21 May Tuesday

ഗൂഢാലോചന; റീഷ്‌സ്റ്റാഗുമുതൽ കുണ്ടമൺകടവുവരെ

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2022


1933 ഫെബ്രുവരി 27നാണ്‌ ജർമൻ പാർലമെന്റിന്റെ അധോസഭയായ റീഷ്‌സ്റ്റാഗിന്റെ കെട്ടിടത്തിൽ തീപടരുന്നത്‌. അതിനുപിന്നാലെ തീവച്ചത്‌ കമ്യൂണിസ്റ്റുകാരാണെന്ന പ്രചണ്ഡമായ പ്രചാരണം. അതിക്രൂരമായ കമ്യൂണിസ്റ്റ്‌ വേട്ടയ്‌ക്കാണ്‌ പിന്നീട്‌ ജർമനി സാക്ഷ്യംവഹിച്ചത്‌.  ജർമൻ കമ്യൂണിസ്റ്റ് പാർടിയെ നശിപ്പിക്കാൻ ഹിറ്റ്‌ലറും അയാളുടെ മന്ത്രി ഗോറിങ്ങും നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു റീഷ്‌സ്റ്റാഗ്‌ തീവയ്‌പെന്ന്‌ വർഷങ്ങൾക്കുശേഷം തെളിഞ്ഞു.  

ആസൂത്രിതമായി  കുറ്റകൃത്യം ചെയ്യുക. ‘അതിന്റെ ഉത്തരവാദിത്വം രാഷ്‌ട്രീയ എതിരാളികളുടെ തലയിൽ വച്ചുകെട്ടുക’. അതിന്റെ പേരിൽ അവരെ വേട്ടയാടാനും  ഉന്മൂലനം ചെയ്യാനും ശ്രമിക്കുക. നാസി ജർമനിയിൽ നിന്ന് ലഭിച്ച  ഈ രീതി ലോകമെങ്ങുമുള്ള വലതുപക്ഷ–- ഏകാധിപത്യ ശക്തികൾ നിരന്തരമായി പരീക്ഷിക്കുന്നുണ്ട്‌. ഹിറ്റ്‌ലർ മുന്നോട്ടുവച്ച  ഉന്മൂലന പദ്ധതിയിൽ എക്കാലവും ആവേശം കൊള്ളുന്ന ഇന്ത്യയിലെ ഹിന്ദുത്വവാദികളും ഒട്ടും പിന്നിലല്ല. രാജ്യത്ത്‌ പലയിടത്തും നടത്തിയ നിഷ്ഠുരമായ നിരവധി അതിക്രമങ്ങളും കൂട്ടക്കൊലകളും സ്‌ഫോടനങ്ങളും മറ്റും പ്രദേശത്തെ മുസ്ലിങ്ങളുടെ തലയിൽ കെട്ടിവച്ച്‌ നിരപരാധികളായ മുസ്ലിം യുവാക്കളെ വേട്ടയാടിയ അനുഭവങ്ങൾ ഇന്ത്യയുടെ സമീപ ഭൂതകാലത്തിലുണ്ട്‌.

ഇപ്പോഴിതാ കേരളത്തിൽ  അങ്ങനെയൊരു ഗൂഢാലോചനയുടെ ചുരുളഴിഞ്ഞിരിക്കുന്നു. 2018 ഒക്‌ടോബർ 27ന്‌ തിരുവനന്തപുരത്തെ കുണ്ടമൺകടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തീയിട്ടശേഷം അതിന്റെ ഉത്തരവാദിത്വം സ്വാമിയുടെ ചുമലിൽ വയ്‌ക്കാനുള്ള ആസൂത്രിതമായ പദ്ധതികളാണ്‌ അരങ്ങേറിയത്‌. കേരളത്തിലെ ആർഎസ്‌എസുകാർ അവരുടെ എല്ലാ ശേഷിയുമുപയോഗിച്ച്‌ ചാനൽ ചർച്ചകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഒരേ കള്ളം ആവർത്തിച്ചു പ്രചരിപ്പിച്ചു.


