19 April Friday

നമാസ്‌ തടയൽ മതവൈരം വളർത്താൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 8, 2018


ഗോഹത്യയുടെയും മറ്റും മറവിൽ ഒളിച്ചുകടത്തിയിരുന്ന മുസ്ലിം വിരുദ്ധത സംഘപരിവാർ മറയില്ലാതെ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. കന്നുകാലികളെ  കശാപ്പിനായി കൊണ്ടുപോയി, മാട്ടിറച്ചി വീട്ടിൽ സൂക്ഷിച്ചു തുടങ്ങിയ ‘കുറ്റങ്ങൾ’ ചുമത്തി ബിജെപി ഭരിക്കുന്ന  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌തപ്പോൾ, അതൊരു വിശ്വാസപ്രശ്‌നമായി ലഘൂകരിക്കപ്പെട്ടു. ഗോമാതാവിനെ സംരക്ഷിക്കാനായി   രംഗത്തിറങ്ങിയ സേനകളുടെ ആക്രമണത്തിന്‌ തുടർച്ചയായി ഇരയായിക്കൊണ്ടിരുന്നത്‌ മുസ്ലിങ്ങളായിരുന്നുവെന്നത്‌ യാദൃച്ഛികമായിരുന്നില്ല. വീട്ടിൽ അതിക്രമിച്ചുകയറി തല്ലിക്കൊല്ലുകയും മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്‌ത സംഭവങ്ങൾ ഞെട്ടലോടെയാണ്‌ രാജ്യം കണ്ടുനിന്നത്‌. എന്നാൽ, അതെല്ലാം ഒറ്റപ്പെട്ട അതിക്രമങ്ങളായി ചിത്രീകരിച്ച്‌ കൈകഴുകാനാണ്‌ തൽപ്പരകക്ഷികൾ ശ്രമിച്ചത്‌. ആർഎസ്‌എസ്‌ വിചാരധാരയിൽ മുഖ്യശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിങ്ങൾ, ക്രിസ്‌ത്യാനികൾ, കമ്യൂണിസ്റ്റുകാർ  എന്നീ വിഭാഗങ്ങൾക്കെതിരെ ആസൂത്രിതമായ കടന്നാക്രമണമാണ്‌ വിവിധ പേരുകളിലുള്ള സംഘപരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നത്‌.

ക്രിസ്‌ത്യൻ സംഘടനകൾ മതപരിവർത്തനം നടത്തുന്നുവെന്നും മറ്റും ആരോപിച്ച്‌ രാജ്യത്താകമാനം വൈദികർക്കും കന്യാസ്‌ത്രീകൾക്കും നേരെ നടന്ന ആക്രമണങ്ങൾക്ക്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട‌്. കേന്ദ്രത്തിൽ ബിജെപി ഭരണം വന്നതോടെ ഇതു കൂടുതൽ ശക്തിപ്പെട്ടു. കമ്യൂണിസ്‌റ്റുകാരുടെ ഉന്മൂലനമാണ്‌ ‌ ലക്ഷ്യമെന്ന്‌ പ്രഖ്യാപിച്ചാണ്‌ ആക്രമണപദ്ധതികൾ തയ്യാറാക്കുന്നത്‌. തൃണമൂലുമായി ചേർന്ന്‌ ബംഗാളിലും അടുത്തിടെ ഭരണം പിടിച്ചെടുത്ത ത്രിപുരയിൽ  ഭീകരശക്തികളോടൊപ്പം കൂടിയും  കമ്യൂണിസ്‌റ്റുകാർക്കെതിരെ കടുത്ത ആക്രമണമാണ്‌ ബിജെപി അഴിച്ചുവിടുന്നത്‌. കേരളത്തിൽ സ്വാധീനം നേടുകയെന്ന ലക്ഷ്യത്തോടെ ദേശീയ പ്രസിഡന്റ അമിത്‌ ഷായുടെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികൾ പൊളിഞ്ഞെങ്കിലും ദുഷ്ടലാക്കോടെ എല്ലായിടത്തും തലയിട്ട‌് കുഴപ്പമുണ്ടാക്കാൻ ബിജെപി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തവർഷം നടക്കാനിരിക്കെ വർഗീയ ചേരിതിരിവിൽ പ്രതീക്ഷയർപ്പിച്ചാണ്‌ ബിജെപി കരുക്കൾ നീക്കുന്നത്‌. ഇതര മത വിരോധം ആളിക്കത്തിച്ച്‌ ഹിന്ദുധ്രുവീകരണം സാധ്യമാകുമെന്ന്‌ അവർ കാണുന്നു. എന്നാൽ, ദളിതരും പിന്നോക്ക വിഭാഗങ്ങളുമെല്ലാം സംഘപരിവാറിന്റെ ഹിന്ദുസങ്കൽപ്പത്തിന്‌ പുറത്താണെന്ന്‌ തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ്‌ അനുദിനം നടക്കുന്നത്‌. സവർണ‐സമ്പന്ന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദളിതരും പിന്നോക്ക വിഭാഗങ്ങളും സംഘപരിവാർ കടന്നാക്രമണത്തിന്‌ വിധേയരായിക്കൊണ്ടിരിക്കുന്നു. എന്നാൽ, തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ കപട ഹിന്ദുസ്‌നേഹവുമായി ഇറങ്ങുന്നവർ ലക്ഷ്യമാക്കുന്നത്‌  മതവർഗീയത അടിസ്ഥാനമാക്കിയുള്ള ചേരിതിരിവാണ്‌.

