29 March Friday

പ്രബുദ്ധകേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019


നിയമവാഴ‌്ച പുലരുന്ന ഒരു ജനാധിപത്യ രാഷ്ട്രമാണ് നമ്മുടേത്. സ്വാഭാവികമായും പരമോന്നത നീതിപീഠം പുറപ്പെടുവിക്കുന്ന വിധി അംഗീകരിക്കാൻ രാജ്യത്തിലെ ഓരോ പൗരനും ബാധ്യസ്ഥമാണ്. വിയോജിപ്പുകൾ തുടർന്നും പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും വിധി ലംഘിക്കാൻ ഒരു പൗരനും അധികാരമില്ല. ബുധനാഴ‌്ച ശബരിമലയിൽ നടന്നതും സുപ്രീംകോടതി വിധി നടപ്പാക്കൽ മാത്രമായിരുന്നു. 10നും 50നും ഇടയിലുള്ള രണ്ട് സ്ത്രീകൾ ശബരിമലയിലെത്തി ആരാധന നടത്തി. ഈ യുവതികൾക്ക് ആവശ്യമായ സുരക്ഷമാത്രമാണ് പൊലീസ് ഒരുക്കിയത്. ആയിരക്കണക്കിന് ഭക്തരുടെ പൂർണ സഹായത്തോടെയാണ് ഈ രണ്ട് യുവതികളും ശബരിമലയിൽ സന്ദർശനം നടത്തിയത്. ഒരു പ്രതിഷേധവും അവർക്ക് നേരിടേണ്ടിവന്നില്ല. തീർത്തും നിയമസാധുതയുള്ള ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപിയും സംഘപരിവാറും സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ‌്തത‌്. 

യുവതികൾക്കും ശബരിമലയിൽ  ആരാധന നടത്താമെന്ന സുപ്രീംകോടതി വിധിന്യായത്തെയാണ‌് സംഘപരിവാർ ഹർത്താലിലൂടെ വെല്ലുവിളിക്കുന്നത്. സുപ്രീംകോടതി വിധി വന്ന‌് മൂന്നു മാസത്തിനകം സംഘപരിവാർ നടത്തുന്ന ഏഴാമത്തെ ഹർത്താലാണിത്. ഇതിൽ അഞ്ചും സംസ്ഥാന വ്യാപകമായ ഹർത്താലായിരുന്നു. ആത്മഹത്യപോലും ഇവർ സംസ്ഥാനവ്യാപകമായ ഹർത്താൽ പ്രഖ്യാപിക്കുന്നതിന് കാരണമാക്കി! രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള ബിജെപിയുടെയും സംഘപരിവാറിന്റെ വെല്ലുവിളിയാണിത‌്.  അതോടൊപ്പം സ്ത്രീകൾക്ക് തുല്യനീതിയും തുല്യ അവകാശങ്ങളും ലഭിക്കുന്നതിനെതിരെയാണ് ബിജെപിയെന്നും ഈ ഹർത്താലിലൂടെ വ്യക്തമാക്കപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിൽ പുതുയുഗത്തിന് വഴിതുറക്കുന്ന സംഭവമായിരുന്നു ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരംവരെ 620 കിലോമീറ്ററിൽ തീർത്ത വനിതാമതിൽ. സ്ത്രീകളെ വീടിനുള്ളിൽ മുനിഞ്ഞുകത്തുന്ന വിളക്കായി തളച്ചിടുന്ന പ്രതിലോമ ശക്തികൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ വൻമതിലാണ് സ്ത്രീകൾ തീർത്തത്. അതിനോടുള്ള യാഥാസ്ഥിതിക –-പ്രതിലോമ പക്ഷത്തിന്റെ അസഹിഷ‌്ണുതയുടെ ബഹിർസ്ഫുരണം കുടിയാണ് ഈ ഹർത്താൽ.

സുപ്രീംകോടതി വിധിക്കെതിരെ ചന്ദ്രഹാസമിളക്കിയിട്ടും അത് നടപ്പായതിലുള്ള ജാള്യം അക്രമംകൊണ്ട് മറയ‌്ക്കാനാണ് സംഘപരിവാരത്തിന്റെ ശ്രമമെന്ന് വ്യക്തം. അവസാന വിശ്വാസിക്കും ശ്വാസമുള്ളതുവരെ ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും യുവതി കയറിയാൽ ആത്മഹത്യചെയ്യുമെന്നും ഞങ്ങളെ ചിവിട്ടി മാത്രമേ യുവതികൾ മലചവിട്ടുമെന്നും വീരസ്യം പറഞ്ഞവർ മുഖംരക്ഷിക്കാനാണ് ഇപ്പോൾ അക്രമത്തിലേക്ക‌് തിരിഞ്ഞിരിക്കുന്നത്.

