20 April Saturday

സംഘ അജൻഡയ‌്ക്ക‌് ചൂട്ടുപിടിക്കരുത‌്

വെബ് ഡെസ്‌ക്‌Updated: Saturday Dec 29, 2018


ശബരിമലയിലെ സ‌്ത്രീ പ്രവേശത്തോടനുബന്ധിച്ച‌ സുപ്രീംകോടതി വിധി വന്നതോടെ കേരളത്തെ വാരിപ്പിടിച്ചുകളയാം എന്ന വ്യാമോഹവുമായി രംഗത്തിറങ്ങിയ സംഘപരിവാറിന് ശക്തമായ തിരിച്ചടിയാണ് തുടരെ കിട്ടുന്നത്. സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന നിലപാടുകൾക്കൊപ്പം ഇനിയും നിലകൊള്ളാൻ കഴിയില്ല എന്നതിലേക്ക് ഇന്നലെവരെ കൂടെനിന്നവർ പോലും മാറിയിരിക്കുന്നു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി വനിതാമതിലിന‌് പിന്തുണ പ്രഖ്യാപിച്ചതും സി കെ ജാനു അടക്കമുള്ളവർ വനിതാമതിലിന്റെ സംഘാടന പ്രവർത്തനങ്ങളിൽ സജീവമായി നിലക്കൊള്ളുന്നതും ബിജെപിയിൽനിന്നുള്ള കൊഴിഞ്ഞുപോക്കും സംഘപരിവാർ അജൻഡ വാടിക്കരിയുന്നതിന്റെ ലക്ഷണങ്ങളാണ്. 

നുണപ്രചാരത്തിലും അക്രമങ്ങളിലും വിദ്വേഷ അജൻഡയിലും ഊന്നിനിന്ന് കേരളത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉണ്ടാവേണ്ട അനുഭവമാണിത‌്. ശബരിമലയിൽനിന്ന് സംഘപരിവാറിന്റെ അക്രമസമരം പടിയിറങ്ങിയശേഷം തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർധനയും ബിജെപി നടത്തുന്ന തലസ്ഥാനത്തെ നിരാഹാരസമരം ആ പാർടിയുടെ അണികൾപോലും അവഗണനയുടെ ചവറ്റുകുട്ടയിൽ തള്ളിയതും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. 

ശബരിമലയിലും പരിസരത്തും  നടത്തിയ അക്രമങ്ങളും  സമരാഭാസങ്ങളും വ്യാജപ്രചാരണവും ബലിദാനികളെ സൃഷ്ടിക്കാനുള്ള വെപ്രാളപ്പെടലും അനാവശ്യ ഹർത്താൽ പരമ്പരയും ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ ജാള്യം  ആർഎസ്എസിന്റെ സമനില തെറ്റിച്ചിട്ടുണ്ട്. സംഘ പാളയത്തിൽനിന്ന് വരുന്ന പരസ്പരവിരുദ്ധ പ്രസ‌്താവനകളും നിലപാടുകളും ആ ജാള്യത്തിന്റെ സൂചകമാണ്.  ആദ്യഘട്ടത്തിൽ തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായത് സംഘപരിവാർ അക്രമം ഭയന്നതുമൂലമാണെന്ന‌് സംശയരഹിതമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു.  സർക്കാരും പൊലീസും കൃത്യമായി ഇടപെടുകയും ഭക്തർക്ക് സുരക്ഷയൊരുക്കാനും അക്രമികളെ തുരത്താനും ചില നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ‌്തതോടെയാണ‌്   ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം ദർശനത്തിന്  വൻതോതിൽ തീർഥാടകർ എത്തിത്തുടങ്ങിയത്.  ശബരിമലയെ തകർക്കാനുള്ള അജൻഡയും “സുവർണാവസര’വും തകർന്നതിന്റെ നൈരാശ്യത്തിൽനിന്നാണ്  “ അയ്യപ്പജ്യോതി’ എന്ന ബദൽ പരിപാടി   ആസൂത്രണം ചെയ്തത‌്. അതും ജനങ്ങൾ അവഗണിച്ചു തള്ളി. 

യുഡിഎഫ് രാഷ്ട്രീയം ഇടതുപക്ഷ വിരോധത്തിന്റെതാണ്, സംഘ സ്നേഹത്തിന്റേതുമാണ്. എന്നാൽ, സംസ്ഥാനത്തെ ചില പ്രമുഖ മാധ്യമങ്ങൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് അതിനേക്കാൾ അപലപനീയമാണ് എന്ന് പറയാതെ വയ്യ

