25 April Thursday

ശബരിമല: കേന്ദ്രം ഉടന്‍ തീരുമാനമെടുക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 15, 2017

ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ കൈയടക്കുന്നു എന്ന വ്യാജപ്രചാരണം നടത്തുകയും അതിന്റെ പേരില്‍ ഹര്‍ത്താല്‍വരെ നടത്തുകയും ചെയ്തവര്‍ ഈ കേരളത്തിലുണ്ട്്. ഹിന്ദുക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്നും ഒടുവില്‍ ക്ഷേത്രങ്ങള്‍തന്നെ പിടിച്ചടക്കുന്നുവെന്നുമാണ് വ്യാപകമായ വൈകാരികപ്രചാരണം അഴിച്ചുവിട്ടത്.

നിലവില്‍ ഇടതുപക്ഷമാണ്, സിപിഐ എമ്മാണ് ഭരണത്തിലെന്നതുകൊണ്ട്, കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുമെന്ന രീതിയിലേക്ക് അത് മാറുകയും ഹിന്ദു ഉണരുക; പ്രതികരിക്കൂ എന്ന ആഹ്വാനം പരസ്യമായി മുഴക്കുകയും ചെയ്തു. സംഘപരിവാര്‍ ശക്തികളാണ് ആസൂത്രിതമായി ഈ വ്യാജപ്രചാരണത്തില്‍ ഏര്‍പ്പെട്ടത്. പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഔദ്യോഗികമായി വിശദീകരിച്ചപ്പോള്‍, അതുവരെ വര്‍ഗീയപ്രചാരണം നടത്തിയവര്‍ക്ക് മാളത്തിലൊളിക്കേണ്ടിവന്നു. സമീപനാളുകളില്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍- അച്ചടി- ദൃശ്യ മാധ്യമങ്ങളിലൂടെയും കണക്കറ്റ രീതിയില്‍ കെട്ടഴിച്ചുവിടുകയാണ്.

തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുടെ മതം നോക്കി അവര്‍ക്ക് "ശബരിമലയിലെന്ത് കാര്യം'' എന്ന ചോദ്യമുയര്‍ത്താന്‍  ലജ്ജയില്ലാത്ത വര്‍ഗീയക്കോമരങ്ങള്‍ ഈ കേരളത്തിലുണ്ടായി. കമ്യൂണിസ്റ്റുകാര്‍ ഭരണത്തിലേറിയാല്‍ ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത് പാര്‍ടി ഓഫീസുകളും പാണ്ടികശാലകളുമാക്കി മാറ്റുമെന്ന്  പ്രചരിപ്പിച്ച ലജ്ജാശൂന്യരുടെ പിന്മുറക്കാര്‍ ഇന്നും നാട്ടില്‍ സജീവമാണ്. അത്തരക്കാര്‍ക്കുള്ള ഒന്നാന്തരം മറുപടിയാണ്, ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുന്നൊരുക്കങ്ങളില്‍ ദക്ഷിണേന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ച സംതൃപ്തി. മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും ശബരിമലയില്‍ നേരിട്ടുചെന്ന് ഉറപ്പുവരുത്തിയ സൌകര്യങ്ങള്‍ ഈ തീര്‍ഥാടനകാലം സുഗമമാക്കുന്നതുമാത്രമല്ല, ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ളതുമാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗത്തില്‍ പ്രകടിപ്പിക്കപ്പെട്ട പൊതുവികാരം, മുന്‍കാലത്തൊന്നുമില്ലാത്ത തരത്തില്‍ വിപുലമായും സൂക്ഷ്മമായും തീര്‍ഥാടനസൌകര്യം ഇന്ന് ഒരുക്കിയിട്ടുണ്ട് എന്നതാണ്. മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. ശബരിമല മാസ്റ്റര്‍പ്ളാനിനായി ഏറ്റവും കൂടിയ വിഹിതമായി 340 കോടി രൂപയാണ് കേരളം അനുവദിച്ചിട്ടുള്ളത്. 

ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഉന്നതതലയോഗത്തിന്റെ പൊതുവികാരവും അതായിരുന്നു. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല മാസ്റ്റര്‍പ്ളാന്‍പ്രകാരമുള്ള നടപടികളില്‍ മിക്കതും പൂര്‍ത്തിയായിട്ടുണ്ട്. മലകയറുന്ന പാതയും സ്വാമി അയ്യപ്പന്‍റോഡും വീതി കൂട്ടി. പ്രസാദ കൌണ്ടറുകളുടെ എണ്ണവും ദര്‍ശനസമയവും വര്‍ധിപ്പിച്ചു. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനത്തിന് നടപടിയെടുത്തു.  ആരോഗ്യസേവനം മെച്ചപ്പെടുത്തി. ഹൃദയസംബന്ധ ചികിത്സയ്ക്ക് വിദഗ്ധസേവനം ഉറപ്പാക്കി. കാര്‍ഡിയോളജി സെന്ററും എല്ലാ സംവിധാനവുമുള്ള ആശുപത്രിയും സന്നിധാനത്ത് ഒരുക്കി. ഡോക്ടര്‍മാരുടെ സേവനം എല്ലാ സമയത്തും ഉറപ്പാക്കി. ജലമലിനീകരണം ഒഴിവാക്കാന്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് തയ്യാറാക്കി. വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിനും നടപടിയെടുത്തു. 300 കോടി രൂപയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി പ്രശ്നങ്ങളില്ലാത്ത തീര്‍ഥാടനകാലം ഉറപ്പാക്കാന്‍ നടപടികളെടുക്കുന്നു. ഇക്കാര്യങ്ങളൊക്കെ  ഉന്നതയോഗം ചര്‍ച്ചചെയ്തിട്ടുണ്ട്.

ഇതിനര്‍ഥം, കമ്യൂണിസ്റ്റുകാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് വിശ്വാസികളുടെ വിശ്വാസസ്വാതന്ത്യ്രവും അതിനുള്ള സൌകര്യങ്ങളും ഏറ്റവുമധികം പരിഗണിക്കുന്നത് എന്നാണ്. ആരാധനാലയങ്ങളെ ആയുധപ്പുരകളും വര്‍ഗീയതയുടെ ഒളിത്താവളങ്ങളുമാക്കാന്‍ ശ്രമിക്കുന്നവരുടെ കുപ്രചാരണങ്ങള്‍ക്കാകെയുള്ള മറുപടി ഈ പ്രവൃത്തിയിലുണ്ട്. തീര്‍ഥാടകരുടെയും തീര്‍ഥാടനകേന്ദ്രത്തിന്റെയും നിറം നോക്കിയല്ല ഇത്തരം മുന്‍കൈ ഉണ്ടാകുന്നത്. ഏതു മതത്തില്‍പ്പെട്ടവരായാലും ഏത് സംസ്ഥാനക്കാരായാലും തീര്‍ഥാടനത്തിനും ആരാധനയ്ക്കുമുള്ള സൌകര്യങ്ങള്‍ ഒരുക്കുക എന്ന ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് ഇവിടെ സ്തുത്യര്‍ഹമായി നിറവേറ്റുന്നത്. അതിനെ അഭിനന്ദിക്കുക എന്ന സദ്കര്‍മമൊന്നും വര്‍ഗീയശക്തികളില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, അയ്യപ്പസേവാ സംഘത്തിന്റെയും മറ്റും പേരില്‍ തങ്ങള്‍ നടത്തുന്ന പ്രവൃത്തികളില്‍  ശബരിമല തീര്‍ഥാടകരോടുള്ള ആത്മാര്‍ഥത തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍, ദേശീയ തീര്‍ഥാടനകേന്ദ്രമാക്കാനുള്ള ശ്രമത്തില്‍ സംസ്ഥാന സര്‍ക്കാരിനോടൊപ്പം നില്‍ക്കാനും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനും അവര്‍ തയ്യാറാകേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഈ വിഷയത്തില്‍ അതിവേഗ തീരുമാനം ഉണ്ടാകേണ്ടതുണ്ട് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top