 

ശബരിമലയിലെ സ്‌ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ സ്വാമി സന്ദീപാനന്ദഗിരി സ്വീകരിച്ച നിലപാടാണ്‌ ആർഎസ്‌എസിനെ പ്രകോപിപ്പിച്ചതെന്ന്‌ വ്യക്തമായിരുന്നു. കോടതിവിധിയെ ആദ്യം സ്വാഗതംചെയ്‌ത ഹിന്ദുത്വശക്തികൾ പിന്നീട്‌ കലാപത്തിനുള്ള സുവർണാവസരമാണിതെന്ന      കുടിലചിന്തയിലേക്ക്‌ മാറി. ആചാരസംരക്ഷണത്തിന്റെ പേരിൽ വർഗീയവിഷം ചീറ്റി നാമജപഘോഷയാത്ര നടത്തിയപ്പോൾ അതിന്റെ കാപട്യത്തെ  ആശയപരമായി നേരിടാൻ കാവിധാരിയായ, ജ്ഞാനിയായ സന്യാസി  രംഗത്തെത്തിയത്‌ സംഘപരിവാറിനെ    കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്‌.  നാമജപഘോഷയാത്രയുടെ പേരിലുള്ള കലാപശ്രമങ്ങൾക്ക്‌ കോൺഗ്രസും ലീഗുംവരെ കൂട്ടുനിന്നുവെന്ന കാര്യവും മറക്കാൻ പാടില്ല. ത്രിവർണപതാക പിടിക്കാതെ ഇത്തരം ആചാരസംരക്ഷണ കലാപങ്ങളിൽ പങ്കെടുക്കാനാണ്‌ അന്നത്തെ നേതൃത്വം പ്രവർത്തകരോട്‌ ആഹ്വാനം ചെയ്‌തത്‌. ലീഗുകാരാകട്ടെ അക്രമസമരക്കാർക്ക്‌ എല്ലാവിധ ഒത്താശയും നൽകി. ഈ കലാപശ്രമങ്ങളുടെ മൂർധന്യത്തിലായിരുന്നു ആശ്രമത്തിന്‌ തീയിട്ടത്‌.

ആശ്രമം തീയിട്ടതും കാറുകൾ ഉൾപ്പെടെ അഗ്നിക്കിരയാക്കിയതും സ്വാമി തന്നെയാണെന്ന പ്രചാരണം ഇപ്പോൾ തകർന്നിരിക്കുന്നു. നാലര വർഷമായി പ്രതികളെ പിടിക്കാത്തത്‌ ക്രൈംബ്രാഞ്ചും സ്വാമിയും തമ്മിലുള്ള ഒത്തുകളിയാണെന്നുവരെ ആക്ഷേപമുണ്ടായി. ക്രൈം ബ്രാഞ്ച്‌ കേസന്വേഷണം അവസാനിപ്പിച്ചെന്ന്‌ മാധ്യമങ്ങൾ ആറുമാസംമുമ്പ്‌ കൂട്ടത്തോടെ കള്ളം പറഞ്ഞു. പ്രതികൾ സിപിഐ എം പ്രവർത്തകരായതുകൊണ്ടാണ്‌ കേസ്‌ അവസാനിപ്പിച്ചതെന്ന ആർഎസ്‌എസ്‌ പ്രചാരണം മാധ്യമങ്ങൾ ഏറ്റുചൊല്ലി.

പ്രദേശവാസിയായ ആർഎസ്‌എസുകാരൻ പ്രകാശും കൂട്ടരുമാണ്‌ ആശ്രമത്തിന്‌ തീയിട്ടതെന്ന്‌ വെളിപ്പെടുത്തിയത്‌ പ്രകാശിന്റെ സഹോദരൻ പ്രശാന്താണ്‌. ആക്രമണം നടത്തിയത്‌ ആർഎസ്‌എസ്‌ ആണെന്ന വസ്‌തുത പുറത്തുപറയുമെന്ന്‌ ഭയന്ന്‌ പ്രകാശിനെ ആർഎസ്‌എസ്‌ നേതാക്കൾ ക്രൂരമായി മർദിച്ചിരുന്നതായും പ്രശാന്ത്‌ വെളിപ്പെടുത്തി.  ഈ സുപ്രധാന വിവരം മാത്രമല്ല, ആർഎസ്‌എസ് നേതാക്കളുടെ ക്രൂരമർദനമാണ്‌ പ്രകാശിന്റെ ആത്മഹത്യക്ക്‌ കാരണമെന്ന ഗുരുതരമായ വസ്‌തുതകൂടി പ്രശാന്ത്‌ തുറന്നുപറഞ്ഞിരിക്കുന്നു. കേരളത്തിൽ വിവിധ ക്ഷേത്രങ്ങളിൽ വിസർജ്യമെറിഞ്ഞും ബീഫ്‌ കൊണ്ടിട്ടും  കലാപം നടത്താൻ ആർഎസ്‌എസ്‌ പലവിധ ശ്രമങ്ങൾ നടത്തിയത്‌ ഇതുമായി ചേർത്തുവായിക്കണം. റൂമർ സ്പ്രെഡിങ്‌ സൊസൈറ്റി എന്ന വിശേഷണത്തിന്‌ ആർഎസ്‌എസ്‌ എത്രമേൽ അർഹമാണെന്ന്‌ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്‌ ഈ സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top