01 December Friday

എൽഡിഎഫ്‌ സർക്കാരിന്‌ ലഭിച്ച പിറന്നാൾ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Friday Jun 1, 2018


ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി സജി ചെറിയാന് ചരിത്രവിജയം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന് രണ്ടാം പിറന്നാൾ സമ്മാനമാണ് ഈ വിജയം. പരമ്പരാഗതമായി കോൺഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലത്തിലാണ് ഭൂരിപക്ഷം ഇരട്ടിയിലധികം വർധിപ്പിച്ച്  എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. എൽഡിഎഫിന് അനുകൂലമായ ജനവികാരം ഒരു തരംഗമായി ആഞ്ഞുവീശിയപ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും കോട്ടകൊത്തളങ്ങൾ തകർന്നടിഞ്ഞു. എൽഡിഎഫ് ഉയർത്തിപ്പിടിച്ച അചഞ്ചലമായ മതനിരപേക്ഷമൂല്യങ്ങളിലും വികസന നയത്തിലും ജനങ്ങളിലുള്ള വർധിച്ച വിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. അതോടൊപ്പം പ്രതിപക്ഷ പ്രവർത്തനം സർക്കാരിനെതിരെയുള്ള അപവാദപ്രചാരണമാക്കി, വ്യക്തിഹത്യയാക്കി തരംതാഴ്ത്തിയ യുഡിഎഫിനും ഒരു കൂട്ടം മാധ്യമങ്ങൾക്കുമെതിരായ ജനങ്ങളുടെ രോഷപ്രകടനംകൂടിയാണ് ചെങ്ങന്നൂരിലെ ജനവിധി.

ത്രിപുരയ‌്ക്ക് പിറകെ കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങന്നൂരിൽ പടയിളക്കം നടത്തിയ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 7412 വോട്ട് കുറഞ്ഞു. ചെങ്ങന്നൂരിനൊപ്പം 10 സംസ്ഥാനങ്ങളിൽ 11 നിയമസഭാമണ്ഡലങ്ങളിലും നാല് ലോകസഭാ മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തോൽവിയാണുണ്ടായത്. ഒരു നിയമസഭാസീറ്റും ഒരു ലോക‌്സഭാസീറ്റും മാത്രമാണ് ബിജെപിക്ക് നേടാനായത്. ഉത്തർപ്രദേശിൽ ഗോരഖ‌്പുരിനും ഫുൽപുരിനുംശേഷം ഖൈരാനയിലും ബിജെപിക്ക് കനത്ത തോൽവിയുണ്ടായി. മോഡി മാജിക്കിന്റെ കാലം കഴിഞ്ഞെന്ന് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു.

മധ്യതിരുവിതാംകൂറിന്റെ മനസ്സ് ഇടത്തോട്ട‌് നീങ്ങുകയാണെന്ന് വ്യക്തമായ സന്ദേശം ചെങ്ങന്നൂർ ജനവിധിയിൽ ഉണ്ട്. അഞ്ച് തവണ(1957,1967,1970,1987,2016) മാത്രമാണ് ഈ മണ്ഡലത്തിൽനിന്ന‌് ഇടതുപക്ഷ സ്ഥാനാർഥികൾ ജയിച്ചത്. രണ്ട് ദശാബ്ദങ്ങൾക്കുശേഷമാണ് 2016ൽ എൽഡിഎഫ് സ്ഥാനാർഥി 7983 വോട്ടിന് ജയിച്ചത്. എന്നാൽ, ഇക്കുറി ഭൂരിപക്ഷം 20956 വോട്ടിന്റേതാണ്. 12973 വോട്ടിന്റെ വർധന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 13423 വോട്ട് എൽഡിഎഫിന് കൂടുതലായി ലഭിച്ചപ്പോഴാണ് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചത്. മണ്ഡലത്തിൽ ഒരു സ്ഥാനാർഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷവും ഇതുതന്നെയാണ്. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 7412 വോട്ട് കുറഞ്ഞു. ബിഡിജെഎസിന്റെ പിന്തുണയുണ്ടായിട്ടും മുന്നേറ്റം നടത്താനായില്ല.

