23 April Tuesday

സന്നിധാനത്തെ സ്ത്രീവിവേചനം അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2016


സാമൂഹ്യപ്രവര്‍ത്തകയായ തൃപ്തി ദേശായിയുടെ ഇടപെടലോടെ ശബരിമലയില്‍ യുവതികളുടെ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചാവിഷയമായിരിക്കുന്നു. ആചാരപ്രകാരം 41 ദിവസത്തെ വ്രതമെടുത്ത് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് തൃപ്തിയുടെ പ്രഖ്യാപനം. നമ്മുടെനാട്ടില്‍ ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളുമൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജുഡീഷ്യല്‍ പരിശോധനയും മേല്‍നോട്ടവുമാണ് സ്വാതന്ത്യ്രാനന്തരമുള്ള പതിവ്്. വിശ്വാസത്തോടൊപ്പം സാമൂഹ്യമായ ഉച്ചനീചത്വവും സ്ത്രീപുരുഷവിവേചനവുമൊക്കെ വിഷയമാകുമ്പോള്‍ സാമൂഹ്യമായ ഇടപെടലും  സ്വാഭാവികമായി ഉണ്ടാകും.  കേരളത്തിലെ ക്ഷേത്രങ്ങളില്‍ താഴ്ന്ന ജാതിക്കാരുടെ പ്രവേശനത്തിനായി സ്വാതന്ത്യ്രപ്രാപ്തിക്ക് മുമ്പുതന്നെ നടന്ന വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ കേരളത്തിന്റെ സാമൂഹികമുന്നേറ്റത്തിന് മികച്ച സംഭാവന നല്‍കിയ ജനകീയ പ്രക്ഷോഭങ്ങളാണ്. ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളില്‍ ഉള്‍പ്പെടെ ജുഡീഷ്യല്‍ മേല്‍നോട്ടം ഏര്‍പ്പെടുത്തിയത് വിശ്വാസങ്ങളുടെമറവില്‍ സമ്പത്തുദുര്‍വിനിയോവും ജാതിവിവേചനവുമൊന്നും ഉണ്ടായിക്കൂടാ എന്നുറപ്പാക്കാനാണ്.

ശബരിമലയില്‍ യുവതികളുടെ പ്രവേശനം അനുവദിക്കേണ്ടതാണെന്ന നിലപാട് 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍  സുപ്രീംകോടതിയെ അറിയിച്ചിരുന്നതാണ്.   തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ആ നിലപാട് തിരുത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍, യുഡിഎഫ് നോമിനിയായ  ദേവസ്വം ബോര്‍ഡും ചെയര്‍മാനും സ്ത്രീകളെ ശബരിമലയില്‍ കയറ്റില്ലെന്ന വാശിയില്‍ കടിച്ചുതൂങ്ങുകയും സര്‍ക്കാര്‍ നിലപാടിനെ അട്ടിമറിക്കാന്‍ വളഞ്ഞവഴി തേടുകയും ചെയ്തു. ഇതിനാണ് ക്ഷേത്രത്തിന്റെ പേരുപോലും മാറ്റിയത്. വകുപ്പുമന്ത്രിയില്‍നിന്നടക്കം മറച്ചുവച്ച്  നടത്തിയ ഈ നീക്കം നിലനില്‍ക്കില്ലെന്നുകണ്ട്  പിന്‍വലിഞ്ഞതും സമീപനാളുകളിലെ വാര്‍ത്തയാണ്. മറ്റു ധര്‍മശാസ്താ ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശം ഉണ്ടെന്നതിനാലാണ് നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പേരുമാറ്റിയത്. ഇക്കാര്യത്തില്‍ സംഘപരിവാര്‍ ശക്തികള്‍ ദേവസ്വം ചെയര്‍മാന് നല്‍കിയ പിന്തുണയില്‍നിന്ന് കാര്യങ്ങളുടെ കിടപ്പ് വ്യക്തമാണ്. 

മതവിശ്വാസങ്ങളും ആരാധനാലയങ്ങളും കരുവാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കുകയെന്നത് സംഘപരിവാറിന്റെ അടിസ്ഥാന അജന്‍ഡയാണ്. മതേതരശക്തിയായ കോണ്‍ഗ്രസാകട്ടെ ഇതിനെ ഉറച്ചുനിന്നെതിര്‍ക്കാന്‍ വൈമുഖ്യംകാട്ടുന്നു. തരാതരംപോലെ സന്ധിചെയ്യാനും തയ്യാറാകുന്നു. ശബരിമലവിഷയത്തില്‍ സംഘപരിവാറിന്റെ ശബ്ദം കോണ്‍ഗ്രസുകാരനായ ദേവസ്വം ചെയര്‍മാനിലൂടെ പുറത്തുവരുന്നതിന്റെ പശ്ചാത്തലമിതാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നിരത്തുന്ന  വാദങ്ങളിലെ നിരര്‍ഥകത ഇന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ആര്‍ത്തവം എന്ന ജൈവപ്രക്രിയയെ വ്രതശുദ്ധിയുമായി ബന്ധിപ്പിക്കുന്നതിലെ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.

