27 April Saturday

ചരിത്രപരമായ കോടതിവിധി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018


മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഏറ്റവും കൂടുതൽ ഹനിക്കപ്പെടുന്ന  കാലത്താണ് രാജ്യത്തെ പരമോന്നത നീതിപീഠം സ്വവർഗ ലൈംഗികസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ തയ്യാറായത്. ചരിത്രപരമെന്ന് എല്ലാ അർഥത്തിലും വിശേഷിപ്പിക്കാവുന്ന വിധിന്യായത്തിലുടെയാണ് സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന് കോടതി വിധിച്ചത്. പ്രായപൂർത്തിയായവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതിക്കാണ് നിയമസാധുത നൽകിയത്.  377‐ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് ദീപക‌് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് അഭിപ്രായപ്പെട്ടത‌്. ലിംഗവ്യത്യാസമില്ലാതെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് സുപ്രീംകോടതി അടയാളപ്പെടുത്തുന്നത്.  എൽജിബിടി വിഭാഗത്തിന് ഇനി സാധാരണ കുടുംബജീവിതം സാധ്യമാകും. ലൈംഗികതയുടെപേരിൽ ഒരാളും ഭയന്ന് ജീവിക്കാൻ ഇടവരരുതെന്നാണ് സുപ്രീംകോടതിയുടെ അഭിപ്രായം. സുപ്രീംകോടതി 2017 ആഗസ്തിൽ പുറപ്പെടുവിച്ച സ്വകാര്യത മൗലികാവകാശമാക്കിയ വിധിന്യായത്തെ അടിത്തറയാക്കിയാണ് വ്യാഴാഴ്ചത്തെ വിധിന്യായം പുറപ്പെടുവിച്ചത്.

ഒന്നര നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് വൈസ്രോയി കാനിങ‌് പ്രഭുവിന്റെ കാലത്താണ് തോമസ് ബാബിങ‌്ടൺ മെക്കോള ഇന്ത്യൻ ശിക്ഷാ നിയമത്തിന് രൂപം നൽകുന്നത്. സ്വവർഗ ലൈംഗികത ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമായാണ് രേഖപ്പെടുത്തപ്പെട്ടത്. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെട്ട 1857ലെ മഹത്തായ കലാപത്തിന് ശേഷമായിരുന്നു അന്നത്തെ കൊളോണിയൽ പൊതുബോധത്തിനൊപ്പം നിന്നുകൊണ്ടുള്ള ഈ വകുപ്പ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തയ്യാറായത്. പ്രകൃതിക്ക് നിരക്കുന്നതല്ല  സ്വവർഗരതി എന്ന വാദമാണ് ഈ വകുപ്പിനെ അനുകൂലിക്കുന്നവർ സ്ഥിരമായി മുന്നോട്ടുവയ‌്ക്കുന്നത്. ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന വാദവും ഉയർത്തപ്പെട്ടു. എന്നാൽ, ആരാണ് പ്രകൃതിക്ക് ഇണങ്ങിയതും വിരുദ്ധവുമായ കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന ശരിയായ ചോദ്യമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഉയർത്തിയത്.
മതസംഘടനകളാണ് മേൽപ്പറഞ്ഞ വാദങ്ങളുയർത്തി സ്വവർഗലൈംഗികതയ‌്ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നത്. മാറിമാറി വന്ന ഭരണാധികാരികളും മതമേലധ്യക്ഷരെയും യാഥാസ്ഥിതിക പക്ഷത്തെയും ഭയന്ന് സ്വവർഗലൈംഗികതയെ ക്രിമിനൽ കുറ്റമായി കണ്ട് ഐപിസി 377 മാറ്റുന്നതിനെതിരെ നിലപാട് സ്വീകരിച്ചു. സിപിഐ എം മാത്രമാണ‌് സ്വവർഗരതിക്ക‌് നിയമസാധുത നൽകണമെന്ന‌് ആവശ്യപ്പെട്ടത‌്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ‌്കാലത്തെ പ്രകടനപത്രികയിലും സിപിഐ എം ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നു.  സ്വാതന്ത്ര്യം ലഭിച്ച് ഏഴ് ദശാബ്ദം പൂർത്തിയായിട്ടും പൗരന്റെ ലൈംഗിക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഈ വകുപ്പ് ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ കറുത്ത പൊട്ടായി ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിലനിന്നു. പൗരന് മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്ന ഭരണഘടനപോലും കണക്കിലെടുക്കാതെയായിരുന്നു ഈ നടപടി. 

