28 May Sunday

സ‌്ത്രീപ്രവേശന വിധി: സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുള്ള കാൽവയ‌്പ‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 29, 2018


പ്രായഭേദമെന്യേ എല്ലാ  സ‌്ത്രീകൾക്കും ശബരിമല ക്ഷേത്രത്തിൽ ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന സുപ്രീംകോടതിയുടെ വിധി ചരിത്രപരമാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിൽ വലിയൊരു കാൽവയ‌്പാണ് ഈ വിധിന്യായത്തിലൂടെ പരമോന്നത കോടതി നടത്തിയിട്ടുള്ളത്. ചണ്ഡാളനും മാസമുറ തെറ്റിയ, പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്കും അസ്പൃശ്യത കൽപ്പിച്ച മനുസ‌്മൃതിയുടെ കാലത്തിനോട് വിടപറയേണ്ടത് അനിവാര്യമാണെന്ന വലിയ സന്ദേശംതന്നെ ഈ വിധിന്യായത്തിലടങ്ങിയിട്ടുണ്ട്. വിശ്വാസം വിവേചനത്തിനുള്ള വഴിതുറക്കരുതെന്ന മുന്നറിയിപ്പും. മുൻ വിധിന്യായത്തിൽ (അനുച്ഛേദം 377) ചീഫ് ജസ്റ്റിസ്  ദീപക് മിശ്ര പറഞ്ഞതുപോലെ ‘സമൂഹത്തെ മാറ്റുക എന്ന ദൗത്യമാണ് ഭരണഘടനയ‌്ക്ക് നിർവഹിക്കാനുള്ളത‌്’. അക്ഷരാർഥത്തിൽ ഈ പ്രസ‌്താവനയോട‌്  നീതിപുലർത്തുന്ന വിധിന്യായമാണ് ശബരിമലയിലെ സ‌്ത്രീപ്രവേശന കാര്യത്തിൽ കോടതിയിൽനിന്ന‌് ഉണ്ടായിട്ടുള്ളത്. 

പത്തുമുതൽ 50 വയസ്സുവരെയുള്ള സ‌്ത്രീകൾക്ക‌് പ്രവേശനം നിഷേധിക്കുന്ന 1965ലെ നിയമത്തിലെ (കേരള ഹിന്ദു പ്ലെയ‌്സസ് ഓഫ് പബ്ലിക‌് വേർഷിപ‌് ആക്ട്) റൂൾ 3 (ബി) ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീംകോടതി വിധിച്ചു. അയ്യപ്പഭക്തന്മാരെ ഹിന്ദുമതത്തിനുള്ളിലെ പ്രത്യേക വിഭാഗമായി കാണാനാകില്ലെന്നും മതവിശ്വാസം സംബന്ധിച്ച് ഭരണഘടനയുടെ 25–ാം അനുച്ഛേദം നൽകുന്ന അവകാശങ്ങൾ സ‌്ത്രീകൾക്കും  ഉള്ളതാണെന്നും കോടതി വിധിച്ചു. ഇതോടെ ക്ഷേത്രദർശനം ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും അതിന് വഴിയൊരുങ്ങിയിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡും ബന്ധപ്പെട്ട അധികാരികളും അതിന് തയ്യാറാകുമെന്നും പ്രതീക്ഷിക്കാം. 

ക്ഷേത്രങ്ങൾ ഇന്നു കാണുന്ന ആൾത്തിരക്കേറിയ ആരാധനാലയങ്ങളായത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവിടെ പ്രവേശനം അനുവദിച്ചതോടുകൂടിയാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് വൈക്കത്ത് സത്യഗ്രഹം(1924) നടന്നതെങ്കിൽ അയിത്തജാതിക്കാർക്കടക്കം ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിനുവേണ്ടിയാണ് ഗുരുവായൂരിൽ (1931 – 32) കെ കേളപ്പന്റെയും പി കൃഷ‌്ണപിള്ളയുടെയും എ കെ ജിയുടെയും നേതൃത്വത്തിൽ സത്യഗ്രഹസമരം നടന്നത്. ഇത്തരം സമരങ്ങളുടെ ഫലമായാണ് 1936ൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ തിരുവിതാംകൂർ രാജാവ് നിർബന്ധിതനായത്. വിളംബരത്തിന‌് ശേഷവും ‘പാപ’സങ്കൽപ്പത്തിന്റെയും മറ്റും പേരിൽ ക്ഷേത്രസന്ദർശനം നടത്താൻ അയിത്തജാതിക്കാർ മടിച്ചുനിന്നെങ്കിലും പിന്നീടതിൽ വലിയ മാറ്റമുണ്ടായി. കേരളത്തിലെ സാമൂഹ്യജീവിതത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ ഈ വിളംബരത്തിന്റെ 82–ാം വാർഷിക വേളയിലാണ‌് സ്ത്രീകളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം ഉണ്ടാകുന്നത്.

