24 April Wednesday

എന്നുതീരും ഈ അധികാരക്കൊതി

വെബ് ഡെസ്‌ക്‌Updated: Friday Jul 17, 2020



രാജസ്ഥാനിൽ കോൺഗ്രസ്‌ നേതാവ്‌ സച്ചിൻ പൈലറ്റ്‌ ഉയർത്തിയ വിമതകലാപത്തിന്‌ താൽക്കാലികമായി തിരശ്ശീല വീണെങ്കിലും  ഏത്‌ നിമിഷവും അശോക്‌ ഗെഹ്‌ലോട്ട്‌ സർക്കാരിന്റെ ഭാവി അവതാളത്തിലായേക്കാം. പ്രത്യയശാസ്‌ത്ര ദാരിദ്ര്യം അനുഭവിക്കുന്ന കോൺഗ്രസിൽ അധികാരത്തിനുവേണ്ടിമാത്രം നടക്കുന്ന പരസ്യമായ തർക്കമാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണം. 2018ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിന്‌ ഭൂരിപക്ഷം ലഭിച്ചവേളയിൽ ആരംഭിച്ച ഗെഹ്‌ലോട്ട്‌–-പൈലറ്റ്‌ തർക്കമാണ്‌ ഇതിനടിസ്ഥാനം. പിസിസി അധ്യക്ഷൻ എന്ന നിലയിൽ 2018ന്റെ വിജയശിൽപ്പി താനാണെന്നും അതിനാൽ മുഖ്യമന്ത്രി പദവി തനിക്ക്‌ അവകാശപ്പെട്ടതാണെന്നുമാണ്‌ സച്ചിൻ പൈലറ്റിന്റെ വാദം. ദശാബ്‌ദങ്ങളായി സംസ്ഥാന കോൺഗ്രസിന്റെ ചുക്കാൻ പിടിക്കുന്ന അശോക്‌ ഗെലോട്ട്‌ അധികാരം ഉപേക്ഷിക്കാൻ തയ്യാറായതുമില്ല. തന്നെ മുഖ്യമന്ത്രിയാക്കാമെന്ന്‌ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലിരുന്ന രാഹുൽഗാന്ധി വാക്ക്‌ തന്നിട്ടുണ്ടായിരുന്നുവെന്നും അത്‌ മാനിക്കാതെയാണ്‌ ഹൈക്കമാൻഡ്‌ ഗെഹ്‌ലോട്ടിനെ പിന്തുണച്ചതെന്നുമാണ്‌ പൈലറ്റിന്റെ പരാതി. അതായത്‌ മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള അത്യാർത്തിയാണ്‌ രാജസ്ഥാനിലെ പ്രതിസന്ധിക്ക്‌ കാരണമെന്നർഥം.

രണ്ടുതവണ മുഖ്യമന്ത്രിയും അഞ്ചുതവണ എംപിയുമായ ഗെലോട്ട്‌ അധികാരം ഉപേക്ഷിക്കാൻ തയ്യാറായില്ലെന്ന്‌ മാത്രമല്ല മൂന്നാമതും മുഖ്യമന്ത്രിയാകാൻ മത്സരിക്കുകയും അതിൽ വിജയം വരിക്കുകയും ചെയ്‌തു. മന്ത്രിസഭയിലെ രണ്ടാമനായ സച്ചിൻ പൈലറ്റിനെ അവഗണിച്ച്‌ മൂലയിലിരുത്താനുള്ള ഒരവസരവും പാഴാക്കിയതുമില്ല. ചെറുപ്പക്കാരനായ രാഹുൽ ബ്രിഗേഡിൽപ്പെട്ട സച്ചിനാകട്ടെ മുഖ്യമന്ത്രിക്കസേരക്കുവേണ്ടി കാത്തിരിക്കാനുള്ള ക്ഷമയുമുണ്ടായിരുന്നില്ല. പിതാവായ കോൺഗ്രസ്‌ നേതാവ്‌ രാജേഷ്‌ പൈലറ്റ്‌ വാഹനാപകടത്തിൽ മരിച്ചതോടെയാണ്‌ 23–-ാം വയസ്സിൽ സച്ചിന്റെ രാഷ്ട്രീയപ്രവേശം. 26–-ാം വയസ്സിൽ എംപിയായി. 32–-ാം വയസ്സിൽ കേന്ദ്രമന്ത്രി. 36–-ാം വയസ്സിൽ പിസിസി പ്രസിഡന്റ്‌. 40–-ാം വയസ്സിൽ ഉപമുഖ്യമന്ത്രി. എന്നിട്ടും മുഖ്യമന്ത്രിക്കസേര കിട്ടിയേ അടങ്ങുവെന്നാണ്‌ സച്ചിന്റെ വാശി. അതിനായി ബിജെപിയുടെ പാളയത്തിലേക്ക്‌ പോകാനും മടിക്കില്ലെന്ന്‌ സച്ചിൻ തെളിയിച്ചു. ‘കോൺഗ്രസ്‌ മുക്ത ഭാരതം’ എന്ന മുദ്രാവാക്യമുയർത്തുന്ന ബിജെപിയാകട്ടെ പണച്ചാക്ക്‌ ഇറക്കി കളിക്കുകയും ചെയ്‌തു. 20 മുതൽ 25 കോടിവരെയാണ്‌ കാലുമാറാൻ ഒരു കോൺഗ്രസ്‌ എംഎൽഎയ്‌ക്ക്‌ വാഗ്‌ദാനം ചെയ്‌തത്‌.