എന്നാൽ, ഇന്ന് ലോകത്ത് മുപ്പതോളം രാജ്യങ്ങൾ സ്വവർഗരതിക്ക് നിയമസാധുത നൽകി. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ രാഷ്ട്രങ്ങളും മാത്രമല്ല, അർജന്റീനയും ബ്രസീലും മെക്‌സിക്കോയും  ദക്ഷിണാഫ്രിക്കയും സ്വവർഗരതി നിയമാനുസൃതമാക്കി.  ശാസ്ത്രീയമായ പഠനങ്ങളുടെ പിൻബലവും ഇതിനുണ്ടായിരുന്നു. സ്വവർഗരതി സ്വാഭാവികവും സാധാരണവുമായ ലൈംഗികതയാണെന്നും ആൺ പെൺ ബന്ധംപോലെതന്നെ ശക്തമാണ് സ്വവർഗബന്ധമെന്നും കുട്ടികളെ വളർത്തുന്ന കാര്യത്തിലും സ്വവർഗരക്ഷിതാക്കൾ ഒട്ടും പിന്നിലല്ലെന്നും അമേരിക്കയിലും ബ്രിട്ടനിലും മറ്റും നടന്ന പഠനങ്ങൾ വെളിപ്പെടുത്തി.  കുടുംബജീവിതം ഈ വിഭാഗത്തിലെ ആത്മഹത്യാനിരക്ക് ഗണ്യമായി കുറച്ചതായും പഠനങ്ങൾ തെളിയിച്ചു. ഈ ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടും മറ്റും സ്വവർഗരതി നിയമവിധേയമാക്കിയത്.

രാജ്യത്ത് സ്വവർഗരതി നിയമവിധേയമാക്കണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ ചരിത്രമുണ്ടെങ്കിലും 2009ൽ ഡൽഹി ഹൈക്കോടതി 377‐ാം വകുപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിധിച്ചതോടെയാണ് പുതുജീവൻ ലഭിച്ചത്. ജസ്റ്റിസുമാരായ എ പി ഷായും എസ് മുരളീധറും നടത്തിയ വിധിന്യായത്തിൽ സ്വവർഗരതിയെ ക്രിമിനൽനടപടിയായി കാണുന്നത് ഭരണഘടനയിലെ 14, 15, 21 വകുപ്പുകളുടെ സത്തയ‌്ക്ക് എതിരാണെന്ന് അഭിപ്രായപ്പെട്ടു.  ഇതിനെതിരെ മതസംഘടനകൾ സുപ്രീംകോടതിയെ സമീപിക്കുകയും ഡൽഹി ഹൈക്കോടതിവിധി അസാധുവാക്കുകയുംചെയ്തു.  രാജ്യത്തെ 0.3 ശതമാനംപേർ മാത്രമാണ് സ്വവർഗരതിക്കാരെന്നും അവർക്കുവേണ്ടി 99 ശതമാനം ജനങ്ങളുടെ താൽപ്പര്യം ഹനിക്കാൻ കഴിയില്ലെന്നുമാണ് അന്ന് പരമോന്നത കോടതി പറഞ്ഞത്. 

മാത്രമല്ല, സ്വവർഗരതിക്ക് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ട് ലോക‌്സഭയിൽ അവതരിപ്പിക്കപ്പെട്ട സ്വകാര്യബിൽ അവതരിപ്പിക്കാൻപോലും ബിജെപി അനുവദിച്ചതുമില്ല.   എന്നാൽ, സുപ്രീംകോടതി വിധി ഇത്തരം ശക്തികൾക്കെതിരെയുള്ള കനത്ത പ്രഹരമാണ്.  സുപ്രീംകോടതി വിധിയനുസരിച്ച് വിവാഹനിയമത്തിലും പൈതൃകസ്വത്ത് അവകാശ നിയമത്തിലും മറ്റും കാലികമായ മാറ്റങ്ങൾ വേണ്ടിവരും. സുപ്രീംകോടതി വിധിന്യായത്തിൽ വെള്ളം ചേർക്കില്ലെന്ന ജാഗ്രതയാണ് ഇനി ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top