കഠ്വ പ്രദേശത്ത് താമസമാക്കിക്കൂടാ എന്ന നിന്ദ്യമായ ചിന്തയാണ് ഒരു കുരുന്നുബാലികയെ പിച്ചിച്ചീന്താൻ സംഘപരിവാറിനെ പ്രേരിപ്പിച്ചത്. ഇത് ലൈംഗികകുറ്റകൃത്യം മാത്രമായി കണ്ടാൽ പോരാ. മതവർഗീയതയിൽ സമനിലതെറ്റിയവരാണ് ഈ ക്രൂരകൃത്യത്തിനുപിന്നിലുള്ളത്. ആ അർഥത്തിൽതന്നെ ഈ സംഭവത്തെ ജനമനസ്സുകളിൽ എത്തിക്കുന്നതിന് മാധ്യമങ്ങൾ തയ്യാറായി. കഠ്വ, ഉന്നാവ സംഭവങ്ങളിലെ കുറ്റവാളികളെ രക്ഷിക്കാൻ സംസ്ഥാന ബിജെപി സർക്കാരുകൾ നടത്തിയ ശ്രമങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

സംഘടിത പ്രസ്ഥാനങ്ങളും കൂട്ടായ്മകളും വ്യക്തികളുമെല്ലാം ഈ പ്രതിഷേധത്തിൽ ഭാഗഭാക്കായി. പുതിയ കാലത്തിന്റെ സവിശേഷതയായ സാമൂഹ്യമാധ്യമങ്ങൾ പ്രതിഷേധപ്രവർത്തനത്തിന്റെ മുന്നണിയിൽതന്നെയുണ്ടായി. ബിജെപിയും അതിന്റെ മാതൃസംഘടനയായ ആർഎസ്എസും പിന്തുടരുന്ന ആപൽക്കരമായ പ്രവർത്തനരീതിയെ തുറന്നുകാട്ടുന്നതിൽ സാമൂഹ്യമാധ്യമങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ചെങ്ങന്നൂരിൽ വീടുകൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട കൈയെഴുത്ത് ബോർഡുകൾ സാമൂഹ്യമായ പ്രതിരോധത്തിന്റെ തെളിവായി. ബിജെപിക്കാർ വോട്ട് ചോദിച്ച് വീട്ടിൽ കയറരുതെന്നായിരുന്നു ബോർഡുകളിലെ താക്കീത്. സാമാന്യജനങ്ങളും സാംസ്കാരിക പ്രവർത്തകരും പങ്കാളികളായ വൈവിധ്യമാർന്ന  പ്രതിഷേധപരിപാടികൾ നാടെങ്ങും നടന്നു. ഇതിനിടയിലാണ് സംഘപരിവാറിന്റെ മറുവിഭാഗമായ ചില മുസ്ലിം തീവ്രവാദസംഘടനകൾ മുതലെടുപ്പുശ്രമവുമായി രംഗത്തുവന്നത്.

സംഘപരിവാറിനെതിരായ ശക്തമായ രോഷത്തെ തങ്ങളുടെ വഴിക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നത്. വർഗീയതയ്ക്കും ആക്രമണത്തിനും അതേരൂപത്തിൽ തിരിച്ചടി നൽകാനാണ് ഇവർ പ്രേരിപ്പിക്കുന്നത്. ബലാത്സംഗത്തിനിരയായി  കൊല്ലപ്പെട്ട ബാലിക മുസ്ലിംവിഭാഗത്തിൽ പെട്ടതിനാലാണ് ഇവരുടെ പ്രതികാരദാഹം ഉണരുന്നത്. ഇരകളുടെ മതവും ജാതിയുംനോക്കി പ്രതിഷേധത്തിനിറങ്ങുന്നവരും അക്രമികളും ഇരട്ടസഹോദരങ്ങളാണ്്. ഏത് തിന്മയെയും തങ്ങളുടെ വർഗീയ അജൻഡകൾക്ക് വളമാക്കുകയാണ് ഇവരുടെ ലക്ഷ്യം. സാമൂഹ്യമാധ്യമങ്ങളിലൂടെ വിഷപ്രചാരണം തുടർന്ന ഇവർ വിഷുപ്പിറ്റേന്ന് ഹർത്താൽ സംഘടിപ്പിക്കാനും കരുക്കൾ നീക്കി.

