16 April Tuesday

രാജ്യത്തോടുള്ള വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 7, 2018


കമ്യൂണിസ്റ്റുകാരെ ഉന്മൂലനംചെയ്യാൻ ആഹ്വാനം മുഴക്കുകയും അത് പ്രാവർത്തികമാക്കാൻ അണികളെ ഇളക്കിവിട്ട് അക്രമത്തെ ആഘോഷമാക്കുകയുംചെയ്യുന്ന സംഘപരിവാർ ഫാസിസത്തിന്റെ വരവറിയിക്കുകയാണ്. ത്രിപുരയിൽ തെരഞ്ഞെടുപ്പുഫലം വന്നശേഷം നടക്കുന്ന ബിജെപി അഴിഞ്ഞാട്ടം ഇന്ത്യൻ ജനാധിപത്യത്തിനെതിരായ യുദ്ധംതന്നെയാണ്. ലെനിൻ പ്രതിമ തകർത്തും സിപിഐ എം ഓഫീസുകൾ നശിപ്പിച്ചും പ്രവർത്തകരെ ഇല്ലായ്മചെയ്തും ആർഎസ്എസ് ആടുന്ന താണ്ഡവനൃത്തം ഇന്ത്യൻ ഭരണഘടനയുടെയും അത് ഉദ്ഘോഷിക്കുന്ന മൗലികാവകാശങ്ങളുടെയും നെഞ്ചിൻകൂട് തകർക്കാനുള്ളതാണ്. പ്രതിഷേധിക്കുന്ന പെൺകുട്ടികൾക്ക് ബലാത്സംഗഭീഷണി മറുപടി നൽകി പ്രഖ്യാപിക്കുന്നത് എതിർശബ്ദങ്ങളെ മൃഗീയമായി ഉന്മൂലനം ചെയ്യും എന്നാണ്. രാജ്യത്തെ ഫാസിസത്തിന്റെ കിരാതത്വത്തിലേക്ക് വലിച്ചുകൊണ്ടുപോകുമെന്ന ഭീഷണിതന്നെയാണിത്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് ജയിച്ചത് കമ്യൂണിസ്റ്റ് പാർടിക്കെതിരായ ആത്യന്തികവിജയമാണെന്ന് ആർഎസ്എസ് അഹങ്കരിക്കുന്നു. കമ്യൂണിസ്റ്റുകാരെ തുടച്ചുനീക്കുമെന്ന് വീമ്പുപറയുന്നു. പണംകൊണ്ടും അധികാരഗർവുകൊണ്ടും അക്രമാസക്തികൊണ്ടും ഇന്ത്യൻ ജനതയുടെ ആത്മാഭിമാനം നിങ്ങൾക്ക് വിലയ്ക്കെടുക്കാനാകുമോ? ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയെ പിച്ചിച്ചീന്താനാകുമോ? അങ്ങനെ മോഹിക്കുന്നുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർഗത്തിലാണ് നിങ്ങളുടെ വാസം.

