26 April Friday

യുഡിഎഫിനും ബിജെപിക്കും ഒരേ സ്വരം

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018


ശബരിമല പ്രശ്നത്തിൽ യുഡിഎഫിനും  ബിജെപിക്കും ഒരേ സ്വരമാണെന്നതും അവരുടെ തീരുമാനങ്ങൾ ഒരു കേന്ദ്രത്തിൽനിന്ന് രൂപപ്പെടുന്നതാണെന്നതും സംശയലേശമെന്യേ തെളിഞ്ഞിരിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരെയാണ് ഇരുകൂട്ടരും വെല്ലുവിളി മുഴക്കുന്നത്.  സർക്കാരിന് മുൻവിധിയോ  യുവതികളെ എങ്ങനെയെങ്കിലും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന വാശിയോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടും പ്രശ്നം പരിഹരിക്കാനല്ല, കൂടുതൽ വഷളാക്കാനാണ് പ്രതിപക്ഷനേതാവും ബിജെപി നേതൃത്വവും ശ്രമിച്ചുകാണുന്നത്. ശബരിമല വിഷയം ചർച്ച ചെയ്യാൻ ചേർന്ന സർവകക്ഷി യോഗത്തിലുടനീളം പങ്കെടുത്തശേഷം യോഗം അവസാനിച്ചപ്പോൾ തങ്ങൾ ബഹിഷ്കരിക്കുകയാണെന്നു പ്രഖ്യാപിച്ചത് നിലപാടുകൾ സാധൂകരിക്കാനുള്ള ആസക്തിമൂലമാണെന്ന് കരുതാം. എന്നാൽ, ഏതു വിഷയത്തിലും കൃത്യമായ നിലപാട് രാഷ്ട്രീയ പാർടികൾക്ക് ഉണ്ടാകണം; അത് സത്യസന്ധമാകണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെ നോക്കി ബിജെപിയും യുഡിഎഫും കൊഞ്ഞനംകുത്തുകയാണിപ്പോൾ. വിധി സുപ്രീംകോടതിയുടേതാണ്. അത് നടപ്പാക്കുകയല്ലാതെ സംസ്ഥാന സർക്കാരിനു മുന്നിൽ മറ്റു മാർഗങ്ങളില്ല. നടപ്പാക്കരുതെന്ന് തുറന്നാവശ്യപ്പെടാൻ ഇപ്പോഴത്തെ സമരം നയിക്കുന്നവർ തയ്യാറുമല്ല. ആശയക്കുഴപ്പം സൃഷ്ടിച്ച‌് വെള്ളവും വളവും ചേർത്ത‌് വിളവെടുക്കാൻ ശ്രമിക്കുന്ന സൂത്രപ്പണിക്കാരായി ബിജെപിയും യുഡിഎഫും മാറി.

സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ തുറന്ന നിലപാടാണെടുത്തത്. ഭക്തർക്ക് സമാധാനപരമായി ദർശനം നടത്താനുള്ള അവസരമൊരുക്കുകയാണ് പ്രഥമ കർത്തവ്യമെന്ന‌് മുഖ്യമന്ത്രി ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്. മണ്ഡല–--മകരവിളക്ക‌് കാലം കോടിക്കണക്കിനു ഭക്തർ ശബരിമലയിലെത്തുന്ന കാലമാണ്. അവിടം സംഘർഷഭൂമിയാകാതിരിക്കാൻ എല്ലാവരുടെയും സഹകരണം വേണം. ആ സഹകരണം അഭ്യർഥിക്കാനാണ് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചത്. എന്നാൽ, "ഞങ്ങളുടെ നേരത്തെയുള്ള നിലപാടിൽ ഒരു മാറ്റവുമില്ല’ എന്ന് മാധ്യമങ്ങളോടു പറഞ്ഞാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യോഗത്തിലേക്കു കയറിയത്. പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞത്, "ആമുഖപ്രസംഗത്തിൽ തന്നെ മുഖ്യമന്ത്രി പഴയ നിലപാടിൽ ഉറച്ചുനിന്നു. ഞങ്ങളെല്ലാവരും അഭിപ്രായം പറഞ്ഞതിനുശേഷവും അദ്ദേഹത്തിന്റെ നിലപാടിൽ മാറ്റമുണ്ടായില്ല’ എന്നാണ്. അതായത്, സർക്കാർ പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിച്ചുകൊള്ളണം, അല്ലെങ്കിൽ ഒരു സഹകരണവും ഉണ്ടാകില്ല എന്ന്. എന്താണ് യുഡിഎഫ് നിലപാട്, സുപ്രീംകോടതി വിധി നടപ്പാക്കരുതെന്നാണോ എന്ന ചോദ്യത്തിന‌് നേർക്കുനേർ ഉത്തരം പറയാനുള്ള ത്രാണി പ്രതിപക്ഷനേതാവിനില്ല.