ആകെയുള്ള പത്ത് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ഇടതുപക്ഷത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. ഇതിൽ അഞ്ച് പഞ്ചായത്ത് മാത്രമാണ് എൽഡിഎഫ് ഭരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിൽപോലും 637 വോട്ടിന്റെ ലീഡാണ് സജി ചെറിയാൻ നേടിയത്.  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തലയിൽ 2353 വോട്ടിന്റെ ലീഡാണ് എൽഡിഎഫ് നേടിയത്. ചെന്നിത്തലയും കുടുംബവും വോട്ട് ചെയ്ത ബൂത്തിൽപോലും എൽഡിഎഫിന് യുഡിഎഫിനേക്കാൾ 177 വോട്ട് കൂടുതലായി ലഭിച്ചു. എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ സ്വന്തം പഞ്ചായത്തിലെ ബൂത്തിലെ ജനങ്ങൾപോലും വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. 85 ശതമാനത്തിലധികം ബൂത്തുകളിലും എൽഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാനായി. മാണി കോൺഗ്രസിന്റെ പിന്തുണയുണ്ടായിട്ടുപോലും ഒരു പഞ്ചായത്തിൽപോലും യുഡിഎഫിന് ലീഡ് നേടാനായില്ല. ബിജെപിക്ക് മുൻതൂക്കമുള്ള തിരുവൻവണ്ടുർ പഞ്ചായത്തിൽപോലും എൽഡിഎഫ് 10 വോട്ടിന്റെ ലീഡ് ഇക്കുറി നേടി. മണ്ഡലത്തിൽ സമഗ്രാധിപത്യം നേടിയാണ് എൽഡിഎഫ‌് വിജയിച്ചത്.

എന്തുകൊണ്ടാണ് യുഡിഎഫ് നേതൃത്വത്തെ ഞെട്ടിക്കുന്ന ജനവിധി അവരുടെ പരമ്പരാഗതമണ്ഡലത്തിൽ ഉണ്ടായത്. ഏറ്റവും പ്രധാന ഘടകം ഇടതുപക്ഷം മതനിരപേക്ഷതയിൽ ഉറച്ചുനിന്നു എന്നുള്ളതാണ്.  രാജ്യമെമ്പാടും ലൗ ജിഹാദിന്റെയും ഗോസംരക്ഷണത്തിന്റെയും മറ്റും പേരിൽ ന്യൂനപക്ഷവും ദളിതരും വേട്ടയാടപ്പെടുന്ന ഘട്ടത്തിൽ ഈ വർഗീയഫാസിസ്റ്റ് നിലപാടിനെ തുറന്നെതിർക്കുന്നതിനുപകരം മൃദു ഹിന്ദുത്വംകൊണ്ട് നേരിടാനാണ് ഗുജറാത്തിലും കർണാടകത്തിലും അവസാനമായി ചെങ്ങന്നൂരിലും കോൺഗ്രസ് തയ്യാറായത്. ഹിന്ദുത്വ സംഘടനകളുമായും ജാതിസംഘടനകളുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. വർഗീയതയോടുള്ള പരസ്യമായ കീഴടങ്ങലായിരുനു ഇത്. ഇത് തിരിച്ചറിഞ്ഞ ന്യുനപക്ഷ ജനവിഭാഗങ്ങളും സാമാന്യജനങ്ങളും എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. നാടിന്റെ മതനിരപേക്ഷ മുഖം സംരക്ഷിക്കാനുള്ള കേരളീയജനതയുടെ ആഗ്രഹപ്രകടനമാണ് ഇവിടെ പ്രതിഫലിക്കപ്പെട്ടത്.  രണ്ടാമതായി വികസനപ്രശ്‌നങ്ങളോട് എൽഡിഎഫ് സർക്കാർ കാട്ടുന്ന പ്രതിബദ്ധതയ‌്ക്ക് ലഭിച്ച അംഗീകാരംകൂടിയാണ് ഈ വിജയം. രണ്ട് ദശാബ്ദത്തിന് ശേഷമാണ് 2016ൽ ഒരു എൽഡിഎഫ് എംഎൽഎയെ മണ്ഡലത്തിന് ലഭിച്ചത്. തുടർന്നാണ് 750 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക‌് കെ കെ രാമചന്ദ്രൻനായർ മണ്ഡലത്തിൽ തുടക്കം കറിച്ചത്.

