27 April Saturday

കേരളത്തിന് മുന്നോട്ടേ നടക്കാനാകൂ

വെബ് ഡെസ്‌ക്‌Updated: Thursday Jan 3, 2019


കേരളത്തിൽ തെരുവോരത്ത്‌ പെൺകരുത്ത്‌ വൻമതിൽ തീർത്തതിനു പിന്നാലെ രണ്ട്‌ സ്‌ത്രീകൾ ബുധനാഴ്‌ച പുലർച്ചെ ശബരിമല കയറി. സ്‌ത്രീകൾ മുമ്പും ശബരിമലയിൽ തൊഴുതിട്ടുണ്ടെങ്കിലും അവിടെ കയറാൻ ഏത്‌ പ്രായത്തിലുള്ള സ്‌ത്രീക്കും അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി വന്നശേഷം പ്രത്യേക പ്രായപരിധിയിലുള്ള രണ്ട്‌ സ്‌ത്രീകൾ മല ചവിട്ടിയത്‌ തീർച്ചയായും ചരിത്രസംഭവമാണ്‌.

സുപ്രീംകോടതി വിധി വന്നിട്ട്‌  98 ദിവസമായി. മണ്ഡലമഹോത്സവകാലത്ത്‌ 41 ദിവസം പൂജകൾ നടന്നിരുന്നു. ഈ ഘട്ടത്തിൽ പലപ്പോഴും  ഒറ്റയ്‌ക്കും കൂട്ടമായും സ്‌ത്രീകൾ മലചവിട്ടാനെത്തിയിരുന്നു. എന്നാൽ, കലാപത്തിന് ഒരുങ്ങിയെത്തിയ സംഘപരിവാർ ഗുണ്ടകൾ നടത്തിയ അക്രമസമരത്തിൽ ഇവർക്ക്‌ പിന്മാറേണ്ടിവന്നു. 
മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതുപോലെ സർക്കാരിന്‌ ഇക്കാര്യത്തിൽ ഒരു നിലപാടേ ഉണ്ടായിരുന്നുള്ളു. പത്ത‌് വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ‌്ത്രീകൾക്കും പ്രവേശനത്തിന്‌ അനുമതി നൽകിയത്‌ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയാണ്‌. ആ വിധി മാനിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്‌. മലചവിട്ടാനെത്തിയ സ്‌ത്രീകൾക്ക്‌ പൊലീസ്‌ സംരക്ഷണം നൽകിയത്‌ ഈ അടിസ്ഥാനത്തിലാണ്‌. എന്നാൽ, അമിതമായ മാധ്യമശ്രദ്ധയും ആർഎസ്‌എസ്‌ അതിക്രമവും ഇവരുടെ മലകയറൽ അസാധ്യമാക്കി. ഒരു വെടിവയ‌്പ്പോ ലാത്തിചാർജോ നടത്തി സ്‌ത്രീകൾക്ക്‌ വഴിയൊരുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നത്‌ സത്യമാണ്‌. ഇപ്പോൾ ഏതായാലും രണ്ടു സ്ത്രീ‌കൾ പൊലീസ്‌ സംരക്ഷണത്തോടെ തന്നെ മലകയറി. അവർ മലചവിട്ടി ഇറങ്ങിയതായി അവരും പിന്നീട്‌ മുഖ്യമന്ത്രിയും സ്ഥിരീകരിക്കുകയും ചെയ്‌തു.

നട അടച്ചിട്ടുകൊണ്ടാണ്‌ സ്‌ത്രീപ്രവേശനത്തോട്‌ ശബരിമലയിലെ തന്ത്രി പ്രതികരിച്ചത്‌. ഇന്ത്യൻ ഭരണഘടനയോടുള്ള പൗരോഹിത്യത്തിന്റെ യുദ്ധപ്രഖ്യാപനമായി ഇതിനെ കാണണം. സുപ്രീംകോടതി വിധി പ്രഖ്യാപിച്ച സ്‌ത്രീപ്രവേശനം സംബന്ധിച്ച കേസിൽ ശബരിമല തന്ത്രി കക്ഷിയാണ്‌. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും തന്ത്രിയ‌്ക്കും  ദേവസ്വംബോർഡിനും നൽകിക്കൊണ്ടാണ്‌ ഭരണഘടനാബഞ്ചിന്റെ വിധി. ആ വിധിയുടെ ലംഘനമാണ്‌ തന്ത്രിയുടെ ചെയ്‌തി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കിയതുപോലെ കോടതിയലക്ഷ്യമാണിത്. ഇക്കാര്യത്തിൽ നടപടി ശുപാർശ ചെയ്യാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കും ഉത്തരവാദിത്തമുണ്ട്‌.