എന്നാൽ, ബിജെപിയിൽ എത്തിയാലും മുഖ്യമന്ത്രിയാകാൻ വിഷമമാണ്‌ എന്ന തിരിച്ചറിവാണ്‌ സച്ചിനെ പിന്തിരിപ്പിച്ചത്‌. രണ്ടുതവണ മുഖ്യമന്ത്രിയായ വസുന്ധരരാജെ സിന്ധ്യ സച്ചിനെ ബിജെപിയിലേക്ക്‌ സ്വാഗതം ചെയ്യാൻ തയ്യാറായില്ല. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വസുന്ധരയെ വിശ്വാസത്തിലെടുക്കാതെ കരുക്കൾ നീക്കാൻ അമിത്‌ ഷായ്‌ക്കുപോലും ധൈര്യവുമില്ല. കാരണം ബിജെപിയുടെ 72 എംഎൽഎമാരിൽ 45 ഉം വസുന്ധരയെ പിന്തുണയ്‌ക്കുന്നവരാണ്‌. അതുമാത്രമല്ല, കോൺഗ്രസ്‌ ഭരണത്തെ അട്ടിമറിക്കാൻ ബിജെപിക്ക്‌ കൂടുതൽ കോൺഗ്രസ്‌ അംഗങ്ങളുടെ പിന്തുണ വേണം താനും. 30 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട സച്ചിന്‌ 20ൽ താഴെ അംഗങ്ങളെ മാത്രമേ കൂടെ നിർത്താൻ കഴിഞ്ഞുള്ളൂ. ഇതിനാലാണ്‌ ബിജെപിയിലേക്കുള്ള കൂറുമാറ്റം തൽക്കാലം ഉപേക്ഷിക്കാൻ സച്ചിൻ തയ്യാറായത്‌.


 

കോൺഗ്രസിലെ  രാഹുൽബ്രിഗേഡിന്റെ അവസ്ഥയാണിത്‌. സച്ചിൻ മാത്രമല്ല, രാഹുലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജ്യോതിരാദിത്യ സിന്ധ്യ നാലു‌മാസംമുമ്പാണ്‌ 22 എംഎൽഎമാരോടൊപ്പം‌ കോൺഗ്രസ്‌ വിട്ട്‌ ബിജെപി ക്യാമ്പിലെത്തിയത്‌. ലോക്‌‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിന്ധ്യക്ക്‌ രാജ്യസഭാ സീറ്റും അനുയായികളായ 14 എംഎൽഎമാർക്ക്‌ മന്ത്രിസ്ഥാനവും നൽകിയാണ്‌ ബിജെപി കൂടെ നിർത്തിയത്‌. ഗ്വാളിയോർ രാജകുടുംബാംഗത്തിന്‌ അധികാരത്തിന്റെ ശീതളഛായയില്ലാതെ ജീവിക്കാൻ കഴിയില്ലായിരുന്നു. അതായത്‌ സിന്ധ്യയെയും സച്ചിനെയും പോലുള്ള കരിയറിസ്‌റ്റുകളാണ്‌ കോൺഗ്രസിന്റെ യുവതലമുറ. അവരുടെ പ്രത്യയശാസ്‌ത്രം അധികാരവുമായി ബന്ധപ്പെട്ടതാണ്‌. എവിടെ അധികാരം ലഭിക്കുമോ അവിടേക്ക്‌ ചേക്കേറാൻ ഒരു മടിയും അവർക്കില്ല.

