25 April Thursday

ഹിന്ദുത്വ ഭീകരാക്രമണക്കേസുകളിലെ പ്രതികളെ വിട്ടയക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019


സംഝോത സ‌്ഫോടനക്കേസ‌് പ്രതികളെയും വേണ്ടത്ര തെളിവില്ലെന്ന കാരണത്താൽ വെറുതെ വിട്ടിരിക്കുന്നു. ആർഎസ്എസ് നേതാവ് അസീമാനന്ദ ഉൾപ്പെടെയുള്ള നാല് പ്രതികളെയാണ് പഞ്ച്കുളയിലെ പ്രത്യേക എൻഐഎ കോടതി വെറുതെ വിട്ടത്.   ഗുജറാത്തിലെ അക്ഷർധാം, ജമ്മുവിലെ രഘുനാഥ് മന്ദിർ, വാരാണസിയിലെ സങ്കടമോചൻ മന്ദിർ എന്നീ ക്ഷേത്രങ്ങളിൽ നടത്തിയ തീവ്രവാദി ആക്രമണത്തിന് പ്രതികാരംചെയ്യാനായാണ് ഡൽഹിയിൽനിന്ന‌് പാകിസ്ഥാനിലെ ലാഹോറിലേക്ക് പോകുന്ന സംഝോത എക‌്സ‌്പ്രസിൽ സ‌്ഫോടനം നടത്തിയതെന്നായിരുന്നു എൻഐഎയുടെ കേസ‌്. 

മുതിർന്ന ആർഎസ്എസ് നേതാവായ ഇന്ദ്രേഷ് കുമാർ, സുനിൽ ജോഷി, പ്രഗ്യാസിങ‌് തുടങ്ങിയവരുമായി ആലോചിച്ചാണ് സ‌്ഫോടനങ്ങൾ ആസൂത്രണം ചെയ‌്തതെന്ന‌് ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേട്ടിന് മുമ്പിൽ അസീമാനന്ദ കുറ്റസമ്മതം നടത്തിയിരുന്നു. ‘കാരവൻ' മാഗസിൻ നടത്തിയ അഭിമുഖത്തിലും അസീമാനന്ദ ഇക്കാര്യം സമ്മതിച്ചിരുന്നു.  ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന് സ‌്ഫോടനങ്ങളെക്കുറിച്ച‌് അറിയാമായിരുന്നുവെന്നും അസീമാനന്ദ ‘കാരവനോട‌്' വെളിപ്പെടുത്തിയിരുന്നു.  എന്നിട്ടും തെളിവില്ലെന്നുപറഞ്ഞ് പ്രതികളെ വിട്ടയക്കുമ്പോൾ സ്വാഭാവികനീതി നിഷേധിക്കപ്പെടുകയാണോ എന്ന സംശയം ഉയരുന്നത‌് സ്വാഭാവികം.  2007 ഫെബ്രുവരി 18ന് പുലർച്ചെ ഹരിയാനയിലെ ദിവാനയിൽവച്ചാണ് ട്രെയിനിൽ സ‌്ഫോടനമുണ്ടായതും രണ്ട് ബോഗികൾ കത്തിയമർന്നതും.  68 പേർക്കാണ് ജീവഹാനി സംഭവിച്ചത്. അവരിൽ ഭൂരിപക്ഷവും പാകിസ്ഥാൻകാരായിരുന്നു. ഇന്ത്യയിലുണ്ടാകുന്ന സ‌്ഫോടനത്തിൽ പാകിസ്ഥാൻകാർ മരിച്ച ഏക സംഭവവും ഇതായിരിക്കാം.  അതുകൊണ്ടു തന്നെ ഈ സംഭവത്തിന് അന്താരാഷ്ട്രപ്രാധാന്യം ഏറെയുണ്ട്.  

രാജ്യത്ത് ഹിന്ദുത്വഭീകരർ ആസൂത്രണംചെയ‌്ത സ‌്ഫോടന ക്കേസുകളിൽ ഒന്നൊന്നായി പ്രതികളെ വിട്ടയക്കുകയാണിപ്പോൾ. നരേന്ദ്ര മോഡി എന്ന ആർഎസ്എസ് പ്രചാരക‌് കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതലാണ് ഹിന്ദുത്വ ഭീകരാക്രമണക്കേസുകളിലെ പ്രതികളെ വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞ് വിട്ടയക്കുന്നത്

രാജ്യത്ത് ഹിന്ദുത്വഭീകരർ ആസൂത്രണംചെയ‌്ത സ‌്ഫോടന ക്കേസുകളിൽ ഒന്നൊന്നായി പ്രതികളെ വിട്ടയക്കുകയാണിപ്പോൾ. നരേന്ദ്ര മോഡി എന്ന ആർഎസ്എസ് പ്രചാരക‌് കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതലാണ് ഹിന്ദുത്വ ഭീകരാക്രമണക്കേസുകളിലെ പ്രതികളെ വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞ് വിട്ടയക്കുന്നത്. മഹാരാഷ്ട്രയിലെ മലേഗാവ് പള്ളിയിൽ 2006 സെപ്തംബർ എട്ടിനുണ്ടായ ബോംബ്സ‌്ഫോടനത്തിന‌് ഉത്തരവാദികളാണെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ‌്ത‌്  തടവിൽ കഴിയുന്ന ഒമ്പത് പ്രതികളെയും പ്രത്യേക മകോക കോടതി നേരത്തേ വെറുതെ വിട്ടിരുന്നു.