ക്ഷേത്രപ്രവേശനത്തെ എതിർക്കുന്നവർ ഉയർത്തുന്ന പ്രധാന വാദം ഇത് ക്ഷേത്രാചാരങ്ങൾക്കും ചിട്ടകൾക്കും എതിരാണെന്നതാണ്.  ഇന്ദു മൽഹോത്രയുടെ എതിർവിധിയിലും ഇക്കാര്യമാണ് മുഴച്ചുനിൽക്കുന്നത്. മാറാത്ത ആചാരങ്ങൾ ഒന്നുമില്ലെന്നാണ് സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നത്. മന്ത്രോച്ചാരണം ഒരു മാറ്റത്തിനും വിധേയമായിക്കൂടെന്ന് ശഠിച്ച വൈദികരുടെ പ്രാതിസാംഖ്യ നിയമങ്ങൾ ലംഘിച്ച് മന്ത്രോച്ചാരണങ്ങൾപോലും പ്രാദേശിക ഭാഷാമൊഴിക്കൊത്ത് മാറിയ നാടാണിത്. പരമ്പരാഗതമെന്ന് നാം കരുതുന്ന ഓരോന്നും  മാറിമാറി വന്നതാണ്.  മാറുന്തോറും പഴയത് തുടരുകയാണെന്ന ധാരണാമാത്രമാണ് ബാക്കിയായത‌്. 
ആരാധനാ സമ്പ്രദായങ്ങളുടെ നീണ്ട ചരിത്രത്തിലൂടെ പരിണമിച്ചുവന്ന ഒരു സ്ഥാപനമാണ് ക്ഷേത്രം. മനുഷ്യാലയങ്ങൾ ഉണ്ടായതിനുശേഷമാണ് ദേവാലയങ്ങൾ ഉണ്ടായതെന്ന കാര്യം ആരും മറന്നുപോകരുത്. കാർഷിക ഗ്രാമങ്ങളുടെ വികാസവും വ്യാപനവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രങ്ങളും വളർന്നുവന്നത്. അവിടത്തെ ആചാരങ്ങളും സാമൂഹ്യാചാരങ്ങളുടെ തുടർച്ചയാണ്. സാമൂഹ്യ വ്യവസ്ഥിതി മാറുന്നതിനനുസരിച്ച് സാമൂഹ്യാചാരങ്ങളും അതനുസരിച്ച് ക്ഷേത്രാചാരങ്ങളും മാറുന്നുവെന്നതാണ് ചരിത്രം.  ഒരുകാലത്ത് പുലയരും ഈഴവരും മറ്റും ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്നത് അശുദ്ധിക്ക് കാരണമാകുമായിരുന്നു.

അയിത്തത്തിന്റെ പേരിലുള്ള ഈ ശുദ്ധികർമങ്ങൾ ക്ഷേത്രപ്രവേശന വിളംബരത്തോടെ അപ്രത്യക്ഷമായില്ലേ? ഇന്ന് പുലയനോ പറയനോ ഈഴവനോ ക്ഷേത്രം തീണ്ടിയെന്നു പറഞ്ഞ് ശുദ്ധികർമങ്ങൾ ചെയ്യാൻ ആരെങ്കിലും തയ്യാറാകുമോ.

ആഗമവിധികളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യം അക്ഷരാർഥത്തിൽ അനുസരിച്ച വിധികൾ പിന്നീട് പ്രതീകാത്മകമായാണ് അനുസരിച്ചുപോന്നത്. ക്രിയകളുമായി ബന്ധപ്പെട്ട ദാനങ്ങളിലും ദക്ഷിണകളിലും (ഗോദാനം, ഭൂദാനം, പണദാനം) പോലും കാലാനുസൃതമായ മാറ്റമുണ്ടായി എന്ന് കാണാം. മാറാത്തതോ മാറാനാകാത്തതോ ആയ ഒരനുഷ്ഠനാവും ആചാരവുംഇല്ല. പരിഷ്‌കൃത സമൂഹത്തിനും സംസ്‌കാരത്തിനും ചേരാത്ത ആചാരങ്ങൾ കൊണ്ടുനടക്കുന്നത് ഒരു സമൂഹത്തിനും ഭൂഷണവുമല്ല.  വിശ്വാസവും ആരാധനയും വ്യക്തിപരമായ കാര്യങ്ങളാണെങ്കിലും അതിന്റെ പേരിൽ നീതിക്കും ഭരണഘടനയ‌്ക്കും നിരക്കാത്ത ആചാരങ്ങളിൽ മുറകെപ്പിടിക്കരുതെന്നുമാത്രമാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. അതനുസരിക്കുകയാണ് ഏതൊരു പൗരന്റെയും കടമ. അനാവശ്യ വിവാദങ്ങളുയർത്തി  കാതലായ വിഷയത്തിൽ നിന്നും ശ്രദ്ധതിരിച്ചുവിടാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഈയവസരത്തിൽ അഭ്യർഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top