ഞായറാഴ്ച രാത്രിമുതൽ സാമൂഹ്യമാധ്യമങ്ങൾവഴി ഹർത്താൽ പ്രചാരണം നടത്തിയവർക്ക് ഏതെങ്കിലും സംഘടനയുടെ മുഖമോ വിലാസമോ ഉണ്ടായിരുന്നില്ല. എന്നാൽ, രാവിലെ ചിലയിടങ്ങളിൽ കടയടപ്പിക്കാനും വാഹനം തടയാനും ഇറങ്ങിയവരാകട്ടെ എസ്ഡിപിഐ, മുസ്ലിം ലീഗ്‌ പോലുള്ള സംഘടനകളുടെ പ്രധാന പ്രവർത്തകരും. ജനമനസ്സിൽ സംഘപരിവാറിനെതിരെ രൂപപ്പെട്ട വികാരത്തെ മുതലെടുത്ത് വർഗീയചേരിതിരിവ് സൃഷ്ടിക്കാനുള്ള ബോധപൂർവമായ പരിശ്രമമാണ് ചില സംഘടനകൾ നടത്തിയതെന്ന് അവരുടെ പ്രകോപനപരമായ നീക്കങ്ങൾ തെളിയിച്ചു. രണ്ടുനാളത്തെ അവധിക്കുശേഷം ജോലിക്കിറങ്ങിയ ജനങ്ങളെ വഴിയിൽ തടഞ്ഞും കടകളടപ്പിച്ചും ആക്രമണത്തിന് ഒരുങ്ങിയവരെ പൊലീസ് ശക്തമായിത്തന്നെ നേരിട്ടു. മിന്നൽസമരക്കാരെ വിരട്ടിയോടിച്ചും അറസ്റ്റ് ചെയ്തും ജനജീവിതം തടസ്സപ്പെടാതിരിക്കാൻ പൊലീസ് നടപടി സ്വീകരിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലും ചിലർ പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചു. ചിലയിടങ്ങളിൽ ഗതാഗതവും വ്യാപാരവും തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്്.

സാമൂഹ്യമാധ്യമ കൂട്ടായ്മ എന്ന പേരിൽ അപ്രതീക്ഷിത ഹർത്താലും ആക്രമണവും സൃഷ്ടിച്ച് ജനജീവിതം സ്തംഭിപ്പിക്കാനുള്ള നീക്കങ്ങളെ പൊലീസും ജനങ്ങളും ജാഗ്രതയോടെ കാണേണ്ടതുണ്ട്. വാട്സാപ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലെ ഹർത്താൽ 'ആഹ്വാന'ത്തിന്റെ മറവിൽ ബൈക്കുകളിൽ കൂട്ടമായെത്തി പൊലീസിനെ ആക്രമിച്ച് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടണം. ഇവർക്ക് രാഷ്ട്രീയനേതൃത്വം നൽകുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. ജനാധിപത്യപരമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനുള്ള എല്ലാ സാഹചര്യവും നിലനിൽക്കെ, നിയമം കൈയിലെടുക്കാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനും ശ്രമിക്കുന്നവർ നാടിന്റെ ശത്രുക്കളാണ്. സംഘപരിവാറിനെതിരെ കത്തിനിൽക്കുന്ന ജനരോഷത്തെ കെടുത്തിക്കളയുന്ന ഇത്തരം വഴിവിട്ട പ്രതിഷേധത്തെ ജനങ്ങൾ തള്ളിക്കളയണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top