മലേഗാവ് പള്ളിക്ക് സമീപം 2008 സെപ്തംബറിൽ രണ്ടാമതും ബോംബ് സ‌്ഫോടനം ഉണ്ടാകുകയും എട്ടുപേർ കൊല്ലപ്പെടുകയും ചെയ‌്തപ്പോൾ അതേക്കുറിച്ച് അന്നത്തെ എടിഎസ് മേധാവിയും ഉന്നത പൊലീസ് ഓഫീസറുമായ ഹേമന്ത് കർക്കറെ അന്വേഷണം നടത്തിയപ്പോഴാണ് ഈ സംഭവത്തിന് സമകാലീന ബോംബ് സ‌്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.  സംഝോത എക്സ‌്പ്രസ് ബോംബ് സ‌്ഫോടനം, ഹൈദരാബാദിലെ മെക്ക മസ്ജിദ് സ‌്ഫോടനം, അജ്മീറിലെ ദർഗയിൽ നടന്ന ബോംബ് സ‌്ഫോടനം, 2008 ഗുജറാത്തിലെ മൊദാസയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ‌്ഫോടനം എന്നിവയുമായി മലേഗാവ് സ‌്ഫോടനത്തിന് ബന്ധമുണ്ടെന്നും ചില ഹിന്ദുത്വതീവ്രവാദ സംഘടനകളാണ് ഇതിന് പിന്നിലെന്നും കർക്കറെ സംശയമുയർത്തി. സംഝോത സ‌്ഫോടനക്കേസ് അന്വേഷിച്ച ഹരിയാന പ്രത്യേക അന്വേഷണസംഘവും ഇതേ നിഗമനത്തിലാണ് എത്തിയത്. സംഝോതയിൽനിന്ന് കണ്ടെത്തിയ സ്യൂട്ട്കേസും അതിലെ ബോംബും സംബന്ധിച്ച് ഹരിയാന എസ്ഐടി നടത്തിയ അന്വേഷണത്തിൽ ഇൻഡോറിൽനിന്നുള്ള ഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് ഈ സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ എൻഐഎ നടത്തിയ അന്വേഷണവും ഈ ദിശയിലേക്കാണ് മുന്നേറിയത്. എന്നാൽ, മോഡി അധികാരത്തിൽ വന്നതോടെ ഈ അന്വേഷണപുരോഗതി തടയപ്പെട്ടെന്നു മാത്രമല്ല വഴിതിരിച്ചുവിടുകയും ചെയ‌്തു. അതിന്റെ ഫലമായാണ് ഹിന്ദുത്വഭീകരതയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തെളിവില്ലെന്നുപറഞ്ഞ് തള്ളാനാരംഭിച്ചത്.

മലേഗാവ് കേസിലെ പ്രതികളോട് മൃദുസമീപനം സ്വീകരിക്കാൻ എൻഐഎ തന്നെ ആവശ്യപ്പെട്ടെന്ന പബ്ലിക‌് പ്രോസിക്യൂട്ടർ രോഹിണി സലൈനിന്റെ വെളിപ്പെടുത്തലും അന്വേഷണസംവിധാനത്തിന്റെ നിഷ‌്പക്ഷതയ‌്ക്കുമേൽ കരിനിഴൽ വീഴ‌്ത്തുന്നു. ഇതോടൊപ്പംതന്നെ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. അസീമാനന്ദയും മറ്റുമല്ല കുറ്റം ചെയ‌്തതെങ്കിൽ യഥാർഥ പ്രതികൾക്കെതിരെ എന്തുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണനടപടികൾ പുരോഗമിക്കാത്തത്? പാർലമെന്റ് ആക്രമണകേസിലും മറ്റും വിചാരണ പൂർത്തിയാക്കുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ‌്തിരിക്കുന്നു. എന്നാൽ, ഹിന്ദുത്വ തീവ്രവാദികൾ ഉൾപ്പെട്ട കേസിൽ അന്വേഷണത്തിന് വേണ്ടത്ര ജാഗ്രതയും കാര്യക്ഷമതയും ഇല്ലാത്തത‌് എന്തുകൊണ്ടാണ്. കുറ്റവാളികൾ ആരായാലും അവരെ കണ്ടെത്തുകയും അവരുടെ ജാതിയും മതവും നിറവും നോക്കാതെ ശിക്ഷിക്കപ്പെടുകയും വേണം.  അതുറപ്പ‌് വരുത്താൻ രാജ്യത്തെ അന്വേഷണസംവിധാനവും ജുഡീഷ്യറിയും തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top