രാജ്യത്ത് കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുകയെന്ന ദൗത്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറ്റെടുത്തിരിക്കുന്നതെന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് പറയുന്നത്. ആഗോളതലത്തിൽ റൊണാൾഡ് റീഗനും മാർഗരറ്റ് താച്ചറും നടപ്പാക്കിയ പദ്ധതിയുടെ തുടർച്ചയാണിതെന്നും 'ദ ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആർഎസ്എസിന്റെ തീവ്ര അജൻഡയുടെ മൊത്തക്കച്ചവടക്കാരനായ രാം മാധവ് പറയുന്നു. ത്രിപുരയിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്തിയശേഷം തനിക്ക് ഒരു വിദേശ നയതന്ത്രജ്ഞനിൽനിന്ന് അഭിനന്ദനസന്ദേശം ലഭിച്ചെന്നും  'ലോകത്ത് കമ്യൂണിസ്റ്റുകാരുടെ എണ്ണം ചുരുങ്ങിവരണം' എന്നാണ് അതെന്നും  വിശദീകരിച്ച് കമ്യൂണിസ്റ്റുകാരെ 'ഡെസിമെയ്റ്റ്' ചെയ്യണമെന്നാണ് ആഹ്വാനം. കൊല്ലുക, നശിപ്പിക്കുക, കൂട്ടത്തോടെ നീക്കംചെയ്യുക എന്നൊക്കെയാണ് ഡെസിമേറ്റ് എന്ന വാക്കിനർഥം. ത്രിപുരയിലെ വിഘടനവാദികളായ ഐപിഎഫ്ടിയെ വെള്ളപൂശാനും ബിജെപി നേതാവ് ശ്രമിക്കുന്നു. ഐപിഎഫ്ടി ത്രിപുര വിഭജനവാദം ഉപേക്ഷിച്ചെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പുഫലം വന്നശേഷവും ഐപിഎഫ്ടി ത്രിപുര വിഭജനത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ത്രിപുരയിൽ തെരഞ്ഞെടുപ്പുഫലം വന്ന് 24 മണിക്കൂറിനുള്ളിൽ ഇടതുമുന്നണി പ്രവർത്തകർക്കെതിരെ ഇരുനൂറോളം ആക്രമണങ്ങളാണ് നടന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സംഘപരിവാർ ആക്രമണത്തിന് ഇരയായി. തെക്കൻ ത്രിപുരയിലെ ബെലോണിയയിലെ പബ്ലിക് സ്ക്വയറിൽ സ്ഥാപിച്ച ലെനിന്റെ പ്രതിമ ജെസിബി ഉപയോഗിച്ചാണ് തകർത്തത്. ഭാരത്മാതാ കീ ജയ് എന്ന് മുദ്രാവാക്യം മുഴക്കിയെത്തിയ സംഘപരിവാർ സംഘം ലെനിന്റെ പൂർണകായപ്രതിമ ഇടിച്ച് താഴെയിടുകയായിരുന്നു.

ത്രിപുരയിലെ രാഷ്ട്രീയപ്രബുദ്ധരും ജനാധിപത്യവാദികളുമായ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ട ബിജെപി, തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിത്തന്നെ വോട്ടർമാരെ ഭയവിഹ്വലരാക്കാൻ തുടങ്ങിയിരുന്നു. സിപിഐ എമ്മിനെതിരെ ആക്രമണം സംഘടിപ്പിക്കുന്നതിന് സാമൂഹ്യവിരുദ്ധർക്ക് ബിജെപി അംഗത്വം നൽകി. ഇതോടൊപ്പം പ്രകോപനപരമായ ഊഹാപോഹം പടർത്തിയും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ച് ഇടതുപക്ഷനേതാക്കളെ വ്യക്തിഹത്യ നടത്തിയും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനും ശ്രമിച്ചു.

ബിജെപി നേതൃത്വം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വർധിച്ചതോതിൽ 'കൊടുങ്കാറ്റുപട'ക്കാരെ ബൈക്കുകളുമായി സംസ്ഥാനത്തേക്ക് ഇറക്കിയിരുന്നു. എല്ലാ തെരഞ്ഞെടുപ്പുചട്ടവും ലംഘിച്ച് ഈ 'ബൈക്കുവാലകൾ' മണ്ഡലങ്ങളിൽ മുഴുവൻ പൊടിപറത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവർതന്നെയാണ് ഇപ്പോഴത്തെയും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പുറത്തുനിന്നുവന്ന ഇത്തരം ആൾക്കാരെ പുറത്താക്കാൻ സിപിഐ എം തെരഞ്ഞെടുപ്പ് കമീഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ത്രിപുര തെരഞ്ഞെടുപ്പിൽ അത്ഭുതമല്ല, അട്ടിമറിയാണ് സംഭവിച്ചത്. കോൺഗ്രസിനെ വിലയ്ക്കെടുത്തും വിഘടനവാദികളെ പരിലാളിച്ചും ധന അധികാര  വർഗീയ സങ്കുചിത ചേരുവകൾ കൊണ്ടും നേടിയ വിജയമാണ് ബിജെപിയുടേത്. അത് അവരുടെ സമനില തെറ്റിച്ചിരിക്കുന്നു. ഈ രാജ്യവും ജനതയും സ്വന്തം കാൽച്ചുവട്ടിലാണ് എന്ന അഹന്തയോടെയാണവർ അഴിഞ്ഞാടുന്നത്. ഓരോ ഇന്ത്യക്കാരനോടുമുള്ള വെല്ലുവിളിയാണ് ത്രിപുരയിൽ ആർഎസ്എസ് മുഴക്കുന്നത്. അതിനെ നേരിടുകതന്നെ വേണം. അതാണ് ഇന്ത്യയെ രക്ഷിക്കാനുള്ള ഏക വഴി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top