സമാനമായ ദുരാചാരങ്ങള്‍ നിലനിന്നിരുന്ന പല ക്ഷേത്രങ്ങളിലും കാലികമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ക്ഷേത്രഭരണ സംവിധാനത്തിന്റെ തുറന്ന സമീപനത്തിലൂടെയും പുറത്തുനിന്നുള്ള ഇടപെടലിലൂടെയും ഇത് സംഭവിച്ചിട്ടുണ്ട്. ജനകീയപ്രക്ഷോഭങ്ങള്‍, കോടതിയുടെയോ ഭരണസംവിധാനങ്ങളുടേയോ തീര്‍പ്പുകള്‍ എന്നിവ വഴി പുരോഗമനപരമായ പാതയിലേക്ക് ക്ഷേത്രാചാരങ്ങള്‍ മാറിയിട്ടുണ്ട്. കര്‍ണാടകത്തിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എച്ചിലിലയില്‍ ശയനപ്രദക്ഷിണം നടത്തുന്നതിനെതിരെ  ജനകീയപ്രക്ഷോഭവും നിയമപോരാട്ടവും നടന്നു. ഇവിടങ്ങളില്‍ യാഥാസ്ഥിതികരും മതരാഷ്ട്രീയക്കാരും വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയം ശരിയുടെ പക്ഷത്തുതന്നെയായിരുന്നു. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന വിവേചനമാണ് സ്ത്രീകളുടെ വേഷത്തിലുള്ള നിബന്ധന. ചുരിദാര്‍ ധരിച്ചുവരുന്നവര്‍ മേല്‍മുണ്ട് ചുറ്റണമെന്ന നിര്‍ബന്ധം ഒടുവില്‍ കോടതി കയറി. ഗുരുവായൂര്‍ ക്ഷേത്രത്തിലുണ്ടായ  ഇതേ നിബന്ധന കോടതി തീര്‍പ്പിലൂടെയാണ് ഇല്ലാതായത്. ഇവിടെയും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഉചിതമായ തീര്‍പ്പ് കല്‍പ്പിക്കാമെന്നായിരുന്നു കോടതിവിധി. അങ്ങനെ ചുരിദാര്‍വിലക്ക് നീങ്ങി. ന്യായമായ ഈ തീരുമാനം പരക്കെ സ്വാഗതംചെയ്യപ്പെട്ടു. എന്നാല്‍, ഇതിനെതിരെ കഴുപ്പം കുത്തിപ്പൊക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.

മഹാരാഷ്ട്രയിലെ ഷനി ഷിഗ്നപുര്‍ ക്ഷേത്രത്തിലും മുംബൈയിലെ ഹാജി അലിയിലും സ്ത്രീപ്രവേശന വിലക്കിനെതിരെ പ്രക്ഷോഭവും നിയമപോരാട്ടവും നടത്തി വിജയിച്ച ആത്മവിശ്വാസത്തോടെയാണ് തൃപ്തി ദേശായി ശബരിമലവിഷയത്തില്‍ ഇടപെടുന്നത്. ബഹുമത ബ്രിഗേഡ് എന്ന സംഘടനയുടെ സ്ഥാപക കൂടിയാണിവര്‍. 100 സ്ത്രീകളോടൊപ്പം ജനുവരിയില്‍ ശബരിമലയില്‍ എത്തുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പലതട്ടുകളിലായി കേരളത്തില്‍ പുരോഗമിക്കുകയാണ്. പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. സ്ത്രീകള്‍ക്ക് മാത്രമല്ല, അഹിന്ദുക്കള്‍ക്കും ശബരിമലയില്‍ വിലക്കുണ്ടെന്ന തെറ്റായ ധാരണ ചിലരിലുണ്ടായിരുന്നു. തീര്‍ഥാടനസൌകര്യങ്ങള്‍ അവലോകനംചെയ്യുന്നതിനായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പം തദ്ദേശഭരണമന്ത്രി കെ ടി ജലീല്‍ കൂടി സന്നിധാനത്ത് എത്തിയത് തെറ്റിദ്ധാരണ മാറ്റാന്‍ ഉതകി. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഐ എം ഉള്‍പ്പെടെയുള്ള  ഘടക കക്ഷികളുടെയും ഇക്കാര്യത്തിലുള്ള  സമീപനം സുവ്യക്തമാണ്. ശബരിമലയില്‍ പോയി പ്രാര്‍ഥന നടത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ലിംഗ, മത, ജാതിവിവേചനമില്ലാതെ അവിടെ പ്രവേശിക്കാന്‍ സാധിക്കണം. ബന്ധപ്പെട്ട എല്ലാവരുടെയും കൂടിയാലോചനയിലൂടെ വിവേചനപരമായ നിലപാടുകള്‍ തിരുത്തി യുവതികളായ സ്ത്രീകള്‍ക്കും  സന്നിധാനത്തില്‍ പ്രവേശിച്ച് അയ്യപ്പദര്‍ശനം നടത്താനുള്ള അവസരം എത്രയുംപെട്ടെന്ന് ഉണ്ടാക്കുകയാണ് ഉചിതം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top