ഇത്തരമൊരു ദയനീയാവസ്ഥയ്‌ക്ക്‌ കാരണം കോൺഗ്രസ്‌ പാർടിയുടെ കേന്ദ്ര നേതൃത്വം തന്നെയാണ്‌. ആരാണ്‌ ആ പാർടിയെ ഇന്ന്‌ നയിക്കുന്നത്‌? താൽക്കാലിക അധ്യക്ഷയായാണ്‌ സോണിയ ഗാന്ധി തുടരുന്നത്‌. എന്നാൽ, മുൻ അധ്യക്ഷൻ ട്വിറ്റർ വഴി മാത്രമാണ്‌ രാഷ്ട്രീയം പറയുന്നത്‌ ‌. മറ്റൊരു പ്രമുഖനേതാവ്‌ യുപിയുടെ ചാർജുള്ള പ്രിയങ്ക ഗാന്ധിയാണ്‌. മൂവരും കുടുംബവാഴ്‌ചയുടെ പ്രതീകങ്ങൾ. അതിനപ്പുറത്തേക്ക്‌ കടക്കാൻ കോൺഗ്രസിന്‌ കഴിയുന്നില്ല. പ്രത്യയശാസ്‌ത്രപരമായ ഉൾക്കാഴ്‌ച നൽകാനോ കെട്ടുറപ്പുള്ള സംഘടനാസംവിധാനം പടുത്തുയർത്താനോ അവർക്കാകുന്നില്ല. പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർസിങ്ങിനെതിരെ മുൻ പിസിസി അധ്യക്ഷൻ പ്രതാപ്‌ സിങ് ബജ്‌വയും മുൻ ക്രിക്കറ്റ്‌ താരം നവ്‌ജ്യോത്‌ സിങ് സിദ്ദുവും ചേർന്ന്‌ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്‌.

ഛത്തീസ്‌ഗഢിൽ മുഖ്യമന്ത്രി ബാഗേലും ആരോഗ്യമന്ത്രി ടി എസ്‌ സിങ്‌ദേവും തമ്മിൽ കടുത്ത കിടമത്സരം നടക്കുന്നു. ഹരിയാനയിലും ഹിമാചലിലും കേരളത്തിലും മറ്റും ചേരിതിരിഞ്ഞുള്ള ഗ്രൂപ്പുപോര്‌ തുടരുന്നു. ഒന്നും ചെയ്യാനാകാതെ നിസ്സംഗമായി നോക്കിനിൽക്കുകയാണ്‌  കേന്ദ്രനേതൃത്വം. പാർടിയുടെ പോക്കിനെക്കുറിച്ച്‌ അസ്വസ്ഥനാണ്‌ എന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കപിൽ സിബലിന്‌ പറയേണ്ടിവന്നു. പൊട്ടിപ്പൊളിഞ്ഞ്‌ കടലിൽ മുങ്ങിത്താഴുന്ന കപ്പലിന്റെ അവസ്ഥയിലാണിന്ന്‌ കോൺഗ്രസ്‌ പാർടി. അതിൽനിന്ന്‌ ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിനെയും പോലുള്ളവർ ചാടി രക്ഷപ്പെടുകയാണ്‌. മറ്റു ചിലരാകട്ടെ അവസരം കാത്ത്‌ കഴിയുന്നു. പണച്ചാക്കും പ്രലോഭനങ്ങളുമായി മോഡിയും അമിത്‌ ഷായും അപ്പുറത്ത്‌ കാത്തിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ വന്ദ്യവയോധിക കക്ഷിയുടെ ദയനീയമായ പതനമാണ്‌ രാജസ്ഥാനിലും പ്രതിഫലിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top