സംഘപരിവാർ മുസ്ലിങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുന്നത്‌ വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്‌. ന്യൂനപക്ഷമാണെങ്കിലും ജനസംഖ്യയുടെ 15 ശതമാനത്തോളമാണ്‌ മുസ്ലിങ്ങൾ. അതായത്‌ 20 കോടിക്കടുത്ത്‌. ഇത്രയും വലിയൊരു ജനവിഭാഗത്തെ രാജ്യത്തിന്റെ മുഖ്യധാരയിൽനിന്ന്‌ അന്യവൽക്കരിച്ചാൽ, അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. ലോകരാഷ്ട്രങ്ങൾ ഭീഷണിയായി കാണുന്ന  ഐഎസ്‌ പോലുള്ള മുസ്ലിംതീവ്രവാദശക്തികൾക്ക്‌ ഇന്ത്യയിൽ നിലമൊരുക്കാനുള്ള ഗൂഢപദ്ധതികളാണ്‌ ആർഎസ്‌എസ്‌ ബുദ്ധികേന്ദ്രത്തിൽ രൂപപ്പെടുന്നത്‌. മുസ്ലിങ്ങൾക്ക്‌ നമസ്‌കാരസ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുന്ന രാജ്യം തീവ്രവാദത്തിന്‌ വിളനിലമാക്കപ്പെടുമെന്ന്‌  ഭൂരിപക്ഷവർഗീയത സ്വപ‌്നം കാണുന്നു. അടുത്തിടെ കേരളത്തിൽ നടന്ന ഹർത്താൽ നൽകിയ മുന്നറിയിപ്പ്‌ ഗൗരവമുള്ളതായിരുന്നു. കശ്‌മീരിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ‌്ത‌് കൊന്ന ആർഎസ്‌ എസ്‌, ശക്തമായ ജനവികാരത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ഘട്ടത്തിലാണ്‌ മറുപക്ഷത്തെ വർഗീയക്കോമരങ്ങൾ രക്ഷയ‌്ക്കെത്തിയത്‌. മുസ്ലിംവികാരപ്രകടനമായി ഒരു ഹർത്താൽ സംഘടിപ്പിക്കപ്പെട്ടാൽ അത്‌ തങ്ങൾക്ക്‌ പ്രയോജനപ്പെടുമെന്ന്‌ മനസ്സിലാക്കിയ ആർഎസ്‌എസിന്‌ എസ്‌ഡിപിഐയെയും മറ്റും ഹർത്താലിന്റെ പ്രയോക്താക്കളാക്കാൻ നിഷ്‌പ്രയാസം സാധിച്ചു.ഈയൊരു പശ്‌ചാത്തലത്തിൽ നിന്നുവേണം രാജ്യത്തിന്റെ പലഭാഗങ്ങളിലും നമാസ്‌ തടഞ്ഞ ഹിന്ദുത്വശക്തികളുടെ നടപടിയെ കാണാൻ. തുറസ്സായ സ്ഥലങ്ങളിൽ നമാസ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ടാണ‌് ഡൽഹി ഗുഡ്ഗാവിലെ എംജി റോഡ്, ഇഫ്കോ ചൗക്ക്, സൈബർ പാർക്ക്, സിക്കന്ദർപുർ, അതുൽ കടാരിയ ചൗക്ക്, സെക്ടർ 53, സെക്ടർ 40, വസീറാബാദ്, സെക്ടർ 43 എന്നിവിടങ്ങളിൽ നമസ്കാരം തടഞ്ഞത്. പള്ളികളിൽ സ്ഥലപരിമിതിയുള്ള സ്ഥലങ്ങളിൽ സൗകര്യപ്രദമായ ഇടങ്ങളിൽ നമസ്‌കാരം നിർവഹിക്കുന്നത്‌ സർവസാധാരണമാണ്‌. ട്രെയിനുകളിൽപ്പോലും നമസ്‌കാരത്തിന്‌ സൗകര്യം ചെയ്‌തുകൊടുക്കുന്ന നാട്ടിലാണ്‌ സംഘപരിവാർ  ഈ വിഷപ്രയോഗം നടത്തുന്നത്‌.

ശ്രീകൃഷ്‌ണജയന്തിയും ഗണേശോത്സവവും പിതൃതർപ്പണവുമൊക്കെ സ്വകാര്യസ്ഥലങ്ങളിലല്ല നടക്കുന്നത്‌. ഏത്‌ മതവിശ്വാസത്തിന്റെ പേരിലായാലും ആചാരങ്ങളും ഉത്സവങ്ങളും എല്ലാവരുടേതുമായ നാടാണിത്‌. അൽപ്പബുദ്ധികളുടെ തെറ്റുകളെ നേതൃത്വം തള്ളിപ്പറയുമെന്ന്‌ പ്രതീക്ഷിച്ച ശുദ്ധന്മാരെ ഞെട്ടിച്ച പ്രതികരണമാണ്‌ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിൽനിന്നുണ്ടായത്‌. ഇനി നമസ്‌കാരം തടയുന്നവരെ ന്യായീകരിക്കാൻ പ്രധാനമന്ത്രിതന്നെ രംഗത്തുവന്നാലും അത്ഭുതപ്പെടാനില്ല.  മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളുടെ  നിരന്തരജാഗ്രതയും ഐക്യവും വഴിയേ ഈ വിപത്തിനെ മുറിച്ചുകടക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top