ഈ ഘട്ടത്തിൽ, സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുക എന്ന ദൗത്യമാണ്, മനുഷ്യ സ്നേഹികളായ എല്ലാവർക്കും ഏറ്റെടുക്കാനുള്ളത്. എന്നാൽ, അതിന‌് നേർവിപരീതമായ ദിശയിൽ സംസ്ഥാനത്തെ പ്രതിപക്ഷ നേതൃത്വം നീങ്ങുകയാണ്. അതിനു ചില മാധ്യമങ്ങൾ ചൂട്ടുപിടിക്കുന്നു. ശബരിമലയുടെയും അയ്യപ്പന്റെയും പേരിൽ സംഘപരിവാർ നടത്തിയ എല്ലാ രാഷ്ട്രീയനാടകങ്ങളെയും ഏറെക്കുറെ പ്രത്യക്ഷമായി  പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിച്ചത്. ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തന്നെ ആ നിലപാടിനോടുള്ള വിയോജിപ്പ് തുറന്നുപറയേണ്ടിവന്നു.  നവോത്ഥാന പാരമ്പര്യമുള്ള ദേശീയപ്രസ്ഥാനം എന്ന്    അവകാശപ്പെടുന്ന കോൺഗ്രസ് നവോത്ഥാന മുന്നേറ്റങ്ങൾ സംരക്ഷിക്കാനുള്ള ആശയങ്ങളെ എതിർത്ത‌് സംഘപരിവാറിനെ സഹായിക്കുകയാണ്. വനിതാമതിലിന് പകരം മതേതര വനിതാസംഗമം നടത്തുന്നു എന്ന പ്രഖ്യാപനം ബിജെപിയുടെ ബി ടീമാകാനുള്ള കോൺഗ്രസിന്റെ അത്യാവേശത്തെയാണ് തെളിയിക്കുന്നത്. അങ്ങനെയെങ്കിലും മതേതരം, വനിതാസംഗമം എന്നിങ്ങനെയുള്ള കാര്യങ്ങൾ കോൺഗ്രസിന്റെ മനസ്സിൽ വരുന്നതിനെ സ്വാഗതം ചെയ്യാൻ ഞങ്ങൾ മടിക്കുന്നില്ല. എന്തിന‌് വനിതാമതിൽ തീർക്കുന്നു എന്നതിനുള്ള ഉത്തരം കോൺഗ്രസിന്റെ ഈ അസ്വാഭാവിക പ്രകടനത്തിലും തെളിയുന്നുണ്ട്. അവർ ആരോപിക്കുന്നതുപോലെ വർഗീയ മതിലല്ല, മതനിരപേക്ഷ കേരളത്തിന്റെ അഭിമാന മതിലാണ് പുതുവർഷനാളിൽ ഉയരുകയെന്നും അതിൽനിന്ന് അതിജീവനത്തിന്റെ മഹത്തായ ആരവമാണ് മുഴങ്ങുകയെന്നും സംസ്ഥാനത്താകെ നടക്കുന്ന ഒരുക്കങ്ങളിൽനിന്ന് മനസ്സിലാക്കാം.

യുഡിഎഫ് രാഷ്ട്രീയം ഇടതുപക്ഷ വിരോധത്തിന്റെതാണ്, സംഘ സ്നേഹത്തിന്റേതുമാണ്. എന്നാൽ, സംസ്ഥാനത്തെ ചില പ്രമുഖ മാധ്യമങ്ങൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് അതിനേക്കാൾ അപലപനീയമാണ് എന്ന് പറയാതെ വയ്യ.  ആർഎസ്എസ് നേതൃത്വത്തിൽ അയ്യപ്പ കർമസമിതി എന്ന പേരിൽ  സംഘടിപ്പിച്ച അയ്യപ്പജ്യോതി   പരിപാടിക്ക് അമിത പ്രാധാന്യം നൽകി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷിടിക്കാനുള്ള ശ്രമം മുൻനിര മാധ്യമങ്ങളിൽ നിന്നുതന്നെയാണുണ്ടായത്.  “വിശ്വാസജ്യോതി “എന്ന ശീർഷകത്തോടെ  പത്തുലക്ഷം പേർ പങ്കെടുത്തുവെന്ന വാർത്തയാണ് ഒരു പത്രം നൽകിയത്.   ആർഎസ്എസും ബിജെപിയും ഇതര സംഘപരിവാർ സംഘടനകളും  നടത്തിയ രാഷ്ട്രീയനാടകമാണ് അയ്യപ്പജ്യോതി എന്നറിഞ്ഞുകൊണ്ടു തന്നെയാണ്  “വിശ്വാസജ്യോതി’ എന്ന‌് തലക്കെട്ട്  നൽകിയത്. സംസ്ഥാനത്തെ ഏറ്റവും പ്രചാരമുള്ള പത്രം 21 ലക്ഷം എന്ന കണക്കാണ്  അവതരിപ്പിച്ചത്. ബിജെപി മുഖപത്രംപോലും മടിച്ചുനിന്നിടത്താണ് മുഖ്യപത്രങ്ങൾ ഈ പെരുപ്പിച്ചു വഷളാക്കിയ കണക്കുമായി അവതരിച്ചത്.  സംഘപരിവാറിന്റെ നുണകളുടെ പ്രചാരകരായി മുഖ്യധാരാ മാധ്യമങ്ങളിൽ ചിലത് മാറുന്നു എന്ന ഗൗരവമായ പ്രശ്നമാണിവിടെ ഉയരുന്നത്.  ഇതേ കൂട്ടർതന്നെ വനിതാമതിലിന‌് തുരങ്കംവയ‌്ക്കാനുള്ള ഇടപെടലുകളും നടത്തുന്നു. ജനങ്ങളിൽനിന്ന് അനുനിമിഷം ഒറ്റപ്പെടുന്ന സംഘപരിവാരത്തെ സഹായിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്ന നിലപാടിൽനിന്ന് പിന്മാറിയില്ലെങ്കിൽ യുഡിഎഫ‌് ആയാലും മുഖ്യ മാധ്യമങ്ങളായാലും  വിശ്വാസരാഹിത്യത്തിന്റെ പടുകുഴിയിലേക്കാണ്  പതിക്കുന്നത്. സംഘപരിവാർ ഇന്ന് നേരിടുന്ന നൈരാശ്യവും ജാള്യവുമാണ് അവരെയും  കാത്തിരിക്കുന്നത്. ജനുവരി ഒന്നിന് കേരളം തീർക്കുന്ന അഭിമാന മനുഷ്യമതിലാണ്; മഹത്തായ വനിതാസംഗമമാണ് അവർക്കുള്ള മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top