ബിജെപിയുടെ നിലപാടും വ്യത്യസ്തമല്ല. സുപ്രീംകോടതി വിധിക്കെതിരെ താൻ സംസാരിക്കില്ല എന്നാണ് മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് ബിജെപി അധ്യക്ഷൻ ശ്രീധരൻപിള്ള നൽകുന്ന മറുപടി. എന്നാൽ, വിധി നടപ്പാക്കുന്നതിനെതിരെ കലാപമുണ്ടാക്കുകയും ചെയ്യും. വിധി പുനഃപരിശോധിക്കാൻ ബിജെപി കോടതിയെ സമീപിച്ചിട്ടില്ല. അതിനവർ തയ്യാറല്ല. എന്ത് നിലപാടാണിത്? നിലനിൽക്കുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും തീരുമാനവുമായോ വാശിയുമായോ  ബന്ധപ്പെട്ടതല്ല എന്ന്  എല്ലാവർക്കും അറിയാം. പ്രശ്നം രമ്യമായി പരിഹരിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ വ്യക്തമാണ്. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് എൽഡിഎഫിന് വാശിയുണ്ടായിരുന്നുവെന്ന് ആർക്കും പറയാൻ കഴിയില്ല. നാലു സ്ത്രീകളെ കിട്ടാത്ത മുന്നണിയാണോ എൽഡിഎഫ്? സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ എൽഡിഎഫോ സർക്കാരോ ഒന്നും ചെയ്തിട്ടില്ല. എന്നാൽ, വിശ്വാസത്തിന്റെ ഭാഗമായി പോകുന്നവർക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. സുപ്രീംകോടതി വിധി അംഗീകരിക്കുന്നത് അവിവേകവും വിധി ലംഘിക്കുന്നത് വിവേകവുമാകുന്നത് എങ്ങനെ? കോടതി വിധി നടപ്പാക്കില്ലെന്ന നിലപാട് ഏതെങ്കിലും സർക്കാരിന് എടുക്കാൻ കഴിയുമോ? റിവ്യൂ ഹർജി പരിഗണിച്ച് നിലവിലുള്ള വിധിയിൽ സുപ്രീംകോടതി തിരുത്തൽവരുത്തിയാൽ സർക്കാർ അതിന്റെകൂടെ നിൽക്കും. ഇതിലപ്പുറം ഒരു സർക്കാരിന് എങ്ങനെ വിഷയം കൈകാര്യം ചെയ്യാൻ കഴിയും?

മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ, പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനമാണ്  നടക്കുന്നത്.  അത് ഫലപ്രദമാകണമെങ്കിൽ യോജിച്ച പരിശ്രമം വേണം അതിനു വിഘാതമാകുന്നതുകൂടിയാണ്, സുപ്രീകോടതി വിധി സംബന്ധിച്ച പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാട്. തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷ പൂജാദിവസവും ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ ആസൂത്രിത നീക്കമാണുണ്ടായത്. അത് ആവർത്തിക്കാൻ പാടില്ല. മണ്ഡല-–-മകരവിളക്ക് കാലം സമാധാനപൂർണമാകണം. -ദർശനത്തിനു വരുന്ന ഒരാളും ആക്രമിക്കപ്പെടാൻ പാടില്ല. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്; അതുതന്നെയാണ് സംഭവിക്കേണ്ടതും. അത് സാധ്യമാകണമെങ്കിൽ കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ആക്രാന്തത്തിൽനിന്ന് യുഡിഎഫും കോടതിവിധി വച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ദുഷ്ടപദ്ധതി ബിജെപിയും ഉപേക്ഷിക്കണം.  വിശ്വാസികളുടെ പേരുപറഞ്ഞ‌്, വസ‌്തുതകൾ മൂടിവച്ചും  സത്യസന്ധതയില്ലാതെയും  അസംബന്ധ നാടകം തുടർന്നാൽ അത് നാടിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായി മാറും. യാഥാർഥ്യം തിരിച്ചറിയാതെ വൈകാരികമായി പ്രതികരിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങൾ എന്ന ധാരണയരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top