ഭ്രാന്തിളകിയതുപോലുള്ള സമീപനമാണ് സംഘപരിവാർ സംഘത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശനിഷേധവും ഹീനവുമായ പ്രവർത്തനങ്ങളാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത‌്

സംസ്ഥാനം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധമുള്ള അക്രമങ്ങളാണ് രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്നത്. പൊതുമുതൽ വൻതോതിലാണ് നശിപ്പിക്കപ്പെട്ടത്. കെഎസ്ആർടിസി ബസുകൾ വ്യാപകമായി തകർത്തു. സർക്കാർ വാഹനങ്ങളും ഓഫീസുകളും ലക്ഷ്യമാക്കപ്പെട്ടു. സിപിഐ എമ്മിന്റെ നിരവധി ബ്രാഞ്ച്, ലോക്കൽ, എരിയകമ്മിറ്റി ഓഫീസുകൾ തകർത്തു.  ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് നേരേപോലും കല്ലേറും ആക്രമണങ്ങളുമുണ്ടായി. മറ്റ‌് ഇടതുപക്ഷ പാർടി ഓഫീസുകളും വർഗ ബഹുജന സംഘടനകളുടെ ഓഫീസുകളും  തകർക്കപ്പെട്ടു. സമാധാന പാലനത്തിന് ആഹോരാത്രം പരിശ്രമിക്കുന്ന പൊലീസുകാർക്ക് നേരെയും വൻതോതിൽ ആക്രമണമുണ്ടായി. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.  പലയിടത്തും അക്രമികൾ ബോംബേറ് നടത്തി. വനിതാ പൊലീസുകാരെയും അക്രമിക്കൂട്ടം വെറുതെ വിട്ടില്ല. സ്ത്രീകൾക്കുനേരേയും വ്യാപകമായ ആക്രമണമുണ്ടായി. വനിതാമതിലിൽ കണ്ണിയായതിന‌് മാവേലിക്കരയിൽ ഒരു സ്ത്രീയുടെ കടപോലും തകർക്കുകയുണ്ടായി. വഴിയാത്രക്കാരെ പോലും അവർ വെറുതെ വിട്ടില്ല.  മാധ്യമപ്രവർത്തകർക്കു നേരെയും വ്യാപകമായ ആക്രമണമുണ്ടായി. ക്യാമറകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു. ബിജെപി അധ്യക്ഷന്റെ വാർത്താസമ്മേളനം ബഹിഷ‌്കരിക്കുന്നതിന് മാധ്യമ പ്രവർത്തകർ തയ്യാറായതിൽനിന്നുതന്നെ അവർക്കെതിരെ നടന്ന ആക്രമണത്തിന്റെ രൂക്ഷത വ്യക്തമാകും.

എന്നാൽ, കേരളത്തിലെ വ്യാപാരിസമൂഹവും സാധാരണജനങ്ങളും ഹർത്താലിനെ തള്ളിക്കളയുന്ന സ്ഥിതിയുണ്ടായി. പ്രധാന നഗരങ്ങളിലെല്ലാം തന്നെ കടകൾ തുറന്നു. പൊലീസിന്റെയും ജനങ്ങളുടെയും പിന്തുണയാണ‌് കടകൾ തുറക്കുന്നതിന് വ്യാപാരികൾക്ക് പ്രചോദനമായത്. ഹർത്താൽ അനുകൂലികളെ പലയിടത്തും ജനങ്ങൾ ചെറുത്തു. ശബരിമലയെ ഹർത്താൽ ഒരുതരത്തിലും ബാധിച്ചില്ല. തീർത്തും സമാധാനപരമായിരുന്നു തീർഥാടനം.

ഭ്രാന്തിളകിയതുപോലുള്ള സമീപനമാണ് സംഘപരിവാർ സംഘത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശനിഷേധവും ഹീനവുമായ പ്രവർത്തനങ്ങളാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത‌്.  ജനസംഖ്യയിൽ പാതിവരുന്ന സ്ത്രീകളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുത് എന്നുപറഞ്ഞാണ് ഈ പേക്കൂത്തുകൾ മുഴുവൻ നടക്കുന്നത്. ഇതിനിയും തുടരാൻ അനുവദിച്ചുകൂട. ക്രമസമാധാനവും സമാധാന ജീവിതവും തകർക്കാനുള്ള ആസൂത്രിതമായ ഈ നീക്കത്തെ ശക്തമായി തന്നെ നേരിടണം. അതിന് തയ്യാറാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കേരളത്തിലെ ജനങ്ങൾ സ്വാഗതം ചെയ്യുമെന്ന കാര്യത്തിലും സംശയമില്ല. കേരളത്തിനെ വീണ്ടും അന്ധകാരയുഗത്തിലേക്ക് നയിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങൾക്കെതിരെ പ്രബുദ്ധകേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം. നിയമവാഴ്ച അരക്കിട്ടുറപ്പിക്കാനായി എല്ലാ ജനാധിപത്യ മതേതര പുരോഗമന ചിന്താഗതിക്കാരും  സർക്കാരും മുന്നോട്ടുവരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top