റോഡ് വികസനം മാത്രമല്ല ആശുപത്രികളുടെയുംമറ്റും വികസനം സാധ്യമായി. ഈ വികസനത്തിന് തുടർച്ചയുണ്ടാകണമെങ്കിൽ എൽഡിഎഫ് സ്ഥാനാർഥിതന്നെ വിജയിക്കണമെന്ന് മണ്ഡലത്തിലെ ജനങ്ങൾ കരുതി.  മാത്രമല്ല, സംസ്ഥാനത്തെമ്പാടും എൽഡിഎഫ് സർക്കാർ നടത്തിവരുന്ന ദേശീയപാതവികസനം, ഗെയിൽ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾ, വികസനകാര്യത്തിൽ എൽഡിഎഫ് സർക്കാരിനുള്ള ആത്മാർഥതയും നിശ്ചയദാർഢ്യവും ബോധ്യപ്പെടുത്തുന്നതായിരുന്നു.  ജാതിമത സംഘടനകളുടെ വോട്ടിൽ കണ്ണുനട്ടുള്ള യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രം പിഴച്ചത് ഇവിടെയാണ് . വികസനകാര്യങ്ങൾക്ക് മുൻതൂക്കം ലഭിച്ചപ്പോൾ ജാതിമത മതിലുകളും സങ്കുചിതമായ കക്ഷിരാഷ്ട്രീയവും ജനങ്ങൾ മാറ്റിവച്ച് എൽഡിഎഫിന് വോട്ട‌് ചെയ്തു.  പുതിയ രാഷ്ട്രീയസംസ്‌കാരത്തിന് അനുകൂലമായ ജനവിധിയാണിതെന്നർഥം. സംസ്ഥാനത്തെ രാഷ്ട്രീയ ബാലാബലം എൽഡിഎഫിന് അനുകൂലമായി മാറുകയാണെന്ന വ്യക്തമായ സൂചനയും ഈ ജനവിധി നൽകുന്നുണ്ട്. സിപിഐ എം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ സജി ചെറിയാനുള്ള പൊതുസമ്മതിയും പാലിയേറീവ് കെയർ രംഗത്തും ജൈവ പച്ചക്കറി ക്കൃഷി രംഗത്തും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും അനുകൂല ഘടകങ്ങളായി. അതോടൊപ്പം  ചിട്ടയായ സംഘടനാപ്രവർത്തനവും ഒറ്റക്കെട്ടായുള്ള എൽഡിഎഫ് പ്രചാരണവും ഇടതുപക്ഷ സ്ഥാനാർഥിയെ വിജയത്തിലേക്ക് നയിച്ചു. 

ചെങ്ങന്നൂരിലെ വിജയം  വരാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കരുത്ത് എൽഡിഎഫിന് പകർന്നുനൽകുന്നുണ്ട്.  അതോടൊപ്പം ഭരണത്തുടർച്ചയിലേക്ക് പോകാനുള്ള ഊർജവും ഈ വിജയം നൽകുന്നുണ്ട്. അവശരായ ജനവിഭാഗങ്ങളെ കൈ പിടിച്ചുയർത്തുന്നതോടൊപ്പം പുതുതലമുറയുടെ വികസനസ്വപ‌്നങ്ങളും യാഥാർഥ്യമാക്കാനുള്ള ശേഷി പിണറായി വിജയൻ സർക്കാരിനുണ്ടെന്ന പൊതുബോധത്തിന്റെ പ്രതിഫലനം കുടിയാണ് ചെങ്ങന്നൂരിലെ വിജയം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ ആരംഭിച്ച കോൺഗ്രസ് മുന്നണിയുടെ തകർച്ചയ‌്ക്ക്  ചെങ്ങന്നൂരിലെ വിധി ആക്കംകൂട്ടും. ഹിന്ദുത്വശക്തികളെ ചെറുത്ത് നിൽക്കാൻ ഇടതുപക്ഷ കേരളത്തിനേ കഴിയു എന്ന സന്ദേശവും ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top