നട അടച്ചതും ശുദ്ധികലശം ചെയ്‌തതും ആചാരപരമായ കാര്യങ്ങളാണെന്ന്‌ വാദിക്കുന്നവരുണ്ട്‌. ഈ കേസിൽ പരിഗണനാവിഷയമായത്‌ മൗലികാവകാശങ്ങളാണ്‌.  തന്ത്രസമുച്ചയമോ ആഗമശാസ്ത്രമോ  സ്‌മൃതികളോ അല്ല വിധി പറയാൻ  സുപ്രീംകോടതി ആധാരമാക്കിയത്‌. ഇന്ത്യൻ ഭരണഘടനയുടെ ഉരകല്ലിലാണ് ഈ വിഷയത്തിലെ ശരിതെറ്റുകൾ പരിശോധിച്ചത്. മൗലികാവകാശങ്ങൾ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും മുകളിലാണ്‌ എന്നു തന്നെയാണ്‌ സുപ്രീംകോടതി സംശയലേശമെന്യേ വ്യക്തമാക്കിയത്‌. അതുകൊണ്ട്‌ തന്ത്രി കാട്ടിയത്‌ പൗരോഹിത്യത്തിന്റെ അഹന്തയാണ്‌. ഇത്തരം അഹന്തകളുടെ മുനയൊടിച്ചുതന്നെയാണ്‌ എക്കാലത്തും നവോത്ഥാന കേരളം മുന്നോട്ടുപോയിട്ടുള്ളത‌്. ഗുരുവായൂരിൽ അയിത്തോേച്ചാടനത്തിനെതിരെ വൻപ്രക്ഷോഭം നടന്നപ്പോൾ അന്നത്തെ പൗരോഹിത്യവും രാജഭരണത്തിന്റെ പ്രതിനിധികളും ഇങ്ങനെ തന്നെയാണ്‌ പ്രതികരിച്ചത്‌. അവർ ക്ഷേത്രഗോപുരം  അടച്ചുപൂട്ടുകയാണ്  ചെയ്‌തത്‌. അന്ന്‌ സമരം നയിച്ചത്‌ കേരളപ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റിയായിരുന്നു. ക്ഷേത്രം അടച്ചിട്ട പൗരോഹിത്യത്തിനെതിരെ അന്നത്തെ കോൺഗ്രസ്‌ നേതാക്കൾ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. ഇന്ന്‌ ശബരിമലയിലെ തന്ത്രിയുടെ ചെയ്‌തി നൂറുശതമാനം ശരിയെന്ന പ്രഖ്യാപനവുമായി ആദ്യമെത്തിയത്‌ കെപിസിസി പ്രസിഡന്റ‌് രമേശ്‌ ചെന്നിത്തലയാണ്‌. 80 കൊല്ലംകൊണ്ട്‌ കോൺഗ്രസ്‌ പിന്നോട്ടുനടന്നത്‌ എത്ര നൂറ്റാണ്ടെന്ന്‌ അവർ ചിന്തിക്കട്ടെ.

ശബരിമലയിൽ സ്ത്രീകൾ കയറിയത് അവിടെ ദർശനത്തിനെത്തിയ യഥാർഥ ഭക്തരെ തെല്ലും ബാധിച്ചിട്ടില്ലെന്ന് അവിടെ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, സംഘപരിവാർ അക്രമികൾ അക്രമത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കാൻ ഇത് അവസരമാക്കുന്നത് കേരളം കണ്ടു. കേരളം ഒറ്റക്കെട്ടായി ഈ കലാപനീക്കത്തെ ചെറുത്തേതീരൂ.

ചരിത്രം ഇങ്ങനെയൊക്കെ തന്നെയേ എന്നും പിറന്നിട്ടുള്ളു. സാമൂഹ്യബോധവും ചരിത്രബോധവും ഉൾക്കൊള്ളുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നിൽ നടക്കും. ആദ്യം നേരിടുന്നത് കല്ലേറുകളും കൽത്തുറുങ്കുകളുമാകും. പക്ഷേ, കാലം പിന്നീട്‌ അവരെ ശരിവയ‌്ക്കും. ഇവിടെയും അതുതന്നെയാണ്‌ സംഭവിക്കുന്നത്‌. ഇന്നുവരെ കേരളം നടത്തിയ എല്ലാ നവോത്ഥാന മുന്നേറ്റങ്ങളുടെയും  തുടർച്ചതന്നെയാണ്‌ ശബരിമലയിലെ സ്‌ത്രീ പ്രവേശനം. സ്‌ത്രീസമത്വം എല്ലാ മേഖലയിലും ഉണ്ടായേതീരൂ. ആർത്തവത്തിന്റെ പേരിലും മറ്റും സ്‌ത്രീക്ക്‌ അശുദ്ധിവിധിക്കുന്ന കാലത്തുനിന്ന്‌ നമ്മൾ നൂറ്റാണ്ടുകൾ പിന്നിട്ടുകഴിഞ്ഞു. ഇനിയും മുന്നോട്ടേ നമുക്ക്‌ നടക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top